login
വികസന പ്രതിസന്ധിയിലായ കേരളം

കേരളത്തില്‍ വന്‍കിടവ്യവസായങ്ങള്‍ താരതമ്യേന കുറവായിരുന്നു. ഉണ്ടായിരുന്നത് സ്തംഭിച്ചിട്ട് പതിറ്റാണ്ടുകളായി.

ഡോ. എം. മോഹന്‍ദാസ്

(കേരള കാര്‍ഷിക സര്‍വ്വകലാശാല (റിട്ട) അസോസിയേറ്റ്  ഡീന്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍)

1965 മുതല്‍ തൊണ്ണൂറുകള്‍ വരെ കേരളം ഭരിച്ചവര്‍ കൊട്ടിഘോഷിച്ച വികസനത്തിന്റെ കേരളമാതൃക സംസ്ഥാനത്തിന്റെ വികസനത്തിന് പിന്നീട് ഭാരമായി മാറുകയാണുണ്ടായത്. വലിയ മൂലധനമുതല്‍മുടക്കില്ലാതെ തന്നെ,വികസിതരാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന തരത്തില്‍ ജനനമരണനിരക്കുകള്‍, ശിശുമരണ നിരക്ക്, സാക്ഷരത തുടങ്ങിയ ജീവിത ഗുണനിലവാര സൂചികകള്‍ കൈവരിയ്ക്കാനായതാണ് കേരള മോഡലെന്ന പേരില്‍ അറിയപ്പെട്ടത്. ഈ നേട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടു കാലത്തെ ശ്രമഫലമായി ഉണ്ടായതാണ്. 19-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ രാജഭരണങ്ങള്‍ വിദ്യാഭ്യാസ ആരോഗ്യമേഖലകള്‍ക്കു നല്‍കിയ മുന്‍ഗണനയും കത്തോലിക്കാ സഭ വിദേശസഹായത്തോടെ അവരുടെ മതപ്രചരണത്തിന്റെ ഭാഗമായി ധാരാളം വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും ഇതിനുകാരണമായിട്ടുണ്ട്.തുടര്‍ന്ന് നായര്‍ സര്‍വ്വീസ് സൊസൈറ്റി, എസ്.എന്‍.ഡി.പി, എം.ഇ.എസ് തുടങ്ങിയ സംഘടനകളും ഏതാണ്ട് മത്സരാധിഷ്ഠിതമായി ഈ മേഖലകളില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും അവരുടേതായ പങ്കുവഹിച്ചിരുന്നു. കേരളത്തില്‍ നിന്ന് ജോലി തേടി പുറം ലോകത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോയവരുടെ പങ്ക് വിസ്മരിക്കാനാവില്ല.

എന്നാല്‍ തുടര്‍ന്നും ഉല്പാദനമേഖലകളെ വികസിപ്പിച്ചു കൊണ്ടുള്ള വികസന തന്ത്രം സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുകയുണ്ടായില്ല. 1970 ഓടെ നടപ്പാക്കിയ ഭൂപരിഷ്‌കരണം വിപ്ലവകരമായ സാമൂഹ്യ പരിഷ്‌കരണമായി വാഴ്ത്തപ്പെട്ടു. 12 ലക്ഷം കുടിയാന്മാര്‍ക്ക് ഉടമാവകാശം നല്‍കാനായെങ്കിലും എഴുപതുകള്‍ മുതല്‍ ഭാരതത്തില്‍ വിജയകരമായി നടപ്പാക്കിയ ഹരിത വിപ്ലവത്തിന്റെ പ്രയോജനമെടുക്കാന്‍ സംസ്ഥാനത്തിന് കഴിയാതിരുന്നത് ട്രാക്ടര്‍ സമരങ്ങളും, തൊഴിലാളി സമരങ്ങളുമൊക്കെയായിരുന്നു. പകരം ഗള്‍ഫില്‍ നിന്നുളള വരുമാനത്തില്‍ മാത്രം കണ്ണുനട്ടുകൊണ്ടുള്ള സമീപനമായിരുന്നു. ഗള്‍ഫില്‍ നിന്നും കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഏകദേശം 25 ലക്ഷം കോടി കേരളത്തിനു ലഭിച്ചെങ്കിലും അത് വികസനത്തിനായി തിരിച്ചുവിടാന്‍ കഴിയാത്തത് വലിയ വീഴ്ചയാണ്. പകരം ഉപഭോഗത്തിനും, ആഡംബര ജീവിതത്തിനുമായി ഈ തുക വിനിയോഗിച്ചതു കാരണം സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് യാതൊരു പ്രയോജനവുമില്ലാതായി. ഇതിന്റെയെല്ലാം ഫലമായി കേരളം നിരവധി വികസന പ്രതിസന്ധികളെ നേരിടുകയാണ്.

