login
ദീനദയാല്‍ വാങ്മയം

ദല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ 2016-ല്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ സമ്പൂര്‍ണ വാങ്മയം പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സെറ്റ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയും ആര്‍എസ്എസ് പ്രചാരകനുമായ എം. ഗണേശ് എനിക്ക് എത്തിച്ചുതന്നു.

 

ദല്‍ഹിയിലെ പ്രഭാത് പ്രകാശന്‍ 2016-ല്‍ പണ്ഡിത് ദീനദയാല്‍ ഉപാദ്ധ്യായയുടെ സമ്പൂര്‍ണ വാങ്മയം പതിനഞ്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു സെറ്റ് ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയും ആര്‍എസ്എസ് പ്രചാരകനുമായ എം. ഗണേശ് എനിക്ക് എത്തിച്ചുതന്നു. അവ മലയാളത്തില്‍ പ്രസിദ്ധീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് അഭിപ്രായം ചോദിക്കുകയും ചെയ്തു. മഹേശ്ചന്ദ്ര ശര്‍മ്മ എഡിറ്ററായും ദേവേന്ദ്ര സ്വരൂപ് തുടങ്ങി സംഘം, ജനസംഘം, ബിജെപി, ബിഎംഎസ് തുടങ്ങിയ പ്രസ്ഥാനങ്ങളിലെ ഇരുത്തം വന്ന ചിന്തകരും എഴുത്തുകാരുമടങ്ങിയ ഒരു സംഘമാണ് അതിലെ വിഭവങ്ങള്‍ സമാഹരിച്ചത്. ദീനയാല്‍ജി അന്തരിച്ച് ഏതാണ്ട് അര നൂറ്റാണ്ട് വേണ്ടിവന്നു അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിക്കപ്പെടാന്‍ എന്നത് സംഘസഹജമായ പ്രസിദ്ധിപരാങ്മുഖത മൂലമാണോ എന്നറിയില്ല. വാങ്മയത്തില്‍ ദീനദയാല്‍ജിയുടെ ലേഖനങ്ങള്‍, പ്രബന്ധങ്ങള്‍, ഗ്രന്ഥങ്ങള്‍, ജനസംഘ വേദികളിലും സംഘശിക്ഷാവര്‍ഗുകളിലും നല്‍കിയ ബൗദ്ധികോദ്‌ബോധനങ്ങള്‍, പത്രപ്രസ്താവനകള്‍, രാഷ്ട്രീയക്കുറിപ്പുകള്‍, സാമ്പത്തിക, രാജനൈതിക വിശകലനങ്ങള്‍, അദ്ദേഹത്തിന്റെ പരിപാടികളെക്കുറിച്ച് വന്ന പത്രറിപ്പോര്‍ട്ടുകള്‍ തുടങ്ങി എണ്ണമറ്റ വിധത്തിലുള്ള ഖണ്ഡങ്ങള്‍ അടങ്ങുന്നുണ്ട്.

ദീനദയാല്‍ജി മുഖ്യമായും ഹിന്ദിയിലായിരുന്നു എഴുതിയത്. എന്നാല്‍ ഇംഗ്ലീഷിലും ധാരാളം എഴുതിയിരുന്നു. സ്ഫുടമായ, അര്‍ഥവ്യക്തതയുള്ള ഇംഗ്ലീഷ് ലേഖനങ്ങള്‍ അങ്ങേയറ്റത്തെ വായനാസുഖം നല്‍കുന്നവയുമായിരുന്നു. ഓര്‍ഗനൈസര്‍ വാരികയില്‍ പ്രസിദ്ധം ചെയ്തുവന്ന പൊളിറ്റിക്കല്‍ ഡയറി 1950-60 കളില്‍ ഒന്നാന്തരം ഉള്‍ക്കാഴ്ച നല്‍കിയ രാഷ്ട്രീയ വിശകലനങ്ങളായിരുന്നു. മലയാളം എക്‌സ്പ്രസ് പത്രത്തിന്റെ പത്രാധിപരും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്ന കരുണാകരന്‍ നമ്പ്യാര്‍, പലപ്പോഴും തന്റെ മൂര്‍ച്ചയേറിയ മുഖപ്രസംഗങ്ങള്‍ക്ക് പ്രേരണയായത് ദീനദയാല്‍ജിയുടെ പൊളിറ്റിക്കല്‍ ഡയറിയായിരുന്നുവെന്ന് എന്നോട് പറഞ്ഞത് ഓര്‍ക്കുന്നു. ദീനദയാല്‍ജി അന്തരിച്ച് അധികം കഴിയുന്നതിനു മുമ്പ് ജയ്‌കോ പ്രസിദ്ധീകരണശാലക്കാര്‍ അവ സമാഹരിച്ച് സര്‍സംഘചാലക് ഗുരുജിയുടെ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു.

