login
വികസനം: ഇച്ഛാശക്തിയുള്ള നേതൃത്വമാവശ്യം; ഗവേഷണ മേഖലയുടെ ഗുണഫലം കേരളത്തിന്റെ വികസനത്തിന് അനുഗുണമാകുന്നില്ല

ആത്മനിര്‍ഭരം കേരളം; കേരള വികസനത്തെക്കുറിച്ച് ഒരു തുറന്ന സംവാദം -2

ജി. വിജയരാഘവന്‍

കേരളത്തിന്റെ വികസന മാതൃക ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ ഏതൊരു മാതൃകയും കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറേണ്ടി വരും. എന്നാല്‍ അത്തരമൊരു മാറ്റത്തിന് തയാറാകാതെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് നിലനിര്‍ത്തി. ഏതൊരു രാഷ്ട്രീയ ചിന്തയും സാമ്പത്തിക സമീപനവും കാലത്തിനനുസരിച്ച് മാറണം. ആ മാറ്റം വരാതിരിക്കുമ്പോഴാണ് വികസനം മുരടിക്കുന്നത്. ഭൂപരിഷ്‌കരണ രംഗത്ത് സംഭവിച്ചത് ഇതിന് മികച്ച ഉദാഹരണമാണ്. അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയാറാക്കിയ പരിഷ്‌കരണത്തെ വിശുദ്ധ പശുവായി കണ്ട് പിന്നീട് മാറ്റം വരുത്താതെ നിലനിര്‍ത്തി. കേരളത്തില്‍ 15 ഏക്രയില്‍ കൂടുതല്‍ തെങ്ങ് തോട്ടം കൈവശം വെക്കാന്‍ പാടില്ല. അത് സര്‍ക്കാര്‍ പിടിച്ചെടുക്കും. എന്നാല്‍ റബര്‍, തേയില തുടങ്ങിയ തോട്ടവിളകള്‍ക്ക് ഇത് ബാധകമല്ല. റബര്‍ കൃഷി നഷ്ടത്തിലായ ഒരു കര്‍ഷകന് ഇത്തരമൊരു ഭൂമിയില്‍ മറ്റൊരു കൃഷി ചെയ്യാന്‍ സാധ്യമല്ല. സര്‍ക്കാറിന് ഭൂമി തിരിച്ചെടുക്കാം.

കാലത്തിനും പുതിയ ആവശ്യങ്ങള്‍ക്കനുമസരിച്ചും മാറാന്‍ കഴിയണം. സര്‍ക്കാര്‍ മൂലധനം ഉപയോഗിക്കേണ്ടത് മറ്റാരും മൂലധനം ഇറക്കാത്ത മേഖലകളിലായിരിക്കണം. ഹോട്ടലുകളില്ലാത്ത കാലത്ത് കെടിഡിസി ഹോട്ടലുകള്‍ തുടങ്ങിയത് മനസിലാക്കാം. എന്നാല്‍ സ്വകാര്യ മേഖല മത്സരിക്കുന്ന മേഖലയായി ഈ രംഗം മാറിയ സാഹചര്യത്തില്‍ സര്‍ക്കാരെന്തിനാണ് ഹോട്ടല്‍ തുടങ്ങുന്നത്. കാലത്തിനനുസരിച്ച് മാറാതെ പഴയ ഭാരം പേറുന്നതാണ് കേരളത്തിന്റെ ശാപം.  

