login
കെ കേളപ്പന്‍ എഴുതി: 'മതം മാറ്റത്തിന് പ്രേരണ കോണ്‍ഗ്രസ് പ്രസംഗം; ഹിന്ദുക്കളെല്ലാം ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നുവെന്ന് പ്രചരിച്ചു

സ്വാതന്ത്ര്യപ്രസ്ഥാനത്തിന് വലിയൊരു പ്രതിബന്ധമായിത്തീര്‍ന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്.

മുഹമ്മദ് നബിയെുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ബഹുമാനത്തോടെ സംസാരിച്ചിരുന്നത് മലബാറില്‍ മതം മാറ്റുന്നതിന് പ്രേരണ നല്‍കിയിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ലന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യ്ക്ഷനായിരുന്ന കെ കേളപ്പന്‍ എഴുതിയിരുന്നു. 'കോണ്‍ഗ്രസ് യോഗമായാലും ശരി, ഖിലാഫത്ത് യോഗമായാലും ശരി, പങ്കെടുക്കുന്നവര്‍ അധികവും മുസ്ലീങ്ങളായിരുന്നു. നബിയെപ്പറ്റി എത്രയും ബഹുമാനത്തോടുകൂടിയാണ് പ്രവര്‍ത്തകരായ ഞങ്ങള്‍ സംസാരിച്ചിരുന്നത്. അതെല്ലാം തന്നെ മതം മാറ്റുന്നതിന് പ്രേരണ നല്‍കിയിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല.' ഖിലാഫത്തിന്റെ മതാന്ധ്ത എന്ന ലേഖനത്തില്‍ കേളപ്പന്‍ എഴുതി. 

ഹിന്ദുവിനെ മതപരിവര്‍ത്തനം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുവിന്റെ വീട് കൊള്ള ചെയ്യുന്നതും അഗ്‌നിക്കിരയാക്കുന്നതും സ്വര്‍ഗപ്രാപ്തിക്കുള്ള എളുപ്പവഴിയാണെന്ന്. ഈ വിശ്വാസങ്ങള്‍ ഇന്നും നശിച്ചിട്ടില്ല എന്ന് അടുത്തകാലത്ത് നടന്ന പല സംഭവങ്ങളും തെളിയിക്കുന്നതായും 'കേരള ഗാന്ധി' അന്നേ എഴുതി. ഇനിയെല്ലാവരും ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നുവെന്നൊരു ധാരണ പഠിപ്പില്ലാത്ത മാപ്പിളമാരുടെയിടയില്‍ പ്രചരിച്ചിരുന്നുവെന്നും വിവരമില്ലാത്ത മൊല്ലമാരുടെ പ്രസംഗങ്ങളും ആ വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും കേളപ്പന്‍ ലേഖനത്തില്‍ തുറന്നെഴുതി.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം അറബി അര്‍ധദ്വീപിലെ മുസ്ലീം പുണ്യസ്ഥലങ്ങള്‍, മുസ്ലീം പുണ്യസ്ഥലങ്ങളുടെയും ഇസ്ലാം മതത്തിന്റെയും രക്ഷാകര്‍ത്താവായ തുര്‍ക്കി സുല്‍ത്താന് തിരിച്ചു കൊടുപ്പാന്‍ വേണ്ടിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ പ്രധാന എതിരാളികള്‍ ജര്‍മനിയും ബ്രിട്ടനുമായിരുന്നല്ലോ. ശക്തനായ ജര്‍മന്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തുക എളുപ്പമായിരുന്നില്ല. ഇന്ത്യയുടെ മുഴുവന്‍ സഹായവും യുദ്ധത്തില്‍ ബ്രിട്ടനു ലഭിച്ചിരുന്നു. എന്നാല്‍ യുദ്ധം തുടങ്ങി അധികം കഴിയുന്നതിനു മുമ്പായി തുര്‍ക്കി ജര്‍മനിയുടെ ഭാഗം ചേര്‍ന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഒരു ധര്‍മസങ്കടത്തില്‍പ്പെട്ടു. ഇസ്ലാം മതത്തിന്റെ രക്ഷിതാവ് കൂടിയായ തുര്‍ക്കി സുല്‍ത്താനോട് യുദ്ധം ചെയ്യുന്നത് മതദ്വേഷമാവുമെന്ന് മുസ്ലീങ്ങള്‍ക്ക് തോന്നി. 1914ലെ യുദ്ധം മതസംബന്ധമായ ഒറു യുഗ്ഘമല്ലെന്നും തന്നെ നിലനിര്‍ത്തുമെന്നും ഇന്ത്യ വൈസ്രോയിയും പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയിഡ് ജോര്‍ജും ഉറപ്പു നല്‍കി. ഇന്ത്യ ബ്രിട്ടനെ സഹായിച്ചു. എന്നാല്‍ യുദ്ധത്തില്‍ ഐക്യകക്ഷി വിജയിച്ചപ്പോള്‍ ബ്രിട്ടന്‍ വിജയലഹരിയില്‍ മുസ്ലീങ്ങളോടു ചെയ്ത വാഗ്ദാനങ്ങളെല്ലാം മറന്നു. പുണ്യസ്ഥലങ്ങളുള്ള അറബി അര്‍ധദ്വീപ് ബ്രിട്ടനും ഫ്രാന്‍സും ഗ്രീസും ജൂതന്മാരും കൂടി വീതിച്ചെടുത്തു. അതോടുകൂടിയാണ് ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുത്തത്. ബ്രിട്ടനുമായി നിസഹകരിക്കുവാന്‍ ഇന്ത്യ തീരുമാനിച്ചു. ഏറനാട് താലൂക്കിലാണ് പ്രസ്ഥാനം കൂടുതല്‍ ശക്തിപ്പെട്ടുവന്നത്. പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ ഗാന്ധിജി, ഷൗക്കത്തലി, സി. രാജഗോപാലാചാരി, ഡോ. രാജന്‍ തുടങ്ങിയ അഖിലേന്ത്യ നേതാക്കള്‍ കോഴിക്കോട്ട് വമ്പിച്ച പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയുണ്ടായി. അതിനുശേഷമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1921 ആദ്യത്തില്‍ നാഗപ്പൂരില്‍വച്ചു ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിനുശേഷം മാത്രമാണ് ശ്രീ. യു. ഗോപാലമേനോന്‍, ശ്രീ. കെ. മാധവന്‍ നായര്‍ തുടങ്ങിയ വക്കീലന്മാരും കോടതി ബഹിഷ്‌കരിച്ചു സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