ഭക്ഷ്യസുരക്ഷാരംഗത്തെ ഭീഷണി

1972-72 വര്‍ഷത്തില്‍ 8.76 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി 2018- 19 ല്‍ 1.92 ലക്ഷം ഹെക്ടറായും 2019 -20 ല്‍ 1.86 ലക്ഷം ഹെക്ടറുമായി ചുരുങ്ങി. ഇതിന്റെ ഫലമായി എഴുപതുകളുടെ ആദ്യപാദത്തില്‍ 13.5 ലക്ഷം  ടണ്‍ അരി ഉല്പാദിപ്പിച്ചിരുന്നത് 2019 -20 ല്‍ വെറും 5 ലക്ഷം ടണ്ണായി കുറഞ്ഞു. ഐ.സി.എം. ആറിന്റെ പോഷകാഹാര നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 55 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അതിന്റെ പത്തിലൊന്നുപോലും ഉല്പാദിപ്പിക്കാന്‍ കഴിയാത്തത് ഭക്ഷ്യ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ്. അതേസമയം നെല്‍കൃഷിയ്ക്കനുയോജ്യമായ ഒന്നരലക്ഷത്തിലധികം സ്ഥലം തരിശുഭൂമിയായി കിടക്കുന്നുണ്ട്താനും. ഭക്ഷ്യധാന്യങ്ങളോടൊപ്പം മറ്റു ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ ഉല്പാദനം വളരെ കുറവാണ്. പച്ചക്കറികളുടെ 65 ശതമാനവും പഴങ്ങളുടെ 75 ശതമാനവും, ഇറച്ചിമുട്ട തുടങ്ങിയവയുടെ 75 ശതമാനത്തിലധികവും പാലിന്റെ 10 മുതല്‍ 25 ശതമാനവും (സീസണ്‍ അനുസരിച്ച്) മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. ഇവയ്‌ക്കെല്ലാമായി ഏകദേശം 50,000 മുതല്‍ 60,000 കോടി സംസ്ഥാനത്തിന് വര്‍ഷം തോറും നഷ്ടമാകന്നുണ്ട്. മൊത്തകൃഷി ഭൂമിയുടെ 7.4 ശതമാനം സ്ഥലത്തു മാത്രമാണ് നെല്‍കൃഷി ചെയ്യുന്നത്. മരച്ചീനി കൃഷി 2 ശതമാനം സ്ഥലത്തുമാത്രമാണുള്ളത്, പരിപ്പ്, കടല, ചെറുപയര്‍ തുടങ്ങി നിരവധി ഉല്പനങ്ങളുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തിന്റെ ഉല്പാദനം

വ്യവസായികത്തകര്‍ച്ച

കേരളത്തില്‍ വന്‍കിടവ്യവസായങ്ങള്‍ താരതമ്യേന കുറവായിരുന്നു. ഉണ്ടായിരുന്നത് സ്തംഭിച്ചിട്ട് പതിറ്റാണ്ടുകളായി. പുതിയ വന്‍കിട വ്യവസായങ്ങളൊന്നും രണ്ടു പതിറ്റാണ്ടുകളായി തുടങ്ങിയിട്ടുമില്ല. അതേ സമയം കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍ മേഖലയിലും വളരെ പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കശുവണ്ടി, കരകൗശല മേഖല, കളിമണ്‍ വ്യവസായങ്ങള്‍, ബീഡി വ്യവസായം തുടങ്ങിയവ. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പരമ്പരാഗതവ്യവസായങ്ങളെകുറിച്ചുള്ള 1993 ലെ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ മേഖലയില്‍ 12.52 ലക്ഷം പേര്‍ തൊഴിലെടുത്തിരുന്നു. കയര്‍ മേഖലയില്‍ 4 ലക്ഷം, കശുവണ്ടി മേഖലയില്‍ 1.5 ലക്ഷം, കൈത്തറിയില്‍ 1.04 ലക്ഷം, കരകൗശല-ബീഡിവ്യവസായങ്ങളില്‍ 3.88 ലക്ഷം, ഖാദി ഗ്രാമീണ വ്യവസായങ്ങളില്‍ 2.10 ലക്ഷം പേരുമാണ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ജോലി ചെയ്തിരുന്നത്. എഴുപതുകളില്‍ ഇത് 15 ലക്ഷത്തിലധികവും അറുപതുകളില്‍ ഏതാണ്ട് 17-18 ലക്ഷവും ഈ മേഖലകളില്‍ തൊഴില്‍ ചെയ്തിരുന്നതായി അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. ഇപ്പോള്‍ ഈ മേഖലകളിലെമൊത്തം തൊഴില്‍ 3 ലക്ഷത്തില്‍ താഴെയാണ് . കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തതും സാങ്കേതികമായ പരിഷ്‌കാരങ്ങള്‍ സ്വീകരിക്കാത്തതും അതോടൊപ്പം തൊഴിലാളികളെ മുന്‍നിര്‍ത്തി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളുമാണ് ഈ ദുസ്ഥിതിയ്ക്ക് കാരണമായത്.

