login
കൊറോണ കാലത്തെ കോണ്‍ഗ്രസ്

എന്തുകൊണ്ട് സിന്ധ്യയ്ക്ക് കോണ്‍ഗ്രസ് വിടേണ്ടി വന്നു എന്നതിന് ഉത്തരം കമല്‍നാഥ് എന്നല്ല, രാഹുല്‍ എന്നതാണ്. കോണ്‍ഗ്രസ് നേതാക്കളില്‍ പൊതുവെ രണ്ട് തരക്കാരാണ് -വിഡ്ഢികളും തെമ്മാടികളും. ഇവര്‍ക്കിടയില്‍ അപൂര്‍വമായി കണ്ടുവരുന്ന മാന്യന്മാര്‍ക്ക് പ്രദര്‍ശനമൂല്യം മാത്രമേയുള്ളൂ

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് വിട്ടതിന്റെ അടിയന്തര പ്രത്യാഘാതം മാത്രമാണ് കമല്‍നാഥ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി. ചര്‍ച്ച മുഴുവന്‍ ഇതിനെക്കുറിച്ചാവുമ്പോള്‍ രക്ഷപ്പെടുന്നത് കോണ്‍ഗ്രസ്സാണ്, ആ പാര്‍ട്ടിയിലെ കുടുംബവാഴ്ചക്കാരാണ്. എന്തുകൊണ്ട് സിന്ധ്യയ്ക്ക് കോണ്‍ഗ്രസ്സ് വിടേണ്ടി വന്നു എന്നതിന് ഉത്തരം കമല്‍നാഥ് എന്നല്ല, രാഹുല്‍ എന്നതാണ്. കോണ്‍ഗ്രസ്സ് നേതാക്കളില്‍ പൊതുവെ രണ്ട് തരക്കാരാണ്-വിഡ്ഢികളും തെമ്മാടികളും. ഇവര്‍ക്കിടയില്‍ അപൂര്‍വമായി കണ്ടുവരുന്ന മാന്യന്മാര്‍ക്ക് പ്രദര്‍ശനമൂല്യം മാത്രമേയുള്ളൂ.

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളില്‍ സഞ്ജയ് ഗാന്ധിയുടെ അനുചരന്മാരില്‍ ഒരാളായിരുന്നു  കമല്‍നാഥ്. 1984ല്‍ കോണ്‍ഗ്രസ്സുകാര്‍ ദല്‍ഹിയില്‍ സിഖുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ കമല്‍നാഥിനെതിരെ മൊഴി നല്‍കിയിട്ടുള്ളതുമാണ്. ഇങ്ങനെയൊരു പശ്ചാത്തലമുള്ള കമല്‍നാഥ് അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകും. കൊറോണ രോഗത്തിന്റെ പേരില്‍ നിയമസഭാ സമ്മേളനം നീട്ടിവയ്ക്കാന്‍ ശ്രമിച്ചത് ഉദാഹരണം. കമല്‍നാഥിന്റെ ഭാഷ മാത്രമല്ല, ശരീരഭാഷയും അക്രമാസക്തമാണ്. ഇക്കാരണത്താലൊക്കെ സിന്ധ്യയുടെ എതിരാളി കമല്‍നാഥായി ചിത്രീകരിക്കപ്പെടുന്നു. ഇതുവഴി രക്ഷപ്പെടുന്നത് കുടുംബ വാഴ്ചയെ തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് കണ്ടുവച്ചിരിക്കുന്ന രാഹുലാണ്.

ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കോണ്‍ഗ്രസ്സിന് പുറത്ത് പോകേണ്ടിവന്നത് രാഹുല്‍ ആ പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ടാണ്. 2014-ലെയും 2019-ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കു കാരണം രാഹുലിന്റെ നേതൃപരാജയമാണ്. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നായിരുന്നു രണ്ട് അവസരങ്ങളിലും കോണ്‍ഗ്രസ്സ് അവകാശപ്പെട്ടത്. രണ്ടാമതും ഇതിന് കഴിയാതിരുന്നതോടെ രാഹുലിനെതിരെ മുന്‍പൊന്നും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഉയര്‍ന്നത്. പാര്‍ട്ടിയില്‍ ഒരു കലാപം ഭയന്നാണ് രാഹുലിനെക്കൊണ്ട് രാജിവയ്പിച്ച് സോണിയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

