login
സംവിധായകനും പാട്ടുകാരനും

അകാലത്തില്‍ പൊലിഞ്ഞ സംവിധായകന്‍ സച്ചിയെക്കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയില്‍ പാടിയ കഥകളി സംഗീതജ്ഞന്‍ കോട്ടയ്ക്കല്‍ മധു

കഥകളിസംഗീതത്തിന് ലഭിച്ച നവയുഗ പ്രതിഭാധനനാണ് കോട്ടക്കല്‍ മധു. സ്‌കൂള്‍ പഠനത്തിനൊപ്പം പത്രം വിതരണം ചെയ്ത പുലര്‍കാലം പില്‍ക്കാലത്ത് പാട്ട് സാധകത്തിനായി തിരിഞ്ഞത് അപ്രതീക്ഷിതമായിരുന്നു. കോട്ടയ്ക്കല്‍ പിഎസ്‌വി നാട്യസംഘത്തില്‍ കഥകളി സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ ഉണ്ണികൃഷ്ണകുറുപ്പ്, പരമേശ്വരന്‍ നമ്പൂതിരി, ഗോപാലപിഷാരടി തുടങ്ങിയവര്‍ ഗുരുസ്ഥാനത്ത്. പാലനാട് ദിവാകരന് അരങ്ങില്‍ തിരക്കേറിയപ്പോള്‍ കോട്ടക്കല്‍ മധു ശങ്കിടിയായി തെളിഞ്ഞു.

കാലംപോകെ മധുവിന്റെ സംഗീതം വളര്‍ന്നു. കഥകളി പദ കച്ചേരികള്‍, അരങ്ങിലെ പൊന്നാനി ഭാഗവതര്‍ എന്നിങ്ങനെ മധുവിന് വേദികള്‍ നിറഞ്ഞു. അദ്ദേഹത്തിന്റെ ലളിതമധുരമായ സംഗീതത്തെ ജനം വരവേറ്റു. ലോക് ഡൗണ്‍ കാലത്ത് ലൈവില്‍ മക്കളുമായി ആസ്വാദകരെ തൃപ്തരാക്കി.

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി ഒരു കാലത്ത് അരങ്ങിനെ ഹരം കൊള്ളിച്ച പോലെ മധുവിന്റെ സംഗീതമാണ് ഈ കാലഘട്ടത്തിന്റെ കഥകളി സംഗീതാമൃതം. മധുവിന്റെ സംഗീതത്തെ തിരിച്ചറിഞ്ഞതും, സിനിമാ സംഗീതത്തിലേക്ക് തിരിച്ചതും അയ്യപ്പനേയും കോശിയേയും പ്രതിഷ്ഠിച്ച സച്ചി എന്ന സംവിധായകന്റെ മനസ്സായിരുന്നു. സച്ചി എന്ന സംവിധായനെ മധു പരിചയപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണ്.

ഒരിക്കല്‍ പാലക്കാട് യാത്രയ്ക്കുള്ള ഒരുക്കത്തിനിടയില്‍ ഒരു ഫോണ്‍ കോള്‍. അപരിചിതനായ ആരോ. ''കോട്ടയ്ക്കല്‍ മധുവല്ലേ, ഞാന്‍ വിന്‍സെന്റാണ്. ചലച്ചിത്ര പിന്നണി സംഗീതജ്ഞന്‍ ജാക്‌സണിന്റെ അസിസ്റ്റന്റാണ്. അദ്ദേഹം വിളിക്കും.'' കച്ചേരി കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ച് പിരിയാന്‍ തുടങ്ങവെ ''ഞാന്‍ സച്ചിയാണ് സിനിമാ സംവിധായകന്‍.'' എനിക്ക് ആരെന്ന് മനസിലായില്ല. സച്ചി എന്നയാളുടെ പേര് മനസ്സില്‍ തെളിയാന്‍ തക്ക പരിചയമുണ്ടായില്ല. അദ്ദേഹം പറഞ്ഞു. ''എന്റെ അടുത്ത ചിത്രം അയ്യപ്പനും കോശിയിലും മധു പാടണം. ഒരു പുതിയ ശബ്ദമാണ് ഞാന്‍ തിരയുന്നത്. കഥകളി സംഗീതവഴിയാവാമെന്ന് തോന്നി. യൂറ്റിയൂബില്‍ നിന്നുമാണ് മധുവിന്റെ പാട്ടു കേട്ടത്.''  