നമ്മുടെ രണ്ട് പഞ്ചവത്‌സര പദ്ധതികള്‍ കഴിഞ്ഞ് മൂന്നാം പദ്ധതിയുടെ ആലോചനകള്‍ നടക്കുന്നതിനിടെ, കഴിഞ്ഞ പദ്ധതികളുടെ ആസൂത്രണം, നടത്തിപ്പ്, പ്രയോജന സാധ്യതകള്‍ മുതലായവ വിലയിരുത്തി, ആസൂത്രണത്തിന്റെ ഉദ്ദേശ്യത്തിലും ദൃഷ്ടിയിലും മൗലികമായ മാറ്റങ്ങള്‍ വരുത്തേണ്ടതാവശ്യമാണെന്ന അഭിപ്രായം ഉന്നയിച്ചുകൊണ്ട് 'ദീനദയാല്‍ജി ദി ടു പ്ലാന്‍സ്' എന്ന ഒരു പഠനഗ്രന്ഥം ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ദീനദയാല്‍ജി കണ്ടെത്തി ആവിഷ്‌കരിച്ചുവന്നിരുന്ന ഏകാത്മമാനവദര്‍ശനത്തിന്റെ കാഴ്ചപ്പാടിലുള്ള വിശകലന, വിമര്‍ശന ഗ്രന്ഥമായിരുന്നു അത്. പദ്ധതികളെയും ആസൂത്രണത്തെയുംകുറിച്ച് ഇഎംഎസ് രചിച്ച 'ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്‌സ് ഓഫ് ഇന്ത്യാസ് സോഷ്യലിസ്റ്റ് പാറ്റേണ്‍' ആണ് അതുപോലെ മറ്റൊരു വിശകലനം. ദീനദയാല്‍ജിയുടെ വാങ്മയത്തില്‍ ഈ രണ്ട് ഇംഗ്ലീഷ് കൃതികളുടെയും ഹിന്ദി വിവര്‍ത്തനങ്ങളാണ് ചേര്‍ത്തിട്ടുള്ളത്.

ഗ്രന്ഥസമുച്ചയം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി ഗണേശ് 2017-ല്‍ത്തന്നെ സംസാരിച്ചിരുന്നു. പൂജനീയ ഗുരുജിയുടെ സാഹിത്യസര്‍വ്വസ്വം  മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് ഗണേശ് പ്രാന്തകാര്യാലയ പ്രമുഖ് ആയിരുന്നതിനാല്‍ അതിന് ചെയ്തിരുന്ന ഒരുക്കങ്ങളുടെ പൂര്‍ണധാരണയുള്ള ആളാണ്. ദീനദയാല്‍ വാങ്മയത്തിന് അത്തരം സജ്ജീകരണങ്ങള്‍ ചെയ്യാന്‍ ബിജെപിയുടെ നൂറുകൂട്ടം നൂലാമാല പിടിച്ച കാര്യവ്യഗ്രതയ്ക്കിടയില്‍ സാധിക്കാത്തതു മനസ്സിലാക്കാവുന്നതേയുള്ളൂ.

ഏതായാലും ബിജെപിയുടെ സക്രിയ സഹകരണേത്താടെ കുരുക്ഷേത്ര പ്രകാശന്‍ വിവര്‍ത്തനത്തിന്റെയും പ്രസിദ്ധീകരണത്തിന്റെയും ചുമതലകള്‍ കയ്യേല്‍ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അതില്‍ ദീനദയാല്‍ജിയുടെ ആദ്യകാല കൃതികളാണുള്ളത്. മൂന്നു വര്‍ഷം മുന്‍പ്  വാല്യങ്ങള്‍ കിട്ടിയപ്പോള്‍ അത് ആര്‍ത്തിയോടെ വായിച്ചിരുന്നു. ബാലസ്വയംസേവകര്‍ക്കുവേണ്ടി തയ്യാറാക്കിയ മൗര്യസാമ്രാജ്യ സ്ഥാപകന്‍ ചന്ദ്രഗുപ്തന്റെ ജീവിതവും, ശങ്കരാചാര്യരെക്കുറിച്ചുള്ള പുസ്തകവും അതിലുണ്ട്. ചന്ദ്രഗുപ്തന്‍ നോവല്‍ രൂപത്തിലാണ്.