തൊഴില്‍ നിയമങ്ങളാണ് മറ്റൊന്ന്. നഴ്‌സിംഗ് മേഖലയിലെ വേതന വര്‍ധനവ് പരിശോധിക്കാം. ഒരു കാലത്ത് മിനിമം വേതനം നല്‍കിയിരുന്നില്ല.എന്നാല്‍ ഭീമമായവേതന വര്‍ധന ഉണ്ടായതോടെ സ്വകാര്യ ആശുപത്രികള്‍ പുതുതായി ജോലിക്കെടുക്കുന്നത് പരമാവധി ഒഴിവാക്കി. സംസ്ഥാനത്തിന് പുറത്തും മറ്റു രാജ്യങ്ങളിലും ലഭിച്ചിരുന്ന നഴ്‌സിംഗ് ജോലി സാദ്ധ്യതകള്‍ ഇല്ലാതായി. ഇത് നഴ്‌സിംഗ് മേഖലയെ പ്രതിസന്ധിയിലാക്കി.സര്‍വ്വ മേഖലകളിലെയും അമിതമായ രാഷ്ട്രീയവല്‍ക്കരണമാണ് മൂന്നാമത്തെ പ്രശ്‌നം. തൊഴിലാളി സംഘടനാ നേതാക്കള്‍ മറ്റു സംസ്ഥാനങ്ങളില്‍ സാധാരണയായി ഭരണരംഗത്തേക്ക് വരാറില്ല. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെമറിച്ചാണ്. യുഡിഎഫിലെയും എല്‍ഡിഎഫിലെയും തൊഴിലാളി നേതാക്കള്‍ മന്ത്രിമാരാകാറുണ്ട്. കേരളത്തില്‍ വ്യവസായ സൗഹൃദമല്ലാത്ത അന്തരീക്ഷമുണ്ടാകാന്‍ ഒരു കാരണമാണ്. മഹാരാഷ്ട്രയില്‍ തൊഴിലാളി സംഘടനകള്‍ ശക്തമാണ്. എന്നാല്‍ നേതാക്കള്‍ മന്ത്രിമാരാകാറില്ല. രാഷ്ട്രീയ നേതാക്കള്‍ അധികാരത്തിലെത്തിയാല്‍ കക്ഷിരാഷ്ടീയത്തിനുപരിയായി ചിന്തിക്കാന്‍ കഴിയണം.സംസ്ഥാന സര്‍ക്കാര്‍ വികസന കാര്യത്തില്‍ കേന്ദ്രവുമായി ഒരുമിച്ച് പോകണം. എന്നാല്‍ പലപ്പോഴും ഇതല്ല ഉണ്ടാവുന്നത്. കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഈയിടെ ഉണ്ടായ തര്‍ക്കങ്ങള്‍ നോക്കുക. രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പരസ്പരം പോരടിക്കുന്നത് ശരിയല്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വഷളാകരുത്.കേന്ദ്രം മുതല്‍ ഗ്രാമ പഞ്ചായത്ത് വരെ വികസന കാര്യത്തില്‍ ഒറ്റക്കെട്ടാവണം. അത്തരമൊരു രാഷ്ട്രീയ പക്വത നേതാക്കള്‍ ആര്‍ജിക്കണം.

കാര്‍ഷിക - വ്യവസായ മേഖല

കാര്‍ഷിക മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തണം. പാട്ടകൃഷി നിയമവിരുദ്ധമാണെങ്കിലും ഇന്നത് കേരളത്തില്‍ വ്യാപകമാണ്. 15 എക്രയില്‍ കൂടുതല്‍ ഭൂമി പാടില്ലെന്ന നിബന്ധന നെല്‍വയലിന്റെ കാര്യത്തില്‍ ഒഴിവാക്കണം. കാര്‍ഷിക വിളകളുടെ വിലയ്ക്കനുസരിച്ച് പുതിയ കൃഷി സ്വീകരിക്കാന്‍ കര്‍ഷകന് സ്വാതന്ത്ര്യമുണ്ടാകണം. റബറും മറ്റു തോട്ടവിളകളും നഷ്ടമാകുമ്പോള്‍ പുതിയ കൃഷിയിലേക്ക് മാറാന്‍ കഴിയണം. വ്യവസായ മേഖലയില്‍ കേരളത്തിന് വളര്‍ച്ചയുണ്ടാകണം. എന്നാല്‍ ഇവിടുത്തെ ഭൂപ്രകൃതിക്കനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ഇക്കാര്യത്തിലുണ്ടാകണം. പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങള്‍ക്കേ കേരളത്തില്‍ സാധ്യതയുള്ളൂ. കൂടുതല്‍ തൊഴില്‍ സാധ്യതകള്‍, കുറഞ്ഞ ഊര്‍ജ്ജ ഉപയോഗം എന്നിവയ്ക്കായിരിക്കണം മുന്‍ഗണനകള്‍. 500 ഏക്ര ആവശ്യമായ ഒരു വ്യവസായത്തില്‍ നൂറ് പേര്‍ക്കേ ജോലി സാധ്യതയുള്ളൂവെങ്കില്‍ അത് കേരളത്തിന് യോജിച്ചതല്ല.

