login
മറ്റു സംസ്ഥാനങ്ങളിലെ മലയാളികളോട് പിണറായി സര്‍ക്കാരിന്റെ ക്രൂരത; ഒന്നുകൊണ്ടും പേടിക്കണ്ടായെന്ന് സ്ഥിരംപല്ലവി ആവര്‍ത്തിച്ച് മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്.

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരാനുള്ള  പാസ് വിതരണം സര്‍ക്കാര്‍ നിര്‍ത്തി വച്ചതോടെ  ദുരിതക്കയത്തിലായി മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍. ചികിത്സ തേടാന്‍ സാധിക്കാതെ  വിലപിക്കുന്ന ഗര്‍ഭിണികള്‍, വാടക നല്‍കാത്തതിനാല്‍ വീട്ടുടമസ്ഥര്‍ റൂമില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്ന് റോഡില്‍ അഭയം പ്രാപിക്കേണ്ടി വരുന്നവര്‍, ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികള്‍ ഭക്ഷണത്തിനു പോലും പരസഹായം  തേടുന്നു. ഒന്നു കൊണ്ടും പേടിക്കണ്ടെന്ന പല്ലവിയുമായി മുഖ്യമന്ത്രി പിണറായി വിജയനും.  

സര്‍ക്കാരിന്റെ ക്രൂരതയില്‍ അഭയാര്‍ത്ഥികളെ പോലെ വിലപിക്കുകയാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികള്‍.  പ്രവാസികളെ കൊണ്ടുവരാന്‍ വൈകിയെന്ന് ആരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കൊണ്ടുവരാന്‍ ഒന്നും ചെയ്യാത്തത്. വിദേശ ഇന്ത്യാക്കാരെ കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയാറാക്കി വന്ദേ ഭാരത് മിഷന്‍ നടപ്പാക്കി. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് ക്രൂരമായ അനാസ്ഥ.  

ലോക്ഡൗണിനെ തുടര്‍ന്ന് ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിത്യച്ചിലവിനു പോലും പലരും വിഷമിക്കുന്നു. അസുഖം പിടിപെട്ടാല്‍ ആശുപത്രികളില്‍ പോലും കയറ്റാത്ത അവസ്ഥ. കുട്ടികളുള്ളവരും സര്‍ക്കാരിന്റെ കനിവും കാത്ത് കഴിയുകയാണ്.  തമിഴ്‌നാട്ടില്‍  വെല്ലൂര്‍, തൂത്തുക്കുടി,  ചെന്നൈ താംബരം, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മൂന്നൂറ്റമ്പത് വിദ്യാര്‍ത്ഥികള്‍ മടങ്ങിവരാന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുന്നു.  കൂടാതെ ദല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍  അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഇവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.  

കൊറോണ വൈറസ് അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ മലയാളികള്‍ അനുഭവിക്കുന്നത് നരകയാതനയാണ്. മുംബൈയില്‍ ആയിരക്കണക്കിന് മലയാളികളാണ് പാസിനായി കാത്ത് നില്‍ക്കുന്നത്. ബസില്‍ വരണമെങ്കില്‍ ഒരാള്‍ക്ക് പതിനായിരത്തോളം രൂപ വേണ്ടി വരും. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള പ്രതിവിധി കാണുന്നുമില്ല. അന്തര്‍സംസ്ഥാന കെഎസ്ആര്‍ടിസി ബസുകള്‍ അയച്ച് ഇവരെ കൊണ്ടു വരാമെങ്കിലും അതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഉത്തരേന്ത്യയില്‍ ഉള്ളവരെ ദല്‍ഹിയില്‍ എത്തിച്ച് ട്രയിനില്‍ കൊണ്ടു വരുമെന്നാണ് പത്ത് ദിവസത്തിനു മുമ്പ്  മുഖ്യമന്ത്രി പറഞ്ഞത്. അതു തന്നെയാണ് ഇന്നലെയും  പറഞ്ഞത്.

 

 

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.