login
കോവിഡ് കാലത്തെ പുലകുളി ചിന്തകള്‍

ശാസ്ത്രവിചാരം 245

വീണ്ടുവിചാരത്തിന്റെ നാളുകളായിരുന്നു കോവിഡ് ലോക്ഡൗണ്‍ നമുക്ക് സമ്മാനിച്ചത്. നാം ചെയ്തു വച്ചതും ചെയ്തുകൊണ്ടിരിക്കുന്നതുമൊക്കെ ഇഴകീറി പരിശോധിക്കുന്നതിനുള്ള അവസരം. അങ്ങനെ ഒരു ആത്മപരിശോധനാവേളയിലാണ് 'പുലകുളി' എന്ന 'ആചാരം' അഥവാ 'അനാചാരം' ഓര്‍മകളില്‍ തികട്ടിയെത്തിയത്. കുടുംബത്തില്‍ മരണം സംഭവിച്ചാല്‍ കുടുംബാംഗങ്ങളാരും 16 ദിവസത്തേക്ക് നാട്ടിലിറങ്ങരുതെന്ന ആചാരം. അത്രയും നാള്‍ പുലയാണത്രേ. ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമൊന്നും ആരും പൊയ്ക്കൂട. ഒടുവില്‍ 16-ാം നാള്‍ വിശദമയൊരു പുലകുളി കൂടി നടത്തിക്കഴിഞ്ഞുമാത്രമേ സമൂഹത്തിലേക്കിറങ്ങാവൂ എന്നാണ് ആചാരം.

പുത്തന്‍ തലമുറയിലെ ആളുകള്‍ പുലയും പുലകുളിയും ഒരു ആനമണ്ടത്തരവുമായി കണക്കാക്കി. വിവരം കെട്ട ഏതോ കാരണവന്മാരുടെ തലമണ്ടയിലുദിച്ച മണ്ടത്തരം. പക്ഷേ കോവിഡ് കാലത്ത് 'ഹോം ക്വാറന്റൈന്‍' അഥവാ 'കരുതല്‍ പാര്‍പ്പ്' ഉത്തരവ് വന്നപ്പോള്‍ തലകുനിച്ച് കൈകൂപ്പി ഭയഭക്തിപൂര്‍വം അനുസരിക്കാന്‍ ആര്‍ക്കും മടിയില്ല. രണ്ടാഴ്ചക്കാലത്തെ സാമൂഹ്യ അകലം അനാചാരമെന്നു പറഞ്ഞവര്‍ക്ക് രണ്ട് മാസം കഴിഞ്ഞിട്ടും പുറത്തിറങ്ങേണ്ട. പുലയും പുലകുളിയും നിര്‍ദ്ദേശിച്ച പൂര്‍വികരുടെ ശാസ്ത്രവീക്ഷണത്തിന് ഇന്ന് നമോവാകം.

പഴയ തറവാടുകളില്‍ പാലിക്കപ്പെടുന്ന മറ്റൊരു നിയമം കൂടിയുണ്ട്. മരണവീടുകളില്‍ പോയി വന്നാല്‍ കുളിച്ച് വസ്ത്രം കഴുകി മാത്രമേ തറവാട്ടില്‍ പ്രവേശിക്കാവൂ എന്ന കര്‍ക്കശനിയമം. ബലി ഇടുന്നവര്‍ ഔഷധ സസ്യങ്ങള്‍ ചേര്‍ത്ത് പലവട്ടം കൈകഴുകണമെന്നും, ആഹാരത്തിനു മുന്‍പ് വിശദമായി കുളിക്കണമെന്നും പൂര്‍വികര്‍ പറഞ്ഞുവച്ചു. മൃതദേഹങ്ങള്‍ ദഹിപ്പിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. മാരകമായ വസൂരി നാടെങ്ങും നടമാടിയ നാളുകളില്‍ നാട്ടിന്‍പുറങ്ങളില്‍ ആചരിച്ചുവന്ന ഒരു അനുഷ്ഠാനമുണ്ട്. രോഗലക്ഷണം കണ്ടാലുടന്‍ രോഗിയെ ഒരു ഓലക്കുടില്‍ നിര്‍മിച്ച് അവിടേക്ക് മാറ്റും. മറ്റാരുമായും ബന്ധപ്പെടാന്‍ സമ്മതിക്കില്ല. ഈ 'കരുതല്‍ പാര്‍പ്പി'നെയാണല്ലോ നാം ഹോം ക്വാറന്റൈന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്.