വൈറ്റ് കോളര്‍ ജോലിക്കാണ് കേരളത്തിലെ യുവാക്കള്‍ മുന്‍ഗണന നല്‍കുന്നത്. കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ അവരിഷ്ടപ്പെടുന്നില്ല. അപ്പോള്‍ സാധ്യതകള്‍ പരിമിതമാകുന്നു. കുറഞ്ഞ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം ഉണ്ടാകണമെങ്കില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റമുണ്ടായേ മതിയാവൂ.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് കേരളം ഏറെ പിറകിലാണ്. ചെറിയ പരിഷ്‌കരണങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ മാറ്റമുണ്ടാകില്ല. അടിമുടി ഉടച്ചുവാര്‍ത്താലേ പരിവര്‍ത്തനമുണ്ടാകൂ. ഉന്നത വിദ്യാഭ്യാസ രംഗത്തെ അമിത രാഷ്ട്രീയവല്‍ക്കരണം പ്രധാന പ്രശ്‌നമണ്. സര്‍വ്വകലാശാലസിണ്ടിക്കേറ്റുകളിലുള്ള ത് ഏറെയും വിദ്യാഭ്യാസ രംഗവുമായി പുലബന്ധമില്ലാത്തവരാണ്. മറ്റുള്ള വരാകട്ടെ വിദ്യാഭ്യാസരംഗത്തുള്ള രാഷ്ട്രീയക്കാരും.മെരിറ്റ് പരിഗണിച്ച് ഇത്തരം കേന്ദ്രങ്ങളില്‍ നിയോഗമുണ്ടാകുമ്പോള്‍ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥി കേന്ദ്രിതമാകണം. സംഘടിത അധ്യാപക സമൂഹത്തിന്റെയും അനധ്യാപക ജീവനക്കാരുടെയും താത്പര്യങ്ങള്‍ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥിയുടെ താത്പര്യങ്ങള്‍ ബലികഴിക്കപ്പെടുന്നു. പഠിപ്പിക്കാന്‍ കഴിവില്ലാത്ത അധ്യാപകന് ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ട. ഉന്നത വിദ്വാഭ്യാസരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന ആവശ്യം ഇതുവരെ ഒരു വിദ്യാര്‍ത്ഥി സംഘടനയും ഉന്നയിച്ചിട്ടില്ല. അതിനു വേണ്ടി ഇതുവരെ ഒരു സമരവുമുണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം വര്‍ധിപ്പിക്കണമെന്ന ചിന്താഗതി ഇവരിലുണ്ടാകണം. നേരത്തെ ധനികരും ഉദ്യോഗസ്ഥ പ്രമുഖരുമാണ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടി തങ്ങളുടെ മക്കളെ കേരളത്തിന് പുറത്തേക്ക് അയച്ചതെങ്കില്‍ ഇന്ന് രാഷ്ട്രീയ നേതാക്കളും അത് പിന്തുടരുന്നു. സര്‍വ്വകലാശാലകളെ അമിതമായ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മുക്തമാക്കാതെ കേരളത്തിന് രക്ഷപ്പെടാനാവില്ല.

ഗവേഷണ മേഖലയുടെ ഗുണഫലം കേരളത്തിന്റെ വികസനത്തിന് അനുഗുണമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.അച്യുതമേനോന്‍ മുഖ്യമന്ത്രിയായ കാലത്താണ് ഏറെ ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാവുന്നത്. ഇത്തരം ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് എത്ര പേറ്റന്റുകള്‍ ഉണ്ടാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. രാജ്യ താത്പര്യങ്ങളും സ്ഥാപനത്തിന്റെ താത്പര്യങ്ങളുമല്ല സ്ഥാപന മേധാവികളുടെ താത്പര്യമാണ്

സംരക്ഷിക്കപ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ മൂല്യനിര്‍ണ്ണയമുണ്ടാകുന്നില്ല, കേരളത്തിലെ സരവ്വകലാശാലകളില്‍ ഒന്നോ രണ്ടോ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് ഗവേഷണത്തെ ഗൗരവമായെടുത്തത്. പലതും ഗവേഷണ കേന്ദ്രങ്ങളല്ല, ട്യൂട്ടോറിയല്‍ കോളജുകളാണെന്ന് പറയേണ്ടി വരും.

