login
തൃശൂരിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ അത്യപൂര്‍വ്വ ദൃശ്യവിരുന്ന്

. അവാര്‍ഡ് വിതരണ വേദികളിലെ അത്യപൂര്‍വ്വ ദൃശ്യവിരുന്നായി ജന്മഭൂമി ലെജന്റ്‌സ് ഓഫ് കേരള പുരസ്‌കാരനിശ തൃശൂരിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ നിമിഷമായിരുന്നു അത്.

 

കര്‍ക്കടകപ്പെയ്ത്തിന്റെ രൗദ്രതാളത്തിലും വടക്കുന്നാഥന്റെ തെക്കേഗോപുരനടയില്‍ ആടിത്തിമിര്‍ത്തത് മലയാള ചലച്ചിത്രനഭസ്സിലെ താരക്കുടമാറ്റമായിരുന്നു. പൂരം തൃശൂരുകാര്‍ക്ക് ഹരമാണെന്ന് പറയേണ്ടതില്ല. പൂരാവേശം എന്നൊന്ന് അവര്‍ക്ക് മാത്രമുള്ളതാണ്. ഈയൊരു പൂരാവേശത്തിനാണ് പവിത്രമായ വടക്കുന്നാഥന്റെ മണ്ണ് സാക്ഷ്യംവഹിച്ചത്. കോരിച്ചൊരിയുന്ന മഴയെ വെല്ലുവിളിച്ച് പടൂകൂറ്റന്‍ സ്റ്റേജിനകത്തും പുറത്തെ മൈതാനത്തും സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. ജാതി, മത, രാഷ്ട്രീയഭേദമൊന്നുമില്ലാതെ ആരാധകര്‍ കനത്ത മഴയില്‍ കുടചൂടി കാത്തിരുന്നു, മലയാളത്തിന്റെ മഹാനടന്മാര്‍ ഒന്നിച്ചെത്തുന്ന ആ നിമിഷത്തിനായി. അവാര്‍ഡ് വിതരണ വേദികളിലെ അത്യപൂര്‍വ്വ ദൃശ്യവിരുന്നായി ജന്മഭൂമി ലെജന്റ്‌സ് ഓഫ് കേരള പുരസ്‌കാരനിശ തൃശൂരിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ  നിമിഷമായിരുന്നു അത്.  