കോണ്‍ഗ്രസ്സിന്റെ യുവനേതൃനിരയില്‍ രാഹുലിനെക്കാള്‍ കഴിവുള്ളവരുണ്ട്, എന്നല്ല എല്ലാവരും തന്നെ അങ്ങനെയുള്ളവരാണ് എന്നതാണ് നെഹ്‌റു കുടുംബത്തെ അലട്ടുന്ന പ്രശ്‌നം. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ തുടങ്ങിയവരെയെല്ലാം രാഹുല്‍ എതിരാളികളായി കാണുകയാണ്. ഇവരില്‍ സിന്ധ്യ യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയായി കഴിവു തെളിയിക്കുകയും ചെയ്തു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും സോണിയാ ഗാന്ധി സൂപ്പര്‍ പ്രധാനമന്ത്രിയുമായിരിക്കെ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും രാഹുല്‍ ഉപപ്രധാനമന്ത്രിയോ മന്ത്രിയോ പോലും ആവാതിരുന്നത് കഴിവുകേട് വെളിപ്പെടും എന്ന ഭയംകൊണ്ടാണ്. അച്ഛന്‍ രാജീവിനെപ്പോലെ ആദ്യമേ പ്രധാനമന്ത്രിയായാല്‍ അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവരെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാം. കഴിവില്ലായ്മ പുറത്തുവരികയുമില്ല.

2014-ലെ കോണ്‍ഗ്രസ്സിന്റെ പരാജയത്തോടെ ഫലത്തില്‍ രാഹുല്‍ ആരുമല്ലാതായിത്തീരുകയായിരുന്നു. 2019-ലെ പരാജയം പപ്പു എന്ന പേര് അന്വര്‍ത്ഥമാക്കി. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുത്താല്‍ രാഹുല്‍ നിഷ്പ്രഭനാകും. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ സംസ്ഥാന അധ്യക്ഷനോ ആക്കാതിരുന്നത് ഇതുകൊണ്ടാണ്. ഇക്കാര്യത്തില്‍ സോണിയയുമായും അവരുടെ അനുചരന്മാരുമായും തന്ത്രപരമായി ഒത്തുകളിക്കുകയാണ് കമല്‍നാഥ് ചെയ്തത്. 'ഇന്ദിരയുടെ മൂന്നാമത്തെ മകന്‍' എന്നു വിളിപ്പേരുള്ള കമല്‍നാഥിന് നെഹ്‌റു കുടുംബത്തെ കയ്യിലെടുക്കാനുള്ള വഴികളറിയാം.

2001ല്‍ ഉത്തര്‍പ്രദേശിലെ മയിന്‍പുരിയിലുണ്ടായ വിമാനാപകടത്തില്‍ മാധവറാവു സിന്ധ്യ മരിക്കുകയായിരുന്നു. ഏറെ ദുരൂഹതകള്‍ അവശേഷിപ്പിക്കുന്നതാണ് ഈ അപകടം. സോണിയ അടക്കിവാണ കോണ്‍ഗ്രസ്സില്‍ പുതിയ ശക്തികേന്ദ്രങ്ങളായി ഉയര്‍ന്നുവന്ന രാജസ്ഥാന്‍കാരനായ രാജേഷ് പൈലറ്റ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 2000-ല്‍ സോണിയയ്‌ക്കെതിരെ കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിച്ച  ഉത്തര്‍പ്രദേശുകാരന്‍ ജിതേന്ദ്ര പ്രസാദ അതിവേഗം പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും അകാലചരമം പ്രാപിക്കുകയും ചെയ്തു. അകാലത്തില്‍ മരിച്ചില്ലായിരുന്നെങ്കില്‍ മാധവറാവു സിന്ധ്യ പ്രധാനമന്ത്രിയാവുമായിരുന്നു എന്നാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സുകാരനുമായിരുന്ന കെ. നട്‌വര്‍ സിങ്, ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത്.  

ജ്യോതിരാദിത്യ ബിജെപിയിലെത്തിയതിനെ 'ഘര്‍വാപ്‌സി' എന്നാണ് ബിജെപി നേതാവും അമ്മായിയുമായ യശോധര രാജെ സിന്ധ്യ വിശേഷിപ്പിച്ചത്. ഇതോടെ സിന്ധ്യ രാജകുടുംബത്തില്‍ ഒരു ബിജെപി പരിവാര്‍ രൂപപ്പെട്ടിരിക്കുകയാണെന്നു പറയാം. ജ്യോതിരാദിത്യയുടെ മറ്റൊരു അമ്മായിയാണ് രണ്ട് തവണ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യ. ഇവരുടെ മകന്‍ വിക്രം സിങ് എംപിയാണ്. കോണ്‍ഗ്രസ്സില്‍നിന്നാണ് രാജമാതാ വിജയ രാജെ സിന്ധ്യ ജനസംഘത്തിലെത്തിയതും, മരണംവരെ ബിജെപി നേതാവായി തുടര്‍ന്നതും. ചെറുമകന്‍കൂടി ബിജെപിയില്‍ വന്നതോടെ ഒരു വൃത്തം പൂര്‍ത്തിയായിരിക്കുന്നു. ജ്യോതിരാദിത്യയെ സംബന്ധിച്ചിടത്തോളം ബിജെപിയിലേക്കുള്ള വരവില്‍ അപരിചിതത്വം തോന്നേണ്ടതില്ലെന്ന് ചുരുക്കം.