ഭീമമായ വിഭവചോര്‍ച്ച

2017 ലെ റിസര്‍വ്വ് ബാങ്ക് കണക്കനുസരിച്ച് 95000 കോടിരൂപയാണ് പ്രവാസികളില്‍ നിന്നും സംസ്ഥാനത്തെത്തിയത്. 2019-20 ല്‍ ഇത് 1,10,000 കോടിയായി ഉയര്‍ന്നിരുന്നു. ഹവാല-കുഴല്‍പ്പണ ചാനലുകളിലൂടെ മറ്റൊരു 8000-10,000 കൂടി ഒഴുകി എത്തുന്നതായാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികം തുക ഒരു വര്‍ഷത്തില്‍ സംസ്ഥാനത്തിനു നഷ്ടമാകുന്നത് ചര്‍ച്ച ചെയ്യപ്പെടുന്നില്ല. .കാര്‍ഷിക ഉല്പന്നങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്കൊഴുകുന്നത് 50000 മുതല്‍ 60000 കോടി രൂപയാണ്. കഴിഞ്ഞ 4 വര്‍ഷമായി കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നത് ശരാശരി 10.5ലക്ഷം വാഹനങ്ങളാണ്. ഉദാഹരണത്തിന് 2018 ല്‍ 10.48 ലക്ഷം വാഹനങ്ങള്‍ വിറ്റതില്‍, 2.20 ലക്ഷം കാറുകളും, 6 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളും, 90,000 ത്തിലധികം മീഡിയം ടൈപ്പ് വാഹനങ്ങളായ ടെമ്പോട്രാവലര്‍, പിക്ക് അപ്പ് വാനുകള്‍, ട്രിപ്പറുകള്‍ , വാനുകള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതിനുപുറമെ സ്‌കൂള്‍ ബസ്സുകള്‍ , ലക്ഷ്വറി ബസ്സുകള്‍, ബസ്സുകള്‍, ട്രക്കുകള്‍ തുടങ്ങിയവയും വലിയ തോതില്‍ വിറ്റിരുന്നു. ഏറ്റവും ചുരുങ്ങിയ വിലകണക്കാക്കിയാല്‍ മാത്രം 40,000 കോടി മുതല്‍ 45,000 കോടി രൂപ സംസ്ഥാനത്തിന് പുറത്തേയ്‌ക്കൊഴുകുന്നുണ്ട്. ഗാര്‍ഹിക ഉപകരണങ്ങള്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് (മൈബൈല്‍ അടക്കം) എന്നിവയ്ക്കായി 20000 മുതല്‍ 30,000 കോടിയും, ഫാസ്റ്റ് മൂവിങ്ങ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ക്കായി 20000 മുതല്‍ 25000 കോടിയും (2018-19 ല്‍ ദേശീയവിറ്റുവരവ് 2.4 ലക്ഷം കോടിയായിരുന്നു) നിര്‍മ്മാണ മേഖലയ്ക്കു വേണ്ട സിമന്റ് , കമ്പി, ടൈലുകള്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് ഇലക്ട്രിക്- സാനിറ്ററിഫിറ്റിങ്ങുകള്‍, ജനറേറ്ററുകള്‍, ലിഫ്ടുകള്‍ എന്നിവയ്ക്കായി 30,000 മുതല്‍ 40,000 കോടി രൂപയും സ്വര്‍ണ്ണം,വെള്ളി, സ്റ്റീല്‍- അലൂമിനിയം പാത്രങ്ങള്‍, അലോപ്പതി മരുന്നുകള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, ടയറുകള്‍, ബ്രാന്റെഡ് ബാറ്ററികള്‍, ന്യൂസ്പ്രിന്റ് തുടങ്ങിയവയ്ക്ക് മറ്റൊരു 35000-40000 കോടിയും പുറത്തേയ്‌ക്കൊഴുകുന്നുണ്ട്. ഇവയെല്ലാം ചേര്‍ന്നാല്‍ ഒരു വര്‍ഷം 1,95,000 കോടി മുതല്‍ 2,40,000 കോടിവരെയുള്ള തുക കേരളത്തിനു നഷ്ടപ്പെടുന്നതായികാണാം.

