login
നെയ്യാറ്റിന്‍കരയിലെ നരഹത്യകള്‍

നിയമവിരുദ്ധമായി പാടശേഖരങ്ങള്‍ നികത്തി മണിമാളികകള്‍ നിര്‍മിക്കാനും, കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറി ഫഌറ്റുകള്‍ കെട്ടിപ്പൊക്കാനും സമ്പന്നവര്‍ഗങ്ങള്‍ക്ക് സര്‍വവിധ ഒത്താശയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും ചോരയ്ക്കും ജീവനുപോലും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

കേരളത്തിന്റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും ഭരണകൂട ശക്തികള്‍ നടത്തുന്ന അവകാശവാദങ്ങളും തമ്മില്‍ നികത്താനാവാത്ത വിടവുണ്ട്. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത ഒരാള്‍പോലും അവശേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഒരു തുണ്ടു ഭൂമിക്കും, അന്തിയുറങ്ങാന്‍ ഒരു കൂരയ്ക്കും വേണ്ടി നെയ്യാറ്റിന്‍കരയില്‍ രാജന്‍-അമ്പിളി ദമ്പതിമാര്‍ക്ക് സ്വജീവന്‍തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നത്. ഭൂപരിഷ്‌കരണത്തിലൂടെ വിപ്ലവം സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന കേരളത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നും ഭൂരഹിതരാണ്. തല ചായ്ക്കാനിടമില്ലാത്ത ഇവര്‍ എങ്ങനെയൊക്കെയോ ജീവിച്ചുപോവുന്നു എന്നുമാത്രം. ഇവര്‍ ആരൊക്കെയെന്നോ എന്തുകൊണ്ടാണ് ഇവര്‍ക്ക് ഈ ഗതിവരുന്നതെന്നോ മനസ്സിലാക്കാന്‍ ഭരിക്കുന്നവര്‍ക്ക് നേരമില്ല. പ്രബലരായ ജാതി-മത ശക്തികളുടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തി, അവരുടെ ഏതാവശ്യത്തിനും വഴങ്ങിക്കൊടുക്കുന്ന രാഷ്ട്രീയ-ഭരണ സംവിധാനം അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ അവര്‍ക്ക് ചെവികൊടുക്കാനോ തയ്യാറാവുന്നില്ല എന്നാണ് നെയ്യാറ്റിന്‍കരയിലെ ദുരന്തം കാണിക്കുന്നത്. നിയമവിരുദ്ധമായി പാടശേഖരങ്ങള്‍ നികത്തി മണിമാളികകള്‍ നിര്‍മിക്കാനും, കോടികള്‍ വിലമതിക്കുന്ന ഭൂമി കയ്യേറി ഫഌറ്റുകള്‍ കെട്ടിപ്പൊക്കാനും സമ്പന്നവര്‍ഗങ്ങള്‍ക്ക് സര്‍വവിധ ഒത്താശയും ചെയ്യുന്ന ഭരണാധികാരികള്‍ പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും ചോരയ്ക്കും ജീവനുപോലും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല.

കേരളം വളരെയധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്. പക്ഷേ അപ്പോഴും ജനവാസത്തിന് ഭൂമിയില്ലാത്തതിന്റെ പ്രശ്‌നം ഇവിടെയില്ല. ആയിരക്കണക്കിനേക്കര്‍ ഭൂമിയാണ് കാലഹരണപ്പെട്ട കരാറുകളുടെ അടിസ്ഥാനത്തില്‍ വന്‍കിട കമ്പനിക്കാരും എസ്റ്റേറ്റുടമകളും കയ്യടക്കി വച്ചിരിക്കുന്നത്. കോടതികളില്‍ ഇവര്‍ക്കുവേണ്ടി കേസുകള്‍ തോറ്റു കൊടുക്കുന്ന സര്‍ക്കാരുകള്‍ അന്യാധീനപ്പെട്ട ഭൂമി കണ്ടെത്താനും തിരിച്ചുപിടിക്കാനും ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയും ചെയ്യുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി കോടതിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെത്തി വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിച്ച രാജമാണിക്യം അനഭിമതനായി മാറിയത് നാം കണ്ടതാണ്. സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിട്ടുള്ള മിച്ചഭൂമി തന്നെ ആയിരക്കണക്കിനേക്കര്‍ വരും. ഇത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. ഇതിനുള്ള മനസ്സില്ലാതെ തലചായ്ക്കാന്‍ ഇടം തേടുന്നവനെ പുറമ്പോക്കു ഭൂമിയാണെന്നു പറഞ്ഞ് ഇറക്കിവിടുന്ന ക്രൂരതയാണ് നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിക്കപ്പെട്ടത്. സ്വന്തമായി ഭൂമിയും വാസസ്ഥലവും ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമായിരിക്കെ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതു ചെയ്യാതെ നെയ്യാറ്റിന്‍കരയിലേതുപോലെ കൊടിയ ദുരന്തങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് പ്രതിഷേധം ഭയന്നു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നതല്ല ശരിയായ മാര്‍ഗം.

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു ഭരണം അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടുന്നതാണ് ലൈഫ് മിഷന്‍. ഭവനരഹിതര്‍ക്ക് വീടുകള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിക്കുന്നു എന്ന കാര്യം സമര്‍ത്ഥമായി മറച്ചുപിടിക്കുന്നത് സിപിഎമ്മിന്റെ സഹജമായ രാഷ്ട്രീയ സങ്കുചിതത്വം എന്ന് സമാധാനിക്കാം. പക്ഷേ വലിയ അഴിമതിക്ക് മറയാക്കിയിരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് വീടുകള്‍ ലഭിച്ചിട്ടില്ല എന്നതാണ് ദുഃഖസത്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം  ജില്ലയില്‍ മാത്രം 3892 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് പറയുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്‍-അമ്പിളി ദമ്പതിമാര്‍ക്ക് ഇതിലൊന്നുപോലും ലഭിക്കാതിരുന്നത്? പിണറായി സര്‍ക്കാരിന്റെ കടുത്ത രാഷ്ട്രീയ വിവേചനം ഇതിലുണ്ട്. പുറമ്പോക്ക് കയ്യേറി കൂര കെട്ടിയതിനെതിരായ മുന്‍സിഫ് കോടതിയുടെ വിധിയുമായെത്തി ബലംപ്രയോഗിച്ച് ഇറക്കിവിടാന്‍ പോലീസ് ശ്രമിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടെന്നും, അരമണിക്കൂറിനകം ഹാജരാക്കാമെന്നും കേണു പറഞ്ഞിട്ടും പോലീസ് സമ്മതിച്ചില്ല. പോലീസിന്റെ മനുഷ്യത്വ ഹീനമായ ഈ നിലപാടാണ് രാജനെയും അമ്പിളിയെയും മരണത്തിലേക്ക് തള്ളിവിട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ഹീനതകള്‍ ഇടതുഭരണത്തില്‍ പോലീസിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. സമൂഹത്തില്‍ നീതി പുലരണമെങ്കില്‍ ഈ അവസ്ഥ മാറിയേ തീരൂ. നെയ്യാറ്റിന്‍കരയിലെ കാക്കിയിട്ട കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.