മുസ്ലീങ്ങളില്‍ വലിയഭാഗം അഹിംസയില്‍ വിശ്വസിച്ചിരുന്നില്ല.

മലബാറില്‍ ഹിന്ദുക്കള്‍ അതിനുമുമ്പ് വളരെയൊന്നും പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നില്ല. മലബാറിലെ മുസ്ലീങ്ങളില്‍ ഒരു വലിയഭാഗം അഹിംസയില്‍ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ട് പ്രസ്ഥാനം വഴിപിഴച്ചുപോകാതിരിപ്പാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ഏറനാട്ടില്‍ പല സ്ഥലങ്ങളിലും ഗോപാലമേനോന്‍, മാധവന്‍ നായര്‍, മുഹമ്മദ് മുസലിയാര്‍, എം.പി. നാരായണമേനോന്‍ തുടങ്ങിയ നേതാക്കള്‍ അഹിംസയുടെ ആവശ്യത്തെപ്പറ്റി പ്രസംഗിക്കുകയുണ്ടായി. യാക്കൂബ് ഹുസൈന്‍ മലബാറില്‍ പര്യടനം നടത്താന്‍ വന്നു. ഹിന്ദു- മുസ്ലീം മൈത്രി, മദ്യവര്‍ജനം, ഖാദി തുടങ്ങിയ പരിപാടികളായിരുന്നു അന്നും പ്രാധാന്യം വഹിച്ചത്. മലബാറിലെ ഭരണാധികാരികള്‍ പ്രസ്ഥാനം അടിച്ചമര്‍ത്താനാണ് തീരുമാനിച്ചത്. യാക്കൂബ് ഹുസൈനെ പ്രചാരവേലയ്ക്കനുവദിച്ചില്ല. അദ്ദേഹത്തിനും മാധവന്‍ നായര്‍, ഗോപാലമേനോന്‍, മൊയ്തീന്‍ കോയ എന്നീ കേരള നേതാക്കള്‍ക്കും നിരോധനാജ്ഞ നല്‍കി. അതനുസരിക്കാന്‍ ഒരുക്കമല്ലാത്ത നേതാക്കളെ ബന്ധനസ്ഥരാക്കി.