ഇതിനുപറമെ 30 ലക്ഷത്തോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ 2019-20 കാലത്ത് 30,000 മുതല്‍ 35,000 കോടി രൂപ സ്വദേശത്തേക്ക് അയച്ചതായും കണക്കുകള്‍ കാണിക്കുന്നു. ഇതു

കൂടി ചേര്‍ന്നാല്‍ 2019-20 ല്‍ സംസ്ഥാനത്തിനു നഷ്ടപ്പെട്ടത് രണ്ടേകാല്‍ ലക്ഷം കോടിയ്ക്കും രണ്ടേ മുക്കാല്‍ ലക്ഷം കോടിയ്ക്കും ഇടക്കുള്ള വിഭവങ്ങളാണ്. ഉപഭോക്തൃ സംസ്ഥാനമെന്നഹങ്കരിക്കുന്ന സംസ്ഥാനം ഈ ഭീമമായ വിഭവ ചോര്‍ച്ചയെക്കുറിച്ച് നിസ്സംഗരാണ്. ഇതില്‍ നാലിലൊന്നു വിഭവങ്ങളെങ്കിലും സംസ്ഥാനത്തുള്ള ഉല്പാദകര്‍ക്ക് ലഭിച്ചാല്‍ കേരളം ഏറ്റവും വികസിത സംസ്ഥാനമായി മാറുമെന്നുറപ്പാണ്. ദൗര്‍ഭാഗ്യവശാല്‍ ഉല്പാദന മേഖലകളുടെ വികസനത്തിന് യാതൊരു പ്രോത്സാഹനവും നല്‍കുന്നില്ല എന്നതിലുപരിയായി ഇവിടുത്തെ രാഷ്ട്രീയ തൊഴില്‍ സംസ്‌കാരം അതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. മാത്രവുമല്ല കടക്കെണിയിലും കുടുങ്ങിയിരിക്കുകയാണ്. 2018-19 ല്‍ സംസ്ഥാനത്തന്റെ പൊതുകടം 2,37,216 കോടി രൂപയായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പു വര്‍ഷം ഇത് 3 ലക്ഷം കോടി പിന്നിടും. അതായത് പ്രതിശീര്‍ഷകടം 85,000 ത്തിലധികമാകും. കിഫ്ബിയുടെ കടം  കൂടി ചേര്‍ന്നാല്‍ ഇത് 90,000 കടക്കും. ഇപ്പോള്‍ പൊതുകടം സംസ്ഥാന ജിഡിപിയുടെ 35 ശതമാനത്തിലധികമായി .കിഫ് ബി യുടെ കടം കൂടി ചേര്‍ന്നാല്‍ ഇത് 40 ശതമാനത്തിലധികമാകും.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ വിശദവിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥലപരിമിതിമൂലം സാധിക്കില്ല. കഴിഞ്ഞ 4 വര്‍ഷമായി പദ്ധതി ചെലവുകള്‍ 25 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയായിരുന്നു. 2012-13 നും 2018-19 നും ഇടയ്ക്ക് 2015-16 ല്‍ മാത്രമാണ്സംസ്ഥാന ബജറ്റ് ചെലവില്‍ മൂലധന ചെലവ് 10 ശതമാനത്തിലധികം (11.02) കൈവരിയ്ക്കാന്‍ കഴിഞ്ഞത്. ഇതു പോലെ വളരെ കുറഞ്ഞ മൂലധനചെലവ് സംസ്ഥാനത്തിന്റെ ഭാവി വികസനത്തെ തടസ്സപ്പെടുത്തുകയാണ്.

ഭരണ ധൂര്‍ത്തും കെടുകാര്യസ്ഥതയും

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും കൂടുതല്‍ വിഭവസമാഹരണത്തിന് കാര്യമായ ശ്രമമൊന്നും നടത്തുന്നില്ല. മാത്രവുമല്ല ഭരണരംഗത്ത് അലക്ഷ്യമായ ധൂര്‍ത്തും പാഴ്‌ചെലവും വലിയ തോതില്‍ സൃഷ്ടിക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും നിലവിലില്ലാത്ത വിധം മുഖ്യമന്ത്രിക്ക് അരഡസന്‍ ഉയര്‍ന്ന ശമ്പളം പറ്റുന്ന ഉപദേശകരാണുള്ളത്. കേന്ദ്ര മന്ത്രിമാര്‍ക്ക് 11 വീതം പേഴ്‌സണല്‍ സ്റ്റാഫ് മാത്രമുള്ളപ്പോള്‍ ഈ ദരിദ്ര സംസ്ഥാനത്ത് 20 മന്ത്രിമാര്‍ക്ക് ശരാശരി 24 പേര്‍ വീതമുണ്ട്. ഭരണപരിഷ്‌ക്കാരകമ്മിഷനുവേണ്ടിയും  നിരവധി കോടികള്‍ ചെലവാക്കി കഴിഞ്ഞു. കേരളത്തിന്റെ 7 മടങ്ങോളം ജനസംഖ്യയുള്ള യു.പിയില്‍ 6 പേര്‍ മാത്രമാണ് പി.എസ്.സി. മെമ്പര്‍മാരായുള്ളത്. കേന്ദ്ര യു.പി.എസ്.സിയില്‍ 11 മെമ്പര്‍മാരാണുള്ളത്. കേരളത്തില്‍ 2005 മുതല്‍ 18 മെമ്പര്‍മാരാണുള്ളത്. എന്നിട്ടും നിയമനങ്ങള്‍ നടത്താതെ, പാര്‍ട്ടിക്കാരെ താല്‍ക്കാലിക ജീവനക്കാരായി നിയമിച്ച് പിന്‍വാതിലിലൂടെ സ്ഥിരം നിയമനം നടത്തുകയാണ് പി.എസ്.സി സംസ്ഥാനത്ത് എംഎല്‍എ, എംപി തദ്ദേസശ്വയംഭരണസ്ഥാപനങ്ങളിലെ ചുമതലക്കാര്‍ എന്നീ വിധത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഓരോ സേവനത്തിനും പ്രത്യേകം പെന്‍ഷന്‍ നല്‍കുന്ന അനാരോഗ്യകീഴ്വഴക്കവും ചര്‍ച്ചാവിഷയമാകേണ്ടതാണ്. ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്തുകൊണ്ട് നടപ്പാക്കുന്നില്ല?

വിവിധ തൊഴില്‍ മേഖലകളിലെ ക്ഷേമനിധിബോര്‍ഡുകള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വന്‍ ശമ്പളം നല്‍കാനുള്ള വേദികളാണ്. സംസ്ഥാനത്തെ 98 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 56 എണ്ണവും നഷ്ടത്തിലായിരുന്നു. 2018 മാര്‍ച്ചില്‍ കെ.എസ്.ആര്‍.ടി.സിക്ക് 9904 കോടി രൂപയും, വൈദ്യുതി ബോര്‍ഡിന് 4791 കോടി രൂപയും, വാട്ടര്‍ അതോറിറ്റിയ്ക്ക് 4223 കോടി രൂപയുടേയും സഞ്ചിത നഷ്ടമുണ്ടായിരുന്നു. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ മാത്രം 10 സ്ഥാപനങ്ങളും . ഇവയെ യുക്തിസഹമായി സംയോജിപ്പിമ്പ് ഇരുപതോ ഇരുപത്തഞ്ചോ സ്ഥാപനങ്ങളാക്കിയാല്‍ ഭരണചെലവ് 75 ശതമാനം കുറയ്ക്കാനാകും., ഇവയെല്ലാം സ്വന്തക്കാരുടെ അഭയ കേന്ദ്രങ്ങളായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാറിന് അമിത ബാദ്ധ്യതയുണ്ടാക്കുന്ന മറ്റൊരു മേഖലയാണ് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ .സംസ്ഥാന സര്‍ക്കാറിന്റെ മൊത്തം ശമ്പളത്തിന്റെയും പെന്‍ഷന്റെയും ചെലവിന്റെ ഏകദേശം 35 ശതമാനവും കൈപ്പറ്റുന്നത് സ്വകാര്യ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മൊത്തം റവന്യുവരുമാനത്തിന്റെ മുന്നില്‍ രണ്ടു ഭാഗവും ശമ്പളം പെന്‍ഷന്‍ ,പലിശ എന്നിവയ്ക്കാണ് ചെലവക്കുന്നത്. 2017-18ല്‍ 1,38,574 പേരാണ് എയിഡഡ് മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ശമ്പളം വാങ്ങിയിരിക്കുന്നത്. ഫീസ് ഏകീകരണത്തിന്റെ ഭാഗമായി 1972-73 കാലത്തു സ്വകാര്യ കോളേജദ്ധ്യാപകര്‍ക്കുംനേരിട്ടു ശമ്പളം നല്‍കാന്‍ ആരംഭിച്ചു. 2017-18 കാലത്ത് എയിഡഡ് മേഖലയ്ക്കു ശമ്പളവും പെന്‍ഷനുമായി ഖജനാവില്‍ നിന്ന് 17500 കോടി ചെലവായത് 2020-21 ല്‍ 24000 കോടിയായി ഉയരും. കഴിഞ്ഞ വര്‍ഷം സ്വകാര്യ എയിഡഡ് മേഖലയ്ക്ക് (80 ശതമാനവും ന്യൂനപക്ഷ സ്ഥാപങ്ങള്‍) 80,000 കോടിയിലധികമാണ് ഈ ഇനത്തില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 47 വര്‍ഷത്തെ കണക്കെടുത്താല്‍ രണ്ടരലക്ഷം കോടിയലിധികം ഈ ആവശ്യത്തിന് ചെലവാക്കിയിട്ടുണ്ട്. ഇത് ഇവിടുത്തെവികസന പ്രവര്‍ത്തനത്തിന് ചെലവഴിക്കേണ്ട വിഭവമായിരുന്നു .അതിന്റെ കോട്ടം സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.