സിനിമയില്‍ കഥകളി പദങ്ങള്‍ നിരവധി പാടിയത് മധുവിന്റെ മനസ്സില്‍ വന്നു. വാനപ്രസ്ഥം, ആനന്ദഭൈരവി, കാംബോജി, സ്വപാനം എന്നിവയാണവ. അതല്ലാതെ ഞാന്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം കവിതകള്‍ പാടി. ബിജി പാലായിരുന്നു സംഗീതം. സിനിമാ സംഗീതം തനിക്കാവുമോ? ചിന്തിച്ചിരിക്കവെ വീഡിയോ കോള്‍ വഴി ജാക്‌സണ്‍ പാടിത്തന്നു. പിന്നെ തൃശൂരിലെ ഒരു സ്റ്റുഡിയോവില്‍ വച്ചാണ് വീഡിയോവില്‍ മുഖാമുഖമിരുന്ന് ഞാന്‍ പാടിത്തീര്‍ത്തത്. അപ്പോഴും സച്ചി എന്ന പേരുതന്നെ അപരിചിതമായിരുന്നു. ഞാന്‍ കഥകളി തിരക്കില്‍പ്പെട്ട് ഈ കഥകള്‍ തന്നെ മറന്നു. ഈ ചിത്രത്തിലെ പാട്ടുകള്‍ ബിജു മേനോന്‍, പൃഥ്വിരാജ്, ആദിവാസി സംഗീതവുമായി നഞ്ചിയമ്മ എന്നിവര്‍ പാടിയത് ഒരോന്നായി യൂറ്റിയൂബില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പക്ഷേ ഞാന്‍ പാടിയ പാട്ട് അതിലൊന്നുമില്ല. എന്റെ ചിന്തകള്‍ പല വഴിക്കും പോയി. എന്റെ പാട്ട് ഒഴിവാക്കിക്കാണുമോ?  

തിരുവല്ലയില്‍ വച്ചാണ് അയ്യപ്പനും കോശിയും നാളെയാണ് റിലീസാവുന്നത് എന്നറിയുന്നത്. കഥകളി തുടങ്ങുന്നതിനു മുന്‍പായി രണ്ടും കല്‍പ്പിച്ച് സച്ചിയെ വിളിച്ചു. ''ചിത്രത്തില്‍ എന്റെ പാട്ടുള്‍പ്പെടുത്തിയിട്ടുണ്ടോ? അല്ല, യൂറ്റിയൂബില്‍ അറിയാതറിയാതെന്നു തുടങ്ങുന്ന പാട്ട് മാത്രം കേട്ടില്ല. അതിനാല്‍ വിളിച്ചതാണ്.'' റിലീസ് ദിവസം രാവിലെ ആദ്യ ഷോ കഴിഞ്ഞശേഷം കോട്ടക്കലെ തീയറ്റര്‍ ഉടമയെ വിളിച്ചു. ''അറിയാതതറിയാതെ എന്ന പാട്ടതിലുണ്ടോ?'' എന്നു ചോദിച്ചു. ''അത് മധു പാടിയതാണോ? അത് കേട്ടു.'' പിന്നെ ഞങ്ങള്‍ കുടുംബസമേതം പോയി അയ്യപ്പനുംകോശിയും കണ്ടു. അതില്‍ പാടുന്നവരില്‍ എന്റെ പേരും വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. തന്നെയുമല്ല എന്റെ പാട്ട് മുഴുവനായുണ്ട്. ബാക്കി പല പാട്ടുകളും പലതവണകളായാണ് കേള്‍ക്കുന്നത്.

നേരില്‍ കാണാത്ത, മനസ്സില്‍ നിറയെ പതിഞ്ഞ എന്റെ പാട്ടിനെ ആരാധിക്കുന്ന വേറിട്ട വഴി തുറന്നു തന്ന സച്ചി എന്ന പേര് നിറഞ്ഞുനില്‍പ്പാണ് മനസ്സില്‍. അദ്ദേഹം പിന്നീട് വിളിച്ചു. ''ഞാന്‍ കോഴിക്കോട് പോകുന്ന സമയത്ത് മധുവിന്റെ കോട്ടയ്ക്കലെ വീട്ടില്‍ വരാം. അത് വൈകാതെ തന്നെയാവും'' എന്നു പറഞ്ഞു.

അപ്രതീക്ഷിതമായാണ് അദ്ദേഹം ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കിടപ്പിലാണെന്ന് പത്രം വഴി അറിഞ്ഞത്. ആ ചലച്ചിത്രകാരന്റെ വിയോഗം ഞെട്ടലോടെയാണ് അറിയുന്നത്. വെറും 48 വയസ്. എത്രയോ ഉയരങ്ങളില്‍ എത്തിച്ചേരേണ്ടയാള്‍. അരങ്ങില്‍ നിന്ന് അറിയാതെ അപ്രത്യക്ഷമായപ്പോള്‍ ആകെ ഒരു മരവിപ്പ്. ശൂന്യത നിറഞ്ഞ അവസ്ഥ. അയ്യപ്പനും കോശിയും തമ്മിലെ പക പ്രേക്ഷകരെ കുലുക്കി. ആ ഭാവങ്ങളും അട്ടപ്പാടിയിലെ കാഴ്ചകളും മറക്കാനാവാത്ത അനുഭവം തന്നയാളാണ് മറഞ്ഞത്. നേരില്‍ കണ്ടില്ലെങ്കിലും വീഡിയോ കോളിംഗിലൂടെ അടുത്ത് പരിചയമായി. അങ്ങനെ അടുത്ത സുഹൃത്തിന്റെ വിയോഗം മനസ്സിനെ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു.

 

 

 

comment

LATEST NEWS


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.