ഇനി മറ്റൊരു ഓര്‍മ. കോവിഡ് കാലത്ത് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ് കിറ്റ് എന്ന വ്യക്തിഗത രക്ഷാകവചം എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും  നിര്‍ബന്ധമാണല്ലോ. മധ്യ കാലഘട്ടത്തില്‍ യൂറോപ്പില്‍ പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ ചികിത്സിക്കാനാത്തിയ 'പ്ലേഗ് ഡോക്ടര്‍'മാര്‍ക്കും ഇത്തരമൊരു വ്യക്തി രക്ഷാകവചമുണ്ടായിരുന്നുവെന്ന് ചരിത്രം. മരുന്നില്ലാതെ പതിനായിരങ്ങള്‍ മരിച്ചുവീണ പ്ലേഗ് കാലത്ത് കറുത്ത് നീണ്ട തുകല്‍ കുപ്പായവും കയ്യുറകളും ചേര്‍ന്ന കവചമായിരുന്നു അവരുടെ ആശ്രയം. തുകല്‍കൊണ്ടുണ്ടാക്കിയ മുഖംമൂടിയില്‍ കണ്ണിന്റെ സ്ഥാനത്ത് ഗ്ലാസ് കൊണ്ട് അടച്ചുകെട്ടിയ രണ്ട് ദ്വാരങ്ങളാണുണ്ടായിരുന്നത്. മൂക്കിന്റെ സ്ഥാനത്ത് മരംകൊത്തിയുടെ മാതൃകയില്‍ നീണ്ടു വളഞ്ഞ കൊക്ക്. അതിനുള്ളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളുമായിരുന്നു ഡോക്ടറുടെ രക്ഷ. പ്ലേഗിന്റെ അണുക്കളെ ഈ നീളന്‍കൊക്ക് സംരക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചു. അത് പ്ലേഗിന്റെ അണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുന്നത് തടയുമെന്നും. പ്രത്യേകതരം വടി കൊണ്ടാണവര്‍ രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിരുന്നത്. കര്‍പ്പൂര തുളസി (സേജ്) പുകച്ച് അവര്‍ മുറികള്‍ അണുവിമുക്തമാക്കി.

അതൊക്കെ പഴയ കഥ. ഇന്ന് മുഖംമൂടിയും ശാരീരിക അകലവും (സാമൂഹിക അകലം എന്ന പ്രയോഗം ശരിയോ എന്ന് ചിന്തിക്കുക) കരുതല്‍ പാര്‍പ്പുമൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കോവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഏതാണ്ട് ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ അവസ്ഥ. ഒരു വശത്ത് ഭൂഗോളത്തിലെ സമസ്ത രാജ്യങ്ങളും, മറുവശത്ത് കൊറോണ എന്ന വൈറസും അണിനിരന്ന മഹായുദ്ധം. ഇവിടെ ചേരിചേരാത്ത ഒരു രാജ്യവുമില്ല. അണിചേരാത്ത മനുഷ്യരുമില്ല.

കോവിഡ് രോഗാണു ശരീരത്തിനുള്ളില്‍ കടന്ന് വൈറസ് പ്രതിരോധ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് സൂക്ഷ്മ പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പ്രോട്ടീനുകളെ പ്രയോജനപ്പെടുത്തിയാണത്രേ വൈറസ് തഴച്ചു വളരുന്നത്. അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനും പ്രതിരോധ കോശങ്ങളും അടിഞ്ഞുകൂടി ശ്വാസകോശം അടക്കമുള്ള ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കപ്പെടുകയാണത്രേ സംഭവിക്കുക. കോശങ്ങളില്‍ സംഭവിക്കുന്ന അമിതമായ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കാനുള്ള മരുന്നു കണ്ടെത്താന്‍ ശ്രമം നടക്കുന്നു. വിവിധ മരുന്നു മാത്രകള്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കുന്ന അത്തരമൊരു മരുന്നുണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നത് ഫ്രാങ്ക് ഫര്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകര്‍. പുതിയൊരു വാക്‌സിന്‍ അഥവാ പ്രതിരോധ മരുന്ന് തയ്യാറാക്കുന്ന തിരക്കിലാണ് പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും.