വികസനത്തിന്റെ വിരോധാഭാസങ്ങള്‍

കേരളത്തിലെ കാര്‍ഷികമേഖല 2018-19 സംസ്ഥാന ജിഡിപിയുടെ 9.2 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. കാര്‍ഷിക മേഖലയിലും വ്യവസായിക ഉല്പാദന മേഖലയും ചേര്‍ന്ന് ഉല്പാദന മേഖലകളുടെ മൊത്തം സംഭാവന എസ്.ഡിപിയുടെ 22 ശതമാനം മാത്രമാണ്. അതേ സമയം ഒരു ലക്ഷം കോടിയിലധികം പ്രവാസികളുടെ സംഭാവന ഉള്ളതുകൊണ്ട് 2018-19 വര്‍ഷത്തില്‍ കേരളത്തിന്റെപ്രതിശീര്‍ഷവരുമാനം 1,48,078 രൂപയായിരുന്നു. ദേശീയ ശരാശരി 93655 രൂപയായിരുന്നു . ഉല്പാദനമേഖലകള്‍സ്തംഭനാവസ്ഥയിലായിട്ടും പ്രവാസികളുടെ പണക്കൊഴുപ്പില്‍ എസ്.ഡി.പിയില്‍ 10 ാം സ്ഥാനത്തും പ്രതിശീര്‍ഷവരുമാനത്തില്‍ 6-ാം സ്ഥാനത്തുമായിരുന്നു .ചുരുക്കത്തില്‍ ഉയര്‍ന്ന പ്രതിശീര്‍ഷവരുമാനം സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ മറച്ചുവെക്കുകയാണ്.

മറ്റൊരു വിരോധാഭാസം കുറഞ്ഞ ആഭ്യന്തര ഉല്പാദനവും വളരെ ഉയര്‍ന്ന ഉപഭോഗവുമാണ്. 2.8 ശതമാനം ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വീട്ടുപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ തുടങ്ങിയവയുടെ വില്പനയുടെ തോത് 7 മുതല്‍ 10 ശതമാനം വരെയാണ്.  കഴിഞ്ഞ 3 വര്‍ഷമായി, ഓരോ വര്‍ഷവും രണ്ടരലക്ഷത്തിലധികം കാറുകളാണ് കേരളത്തില്‍ വില്പന നടത്തുന്നതും. 2018-19 ല്‍ ദേശീയതലത്തില്‍ വിറ്റ കാറുകളുടെ 7.49 ശതമാനം കേരളത്തിലായിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2 1/4  മുതല്‍ 2 3/4 ലക്ഷം കോടി രൂപ ഒരു വര്‍ഷം കേരളത്തിന് പുറത്തേയ്‌ക്കൊഴുകുകയാണ്.