പരമ്പരാഗത വ്യവസായ മേഖല

മുന്‍പ് സൂചിപ്പിച്ചത് പോലെ പരമ്പരാഗത മേഖലയും കാലത്തിനൊത്ത് പരിഷ്‌കരിക്കപ്പെട്ടില്ല. ഇതാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആവശ്യമായ യന്ത്രവല്‍ക്കരണം നടത്താതെ ഈ മേഖലയിലെ പുരോഗതിയെ തടസ്സപ്പെടുത്തി. അതോടെ പലതും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറി. ഗുണ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇത് നമുക്ക് തിരികെയെത്തിക്കാന്‍ കഴിയും. എന്നാല്‍ തൊഴിലാളിക്ക് മാന്യമായ വേതനം നല്‍കാന്‍ കഴിയണം. രാഷ്ട്രീയക്കാരും മുതലാളിമാരുമെല്ലാം ഈ മേഖലയെ ചൂഷണം ചെയ്യുകയായിരുന്നു.പുതിയ തലമുറ ഈ രംഗത്ത് വരാന്‍ മടിച്ചു.ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചാല്‍ കൈത്തറി മേഖലയിലടക്കം നമുക്ക് മുന്നേറാം. വലിയ സാധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. തൊഴിലാളികള്‍ക്ക് ഗുണകരമാവുന്ന തരത്തില്‍ ഇതിനെ പുനര്‍ ക്രമീകരിക്കണം. മൂന്നാര്‍ തേയിലത്തോട്ടത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തുണി ഗുണനിലവാരത്തില്‍ മികച്ചതാണ്. സ്വകാര്യ മേഖലയ്ക്ക് ഏറെ പങ്ക് വഹിക്കാനാവും. ബദല്‍ തൊഴില്‍ സാധ്യതാ ഇടമായി ഇതിനെ മാറ്റാന്‍ കഴിയും പട്ടിക വര്‍ഗ്ഗ മേഖല, കടലോര മേഖല എന്നിവയാണ് ഏറെ അവഗണിക്കപ്പെട്ടത്. പട്ടികവര്‍ഗ്ഗ മേഖലയില്‍ ചില മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ കടലോര മേഖല തീര്‍ത്തും അവഗണിക്കപ്പെട്ടു.ചുരുക്കം ചില ജില്ലകളൊഴിച്ചാല്‍ മറ്റെല്ലായിടത്തും നീണ്ട കടലോരമുണ്ട്. കടലോര മേഖലയിലെ വികസനമെന്നത് അവിടെ കുറേഹോട്ടലുകള്‍ പണിയുക എന്നതല്ല. ആ സമൂഹത്തിലെ പുതിയ തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയണം. യുവാക്കളെ സംരഭകരാകാന്‍ പ്രോത്സാഹിപ്പിക്കണം. മീന്‍ പിടിത്തം ഒരു ഹോബിയാക്കാന്‍ കഴിയണം. അവരുടെ പരമ്പരാഗതശക്തിയെ പുതിയ അവസരങ്ങള്‍ നല്‍കിശാക്തീകരിക്കാന്‍ കഴിയണം.

പട്ടികവര്‍ഗ്ഗ മേഖലയ്ക്കു വനംവകുപ്പില്‍ ഏറെ അവസരം നല്‍കണം. കാട് അവരുടെ ആത്മാവാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും മനോഭാവത്തിലെ മാറ്റമാണ് പ്രധാനം. പുതിയ തലമുറ അധ്വാനിക്കാന്‍ തയാറാവുന്നില്ല. മണല്‍ - റിയല്‍ എസ്റ്റേറ്റ് മാഫിയ വഴി എളുപ്പത്തില്‍ പണമുണ്ടാക്കുന്നവരാണ് ഇവരുടെ മുന്നില്‍ ഉള്ളത്. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനായിരിക്കണം ആദ്യ മുന്‍ഗണന. തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുക എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റി വെച്ച് പാര്‍ട്ടികള്‍ പൊതുവായ വികസനത്തിന് മുന്‍തൂക്കം നല്‍കണം.

കഴിഞ്ഞ 30 വര്‍ഷമായി രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകളിലെ അന്തരം ഏറെ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിത നിലപാടുകള്‍ മാറ്റി വെച്ച് നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി നിലകൊള്ളുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലെടുത്ത നിലപാട് ഇതിന് ഉദാഹരണമാണ്. വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിക്കുന്നത് ഇടത് പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുകയല്ല ചെയ്തതെന്നുമോര്‍ക്കണം. സ്വന്തം പാര്‍ടിയുടെ നിലപാടിന് പകരം പ്രത്യേക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ ബലി കഴിക്കപ്പെടുന്നു. വികസനത്തിനാവശ്യമായ അജണ്ടയാണ് രൂപപ്പെടേണ്ടത്. അതിന് രാഷ്ട്രീയ സമവായം ഉരുത്തിരിയണം. ഭരണത്തിലിരിക്കുന്നവര്‍ക്കാണ് ഇക്കാര്യത്തില്‍ മുന്‍ കൈയെടുക്കാന്‍ കഴിയുക.