േജ്യാതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടത് മധ്യപ്രദേശിന്റെ പ്രശ്‌നമാക്കി ലളിതവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിക്കുന്നത്. ഏറ്റുമുട്ടല്‍ സിന്ധ്യയും കമല്‍നാഥും തമ്മിലാവട്ടെയെന്നതാണ് തന്ത്രം. സിന്ധ്യയുടെ രാജിയോട് കോണ്‍ഗ്രസ്സ് ആദ്യം പ്രതികരിക്കാതിരുന്നതും, പിന്നീട് രാഹുല്‍ വൈകാരികമായി പ്രതികരിച്ചതും പ്രത്യാഘാതം ഭയന്നാണ്. 18 വര്‍ഷം തന്റെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചയാളാണ് സിന്ധ്യയെന്നും, തന്റെ വീട്ടില്‍ അനുവാദം ചോദിക്കാതെ കയറിവരാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞതില്‍ താനെന്തോ വലിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമുണ്ട്. സഹപാഠിയായിരുന്ന സിന്ധ്യയുടെ ഊര്‍ജസ്വലമായ വ്യക്തിത്വത്തോടും കഴിവുകളോടും മാറ്റുരയ്ക്കുമ്പോള്‍ രാഹുല്‍, നെഹ്‌റു കുടുംബത്തില്‍ പിറന്ന ഒരു ധൂര്‍ത്തപുത്രന്‍ മാത്രമായി ചുരുങ്ങുന്നത് കാണാം.

ദേശീയപാര്‍ട്ടിയുടെ പദവിയുണ്ടെങ്കിലും ഫലത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് ചില സംസ്ഥാനങ്ങളിലായി  ഒറ്റപ്പെട്ടു കിടക്കുന്ന പ്രാദേശിക പാര്‍ട്ടികളെപ്പോലെയാണ്. ദേശീയ നേതൃത്വത്തെ ആശ്രയിച്ചല്ല, പ്രാദേശിക നേതാക്കളുടെ വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണ് അപൂര്‍വം സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന്  അധികാരം നിലനിര്‍ത്താന്‍ കഴിയുന്നത്. മധ്യപ്രദേശിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാരും രാജിവച്ചതോടെ മധ്യപ്രദേശിലും കോണ്‍ഗ്രസ്സിന് അധികാരം പോകുമെന്നുറപ്പാണ്. രാഹുലിന്റെ നേതൃത്വം ദേശീയ തലത്തില്‍ മാത്രമല്ല, പ്രാദേശികമായും കോണ്‍ഗ്രസ്സിന് നഷ്ടക്കച്ചവടമാകുന്നു എന്നര്‍ത്ഥം. ഇന്ന് മധ്യപ്രദേശാണെങ്കില്‍ നാളെ അത് രാജസ്ഥാനാവാം. ഒരിക്കല്‍ക്കൂടി മത്സരിക്കാനുള്ള യുവത്വം തനിക്കുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമീന്ദര്‍ സിങ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.

കോണ്‍ഗ്രസ്സ് നേരിടുന്ന പ്രതിസന്ധി കുടുംബാംധിപത്യത്തിന്റേതാണ്. നെഹ്‌റു കുടുംബത്തിലുള്ള വ്യാജ ഗാന്ധിമാര്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാനാവുന്നില്ല, ഇവരില്ലാത്ത പാര്‍ട്ടിക്ക് ഇന്നത്തെ രൂപത്തില്‍ നിലനില്‍ക്കാനുമാവില്ല. നെഹ്‌റു പരിവാറിനെ നിലനിര്‍ത്തി കോണ്‍ഗ്രസ്സ് പരിവാര്‍ വളര്‍ത്താനുള്ള ശ്രമം വിജയിക്കാന്‍ പോകുന്നില്ല.

9544035418

comment

LATEST NEWS


കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.