login
മടങ്ങിവരാത്ത തിരക്കഥ

മനുഷ്യപ്പറ്റുള്ള തിരക്കഥകളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനൊന്ന് വര്‍ഷം

വാനിലൂടെ ഉയര്‍ന്നു പറക്കുന്ന പട്ടം. താഴെ അതിനെ നൂലില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കുട്ടി. അപ്പോഴാണ് ആകാശത്തുകൂടി പറന്നു നടക്കുന്ന ഒരു തത്തമ്മയെ പട്ടം കണ്ടത്. ദുരാഗ്രഹം മൂത്തപട്ടം തന്റെ നൂല്‍ബന്ധം മുറിച്ചു തരുവാന്‍ തത്തമ്മയോട് പറയുന്നു. ഒടുവില്‍ സംഭവിച്ചതോ? നിയന്ത്രണം വിട്ട പട്ടം താഴെ ചെളിക്കുണ്ടില്‍ പതിച്ചുപോയി.  

1986-ല്‍ റിലീസ് ചെയ്ത 'തനിയാവര്‍ത്തനം' എന്ന സിനിമയിലെ സന്ദേശമുള്‍ക്കൊള്ളുന്ന ഈ രംഗം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നവാഗതനായ തിരക്കഥാകൃത്തിനെക്കുറിച്ച് പ്രേക്ഷക മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു. അഭിനയത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ നാടകരംഗത്തുനിന്ന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ എ.കെ. ലോഹിതദാസ് എന്ന പ്രതിഭാധനനായിരുന്നു ആ തിരക്കഥാകൃത്ത്. പത്മരാജനുംഎം.ടി. വാസുദേവന്‍ നായര്‍ക്കും ശേഷം സാഹിത്യാംശമുള്ള രചനകള്‍കൊണ്ട് മലയാള സിനിമാരംഗത്തെ വിസ്മയിപ്പിച്ചു ലോഹിതദാസ്.

ഏറ്റവുമധികം ലോഹിതദാസ് രചനകള്‍ക്ക് ചലച്ചിത്രഭാഷ്യമേകിയത് സിബി മലയില്‍ തന്നെ. സേതുമാധവനെ അനശ്വരമാക്കിയ കിരീടവും ചെങ്കോലും, മോഹന്‍ലാല്‍ സ്വന്തം ബാനറില്‍ ആദ്യമായി നിര്‍മിച്ച ഹിസ് ഹൈനസ് അബ്ദുള്ള, ലാലിന് ആദ്യത്തെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഭരതം, നാട്യശാസ്ത്ര കളരിയില്‍ അണിയിച്ചൊരുക്കിയ കമലദളം. ഇവയൊക്കെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി നിലനില്‍ക്കുന്നു.

വാടക ഗര്‍ഭപാത്രം എന്ന ആശയം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ദശരഥം, സത്യസന്ധനായ വക്കീലിന്റെ ജീവിത നൊമ്പരത്തിലൂടെ കടന്നുപോയ വിചാരണ എന്നീ ചിത്രങ്ങള്‍ ലാളിത്യ സ്പര്‍ശമുള്ള കുടുംബ ചിത്രങ്ങളായിരുന്നു. സ്‌നേഹവും ആര്‍ദ്രവികാരങ്ങളും ഊടും പാവുമായ ലോഹിതദാസ് കഥകളിലൂടെ ആയിരുന്നു പിന്നീടങ്ങോട്ട് മലയാള സിനിമ സഞ്ചരിച്ചത്.

