login
വീണ്ടും ചലിക്കുന്ന ചലച്ചിത്രം

വെറും രണ്ടര മാസമാണ് 2020ല്‍ മലയാള സിനിമ വ്യവസായം പ്രവര്‍ത്തിച്ചത്. ലോക് ഡൗണ്‍ വന്നതോടെ അത് നിശ്ചലമായി. അതുവരെ പുറത്തിറങ്ങിയ 40 സിനിമകളും പിന്നെ ടെലിവിഷനിലും ഓടിടി പ്രദര്‍ശന പ്ലാറ്റ്‌ഫോമിലുമായി വന്ന 6 സിനിമകളുമടക്കം 46 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്

കെ.ജെ. സിജു

 

മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല ലോകസിനിമയ്ക്കു തന്നെ ദുരന്ത പൂര്‍ണ്ണമായൊരു വര്‍ഷമായിരുന്നു 2020. കോവിഡ് മഹാമാരി ഏറ്റവും ബാധിച്ച മേഖലകളില്‍, ഇനിയും പഴയ അവസ്ഥയിലെത്താത്തതും ഉടനെയൊന്നും എത്താന്‍ ഇടയില്ലാത്തതും സിനിമയായിരിക്കും. കാരണം സിനിമ ആള്‍ക്കൂട്ടങ്ങളുടെതാണ്.

വെറും രണ്ടര മാസമാണ് 2020ല്‍ മലയാള സിനിമ വ്യവസായം പ്രവര്‍ത്തിച്ചത്. ലോക് ഡൗണ്‍ വന്നതോടെ അത് നിശ്ചലമായി. അതുവരെ പുറത്തിറങ്ങിയ 40 സിനിമകളും പിന്നെ ടെലിവിഷനിലും ഓടിടി പ്രദര്‍ശന പ്ലാറ്റ്‌ഫോമിലുമായി വന്ന 6 സിനിമകളുമടക്കം 46 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയത്.

പുറത്തിറങ്ങിയ സിനിമകളില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടതും വിജയമായതും. മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയാണ് ആദ്യ ഹിറ്റ്. പിന്നീട് വന്ന അയ്യപ്പനും കോശിയും കലയിലും കച്ചവടത്തിലും  ഒരേ പോലെ ഉയര്‍ന്നു നിന്നു. സംവിധായകന്‍ സച്ചിയുടെ  താരോദയവുമായി ഈ സിനിമ. വന്നതും പോയതുമറിയാത്ത ഭൂരിപക്ഷം സിനിമകളും മലയാള സിനിമയ്‌ക്കോ വ്യവസായത്തിനോ സിനിമാ പ്രവര്‍ത്തര്‍ക്കോ എന്തെങ്കിലും ഗുണമുണ്ടാക്കിയെന്ന് കരുതാനാവില്ല. സിദ്ധിക്കിന്റെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറും അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം ഷൈലോക്കും പ്രേക്ഷക ശ്രദ്ധയോ മികച്ച അഭിപ്രായമോ നേടിയില്ല.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത, ശോഭന- സുരേഷ് ഗോപി സിനിമ വരനെ ആവശ്യമുണ്ട്, ഫഹദ് -അന്‍വര്‍ റഷീദ് സിനിമ ട്രാന്‍സ്, ടൊവീനോ- അഖില്‍ പോള്‍ സിനിമ ഫോറന്‍സിക് എന്നിവ നിര്‍മ്മാണ വേളയില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും നല്ല സിനിമകളായി മാറിയില്ല. മുഹമ്മദ് മുസ്തഫയുടെ കപ്പേള പ്രേക്ഷകാഭിപ്രായം നേടി വരുന്നതിനിടെ ലോക് ഡൗണിന്റെ ഇരയായി മാറുകയും ചെയ്തു.

ലോകത്ത് മിക്കയിടത്തും സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുകയുണ്ടായില്ല. വെബ് സീരിസുകള്‍ കൂടുതലായി രംഗപ്രവേശം ചെയ്ത കാലം കൂടിയാണിത്. ഓണ്‍ലൈന്‍ റിലീസിലൂടെ വന്ന ലോക സിനിമകളില്‍ പലതും നിലവാരമില്ലാത്ത അപ്രസക്ത സിനിമകള്‍ ആയിരുന്നു താനും. ഇവയില്‍ പലതും  കണ്ടു കഴിഞ്ഞപ്പോള്‍ സമയ നഷ്ടത്തില്‍ ഖേദിക്കേണ്ടി വന്നു എന്നതാണ് സത്യം. പല മികച്ച പ്രൊജക്റ്റുകളും അന്തരീക്ഷം അനുകൂലമാവാന്‍ കാത്തിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാര്‍, വണ്‍, മാലിക്  എന്നിവ പോലെ ചിലത് മലയാളത്തിലും.

ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട സ്വതന്ത്ര സിനിമകളായ വെയില്‍ മരങ്ങള്‍ (ഡോ. ബിജു),  കോട്ടയം ( ബിനു ഭാസ്‌കര്‍ ) കലാമണ്ഡലം ഹൈദരാലി (കിരണ്‍ ജി നാഥ് ), സൈലന്‍സര്‍ (പ്രിയനന്ദന്‍) എന്നിവയും തിയേറ്റര്‍ പ്രദര്‍ശനത്തിനെത്തി.  ചലച്ചിത്രോത്സവത്തില്‍ സിനിമകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍, തിയേറ്ററില്‍ അവയെ കയ്യൊഴിയുന്ന മലയാള സിനിമയിലെ പതിവ് രീതിക്ക് മാറ്റമൊന്നുമുണ്ടായില്ല.

 

 ചലച്ചിത്രോത്സവങ്ങള്‍  നിലച്ച കാലം

ലോകത്തെ ചലച്ചിത്രോത്സവങ്ങള്‍ എല്ലാം തന്നെ നിലയ്ക്കുകയോ ഓണ്‍ലൈന്‍ ആവുകയോ ചെയ്ത കാലം. എങ്കിലും കുറേ മലയാള സിനിമകള്‍ വിദേശ ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കുകയും പുരസ്‌കാരം നേടുകയും ചെയ്തു എന്നതും കോവിഡ് കാലത്തെ സന്തോഷങ്ങളായി. മോസ്‌കോ, മാഡ്രിഡ്, ബോസ്റ്റണ്‍ എന്നീ ഫെസ്റ്റിവലുകളില്‍ ബിരിയാണിയും (സജിന്‍ ബാബു), സിന്‍സിനാറ്റി, മോണ്‍ട്രിയോള്‍, ന്യൂയോര്‍ക്ക് ഫെസ്റ്റിവലുകളില്‍ റണ്‍ കല്യാണിയും (ഗീത ജെ), സിന്‍സിനാറ്റി, ന്യൂയോര്‍ക്ക് ഫെസ്റ്റിവലുകളില്‍ മൂത്തോനും (ഗീതു മോഹന്‍ ദാസ് ),  

ടൂലോന്‍സ് ഫ്രാന്‍സ്, ചോങ്ക്വിങ് ചൈന ഫെസ്റ്റിവലുകളില്‍ വെയില്‍ മരങ്ങളും (ഡോ.ബിജു), സിന്‍സിനാറ്റിയില്‍ കള്ളനോട്ടവും (രാഹുല്‍ റിജി നായര്‍ )  ഈ വര്‍ഷം അവാര്‍ഡുകള്‍ നേടി.  ഇടം (ജയ ജോസ് രാജ്), കയറ്റം ( സനല്‍കുമാര്‍ ശശിധരന്‍ ), 1956 മധ്യ തിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ)  എന്നിവയും  ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു. കനി കുസൃതി, വിദേശ ഫെസ്റ്റിവലുകളില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതും 2020 ന്റെ സന്തോഷമാണ്. ജെല്ലിക്കട്ട് ഓസ്‌കാറിനുള്ള ഇന്ത്യന്‍ നാമനിര്‍ദേശവും നേടി.

കൊവിഡിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനമായത് പുതിയ നിര്‍മ്മാണ രീതികളും തിയേറ്ററിനു പുറത്തുള്ള പ്രദര്‍ശന വിപണന വഴികളും കണ്ടെത്താന്‍ മലയാള സിനിമ നിര്‍ബന്ധിതമായി എന്നാണ്. വ്യവസ്ഥാപിത രീതികള്‍ക്ക് പുറത്തേക്ക് നോക്കാന്‍ എന്നും വിമുഖമാണ് മലയാള ചലച്ചിത്ര മേഖല. അതിനു തയ്യാറാവുന്നവരെ വിലക്കുകളും ബഹിഷ്‌കരണവും നിരോധനങ്ങളും കൊണ്ട് കൂച്ചുവിലങ്ങിടുക എന്നതാണ് സിനിമാ വ്യവസായ താപ്പാനകളുടെ എന്നത്തേയും ശൈലി. കോവിഡ് ഒരു പരിധി വരെയെങ്കിലും അതിന് മാറ്റം വരുത്തുകയും, ഒടിടി പ്ലാറ്റ്‌ഫോമില്‍ ചേക്കേറിയെത്തിയ ലോകത്തു നടക്കുന്ന മാറ്റങ്ങളിലേക്ക് നോക്കാന്‍ അവരെ നിര്‍ബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. നിലനില്‍പ്പാണല്ലോ താപ്പാനകളുടേയും പ്രധാന പ്രശ്‌നം.

 

  ഒടിടി പ്ലാറ്റ്‌ഫോമില്‍  ചേക്കേറിയ സിനിമ

ഒടിടി പ്രദര്‍ശനത്തിന് മലയാള വാണിജ്യസിനിമ തയ്യാറാവേണ്ടി വന്ന വര്‍ഷമാണിത്. സൂഫിയും സുജാതയും (നരണിപ്പുഴ ഷാനവാസ്), സീ യൂ സൂണ്‍ (മഹേഷ് നാരായണന്‍ ), ഹലാല്‍ ലൗ സ്റ്റോറി (സക്കറിയ) എന്നിവ ഓണ്‍ ലൈന്‍ റിലീസ് ചെയ്യുകയും, അഭൂതപൂര്‍വ്വമായ പ്രേക്ഷക/ നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. ഇവ വാണിജ്യവിജയവും നേടിയെന്ന് ന്യായമായും കരുതാം. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്‌സ് (ജിയോ ബേബി ) ടെലിവിഷന്‍ റിലീസിലൂടെ പുതിയ വിപണന സാദ്ധ്യത കണ്ടെത്തി. ഇവയൊക്കെയും, മാറ്റങ്ങളെ ഇനിയും എതിര്‍ക്കുന്ന പലരുടേയും എതിര്‍പ്പുകളെ അതിജീവിച്ചാണ്  സാധ്യമാക്കിയത് എന്നാണ് അറിയുന്നത്.

മഹേഷ് നാരായണന്റെ 'സീ യൂ സൂണ്‍'  ലോക് ഡൗണ്‍ കാലത്തെ വ്യത്യസ്തമായ പരീക്ഷണമാണ്. കാലഘട്ടത്തിന്റെ പരിമിതികളെ മനസ്സിലാക്കിയും അവ ഉപയോഗപ്പെടുത്തിയും നിര്‍മ്മിച്ച സിനിമ, മലയാളത്തില്‍ ഇത്തരത്തിലെ ആദ്യ ശ്രമമാണ്. തീര്‍ച്ചയായും നിരാശാഭരിതമായ ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും അത് നല്‍കുകയുണ്ടായി. കോവിഡ് കഴിഞ്ഞാലും, കാലം നിര്‍ബന്ധിതമാക്കുന്ന പരിമിതികളെ ഭാവനാസമ്പന്നമായ ആശയങ്ങളും നിര്‍മ്മാണ രീതികളും കൊണ്ട് മറികടക്കാന്‍ മലയാള സിനിമയില്‍ മൗലികമായ ശ്രമങ്ങള്‍ കൂടുതല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. ലോക് ഡൗണ്‍ കാലഘട്ടം അടയാളപ്പെടുത്തുന്ന വിഷയങ്ങളും സംവിധായകരെ പ്രചോദിപ്പിച്ചേക്കാം.

പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ പൂര്‍ണ്ണമായി നിലച്ച കാലമായിരുന്നു ഇത്. കേരളത്തിന്റെ അഭിമാനമായ കഎഎഗ മാറ്റിവയ്ക്കപ്പെട്ടു. ഫിലിം സൊസൈറ്റികളുടെ പ്രദര്‍ശനങ്ങളും നടന്നില്ല. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റുകള്‍ നടത്തിയാണ് ആ ശൂന്യത നികത്തിയത്. അവ സജീവമായ പ്രേക്ഷക പങ്കാളിത്തം നേടുകയും ചെയ്തു.

ഡോക്യുമെന്ററി നോണ്‍ ഫീച്ചര്‍ രംഗത്ത് മലയാള സിനിമ പൊതുവെ പിന്നോട്ടാണ്. ചില ശ്രദ്ധേയ സിനിമകള്‍ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും. യാത്രകള്‍ ചെയ്യാനും, ആളുകളുമായി ഇടപഴകാനുള്ള തടസ്സങ്ങള്‍ ഡോക്യുമെന്ററി സിനിമയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഉണ്ടായ സിനിമകള്‍ തന്നെ മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചതുമാണ്. രാമദാസ് കടവല്ലൂരിന്റെ മണ്ണ്, ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാ സ്വപ്നം പോലെ, ജോണ്‍സണ്‍ എസ്തപ്പാന്റെ നാരായം എന്നിവ ഈ വര്‍ഷം ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി/നോണ്‍ ഫീച്ചര്‍ സിനിമകള്‍ ആണ്.

 

 പുതിയ കാലം പുത്തന്‍  അഭിരുചികള്‍

വിദേശങ്ങളിലെപ്പോലെ കാറിലിരുന്ന് കാണാവുന്ന ഓപ്പണ്‍ എയര്‍ തിയേറ്റര്‍ പരീക്ഷണവും കേരളത്തില്‍ ഈ വര്‍ഷം നടന്നു. പ്രേക്ഷകരുടെ അഭിരുചികളില്‍ വന്ന മാറ്റങ്ങളിലൊന്ന് തിയേറ്റര്‍ സ്‌ക്രീനുകളെ വിട്ട് മൊബൈല്‍, കംപ്യൂട്ടര്‍, ടെലിവിഷന്‍ സ്‌ക്രീനുകളെ അവര്‍ പരിചയപ്പെട്ടു എന്നതും അതിനോട് ഇഴുകിച്ചേര്‍ന്നു എന്നതുമാണ്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സൈറ്റുകളിലും പൈറേറ്റഡ് കോപ്പികളിലുമായി ഏറ്റവും കൂടുതല്‍ പേര്‍ സിനിമ കണ്ട വര്‍ഷം കൂടിയാവും 2020. സിനിമ ഇല്ലെങ്കിലും പ്രേക്ഷകര്‍ സിനിമ കാണല്‍ മുടക്കിയിട്ടില്ലെന്ന് പറയാം. ടെലിഗ്രാം പോലെ സിനിമകള്‍ ലഭ്യമാവുന്ന ആപ്പുകളില്‍ ഈ വര്‍ഷം പുതിയതായി ചേര്‍ന്നവര്‍ നിരവധിയാണ്. മാറിയ അഭിരുചികളുള്ള, സിനിമാ ലിങ്കുകള്‍ മാത്രം ചോദിക്കുന്ന പ്രേക്ഷകരെ വീണ്ടും തിയേറ്ററിലെത്തിക്കുക എന്നതാണ് ആഗോളതലത്തില്‍ ചലച്ചിത്ര ലോകം നേരിടുന്ന വെല്ലുവിളികളില്‍ ഒന്ന്. പ്രത്യേകിച്ച്,  സാമ്പത്തികത്തകര്‍ച്ചയും തൊഴില്‍ നഷ്ടവും ചെലവ് ചുരുക്കലും  ടിക്കറ്റ് നിരക്ക് വര്‍ദ്ധനയുമെല്ലാം സംഭവിക്കുന്ന കോവിഡാനന്തര കാലത്ത്. അതേ സമയം,  മലയാളസിനിമകള്‍ക്കും ആഗോളതലത്തില്‍ പ്രദര്‍ശനവും വിപണനവും  സാദ്ധ്യമാക്കുന്ന അവസരങ്ങളുടെ കാലം കൂടിയാണിനി.

 

 

 

  comment

  LATEST NEWS


  വിജയ യാത്രയുടെ വഴിയേ...


  വികസനം മുഖ്യ അജണ്ട


  മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


  ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


  തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


  ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


  കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


  ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.