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും പ്രഗത്ഭ സംവിധായകനായ കെ. എസ് സേതുമാധവനെ ആദരിക്കാന്‍ താരവിസ്മയങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയത് തെക്കേഗോപുര നടയിലെ കുടമാറ്റ വേളയില്‍ ഉയരുന്ന ആരവത്തിനു സമാനമായശബ്ദഘോഷത്തിന്റെ അകമ്പടി യോടെയായിരുന്നു. ഒപ്പം മലയാളത്തിന്റെ മഹാസാത്വികനായ മഹാകവി അക്കിത്തവും. സംവിധായകരിലെ കുലപതിയുടെ കാല്‍തൊട്ടു വന്ദിച്ച മഹാനടന്മാര്‍ അല്‍പനേരം കെ. എസ് സേതുമാധവന്റെ പഴയ അനുസരണയുള്ള നടന്മാരായി. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച അവിടുത്തെപ്പോലെ ഇവിടെയും സംവിധാനം ചെയ്തത് സേതുമാധവനായിരുന്നു. മമ്മൂട്ടി ആദ്യമായി ക്യാമറക്കു മുന്നില്‍ എത്തിയതാകട്ടെ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയുമാണ്. ഇരുവരും ചേര്‍ന്ന് സേതുമാധവനെപൊന്നാടയണിയിച്ച് ആദരിച്ചതിനു പിന്നാലെ മറ്റൊരപൂര്‍വ്വതക്കുകൂടി പുരസ്‌കാരവേദി സാക്ഷ്യം വഹിച്ചു. ആര്‍പ്പുവിളികളോടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഒരുമിച്ച് വേദിയിലെത്തിയത് വേറിട്ട കാഴ്ചയായി. സൂപ്പര്‍ സസ്‌പെന്‍സ് ഒരുക്കിയ ആരാധകര്‍ താരരാജാക്കന്മാരെ പടുകൂറ്റന്‍ ഹാരത്തിനുള്ളിലാക്കിയതോടെ സദസ്സ് ഹര്‍ഷാരവത്തോടെ ഇളകിമറിഞ്ഞു. മലയാളത്തിന്റെ രണ്ടു മഹാനടന്മാര്‍ ഒന്നിച്ച് ഒരു ഹാരത്തിനുള്ളില്‍ നില്‍ക്കുന്ന സുന്ദരമായ കാഴ്ചയാണ് പുരസ്‌കാര സമര്‍പ്പണ വേദിയിലെത്തിയ ജനാവലിക്കു മുന്നില്‍ അനാവൃതമായത്. മഹാകവിത്രയത്തിനു ശേഷം മലയാളം കണ്ട മഹാകവി അക്കിത്തത്തെയും അദ്ദേഹത്തെ ആദരിക്കുന്ന വേദിയില്‍ വന്നു നില്‍ക്കാന്‍ തന്നെ പ്രാപ്തനാക്കിയ പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവനെയും ആദരിക്കാന്‍ കഴിഞ്ഞത് ജന്മഭൂമി നല്‍കിയ ഭാഗ്യമാണെന്ന് നടന്‍ മമ്മൂട്ടി പറയുകയുണ്ടായി. സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ട റോളില്‍ മുഖം കാണിച്ചുകൊണ്ടായിരുന്നു തന്റെ അഭിനയജീവിതം തുടങ്ങിയതെന്ന മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍ വന്‍ കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. എല്ലാ അര്‍ത്ഥത്തിലും സമഗ്രസംഭാവനക്കുള്ള പുരസ്‌കാരത്തിന് സേതുമാധവന്‍ അര്‍ഹനാണെന്ന് അടിവരയിട്ടു പറയുന്നതായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.  

 

മികച്ച നടനുള്ള ലെജന്റ്‌സ് ഓഫ് കേരള പുരസ്‌കാരം മമ്മൂട്ടിയുടെ കയ്യില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ സ്വീകരിച്ചു. ജന്മഭൂമിയുടെ ഈ പുരസ്‌കാരം രണ്ടാം തവണയാണ് മോഹന്‍ലാലിന് ലഭിക്കുന്നത്. മലയാള ഭാഷയുടെയും സിനിമയുടെയും കുലപതികളായ അക്കിത്തവും സേതുമാധവനും ആദരിക്കപ്പെട്ട വടക്കുന്നാഥന്റെ മണ്ണില്‍ വെച്ച് കലയെയും സംസ്‌കൃതിയെയും പ്രോത്സാഹിപ്പിക്കാന്‍ വലിയ യത്‌നങ്ങള്‍ നടത്തുന്ന ജന്മഭൂമിയുടെ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യം മോഹന്‍ലാല്‍ മറച്ചുവെച്ചില്ല.

നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രചാരകന്മാരെ അനുസ്മരിച്ചുകൊണ്ടായിരുന്നു നടന്‍ മമ്മൂട്ടിയില്‍ നിന്ന് ലെജന്റ്‌സ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മഹാകവി അക്കിത്തത്തിന്റെ അമൃതവചനങ്ങള്‍. ഒരു ദശാബ്ദമായി ഒന്നും എഴുതാതിരിക്കുകയും എല്ലാവരും മറക്കേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്ത സാഹചര്യത്തില്‍, തന്നെ ഓര്‍ത്തെടുത്ത് പുരസ്‌കരിച്ച ജന്മഭൂമി നാവ് നഷ്ടപ്പെട്ട സമൂഹത്തിന്റെ നാവാണെന്ന് അദ്ദേഹം പറഞ്ഞു. അത് ഈ പത്രം വിഭാവനം ചെയ്യുന്ന ഗുരുത്വത്തിന്റെയും സംസ്‌കാരത്തിന്റെയും ലക്ഷണമാണെന്നും മഹാകവി ഓര്‍മ്മിപ്പിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ  പ്രതിബദ്ധത  