കുടുംബപുരാണം, സസ്‌നേഹം, തൂവല്‍ കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ ഇവയെല്ലാം  സത്യന്‍ അന്തിക്കാടിലൂടെ ചലച്ചിത്രവല്‍ക്കരിക്കപ്പെട്ടപ്പോള്‍, സ്വന്തം കുടുംബാന്തരീക്ഷങ്ങളുടെ നേര്‍കാഴ്ചയായി മലയാളികള്‍ക്ക് അനുഭവപ്പെട്ടു. അമരം, വെങ്കലം, പാഥേയം എന്നിങ്ങനെ ലോഹിതദാസ് സൃഷ്ടികള്‍ക്ക് ഭരതന്റെ ദൃശ്യവിസ്മയങ്ങള്‍ ചാരുതയേകി. ആന്റണിയും (മമ്മൂട്ടി), അലിയാരും (തിലകന്‍) പകര്‍ന്നാടിയ കൗരവരും, മഹായാനവും ലോഹിതദാസ്-ജോഷി ടീമിന്റെ മാസ് ചിത്രമായി. ഐ.വി. ശശിയുടെ മൃഗയ എന്ന ചിത്രം ലോഹി സ്പര്‍ശത്തിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.  ആധാരം (ജോര്‍ജ് കിത്തോ), സല്ലാപം (സുന്ദര്‍ദാസ്) എന്നിവ വ്യത്യസ്ത ശൈലിയുടെ സംവിധായകരെ സൃഷ്ടിച്ചു. നടീനടന്മാര്‍ക്ക് ലോഹിയുടെ തിരക്കഥകളിലൂടെ മികച്ച കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ലഭിക്കുകയായിരുന്നു.

സര്‍പ്പശാപം വേട്ടയാടിയ വിദ്യാധരന്റെ(മമ്മൂട്ടി) മായക്കാഴ്ച, പുള്ളുവത്തി സരോജിനിയുടെ ജീവിതത്തില്‍ പ്രതിഫലിച്ച 'ഭൂതക്കണ്ണാടി'യിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ലോഹിതദാസ് മലയാള സിനിമയെ സജീവമാക്കി.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ഒട്ടനവധി അവാര്‍ഡുകള്‍ ഭൂതക്കണ്ണാടിയെ തേടിയെത്തിയപ്പോള്‍ മലയാള ചലച്ചിത്രരംഗം ഇതര ഭാഷാചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കുകയായിരുന്നു. ജയറാമും മുരളിയും അഭിനയ വിസ്മയം തീര്‍ത്ത കാരുണ്യവും, സംവിധായകന്‍ ലാലിന്റെ അഭിനയ മികവ് എടുത്തുകാട്ടിയ ഓര്‍മച്ചെപ്പും ലോഹിതദാസ് ചിത്രങ്ങളായി പുറത്തുവന്നു. കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, നിവേദ്യം ഇങ്ങനെ കുറച്ചധികം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു ലഭിച്ചു. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളില്‍ വ്യത്യസ്തത ഏറെയുള്ള കസ്തൂരിമാന്‍ മനോഹരമായ ലവ് സ്റ്റോറിയായി ഇന്നും പ്രേക്ഷകര്‍ മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്നു.  

'ഭീഷ്മര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ എഴുത്തില്‍ മുഴുകിയ വേളയിലായിരുന്നു ലോഹിയെ മരണം വന്നു വിളിച്ചത്. പറഞ്ഞു തീരാത്ത സ്‌നേഹ ബന്ധങ്ങളുടെ ഈ വലിയ കഥാകാരന്‍ ഈ ലോകത്തുനിന്ന് കടമെടുത്ത സ്‌നേഹമെന്ന മഷിക്കൂട്ട് ഇവിടെത്തന്നെ തിരികെയേല്‍പ്പിച്ച് പോയ്മറയുകയായിരുന്നു. പതിനൊന്ന് വര്‍ഷം മുന്‍പ് ഒരു ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു ഇത്.  പഴയ ലക്കിടിയിലെ 'അമരാവതി' വീട് ഇന്ന് ശൂന്യം. അവിടെങ്ങും പാറി നടക്കുന്നുണ്ട് ലോഹിതദാസിന്റെ നന്മയുള്ള കഥാപാത്രങ്ങള്‍.

 

 

comment
  • Tags:

LATEST NEWS


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.