കേരള നേതാക്കളെ ശിക്ഷിച്ച വിവരം കേട്ടതിനുശേഷമാണ് ഈ ലേഖകന്‍ കേരളത്തില്‍വന്നു ഖിലാഫത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. വിദ്യാര്‍ഥികളും വക്കീലന്മാരും പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കുകളായി. ഞാന്‍ പൊന്നാനി താലൂക്കിലാണ് പ്രവര്‍ത്തിച്ചത്. എനിക്കും സഹപ്രവര്‍ത്തകന്മാര്‍ക്കും 144 വകുപ്പനുസരിച്ചുള്ള നിരോധന ഉത്തരവുകള്‍ കിട്ടിത്തുടങ്ങി. ഹിന്ദു- മുസ്ലീം മൈത്രി സൃഷ്ടിക്കുവാന്‍ പൊന്നാനി താലൂക്കിലെ പ്രവര്‍ത്തനം വളരെയധികം സഹായിച്ചു. കേരളത്തിലെ നേതാക്കന്മാരുടെയും യാക്കൂബ് ഹുസൈന്റെയും ജയില്‍ ജീവിതം പ്രസ്ഥാനത്തിന് ശക്തിയും വ്യാപ്തിയും കൂട്ടിയതേയുള്ളൂ.

മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം അടിച്ചമര്‍ത്താനുള്ള കലക്ടറുടെയും പോലീസ് സൂപ്രണ്ടിന്റെയും നിശ്ചയത്തിനു മാറ്റമുണ്ടായിരുന്നില്ല. തിരൂരങ്ങാടി മുസ്ലീം യാഥാസ്ഥിതികരുടെ ഒരു കേന്ദ്രമായിരുന്നു. ആലി മുസലിയാരും അനുയായികളും അഹിംസയില്‍ വിശ്വസിച്ചിരുന്നില്ല. കലക്ടര്‍മ മാപ്പിള ആക്ടനുസരിച്ച് കുറേ മുസ്ലീം നേതാക്കന്മാരെ ബന്ധനസ്ഥരാക്കാന്‍ തീര്‍ച്ചയാക്കി. ഓഗസ്റ്റ് 20ന് തിരൂരങ്ങാടിയെത്തി വലിയ പള്ളി വളഞ്ഞു. ഈ വര്‍ത്തമാനം താനൂര്‍, പരപ്പനങ്ങാടി മുതലായ അയല്‍പ്രദേശങ്ങളില്‍ പരന്നത്. മമ്പറത്തുപള്ളി വെടിവച്ചു നശിപ്പിച്ചുവെന്നായിരുന്നു മുസ്ലീങ്ങള്‍ക്ക് എത്രയും പാവനമായ ഒരു പള്ളിയാണ് മമ്പ്രത്തുപള്ളി. ഇനി ജീവിച്ചിട്ടു കാര്യമില്ല; അതിനു പകരം വീട്ടണമെന്ന ഭാവത്തിലാണ് കഴിയുന്നത്ര ആയുധങ്ങളും കത്തിയും വടിയും എല്ലാം ശേഖരിച്ചാണ് മാപ്പിളമാര്‍ തിരൂരങ്ങാടിയിലെത്തിയത്. അവിടെ ഒരു സംഘട്ടനം നടന്നു. വളരെയധികം മാപ്പിളമാര്‍ മരിച്ചു. ചില പട്ടാള ഉദ്യോഗസ്ഥന്മാരും പോലീസുകാരും കൊല്ലപ്പെട്ടു. ഈ വാര്‍ത്ത കാട്ടുതീ പോലെ നാടുനീളെ പടര്‍ന്നത് നൂറുമടങ്ങ് അതിശയോക്തിയോടെയായിരുന്നു. മാപ്പിളമാര്‍ പട്ടാളത്തെ മിക്കവാറും നശിപ്പിച്ചുവെന്നും ശേഷിച്ചവരെ തിരിച്ചുപോവാന്‍ വിടരുതെന്നും മറ്റുമായിരുന്നു. പരപ്പനങ്ങാടി വളരെയധികം മാപ്പിളമാര്‍ വന്നുചേര്‍ന്നിരുന്നു. അവര്‍ സ്റ്റേഷന്‍ കൊള്ളചെയ്തു. റെയില്‍ നീക്കി, കമ്പി മുറിച്ചു. കളക്ടര്‍ മടങ്ങിപ്പോയത് വളരെപ്പേറെ വെടിവച്ചും പല ക്ലേശങ്ങള്‍ സഹിച്ചുമായിരുന്നു. 22ന് രാത്രി 12 മണിക്കാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ജയില്‍ മുക്തനായി 17-ാം തീയതി മഞ്ചേരിയിലെത്തിയ മാധവന്‍ നായര്‍ പ്രസ്ഥാനം അക്രമത്തിലേക്കു നീങ്ങാതെ കഴിക്കാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം വിഫലമായി. മാധവന്‍ നായരും സഹപ്രവര്‍ത്തകരും പരപ്പനങ്ങാടിയില്‍ പോയി നോക്കി; നിസഹയകരായി മടങ്ങുകയാണുണ്ടായത്.