 

   സിനിമാ വ്യവസായത്തിന്റെ സമഗ്രവളര്‍ച്ചക്ക് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവാര്‍ഡ് നിശയുടെ ഉദ്ഘാടന സഭയില്‍ സംസാരിച്ച കേന്ദ്ര പ്രവാസികാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന്റെ വാക്കുകള്‍. വിദേശത്ത് സിനിമ നിര്‍മ്മിക്കുന്നവര്‍ക്കായി ഉദാരമായ വിസാ നടപടികള്‍ക്കും അതിനായി വിസാ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ 58 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മോസ്റ്റ് ഫിലിം ഫ്രണ്ട്‌ലി അവാര്‍ഡ് നേടിയെടുക്കാന്‍ കേരളം ശ്രമിക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന വാക്കുകളായി. മലയാളിയുടെ ജീവിതവും സംസ്‌കാരവുമായ സിനിമയുടെ വളര്‍ച്ചക്ക് കേന്ദ്രത്തിന്റെ നയങ്ങള്‍ കരുത്തേകുമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ കേന്ദ്രമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.

വേദിയിലെ വലിയ സ്‌ക്രീനില്‍ ജന്മഭൂമിയുടെ പിറവിയും വളര്‍ച്ചയും പ്രതിപാദിക്കുന്ന ഹ്രസ്വചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ തിരിതെളിയിച്ച ഉദ്ഘാടന സമ്മേളനത്തിലാണ് മഹാപ്രതിഭാ പുരസ്‌കാരം മഹാകവി അക്കിത്തത്തിന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി സമ്മാനിച്ചത്. തുടര്‍ന്നായിരുന്നു കണ്ണിനും കാതിനും ആനന്ദം പകര്‍ന്ന താരവിരുന്ന്. പ്രശസ്ത കവി എസ്. രമേശന്‍ നായര്‍ രചിച്ച 'ഇത് ജന്മഭൂമി, യുഗ ധര്‍മ്മഭൂമി, മലയാളത്തറവാടിന്‍ അക്ഷരമുറ്റത്തെ പുലര്‍കാല വെള്ളരിപ്രാവേ' എന്നു തുടങ്ങുന്ന ജന്മഭൂമി ശീര്‍ഷക ഗാനത്തിന് നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയും സംഘവും നൃത്താവിഷ്‌കാരം നല്‍കി. പിന്നാലെ വടക്കുന്നാഥന് പ്രണാമമര്‍പ്പിച്ച് യുവഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ വേദിയിലെത്തി. പിന്നീട് സമഗ്ര സംഭാവനക്കുള്ള  അവാര്‍ഡ് മുതിര്‍ന്ന സംവിധായകന്‍ കെ.എസ്. സേതുമാധവന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചു.

തൃശൂരിന്റെ സ്വന്തം മന്ത്രിയായ വി. എസ് സുനില്‍കുമാറിന്റെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു ഈ ചടങ്ങ്. മഹാകവി അക്കിത്തം സംസാരിക്കുന്നതിനിടെ ഹര്‍ഷാരവം മുഴക്കിക്കൊണ്ടിരുന്ന യുവാക്കളെ അടക്കിയിരുത്താന്‍ ഒടുവില്‍ മന്ത്രിക്ക് ഇടപെടേണ്ടി വന്നു. ആദരണീയനായ മഹാകവിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ അവസരമൊരുക്കണമെന്ന മന്ത്രിയുടെ അല്പം ഗൗരവത്തോടെയുള്ള നിര്‍ദേശം ഫലം കണ്ടു. സദസ്സ് നിശ്ചലമായി.... മഹാകവി അമൃതവചനങ്ങള്‍ തുടര്‍ന്നു. അതു പൂര്‍ത്തിയാകുന്നതു വരെ ക്ഷമയോടെ തൃശൂരിന്റെ ജനപ്രതിനിധി കാത്തുനില്‍ക്കുകയും ചെയ്തു.