രോഗാണുവിനെ ദുര്‍ബലമായ രൂപത്തിലും നേരിയ അളവിലും ശരീരത്തില്‍ കടത്തിവിടുന്ന പ്രക്രിയയാണല്ലോ വാക്‌സിനേഷന്‍ എന്ന പ്രതിരോധ കുത്തിവെയ്പ്. അപ്പോള്‍ അണുവിനെതിരെ ശരീരത്തില്‍ 'ആന്റി ബോഡി' എന്ന പ്രതിരോധ സംവിധാനം രൂപമെടുക്കും. ഇത് ശരീരത്തിലുള്ള കാലമത്രയും ആ വൈറസ് അഥവാ ബാക്ടീരിയയെ ഭയക്കാനില്ല. പക്ഷേ വാക്‌സിന്‍ രൂപപ്പെടുത്തുകയെന്നത് ക്ഷിപ്രസാധ്യമല്ല. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഗവേഷണവും സാധ്യതാ വാക്‌സിനുകളെ കണ്ടെത്താനുള്ള പരീക്ഷണവുമാണ് അതിന്റെ ആദ്യപടി. തുടര്‍ന്ന് മരുന്നിന്റെ സുരക്ഷിതത്വം ജീവജാലങ്ങളില്‍ പരിശോധിച്ച് ഉറപ്പാക്കുന്ന പ്രീക്ലിനിക്കല്‍ ട്രയല്‍. ഇതൊക്കെ കഴിഞ്ഞാണ് മരുന്ന് മനുഷ്യനില്‍ പ്രയോഗിച്ചു നോക്കുന്ന 'ക്ലിനിക്കല്‍ ട്രയല്‍'. എല്ലാം കഴിഞ്ഞ് അതത് രാജ്യത്തെ മരുന്നധികാരിയുടെ (ഇന്ത്യയില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുവാദം കൂടി കിട്ടിക്കഴിഞ്ഞാലേ മരുന്ന് വിപണികളില്‍ എത്തുകയുള്ളൂ.

പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിനു പുറമെ ഇന്ത്യയൊട്ടാകെ അരഡസന്‍ എജന്‍സികളെങ്കിലും കോവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. ഇസ്രയേലിലെ ബയോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഓക്‌സഫോര്‍ഡിലെ ജന്നര്‍ ഇന്‍സ്റ്റിറ്റിയൂട്ടും അടക്കം നിരവധി അന്തര്‍ദേശീയ സ്ഥാപനങ്ങളും രംഗത്തുണ്ട്.

വാക്‌സിന്‍ വ്യക്തി സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മറ്റ് ചില ഗവേഷണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ആള് കൂടുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ ആവൃത്തി കുറഞ്ഞ യു.വി വിളക്കുകള്‍കൊണ്ട് അണുനശീകരണം നടത്താനുള്ള സാധ്യതയാണ് അവര്‍ പരിശോധിക്കുന്നത്. മനുഷ്യന് ദോഷം വരുത്താത്തതും വൈറസുകളെ മിനിറ്റുവച്ച് കൊന്നൊടുക്കുന്നതുമായ അള്‍ട്രാവയലറ്റ് ലൈറ്റുകള്‍ താമസിയാതെ വിപണിയില്‍ എത്തിയേക്കാം. മനുഷ്യന്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങളില്‍ കൊറോണ വൈറസ് പറ്റിയിരിക്കാനുള്ള സാധ്യത ഇല്ലാതാക്കാനും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ലോഹ അയോണുകള്‍ അടങ്ങിയ നാനോ കണികകളും പോളിമറുകളും ഉപയോഗിച്ച് പൂശുന്ന പ്രതലങ്ങളില്‍ വൈറസിന്റെ പ്രഭാവം ഏശില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മൂക്കിലൂടെയാണ് കോവിഡ് രോഗാണുക്കള്‍ അകത്തുകടക്കുന്നത് എന്ന കാര്യം കണക്കിലെടുത്ത് നാസാദ്വാരങ്ങള്‍ക്കുള്ളില്‍ ഘടിപ്പിക്കാവുന്ന വൈറസ് അരിപ്പകളും വൈകാതെ വിപണിയില്‍ എത്തിയേക്കാം. മുഖംമൂടി ധരിക്കുന്നതുമൂലം മുഖസൗന്ദര്യത്തിന് മങ്ങല്‍ ഉണ്ടാകുമെന്ന് കുണ്ഠിതപ്പെടുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണീ വാര്‍ത്ത. ഇനിയും വരാനിരിക്കുന്നതേയുള്ളൂ ഇത്തരം കോവിഡ് കണ്ടുപിടുത്തങ്ങള്‍.

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.