മാപ്പിള ലഹളകള്‍ ഹിന്ദുക്കളുടെ നേരെയാണ് തിരിഞ്ഞത്

ഗവണ്‍മെന്റിനെതിരായി ആരംഭിച്ച ഈ പ്രസ്ഥാനം, അതിനുമുമ്പു നടന്ന മാപ്പിള ലഹളകള്‍ പോലെ ഹിന്ദുക്കളുടെ നേരെയാണ് തിരിഞ്ഞത്. ഹിന്ദുക്കളില്‍ നിന്നും ഒരു ഉപദ്രവവും മുസ്ലീങ്ങള്‍ക്ക് ഖിലാഫത്ത് കാലത്ത് അനുഭവപ്പെട്ടിട്ടില്ല. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിജയത്തിന് ഹിന്ദു- മുസ്ലീം മതമൈത്രി ഒഴിച്ചകൂടാത്തതാണെന്നും അഹിംസ പാലിക്കണമെന്നും അവസരം കിട്ടിയപ്പോഴെല്ലാം ഞങ്ങളെല്ലാം ഉദ്ബോധിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ എങ്ങിനെ ഹിന്ദുക്കള്‍ മുസ്ലീം ആക്രമണങ്ങള്‍ക്ക് വിധേയരായിയെന്നു പറയുക സാധ്യമല്ല.

എനിക്കു തോന്നുന്നത് ഞാന്‍ പറയാം. ഈ ലഹളക്കാലത്ത് ഞാന്‍ പൊന്നാനി താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ്. എന്റെ ശിക്ഷ ചുരുങ്ങിയ കാലത്തേക്കായതുകൊണ്ട് മാധവന്‍ നായരുടെ ശിക്ഷാവിധി കഴിയുന്നതിനു മുന്‍പ് എന്നെ വിട്ടയച്ചു. പൊന്നാനി വന്ന് പ്രവര്‍ത്തനം തുടര്‍ന്നു. ഇനിയെല്ലാവരും ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നുവെന്നൊരു ധാരണ പഠിപ്പില്ലാത്ത മാപ്പിളമാരുടെയിടയില്‍ പ്രചരിച്ചിരുന്നു. വിവരമില്ലാത്ത മൊല്ലമാരുടെ പ്രസംഗങ്ങളും ആ വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. മദ്യപാനം മുസ്ലീങ്ങള്‍ക്ക് ഹറാമാണ്. മദ്യനിരോധനത്തിനുള്ള സംരംഭങ്ങളില്‍ ചില ദിക്കുകളിലെല്ലാം ഖിലാഫത്ത് വളണ്ടിയര്‍മാര്‍, ചെത്തുന്ന പനങ്കുലയും തെങ്ങിന്‍ കുലയും മുറിച്ചു കളയുക തുടങ്ങിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇവിടെ കോണ്‍ഗ്രസ് യോഗമായാലും ശരി, ഖിലാഫത്ത് യോഗമായാലും ശരി, പങ്കെടുക്കുന്നവര്‍ അധികവും മുസ്ലീങ്ങളായിരുന്നു. നബിയെപ്പറ്റി എത്രയും ബഹുമാനത്തോടുകൂടിയാണ് പ്രവര്‍ത്തകരായ ഞങ്ങള്‍ സംസാരിച്ചിരുന്നത്. അതെല്ലാം തന്നെ മതം മാറ്റുന്നതിന് പ്രേരണ നല്‍കിയിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല.