ശങ്കരാചാര്യ എന്ന കൃതി 1960-കളില്‍ കേസരി വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് കുരുക്ഷേത്ര പുസ്തകമാക്കുകയും ചെയ്തു. ആ പുസ്തകത്തിന്റെ പ്രതി ഇന്ന് എന്റെ കൈവശമില്ല. കാഞ്ഞങ്ങാട്ടെ സ്വയംസേവകനായിരുന്ന കുഞ്ഞികൃഷ്ണന്‍ 'വിക്രമ' എന്ന കന്നഡ വാരിക പ്രസിദ്ധീകരിച്ച പുസ്തക ഭാഗം മലയാളത്തിലാക്കി കേസരിക്കു നല്‍കുകയായിരുന്നു. വിവര്‍ത്തനത്തിന്റെ വിവര്‍ത്തനമെന്ന പോരായ്മ അതിനു കണ്ടേക്കാമെങ്കിലും എന്റെ കൃത്യനിര്‍വഹണത്തിന് സഹായകമാകുമെന്നതിനാല്‍ അതു കൈവശമുള്ള ജന്മഭൂമി വായനക്കാരുടെ സഹകരണം ക്ഷണിക്കുകയാണ്.

ദീനദയാല്‍ജി 1942 മുതല്‍ സംഘശിക്ഷാവര്‍ഗുകളില്‍ നല്‍കിയ ബൗദ്ധിക്കുകള്‍ ഒരു വാക്കുപോലും വിടാതെ പകര്‍ത്തിയെടുത്ത് സൂക്ഷിച്ചത് വിസ്മയകരമാണ്. അപ്രകാരമുള്ള ബൗദ്ധിക്കുകളില്‍, പില്‍ക്കാലത്ത് അദ്ദേഹം വികസിപ്പിച്ച് സമഗ്രമായ ദര്‍ശനത്തിന്റെ സ്വരൂപംനല്‍കിയ 'ഏകാത്മ മാനവത'യുടെ പ്രാക്രൂപംനമുക്കു കാണാന്‍ കഴിയും. സംഘശിക്ഷാവര്‍ഗുകളില്‍ പങ്കെടുത്തു തുടങ്ങിയ 1956 മുതല്‍ അദ്ദേഹത്തിന്റെ ബൗദ്ധിക്കുകളിലും, പിന്നീട് ജനസംഘത്തിന്റെ പഠനശിബിരങ്ങളിലെ വിശകലനങ്ങളിലും അവ അവതരിപ്പിക്കുമ്പോഴത്തെ ലോലമായ ഊന്നല്‍ വ്യത്യാസവും അദ്ദേഹത്തിന്റെ അപഗ്രഥന കുശലതയെ വ്യക്തമാക്കുന്നവയായിരുന്നു.

ടേപ്പ്‌റിക്കോര്‍ഡിങ്ങും ഇന്നത്തെ ആധുനിക സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ദീനദയാല്‍ജിയുടെ ബൗദ്ധിക്കുകള്‍ സംപൂര്‍ണമായി രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നുവെന്നതിന് ഉത്തര്‍പ്രദേശിലെ സംഘസംവിധാനത്തെ സമ്മതിച്ചേ പറ്റൂ. പ്രഭാഷണങ്ങള്‍ അതേപടി എഴുതിയെടുക്കുന്നതിന് സംഘം സ്വന്തമായൊരു ടെക്‌നിക് ആവിഷ്‌കരിച്ചിരുന്നു. ടിക് സിസ്റ്റം എന്നാണതിനു പറഞ്ഞുവന്നത്. ആറുപേരില്‍ കുറയാത്ത ഒരു സംഘം വട്ടത്തിലിരുന്ന് വരയിട്ട കടലാസില്‍ വരികള്‍ നമ്പരിട്ട് പ്രഭാഷണത്തിലെ രണ്ടു മൂന്നു വാക്കുകള്‍ ഒന്നാമന്‍ എഴുതിയശേഷം പെന്‍സില്‍ മുട്ടി ടിക് ശബ്ദമുണ്ടാക്കും; രണ്ടാമത്തെയാള്‍ അടുത്ത വാക്കുകള്‍ എഴുതി 'ടിക്' അടിക്കും. ഒരു വട്ടം പൂര്‍ത്തിയായാല്‍ രണ്ടാം വരി തുടരും. ഇങ്ങനെ പ്രഭാഷണം കഴിഞ്ഞാല്‍ എല്ലാവരുമിരുന്ന് പകര്‍ത്തി തയ്യാറാക്കും. വളരെ ശ്രമകരമായ ആ ടിക് സിസ്റ്റം ടേപ്റിക്കോര്‍ഡര്‍ സാധാരണമാകുന്നതുവരെ തുടര്‍ന്നിരുന്നു.