അച്ഛനും മകളുംവേദിയില്‍

 

ഗായകന്‍ ശ്രീനിവാസ് 'മഞ്ഞുപോലെ മാന്‍ കുഞ്ഞുപോലെ' എന്ന ഗാനവുമായി കാണികളുടെ മനംകവര്‍ന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമുള്ള സമര്‍പ്പണമായി വെള്ളിലാ കുന്നിലെ രാപ്പാടി, നാവോറു പാടു കുയിലേ, സ്വര്‍ഗം എന്നത് നമുക്ക് എന്നീ ഗാനങ്ങളുടെ ഏതാനും വരികളും ആലപിച്ചാണ് ശ്രീനിവാസ് മടങ്ങിയത്. ശ്രീനിവാസനു തൊട്ടുപിറകേ ശാസ്ത്രീയഗാനവുമായി മകള്‍ ശരണ്യയാണെത്തിയത്. കര്‍ണാട്ടിക് സംഗീതത്തിലെ ധനാശ്രീ തില്ലാന ശ്രുതിമധുരമായി ശരണ്യ ആലപിച്ചു. വീണ്ടും അവാര്‍ഡ് ദാനം. തുടര്‍ന്ന് പാര്‍വ്വതി നമ്പ്യാരും സംഘവും വേദിയില്‍ നൃത്തച്ചുവടുകളുമായെത്തി.  

സംവിധായകന്‍ കെ.എസ്. സേതുമാധവനുള്ള ആദരവായി കാറ്റില്‍ ഇളംകാറ്റില്‍ എന്ന ഗാനമാണ് പിന്നണി ഗായിക രാജലക്ഷ്മി ആലപിച്ചത്. പിന്നീട് താരരാവ് സാക്ഷ്യം വഹിച്ചത് അച്ഛനും മകളും ഒരുമിച്ച് വേദി പങ്കിടുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക്. ശ്രീനിവാസും മകള്‍ ശരണ്യയും ചേര്‍ന്നാലപിച്ചത് മിന്‍സാര പൂവേ എന്ന തമിഴ് സൂപ്പര്‍ഹിറ്റ് ഗാനം. മിന്‍സാര പൂവിന്റെ അതേ രാഗത്തിലുള്ള പരമപുരുഷ ജഗദീശ്വര ജയജയ എന്ന ശാസ്ത്രീയ ഗാനത്തിന്റെ ചരണവും ശ്രീനിവാസ് ആലപിച്ചു. അരങ്ങ് കീഴടക്കാന്‍ പീന്നീടെത്തിയത് സ്വാസികയും അശ്വതി മനോഹറും. വിവിധ മലയാള ഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൃത്തത്തിന് അകമ്പടിയായി ഇരുവര്‍ക്കുമൊപ്പം 12ഓളം നര്‍ത്തകീ-നര്‍ത്തകരും ചുവടുവെച്ചു. തുടര്‍ന്ന് മധുരഗാനവുമായി വേദിയിലെത്തിയത് പ്രശസ്ത ഗായിക സുശീലാദേവിയുടെ കൊച്ചുമകന്‍ ധ്രുവന്‍ പ്രദീപ്. ഒരു നോക്ക് കാണുവാനായ് എന്ന ഗാനം പാടിയാണ് യുവഗായകന്‍ ധ്രുവന്‍ താരനിശയില്‍ തിളങ്ങിയത്.

