login
സര്‍സംഘചാലകിന്റെ ആഹ്വാനവും താക്കീതും

ചൈനയെ സാമ്പത്തികമായും തന്ത്രപരമായും മറികടക്കുക എന്നതാണ് അവരുടെ മോഹങ്ങളെ നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗമെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ്

ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയെന്ന നിലയില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ അറിയാന്‍ സാധാരണക്കാര്‍ മുതല്‍ പണ്ഡിതന്മാരും ചിന്തകന്മാരും വരെ താല്‍പ്പര്യം പുലര്‍ത്തുന്നു. സംഘം സ്ഥാപിതമായ വിജയദശമി ദിനത്തില്‍ വര്‍ഷംതോറും സര്‍സംഘചാലക് നാഗ്പൂരില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്ത് നല്‍കുന്ന സന്ദേശം  ഇതിനുള്ള  അവസരമാണ്. പതിവുപോലെ ഇത്തവണത്തെ തൊണ്ണൂറ്റിയഞ്ചാം വിജയദശമി സന്ദേശത്തിലും സംഘത്തിന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളുമാണ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് മുന്നോട്ടുവച്ചിട്ടുള്ളത്. സാമൂഹ്യജീവിതത്തിന്റെ വിവിധ മേഖലകളില്‍ സംഘത്തിന്റെ സ്വാധീനവും പ്രഭാവവും വര്‍ധിക്കുന്നതിനൊപ്പം സംഘം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വമെന്ന ആശയധാരയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും തല്‍പ്പരകക്ഷികള്‍ നടത്തുന്നുണ്ട്. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം സര്‍സംഘചാലക് തുറന്നു കാണിക്കുന്നു. ഹിന്ദു എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെയോ ജാതിയുടെയോ പേരല്ലെന്നും, ഏതെങ്കിലും പ്രാദേശിക ചിന്താഗതിയെയോ പ്രത്യേക ഭാഷ സംസാരിക്കുന്നവരെയോ സൂചിപ്പിക്കുന്നതല്ല അതെന്നും സര്‍സംഘചാലക് വിശദീകരിക്കുന്നു. ഹിന്ദുത്വം എന്ന വാക്കിനെ അംഗീകരിക്കാന്‍ ഇഷ്ടമില്ലാത്ത ചിലരുണ്ടാകാം. മേല്‍പ്പറഞ്ഞ വിശാലമായ അര്‍ത്ഥം മനസ്സില്‍ വച്ചുകൊണ്ട് മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനോട് സംഘത്തിന് എതിര്‍പ്പില്ലെന്ന സര്‍സംഘചാലകിന്റെ പ്രഖ്യാപനം സുപ്രധാനമാണ്.

രാഷ്ട്രത്തെ ശിഥിലീകരിക്കുന്ന അര്‍ബന്‍ നക്സലുകള്‍ക്കെതിരെ അതിശക്തമായ നടപടികള്‍ ആവശ്യമാണെന്ന് കഴിഞ്ഞ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ പറഞ്ഞ സര്‍സംഘചാലക് രാമജന്മഭൂമി പ്രശ്നപരിഹാരം നീണ്ടുപോകുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ വിഷയങ്ങളില്‍ ശക്തമായ നടപടികളും ഭാവാത്മകമായ തീരുമാനവും ഉണ്ടായി. പരമോന്നത നീതിപീഠത്തിന്റെ വിധിയെത്തുടര്‍ന്ന് അത്യന്തം ശാന്തമായ അന്തരീക്ഷത്തില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ നടന്നതിന്റെ സന്തോഷം സര്‍സംഘചാലക് ഇക്കുറി പങ്കുവച്ചിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ സ്വദേശിവല്‍ക്കരണത്തെക്കുറിച്ചും, അതിന്റെ അടിസ്ഥാനത്തില്‍ കൈവരിക്കേണ്ട സ്വയംപര്യാപ്തതയെക്കുറിച്ചും 'ആത്മനിര്‍ഭര ഭാരതം' എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തി സര്‍സംഘചാലക് വിശദീകരിക്കുന്നു. ദേശീയ പരമാധികാരം, സ്വാശ്രയത്വം എന്നിവ നേടിയെടുത്ത് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപരിയായ അന്തര്‍ദേശീയ സഹകരണമാണ് സ്വദേശി ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തമാക്കുമ്പോള്‍ ഒരുവിധത്തിലുള്ള സങ്കുചിതത്വവും ആ ആശയത്തിനില്ലെന്ന് തെളിയുന്നു. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം പോലുള്ള സ്വകാര്യവല്‍ക്കരണ-ഉദാരവല്‍ക്കരണ നടപടികള്‍ക്ക് നാം നിര്‍ബന്ധിതമാവുമ്പോഴും പാവങ്ങളെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് ദോഷം വരാത്ത വിധത്തിലായിരിക്കണം ഇതു ചെയ്യേണ്ടതെന്ന നിര്‍ദ്ദേശത്തില്‍  യാഥാര്‍ത്ഥ്യബോധം പ്രതിഫലിക്കുന്നുണ്ട്.

ഭാരതം നേരിടുന്ന ആഭ്യന്തരവും രാജ്യാന്തരവുമായ വെല്ലുവിളികളെക്കുറിച്ച് ധീരമായ നിലപാടുകളാണ് സര്‍സംഘചാലക് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതി ഒരു മതത്തിനും എതിരല്ലാതിരുന്നിട്ടും മുസ്ലിം ജനസംഖ്യയെ നിയന്ത്രിക്കുന്നതിനുള്ള ശ്രമമാണെന്ന് അതിനെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തിയതും സര്‍സംഘചാലക് എടുത്തുകാണിക്കുകയുണ്ടായി.  പൗരത്വനിയമ ഭേദഗതിയുടെ മറവില്‍ സംഘടിതമായ അക്രമങ്ങള്‍ക്കും സാമൂഹ്യമായ അസ്വസ്ഥതകള്‍ക്കുമാണ് 'അരാജകത്വത്തിന്റെ വ്യാകരണം' കൈമുതലാക്കിയവര്‍ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, അത് ഇത്തരം ശിഥിലീകരണ ശക്തികള്‍ക്ക് ഇടംലഭിക്കരുതെന്ന മുന്നറിയിപ്പാണ്. അതിര്‍ത്തിയില്‍ ചൈന നടത്തിയ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കൊവിഡ് പ്രതിരോധത്തിനിടയിലും നമുക്ക് കഴിഞ്ഞതായി പറയുന്നത് കേന്ദ്രസര്‍ക്കാരിനുള്ള പ്രശംസയാണ്. അയല്‍രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിച്ചും, അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും ചൈനയെ സാമ്പത്തികമായും  തന്ത്രപരമായും മറികടക്കുകയാണ് ആ രാജ്യത്തിന്റെ  രാക്ഷസീയ മോഹങ്ങളെ നിഷ്പ്രഭമാക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന സര്‍സംഘചാലകിന്റെ വാക്കുകള്‍ ശരിയായ മാര്‍ഗദര്‍ശനമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ശക്തവും സമൃദ്ധവും സമാധാന പൂര്‍ണവുമായ ഭാരതം പടുത്തുയര്‍ത്താനുള്ള ആഹ്വാനവും താക്കീതുമാണ് ഇത്തവണത്തെ വിജയദശമി സന്ദേശം.

 

 

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.