ഉയര്‍ന്ന ജീവിത ദൈര്‍ഘ്യത്തോടൊപ്പം ഉയര്‍ന്ന രോഗാതുരത്വവും കേരളത്തിന്റെ പ്രത്യേകതയാണ്. 2019-20ല്‍ കേരളത്തിലെ ശരാശരി ജീവിതദൈര്‍ഘ്യം 74.9 വര്‍ഷമാണ് .അഖിലേന്ത്യാ ശരാശരി 69.5 വര്‍ഷമായിരുന്നു. നാഷനല്‍ ന്യൂട്രീഷ്യന്‍ മോണിറ്ററിംഗ് ബ്യൂറോ 2015-16 ല്‍ നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദ്ദവും പ്രമേഹരോഗവ്യാപനവും കേരളത്തിലാണെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ 31.4 ശതമാനം സ്ത്രീകളും 38.6 ശതമാനം പുരുഷന്മാരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനടിമകളാണെന്നും 33 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്നും പ്രസ്തുതപഠനം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഇത് 50 ശതമാനമായി ഉയര്‍ന്നിരിക്കാനിടയുണ്ട്. അലോപ്പതി മരുന്നുകളുടേയും ആന്റീബയോട്ടിക്കുകളുടേയും 11 ശതമാനത്തിലധികം കേരളത്തില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് ഈ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്.

അതു പോലെ ആരോഗ്യരംഗത്തെ വ്യാപാരവല്‍ക്കരിച്ചത് സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ അപ്രാപ്യമാക്കുകയാണ്. ലോകാരോഗ്യസംഘടനനിര്‍ദ്ദേശിച്ച സിസേറിയന്‍ പ്രസവങ്ങളുടെ ഉയര്‍ന്ന തോത് 15 ശതമാനമാണെങ്കെിലും കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് മാനെജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലെ കണക്കുകളനുസരിച്ച് 2018 ല്‍ കേരളത്തല്‍ 40.7 ശതമാനം പ്രസവങ്ങളും സിസ്സേറിയന്‍ മുഖേനയാണ് നടത്തുന്ന്. ഇതും വികസന വൈകല്യത്തന്റെ ഉത്തമ ദൃഷ്ടാന്തമാണ്.

ഉയര്‍ന്ന വിദ്യാഭ്യാസത്തോടൊപ്പം കുറ്റകൃത്യങ്ങളും ആത്മഹത്യയും പെരുകുന്ന വിരോധാഭാസത്തിനും കേരളം സാക്ഷിയാണ്. കേന്ദ്ര ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ 2017-18 ലെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നു മാത്രമല്ല, മറ്റ സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലുമാണ്. കേരളത്തില്‍ ലക്ഷം പേര്‍ക്കിടയില്‍ 455 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, മറ്റെല്ലാം സംസ്ഥാനങ്ങളിലും ഇത് 325 ല്‍ താഴെയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങളും, കേരളത്തില്‍ കൂടുതലായിരുന്നു .മറ്റൊരു സൂചിക മൊത്തം .ഐ പി സി എസ് എല്‍എല്‍. കുറ്റകൃത്യങ്ങളുടെ ..രീഴിശമെയഹല ൃമലേ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന 1463 ആയിരുന്നു (2016) . അതേസമയം ദേശീയശരാശി 379.30 മാത്രമായിരുന്നു. ഇത് കേരളത്തിന്റെ വികസനത്തിന്റെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്നതോടൊപ്പം ഉയര്‍ന്ന ആത്മഹത്യാനിരക്കു കേരളത്തിന്റെ പ്രത്യേകതയാണ്. 2017 ല്‍ 7870 പേര്‍ ആത്മഹത്യചെയ്‌പ്പോള്‍ 2018 ല്‍ 8237 ആയി ഉയരുകയാണുണ്ടായത്. ഇത് റോഡപകടത്തില്‍ മരിച്ചവരുടെ (4303) ഇരട്ടിയായിരുന്നു. ഉയരുന്ന ആത്മഹത്യാ നിരക്ക് സാമൂഹ്യസാമ്പത്തിക സുരക്ഷിതത്വത്തിന്റെ അഭാവത്തോടൊപ്പം മാനസികാരോഗ്യത്തിന്റെ കുറവു കൂടിയാണ് വ്യക്തമാക്കുന്നത്.

ഉയര്‍ന്ന തൊഴിലില്ലായ്മ

ഉയര്‍ന്ന സാക്ഷരതയും, ഉയര്‍ന്ന വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാമൂഹ്യ പ്രശനം ഉയര്‍ന്ന തൊഴിലില്ലായ്മയാണ്. 45 ലക്ഷം മലയാളികള്‍ വിദേശരാജ്യങ്ങളിലും ഏതാണ് 25 ലക്ഷത്തോളം മറ്റ് സംസ്ഥാനങ്ങളിലും ജോലി തേടിപ്പോയതിനു ശേഷമുള്ള സ്ഥിതിയാണിത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ 5-ാം ദേശീയ തൊഴിലില്ലായ്മ സര്‍വ്വെ അനുസരിച്ച് കേരളത്തിലെ തൊഴില്‍ സേനയുടെ (18 വയസ്സിനു 60 വയസ്സിനും ഇടയ്ക്കുള്ളവര്‍)12.5 ശതമാനം പേര്‍ തൊഴില്‍ രഹിതരായിരുന്നു. ത്രിപുരയും, സിക്കിമും മാത്രമാണ് കേരളത്തേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങള്‍. അതേ സമയം നാഷനല്‍ സാമ്പിള്‍ സര്‍വ്വെ അനുസരിച്ച് കേരളത്തിലെ തൊഴിലില്ലായ്മ 9.4 ശതമാനമായിരുന്നു.

സംസ്ഥാന തൊഴില്‍വകുപ്പിന്റെ കണക്കുകളനുസരിച്ച് 2019 മാര്‍ച്ച് അവസാനം കേരളത്തില്‍ 36.26 ലക്ഷം തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നു. ഇതില്‍ 23 ലക്ഷം പേരും വനിതകളായിരുന്നു. തൊഴില്‍ രഹിതരായ സ്‌കൂളില്‍ 10.08 ശതമാനവും പുരുഷന്മാരുടെ 7.50 ശതമാനവും ബിരുദധാരികളായിരുന്നു.സ്ത്രീകളിലെ 3.62 ശതമാനവും പുരുഷന്മാരിലെ 1.47 ശതമാനവും ബിരുദാനന്തരബിരുദധാരികളുമായിരുന്നു. 44559 എഞ്ചിനീയറിംഗ്ബിരുദധാരികളും 7303 എം.ബി.ബിഎസ്സുകാരും 12006 ബിഎസ്സി നഴ്‌സിംങ് ബിരുദധാരികളും 6413 എം.ബി.എക്കാരും 3771 എം.സി.എക്കാരും 78410 ഐടിസി കഴിഞ്ഞ വരും തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ  രൂക്ഷമായ തൊഴിലില്ലായ്മ വ്യക്തമാക്കുന്നുണ്ട്.

അതേസമയം 2019 അവസനം 30 ലക്ഷത്തിലധികം ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങളിലെതൊഴിലാളികള്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തിയിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കാര്‍ഷിക മേഖലയിലും അസംഘടിതമേഖലയും തൊഴില്‍ ചെയ്യാനുള്ള അപകര്‍ഷതാ ബോധവും,വിദ്യാഭ്യാസത്തിലൂടെ പുതിയ സ്‌കില്‍ വികസന സാധിക്കാത്തതും വ്യവസായവല്‍ക്കരണത്തിന്റെയും വികസനത്തിന്റെയും അപര്യാപ്തയുമാണ് ഇത്തരമൊരു ദുര്യോഗത്തിനു കാരണമായിട്ടുള്ളത്.ചുരുക്കത്തില്‍ കേരളം നിരവധി വികസന പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവയില്‍ പലതും ഘടനാപരവും നയപരവും ഭരണപരവുമായ കാരണങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. വ്യക്തമായ വികസന വീക്ഷണത്തിന്റെ അഭാവവും, അമിതമായ രാഷ്ട്രീയ അതിപ്രസരവും ഗള്‍ഫ് പണത്തിനെ അമിതമായി ആശ്രയിച്ചതുമെല്ലാം കേരളത്തിന്റെ വികസനത്തിന് പ്രതിബന്ധമായി. അവ ദുരീകരിച്ച് ദീര്‍ഘവീക്ഷണത്തോടെ വികസനം നടപ്പാക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണമാണ് കേരളത്തിനനിവാര്യമായിട്ടുള്ളത്. വരും തിരഞ്ഞെടുപ്പുകളില്‍ അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയാല്‍ അത് ശുഭോദര്‍ക്കമാകും.

 

 

comment
  • Tags:

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.