ഇതിനുശേഷമായിരുന്നു താരരാവില്‍ വെള്ളിവെളിച്ചം വാരിവിതറി ഒടിയനിലെ നാടന്‍പാട്ടിന്റെ ദൃശ്യാവിഷ്‌കാരം അരങ്ങേറിയത്. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അവതരണമെന്നത് പരിപാടിയുടെ മാറ്റുകൂട്ടി. വയലിനിസ്റ്റ് ഫായിസിന്റെ വയലിന്‍ വാദനത്തിനൊപ്പം മൂക്കാന്‍ചാത്തനും പൂതനും അരങ്ങിലെത്തി ആടിത്തിമിര്‍ത്തു. തീപ്പന്തവുമായി പൂതനും വാളുമായി വെളിച്ചപ്പാടും വേദിയെ കീഴടക്കി. 12ഓളം കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ വിരുന്നിനു ശേഷമാണ് മോഹന്‍ലാല്‍ പുരസ്‌കാര വേദിയില്‍ നിന്ന് മടങ്ങിയത്. തുടര്‍ന്ന് വേദിയെ ഇളക്കിമറിച്ചുള്ള പ്രകടനവുമായി ഗായിക ലക്ഷ്മി വിജയന്‍ എത്തി. ലൂസിഫറിലേയും മധുരരാജയിലേയും ഗാനങ്ങള്‍ ലക്ഷ്മി അതിമനോഹരമായി ആലപിച്ച് കാണികളുടെ മനംകവര്‍ന്നു. പിന്നീട് അരങ്ങിലെത്തിയത് ലാസ്യനടനവുമായി രചന നാരായണന്‍കുട്ടി. ഹിന്ദി മിക്‌സ് ഗാനത്തിനൊരുക്കിയ മനോഹര നൃത്തത്തിന് അകമ്പടിയായി രചനയോടൊപ്പം 10ഓളം നര്‍ത്തകരും വേദി പങ്കിട്ടു. ലെജന്റ്‌സ്് ഓഫ് കേരള പുരസ്‌കാര ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ താരരാവില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം  നടന്‍ ജോജു ജോര്‍ജ് ഗാനം ആലപിച്ചു. പാണന്റെ പാട്ടിനൊത്ത് താളം പിടിക്കും താളത്തിനൊത്ത് ചുവടു വെക്കും എന്ന നാടന്‍പാട്ട് പാടിയാണ് താരം കാണികളുടെ കയ്യടി നേടിയത്.  അവാര്‍ഡിനര്‍ഹമാക്കിയ ജോസഫിലെ കഥാപാത്രത്തെ അനുസ്മരിക്കുംവിധം വളരെ ലളിതമായിരുന്നു ജോജുവിന്റെ വസ്ത്രധാരണവും. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ താരനിശയില്‍ തിളങ്ങിയ താരം ജോജുവായിരുന്നു. ജന്മനാട്ടില്‍ നടന്ന പരിപാടില്‍ വടക്കുന്നാഥന് തിരുസന്നിധിയില്‍ വെച്ച് അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോജു ജോര്‍ജ് പറഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞ സദസ് ഹര്‍ഷാരവം മുഴക്കി.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..... മലയാളികള്‍ എന്നും നെഞ്ചേറ്റിയ ആ ഡയലോഗ് കേരളക്കരക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആ ഡയലോഗ് അനശ്വരമാക്കിയ മോഹന്‍ലാലിനെ മുന്നില്‍ നിര്‍ത്തി ഒരിക്കല്‍കൂടി ആവര്‍ത്തിച്ചതോടെ വേദിയില്‍ നിറഞ്ഞ കയ്യടി. സ്വന്തം നാടായ തൃശൂരില്‍ വച്ച് മികച്ച ജനപ്രിയ സംവിധായകനുള്ള പുരസ്‌കാരം നേടാനായത് ഏറെ സന്തോഷകരമെന്ന് മികച്ച ജനപ്രിയ സംവിധായകനുള്ള പുരസ്‌കാരം മോഹന്‍ലാലില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു.

