ന്യൂദല്‍ഹി: കര്‍ഷക സമരം സംബന്ധിച്ച് ചില സംഘടനകളും യൂണിയനുകളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന കുപ്രചാരണങ്ങള്‍ക്ക് തടയിടാനും കൃത്യമായ മറുപടി നല്‍കാനും ബിജെപി വന്‍ ജനസമ്പര്‍ക്ക പദ്ധതി തയാറാക്കി. എല്ലാ ജില്ലകളിലുമായി 700 പൊതുയോഗങ്ങളും 700 വാര്‍ത്താ സമ്മേളനങ്ങളും നടത്തി പുതിയ നിയമങ്ങളുടെ നിജസ്ഥിതി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ഇതിനു പുറമേ ജനസമ്പര്‍ക്ക പരിപാടികളും നടത്തും.
എന്താണ് പുതിയ നിയമങ്ങള്‍, അതിലുള്ള വ്യവസ്ഥകള്‍ എന്തൊക്കെ, അവ എന്തുകൊണ്ട് കര്‍ഷകര്‍ക്ക് ഗുണകരമാകുന്നു, താങ്ങുവിലയെന്താണ്, കരാര്‍ കൃഷിയെന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം യോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും വിശദീകരിക്കും. നിയമങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ തയാറാക്കി വിതരണം ചെയ്തേക്കുമെന്നും സൂചനയുണ്ട്.
നുണ പ്രചാരണങ്ങളെ ശക്തമായി നേരിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെയും ബിജെപിയുടെയും തീരുമാനം. പ്രചാരണ പദ്ധതികളെപ്പറ്റി പ്രഭാരിമാര്‍ അതത് സംസ്ഥാന ഭാരവാഹികളുമായി ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ നേതാക്കള്‍ പദ്ധതിക്ക് അന്തിമ രൂപം നല്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: