login
തീ ഇല്ലാതെ പുക വരുമോ ?

2020ന്റെ മധ്യത്തില്‍ കത്തിത്തുടങ്ങിയ വിവാദം 2021ലേക്ക് കടക്കുമ്പോള്‍ ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്. അടുത്ത ആഴ്ച കസ്റ്റംസിന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേരള നിയമസഭയുടെ അധ്യക്ഷന്‍ എത്തേണ്ടി വരുമോ? സംശയം ശക്തമാണ്.

വര്‍ഷാവസാനദിവസമാണ് നിയമസഭ കര്‍ഷകസമരത്തിന് പിന്തുണ നല്‍കാന്‍ ചേര്‍ന്നത്. രണ്ടു മണിക്കൂര്‍ നെടുനീളന്‍ ചര്‍ച്ചകള്‍ നടത്തി ഒരു പ്രമേയവും പാസാക്കി. പ്രമേയം ഐകകണ്‌ഠ്യേനയാണോ, ശബ്ദവോട്ടോടെയാണോ എന്ന തര്‍ക്കം തുടരുകയാണ്. സ്പീക്കര്‍ കീഴ്‌വഴക്കം ലംഘിച്ചു എന്ന പരാതിയും നിലനില്‍ക്കുന്നു. അത് വിശദീകരിക്കാന്‍ ഒരു പക്ഷേ സ്പീക്കര്‍ ജനുവരി ഒന്നിന് മുതിരുമായിരുന്നു. അന്നല്ലേ വല്ലാത്തൊരു വാര്‍ത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയാണ് സ്പീക്കറെ വെട്ടിലാക്കിയത്.

സ്വപ്‌നയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ തന്നെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പേരുദോഷം വന്നതാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ചേര്‍ന്ന പേരാണല്ലോ സ്പീക്കറുടേത്. അക്കാര്യത്താല്‍ തന്നെ അപ്രതീക്ഷിത പിന്തുണയും നേടിയതാണ് നമ്മുടെ സ്പീക്കര്‍. ശ്രീരാമകൃഷ്ണന്‍ എന്ന് കേള്‍ക്കുമ്പോള്‍ സത്യവും ധര്‍മ്മവുമൊക്കെയാണ് മുന്നില്‍ തെളിയുക. ഇതിപ്പൊ ആകെ കണ്‍ഫ്യൂഷന്‍. സ്പീക്കര്‍ ഒരു ബാഗ് തങ്ങള്‍ക്ക് കൈമാറിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവികളില്‍ ഒന്നിന്റെ ചുമതല വഹിക്കുന്ന ശ്രീരാമകൃഷ്ണന് കുരുക്കായത്. ഡോളര്‍ കടത്താണ് വിഷയം. ആ മൊഴി നല്‍കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാണ് എന്നതും ബാഗില്‍ അനധികൃതമായി കടത്താന്‍ ഉദ്ദേശിച്ച ഡോളര്‍ ആയിരുന്നു എന്നതും ഗൗരവമേറിയതു തന്നെയാണ്. 2020ന്റെ മധ്യത്തില്‍ കത്തിത്തുടങ്ങിയ വിവാദം 2021ലേക്ക് കടക്കുമ്പോള്‍ ഉന്നതരിലേക്ക് കേസിന്റെ അന്വേഷണം നീളുകയാണ്. അടുത്ത ആഴ്ച കസ്റ്റംസിന് മുന്നില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കേരള നിയമസഭയുടെ അധ്യക്ഷന്‍ എത്തേണ്ടി വരുമോ? സംശയം ശക്തമാണ്.  

കഴിഞ്ഞ വര്‍ഷം ജൂലായില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണമടങ്ങുന്ന ഒരു ബാഗ് പിടിച്ചെടുത്തതാണല്ലൊ കേരളത്തില്‍ കൊറോണയെക്കാള്‍ കോളിളക്കമുണ്ടാക്കിയത്. ആ സംഭവത്തിലെ മുഖ്യകണ്ണി മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരന്‍ ഇപ്പോഴും അഴിക്കുള്ളിലാണ്. അഡീഷണല്‍ സെക്രട്ടറി ഊഴവും കാത്തു നില്‍ക്കുന്നു. സ്വര്‍ണ്ണമടങ്ങിയ ആ ബാഗിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സ്വപ്‌നസുരേഷ് എന്ന മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയിലേക്ക് എത്തുകയും അവര്‍ അറസ്റ്റിലാകുകയും ചെയ്തതോടെ സ്വപ്‌നയോട് ബന്ധമുള്ളവരെയെല്ലാം കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലായിരുന്നു അന്വേഷണ ഏജന്‍സികളും പ്രതിപക്ഷവും മാധ്യമങ്ങളും. ഇതിനിടെ സ്വപ്‌ന കേരള രാഷ്ട്രീയത്തിലെയും ഭരണതലപ്പത്തെയും പല പ്രമുഖരോടൊപ്പം ചടങ്ങുകളില്‍ പങ്കെടുത്ത ദൃശ്യങ്ങളും പുറത്തുവന്നു.

അതിലൊന്ന് സ്വപ്‌നയ്‌ക്കൊപ്പം സ്പീക്കര്‍ വേദി പങ്കിടുന്നതായിരുന്നു.   കാര്‍ വര്‍ക്ക് ഷോപ്പിന്റെ  ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയപ്പോഴുള്ള ദൃശ്യങ്ങളായിരുന്നു അത്. ദൃശ്യങ്ങള്‍ പ്രചരിക്കുകയും പിന്നാലെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തതോടെ സ്പീക്കര്‍ വിശദീകരണവുമായി എത്തി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലാണ് സ്വപ്‌നയെ പരിചയപ്പെട്ടതെന്നും നിര്‍ബന്ധിച്ചതു കൊണ്ടാണ്  ഉദ്ഘാടനത്തിന് പോയതെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.

സ്വപ്‌നയുടെ രഹസ്യമൊഴിയിലെ പേരുകള്‍ കേട്ട് കോടതി ഞെട്ടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും സ്പീക്കര്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ കടുത്തു. അതിലൊരാള്‍ ഭരണഘടനാ പദവി വഹിക്കുന്ന ആളാണ് എന്നും ചില സൂചനകള്‍ പുറത്തുവന്നു. പിന്നാലെ കോടതി കേട്ട് ഞെട്ടിയ പേരുകളിലൊന്ന് സ്പീക്കറുടേതാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ അങ്ങനെയൊക്കെ പറയാമോ എന്നു ചോദിക്കാന്‍ മുഖ്യമന്ത്രി പോലും തയ്യാറായി. എല്ലില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമോ എന്ന് ചോദിച്ച പിണറായിയോട് സാറിന്റ നാവ് എല്ലുള്ളതാണോ എന്നാരും ചോദിക്കുന്നത് കേട്ടില്ല.

ഏതായാലും 2020നെക്കാള്‍ സംഭവബഹുലമാകും 2021 എന്നാണ് തോന്നുന്നത്. പിടിച്ചതിനെക്കാള്‍ വലുത് മാളത്തിലുണ്ടെന്ന വാര്‍ത്തകളുമുണ്ട്. വാര്‍ത്തകളെല്ലാം പുകമറ എന്നാശ്വസിക്കുന്നവരുണ്ട്. തീ ഇല്ലാതെ പുക ഉയരുമോ എന്ന സംശയവും.  

കര്‍ഷക സമരപിന്തുണ പ്രമേയത്തെക്കുറിച്ച് മുന്നേ സൂചിപ്പിച്ചല്ലോ. മദനിയെ മോചിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഭരണ പ്രതിപക്ഷ കൂട്ടായ്മ കണ്ടതാണ് നിയമസഭ. നരേന്ദ്രമോദിയെ വിമര്‍ശിക്കാനും കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാനും ഏത് വായനാറി ശബ്ദമുണ്ടാക്കിയാലും അതിനെ ഒറ്റക്കെട്ടായി പിന്താങ്ങാന്‍ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഉണ്ടാകും. പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ അവര്‍ നിയമസഭയില്‍ ഒന്നിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തിലും സഭ ചേര്‍ന്ന് പ്രമേയം പാസാക്കി. പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ലെന്നെങ്കിലും മനസ്സിലാക്കേണ്ടെ? കൊള്ളരുതാത്ത സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ തുനിഞ്ഞിറങ്ങുന്നവരെ പ്രതിപക്ഷമെന്ന് വിളിക്കാമോ? മാന്യതയും മര്യാദയുമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ക്യാബിനറ്റ് പദവി ഉപേക്ഷിക്കണം.  

പ്രമേയത്തിന് ഒരു ഗൗരവവും ഇല്ലെന്നത് വ്യക്തമായതുകൊണ്ടാണല്ലോ പ്രമേയം കേന്ദ്രസര്‍ക്കാരിന് കൈമാറില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്. പ്രത്യേക സമ്മേളനത്തിന്റെ ആവശ്യമില്ലെന്ന നിലപാട് നേരത്തെ തന്നെ ഗവര്‍ണര്‍ സ്വീകരിച്ചതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും മാറി മാറി രാജ്ഭവനിലെത്തി താണു കേണപേക്ഷിച്ചു. മന്ത്രിസഭ രണ്ടാമതും പ്രത്യേക സഭ ചേരുന്നതിന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ ചേര്‍ന്ന സഭയുടെ പ്രമേയത്തെ ചാപിള്ളയെന്നോ കോവര്‍ കഴുതയെന്നോ വിശേഷിപ്പിക്കേണ്ടിവരും. ലക്ഷങ്ങള്‍ ചെലവാക്കിയാണ് രണ്ടു മണിക്കൂര്‍ സഭ കൂടിയത്. പഞ്ഞ പാട്ട് ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചെലവാക്കിയത് പൊതുസമൂഹത്തിന്റെ പണമാണെന്നതും മറന്നുപോകരുത്.

പുതുവര്‍ഷത്തെ അന്ധകാരത്തിലാക്കാന്‍ കൊണ്ടുപിടിച്ച്  ശ്രമം നടക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ഓര്‍മ്മിപ്പിച്ച് ട്വിറ്ററില്‍ കവിത കുറിച്ചത്. പ്രധാനമന്ത്രിയുടെ കവിത ട്വിറ്ററില്‍ പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍ മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്നു വിശേഷിപ്പിച്ചാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രി എഴുതിയ കവിത ഷെയര്‍ ചെയ്തിരിക്കുന്നത്. ഹിന്ദിയില്‍ 'അഭി തോ സൂരജ് ഉഗാ ഹെ' എന്നാണു കവിതയുടെ പേര്. 'സൂര്യന്‍ ഉദിച്ചു കഴിഞ്ഞിരിക്കുന്നു' എന്ന് അര്‍ഥം. കവിതയുടെ വീഡിയോ ദൃശ്യങ്ങളില്‍ മോദി, സൈനികര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ദൃശ്യങ്ങളാണുള്ളത്.

രാജ്യത്തിന് പുതുവര്‍ഷ ആശംസകള്‍ അറിയിക്കവെ ഈ വര്‍ഷം എല്ലാവര്‍ക്കും ആരോഗ്യവും ആനന്ദവും സമൃദ്ധിയും ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. നഗരപ്രദേശങ്ങളിലെ വികസനം ലക്ഷ്യമിട്ട് 2021 ലെ ആദ്യ ദിവസം തന്നെ ഒരു പദ്ധതിയുടെ ഭാഗമാകുമെന്നു പ്രധാനമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ലൈറ്റ് ഹൗസ് പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ആറു നഗരങ്ങളില്‍ ഭവന നിര്‍മാണ പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. അതാണ് നരേന്ദ്രമോദി.

 

 

 

comment
  • Tags:

LATEST NEWS


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍


കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല


വീണ്ടും പക്ഷിപ്പനി; ആലപ്പുഴ കൈനകരിയില്‍ വൈറസ് സ്ഥിരീകരിച്ചു, പ്രദേശത്ത് കള്ളിങ് നടത്തും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.