 

ജന്മഭൂമിയുടെ ദീര്‍ഘവീക്ഷണം അതേപടി പ്രതിഫലിപ്പിക്കുന്നതായിരുന്നു പിന്നീട് നടന്ന ദേശീയ അവാര്‍ഡ് പ്രഖ്യാപനവും. ലെജന്റ്‌സ് ഓഫ് കേരള അവാര്‍ഡ് ജൂറിയുടെ സത്യസന്ധതയും പുരസ്‌കാര നിര്‍ണയത്തിലെ കൃത്യതയും ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിലും നിഴലിക്കുകയുണ്ടായി.  

 

ഭര്‍ത്താവിനെ ക്ഷണിച്ച്  അവതാരക

ഭര്‍ത്താവ് അവാര്‍ഡ് വാങ്ങുന്ന വേദിയില്‍ അവതാരകയായി ഭാര്യയെത്തിയത് സദസ്സിന് കൗതുകമായി. ദമ്പതികള്‍ വേദി പങ്കിട്ട താരരാവ് അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായി. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച കൈലാസ് മേനോനെ പുരസ്‌കാരം വാങ്ങാന്‍ വേദിയിലേക്ക് ക്ഷണിച്ചത് അവതാരകരില്‍ ഒരാളായിരുന്ന ഭാര്യ അന്നപൂര്‍ണയും ചേര്‍ന്നാണ്. സഹ അവതാരക ഡോ. ദിവ്യയാണ് കൈലാസും അന്നപൂര്‍ണയും തമ്മിലുള്ള ബന്ധം വേദിയിലറിയിച്ചത്. ഇതോടെ ഇരുവരും വേദിയില്‍ ഒരുമിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇത്തരമൊരു മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് പറഞ്ഞ കൈലാസ് ജന്മനാടായ തൃശൂരില്‍, വടക്കുന്നാഥ സന്നിധിയില്‍ ഭാര്യ നില്‍ക്കുന്ന വേദിയില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങാനായതില്‍ വളരെ ആഹ്ലാദമുണ്ടെന്ന് അഭിപ്രായപ്പെട്ടു.

ചിരിമഴ പെയ്യിച്ച് കോമഡി സ്‌കിറ്റ് പിന്നാലെ മികച്ച ഗായികക്കുള്ള പുരസ്‌കാരം ലഭിച്ച സിതാര കൃഷ്ണകുമാര്‍ അവാര്‍ഡിനര്‍ഹമായ മാരിവില്ലിന്‍ എന്ന ഗാനവുമായി താരരാവിനെ ഭാവസാന്ദ്രമാക്കി. തൊട്ടുപുറകേ മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ച ഹരിശങ്കറും അവാര്‍ഡ് ലഭിച്ച ഗാനവുമായി അരങ്ങ് കീഴടക്കി. ജീവാംശമായ് എന്ന ഗാനത്തിനൊപ്പം രാജലക്ഷ്മിയും ഹരിശങ്കറിനൊടൊപ്പം വേദി പങ്കിട്ടു. മണിക്കൂറുകളോളം നീണ്ട താരനിശയ്ക്ക് ഈ ഗാനത്തോടെ തിരശീല വീണപ്പോള്‍ കണ്ണിനും കാതിനും കുളിര്‍മ്മ നല്‍കിയ അത്യപൂര്‍വ്വ താരവിരുന്ന് ആസ്വദിച്ചതിന്റെ ആനന്ദത്തിലായിരുന്നു പൂരനഗരി; ഒപ്പം താരനിശയ്ക്ക് തുടക്കം മുതല്‍ ഒടുക്കം വരെ സാക്ഷ്യം വഹിച്ച ആയിരങ്ങളും.

 

 

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.