സ്വര്‍ഗപ്രാപ്തിക്കുള്ള എളുപ്പവഴിയാണെന്ന വിശ്വാസങ്ങള്‍

ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, തിരുവിതാംകൂറില്‍ രക്ഷപ്രാപിക്കാത്ത എല്ലാ ഹിന്ദുക്കളേയും മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. ഇവിടെ ചേലനമ്പൂതിരിയുണ്ട്, ചേലനായരും, വാരിയരുമെല്ലാമുണ്ട്. തിരുവിതാംകൂറില്‍ രക്ഷപ്രാപിച്ചവര്‍ തിരിച്ചുവന്നപ്പോള്‍ അവര്‍ക്കെല്ലാം ഭ്രഷ്ട് കല്‍പിച്ച് അകറ്റി നിര്‍ത്തിയിരുന്നു. പടയോട്ടത്തിനുശേഷം ചേലപൊളിച്ച് ഹിന്ദുക്കളായവരാണ് അവരൊക്കെ. ടിപ്പുവിന്റെ പടയോട്ടം ദീനില്‍ ചേര്‍ക്കുന്നതിനും ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നതിനും ബിംബം തല്ലിയുടയ്ക്കുന്നതിനും പ്രേരണ നല്‍കിയിരിക്കാം. ഇന്നും ഒരു വലിയ വിഭാഗം മുസ്ലീങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഹിന്ദുവിനെ മതപരിവര്‍ത്തനം ചെയ്യുന്നതും കൊല്ലുന്നതും ഹിന്ദുവിന്റെ വീട് കൊള്ള ചെയ്യുന്നതും അഗ്‌നിക്കിരയാക്കുന്നതും സ്വര്‍ഗപ്രാപ്തിക്കുള്ള എളുപ്പവഴിയാണെന്ന്. ഈ വിശ്വാസങ്ങള്‍ ഇന്നും നശിച്ചിട്ടില്ല എന്ന് അടുത്തകാലത്ത് നടന്ന പല സംഭവങ്ങളും തെളിയിക്കുന്നു. ജന്മിയുടെ ദ്രോഹം ഒരു കാരണമാവാം. ഒരു ഹിന്ദുവും മുസ്ലീമും തമ്മിലുള്ള വഴക്കാവാം കാരണം. മതപരിവര്‍ത്തനം ചെയ്ത ഒരാള്‍ ചേല പൊളിച്ചതും കാരണമാവാം. ഒരു കാരണവും കണ്ടുപിടിക്കാന്‍ കഴിയാത്ത മാപ്പിള ലഹളകളുമുണ്ടായിട്ടുണ്ട്.