ഇപ്രകാരം പ്രഭാഷണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ജനസംഘവും, ആദ്യവര്‍ഷങ്ങളില്‍ ബിജെപിയും തികഞ്ഞ പരാജയമായിരുന്നുവെന്നു സമ്മതിച്ചേ പറ്റൂ. ജനസംഘാധ്യക്ഷനായി ദീനദയാല്‍ജി ആദ്യമായി സംബന്ധിച്ച സമ്മേളനമായിരുന്നു കോഴിക്കോട് 1963 ഡിസംബറില്‍ നടന്നത്. അതിന്റെ നടത്തിപ്പു കാര്യങ്ങളില്‍ കുറ്റമറ്റ ഏര്‍പ്പാടുകള്‍ ചെയ്തുവെന്ന് എല്ലാവരും അഭിമാനിക്കുന്നുണ്ട്. പക്ഷേ സമ്മേളന നടപടികളുടെ സംപൂര്‍ണ രേഖപ്പെടുത്തല്‍ ഉണ്ടായോ എന്ന് സംശയമാണ്. അതു കേന്ദ്ര കാര്യാലയമാണ് ചെയ്യേണ്ടതെന്നായിരുന്നു ധാരണ. ദീനദയാല്‍ജിയുശട അധ്യക്ഷപ്രസംഗം മുന്‍കൂട്ടിത്തന്നെ ലഭിച്ചതിനാല്‍ മലയാള വിവര്‍ത്തനം തയ്യാറാക്കിയിരുന്നു. പക്ഷേ സമ്മേളനത്തിലെ ദീനദയാല്‍ജിയുടെ സമാപനസന്ദേശം രേഖപ്പെടുത്തിയിരുന്നോ എന്നറിയില്ല. വാങ്മയത്തില്‍ സമ്മേളന സംബന്ധമായ വിവിധ പത്രവാര്‍ത്തകള്‍ മാത്രമാണുള്ളത്.

ജനസംഘത്തില്‍ മുഖ്യമായും ഹിന്ദുക്കള്‍ മാത്രമാണ് സംബന്ധിക്കുന്നതെന്ന വസ്തുത സമ്മതിച്ചുകൊണ്ടുതന്നെ ദീനദയാല്‍ജി അതിന്റെ കാരണവും പറഞ്ഞു. ആദ്യകാലത്ത് ചെടി ചെറുതായിരിക്കുമ്പോള്‍ മൃഗങ്ങള്‍ തിന്നു നശിപ്പിക്കാതിരിക്കാന്‍ വേലികെട്ടും. എന്നാല്‍ അതു വലിയ മരമായാല്‍ വേലിയുടെ ആവശ്യമുണ്ടാകയില്ല. അതേ മൃഗങ്ങളെ കെട്ടിയിടാന്‍ ആ മരം മതിയെന്നദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും കടന്നുവന്ന് തങ്ങളുടെ ആശകളും ആശങ്കകളും ജനസംഘവുമായി പങ്കുവച്ചാല്‍ മാത്രമേ അവയ്ക്കു പരിഹാരം കാണാനാവൂ എന്നും, അതിനായി അവരെ തുറന്ന ഹൃദയത്തോടെ ക്ഷണിക്കുമെന്നും ദീനദയാല്‍ജി പറഞ്ഞിരുന്നു. 1968 ജനുവരി ഒന്നിന് കോഴി ക്കോട്ടെ പൗരപ്രമുഖര്‍ നല്‍കിയ സ്വീകരണത്തില്‍ ഏതാണ്ടിതേ സംശയങ്ങള്‍ ഉന്നയിച്ച ഫാദര്‍ മലേനിയസിനോടും ജനസംഘവുമായി തുറന്നു സഹകരിക്കുമ്പോഴേ ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നും, അവയോട് എന്നും തുറന്ന ഹൃദയത്തോടെ സമീപിക്കുമെന്നും ദീനദയാല്‍ജി പറഞ്ഞിരുന്നു. ശ്രീശങ്കരാചാര്യരുടെ ജീവിതവും, സ്വാതന്ത്ര്യത്തിന്റെ സാഫല്യം എന്ന പുസ്തകവും കൈവശമുള്ളവര്‍ അത് ലഭ്യമാക്കുമെന്നു പ്രതീക്ഷിക്കുന്നു.

comment
  • Tags:

LATEST NEWS


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു


ന്യൂനമർദ്ദം: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.