വികസനവും പരിസ്ഥിതിയും

പരിസ്ഥിതിരഞ്ജകമായ വികസന സമീപനമാണ് ഉരുത്തിരിയേണ്ടത്. പരിസ്ഥിതി സംരക്ഷിക്കുന്ന സുസ്ഥിര വികസന നയം മാത്രമേ കേരളത്തിന് അനുയോജ്യമാവൂ. മണലെടുക്കുന്നത് നദികള്‍ക്ക് ദോഷമായതിനാല്‍ ഇന്ന് കെട്ടിട നിര്‍മാണത്തിന് പാറപ്പൊടി ഉപയോഗിക്കുന്നു. ഇത് അനിയന്ത്രിതമായ പാറ ഖനനത്തിന് കാരണമാവുന്നു. ഡാമുകളിലെ മണല്‍ ഉപയോഗപ്പെടുത്തുന്നുമില്ല.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ആദിവാസി കള്‍ ഒരിക്കലും വനത്തിന് നാശമുണ്ടാക്കുന്നില്ല. അവര്‍ക്ക് പരാതിയുമില്ല. കാട് കൈയേറി കൃഷിയിടമാക്കിയവരാണ് തങ്ങളുടെ കൃഷി വന്യമൃഗങ്ങള്‍ നശിപ്പിച്ചെന്ന പരാതി ഉയര്‍ത്തുന്നത്. ഇത്തരക്കാരെ സുപ്രഭാതത്തില്‍ കുടിയിറക്കാനുമാവില്ല. എന്നാല്‍ സര്‍ക്കാര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ഇവരെ പുനരധിവസിപ്പിക്കണം. വന സംരക്ഷണത്തിന് ആദിവാസികളെ ഫലപ്രദമായി ഉള്‍പ്പെടുത്താന്‍ കഴിയണം. വികസനത്തിന് ആവശ്യം ഒരു മാസ്റ്റര്‍ പ്ലാനാണ്. ഇന്ന് അതിന്റെ അഭാവമുണ്ട്. എവിടെ വ്യവസായമാകാം, എവിടെ വീട് വെക്കാം എന്ന് ഒരു നിശ്ചയവുമില്ല.  

ഐടി മേഖലയില്‍ കേരളം അതിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയിട്ടില്ല. അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി.കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖല അനുവദിച്ചപ്പോള്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ സ്വകാര്യ മേഖലയെ അകറ്റി നിര്‍ത്തി. അത് കാരണം അവ ഇതര സംസ്ഥാനങ്ങളിലേക്ക് പോയി. നാം സിദ്ധാന്തങ്ങള്‍ മുറുകെപ്പിടിച്ച് അവസരങ്ങള്‍ കളഞ്ഞു കുളിച്ചു. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐടി മേഖലയില്‍ ഏറെയും മലയാളികളാണ്. സര്‍ക്കാരിന്റെ പരിമിതി ഇന്ന് തിരിച്ചറിയുന്നുണ്ട്. കോവിഡ്ഫഫലമായി ഏറെ മലയാളികള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തണം.വ്യവസായ സൗഹൃദമാകണം കേരളം. ബ്യൂറോക്രസി യെ അതനുസരിച്ച് മാറ്റണം. ഇച്ഛാശക്തിയുള്ള രാഷ്ടീയ ഭരണ നേതൃത്വമാണതിനാവശ്യം. അത്തരമൊരു ഇച്ഛാശക്തിയുള്ള നേതൃത്വം സംസ്ഥാനത്തിന്റെ വികസനത്തിന് സമവായമുണ്ടാക്കാന്‍ മുന്‍കൈയെടുക്കണം. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ച മുന്നേറ്റമുണ്ടാവണം. ഇത് മുരടിപ്പിനെ ഒഴിവാക്കി സംസ്ഥാനത്തിന്റെവികസനം സാധ്യമാക്കും.

 

comment
  • Tags:

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.