 ലഹളയ്ക്ക് ഒരു കാരണവും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല

തന്റെ അനുഭവത്തില്‍പ്പെട്ട ഒരു ലഹളയെപ്പറ്റി മാധവന്‍ നായര്‍ ഇങ്ങനെ എഴുതുന്നു. '1921ന് മുമ്പുണ്ടായ മാപ്പിള ലഹളകളില്‍ വച്ചു ലഹളക്കാരുടെ എണ്ണം കൊണ്ടും ഭയങ്കരമായ പര്യവസാനം കൊണ്ടും ഏറ്റവും ഗൗരവമായ 1896-ലെ ലഹളക്കാലത്ത് ഞാന്‍ മഞ്ചേരി ബോര്‍ഡ് സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാം ഫോറത്തില്‍ പഠിക്കുകയായിരുന്നു. മാപ്പിളമാരുടെ നോമ്പുകാലത്ത് പട്ടാളക്കാരും റിസര്‍വ് പോലീസും ചെറിയ ചെറിയ സംഘങ്ങളായി ലഹള പ്രദേശത്ത് അവിടവിടെ സ്ഥാനം ഉറപ്പിക്കുക പതിവാണ്. അങ്ങിനെ സഞ്ചരിക്കുന്ന കൂട്ടത്തില്‍ അക്കൊല്ലവും ഏതാനും പട്ടാളക്കാര്‍ മഞ്ചേരി കോടതി വളപ്പിലും ഞങ്ങളുടെ സ്‌കൂള്‍ ജിംനാസ്റ്റിക് ഷെഡിലും കൂടാരം അടിച്ച് താമസമുറപ്പിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ഞായറാഴ്ച പുലര്‍ച്ചെ ലഹളക്കാര്‍ ആരുമറിയാതെ കച്ചേരിയില്‍ നിന്നു രണ്ടു ഫര്‍ലോംഗ് മാത്രം ദൂരമുള്ള കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ വന്നു കയറി ക്ഷേത്രത്തിനു തൊട്ട് കുന്നിന്നടിയിലുള്ള മഞ്ചേരി കോവിലകത്തു നിന്ന് സാധനങ്ങളെല്ലാം വരുത്തി ബാങ്ക് കൊടുത്ത് സുഖമായി ഭക്ഷണം കഴിക്കാന്‍ വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്തു തുടങ്ങി. ക്ഷേത്രത്തില്‍ ലഹളക്കാര്‍ എത്തിയ വിവരം അറിഞ്ഞപ്പോള്‍ ഖജാനാപാറാവുകാരായ പട്ടാളക്കാര്‍ കച്ചേരിയില്‍ നിന്ന് കുന്നത്തമ്പലത്തിലേക്ക് വെടി തുടങ്ങി. ഉണ്ടയും തിരയും അവരുടെ വശം അധികമുണ്ടായിരുന്നില്ല. അല്‍പനേരം കൊണ്ട് അതെല്ലാം ഒടുങ്ങി. വെടിയും അവസാനിച്ചു. പക്ഷേ, ലഹളക്കാര്‍ക്ക് സംഗതി മനസിലായില്ല. സാധാരണ ഒരു ലഹളയിലും ഇത്രയധികം ലഹളക്കാര്‍ ഉണ്ടാവാറില്ല. ഈ ലഹളയില്‍ നൂറില്‍ കുറയാതെ മാപ്പിളമാര്‍ ചേര്‍ന്നിരുന്നു. ഒമ്പതു മണിയായപ്പോഴേക്കും കളക്ടറും പട്ടാളവും ബദ്ധപ്പെട്ട് മഞ്ചേരിയിലെത്തി. ക്ഷേത്രത്തിന്റെ തെക്കുകിഴക്കുള്ള ഒരു കുന്നിന്മേല്‍ സ്ഥാനമുറപ്പിച്ചു. മഞ്ചേരിയില്‍ കുന്നത്ത് ക്ഷേത്രം മനോഹരമായ ഒരു കുന്നിന്റെ മുകള്‍പ്പരപ്പിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ചുമരിന്നുപുറത്തുള്ള സ്ഥലം യാതൊരു മരവുമില്ലാതെ ഒഴിച്ചു കിടക്കുന്ന പരന്ന ഒരു സ്ഥലമാണ്. മാപ്പിളമാരുടെ കൈവശമുള്ള തോക്കില്‍ നിന്നുള്ള വെടി കുന്നിന്റെ പരിധികൂടി അതിക്രമിച്ചു പോകുന്നതല്ല. പട്ടാളക്കാരുടെൈ കവശമുള്ള തോക്കുകള്‍ ഒരു നാഴിക അകലെയുള്ള കുറിക്കുകൊള്ളിക്കുവാന്‍ യാതൊരു വിഷമവുമില്ലാത്തവയായിരുന്നു. ഒഴിഞ്ഞ സ്ഥലം. പ്രതിക്രിയയ്ക്കുള്ള അശക്തി, മരിക്കുവാനുള്ള സന്നദ്ധത, എതിരാളികളുടെ ബലം, അവരുടെ ആയുധങ്ങളുടെ മേന്മ- ഇതെല്ലാം ഒത്തുചേര്‍ന്നാല്‍ സംഭവിക്കുന്ന ഫലം ഊഹിക്കാന്‍ വളരെ വിഷമമില്ലല്ലോ... നിഷ്ഫലമെങ്കില്‍ക്കൂടി ലഹളക്കാര്‍ പട്ടാളക്കാരുടെ നേരെ വെടിവച്ചുകൊണ്ടിരുന്നു. 92 ലഹളക്കാര്‍ സിദ്ധികൂടി. കളക്ടറും പട്ടാളവും അമ്പലത്തിലെത്തിയപ്പോള്‍ കണ്ടകാഴ്ച ഭയങ്കരമായിരുന്നു. 92 മൃതദേഹങ്ങള്‍ ചോരയില്‍ മുങ്ങിക്കിടക്കുന്നു. ചിലരുടെ ശ്വാസം നിന്നിട്ടില്ല. വെടികൊണ്ടു വീണുമരിക്കാത്ത ചിലരെ ശത്രുക്കളുടെ കൈയില്‍പ്പെടാതിരിക്കാന്‍ ലഹളക്കാര്‍ തന്നെ വാള്‍കൊണ്ടു കഴുത്തറത്തിരുന്നു. അധികം ലഹളകള്ക്കും മതഭ്രാന്തിനു പുറമ ചില്ലറ കാരണങ്ങള്‍ വല്ലതും ഉണ്ടാവാറുണ്ട്. ഈ ലഹളയ്ക്ക് ഒരു കാരണവും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. നോമ്പുകാലത്ത് ഒരു ലഹളയ്ക്ക് ചില ഏര്‍പ്പാടുകള്‍ ചെയ്തു. അവരില്‍ നാലു പ്രധാനികളെ ഗവണ്‍മെന്റ് അറസ്റ്റ് ചെയ്തു. അന്നുതന്നെ ചെമ്പ്രശേരിക്കാരായ 20 പേര്‍ ആയുധപാണികളായി ലഹളയ്ക്കൊരുമ്പെട്ടു. വഴിക്ക് അവരുടെ സംഘം വര്‍ധിച്ചു. അനേകം ഹിന്ദുക്കളെ കൊന്നു. പലരേയും മതം മാറ്റി. വീടുകള്‍ ചുട്ട് കൊലചെയ്തു. ബിംബങ്ങള്‍ ഉടച്ചു. ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. അവസാനം നോമ്പുകാലം അവസാനിക്കാറായപ്പോള്‍ കുന്നത്തമ്പലത്തില്‍ പതിവുപോലെ ചെന്നു കയറി പട്ടാളക്കാരുടെ തോക്കിന്നിരയായി.

 മറ്റു ലഹളകളെല്ലാം നിഷ്പ്രഭമാകുന്നു

1921ലെ ലഹളയില്‍ നടന്ന കൊള്ള, കൊലപാതകം, മതപരിവര്‍ത്തനം, സ്ത്രീകളുടെ മാനഭംഗം തുടങ്ങിയ കാര്യങ്ങളോര്‍ത്താല്‍ മറ്റു ലഹളകളെല്ലാം നിഷ്പ്രഭമാകുന്നു. ഗൂര്‍ഖ പട്ടാളവും മറ്റു പട്ടാളവുമെല്ലാം വന്നത്തെിയതിനുശേഷം മാപ്പിളമാര്‍, ആബാലവദ്ധം സ്ത്രീകളുള്‍പ്പെടെ അനുഭവിച്ച കഷ്ടതകളും വിവരിക്കാനാവില്ല. മലബാറില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. ലഹളയില്‍പ്പെടാത്ത പതിനായിരക്കണക്കിനാളുകളെ ബന്ധനസ്ഥാരാക്കി, വളരെപ്പേരെ കൊന്നു. അങ്ങിനെയായിരുന്നു ലഹളയുടെ പര്യവസാനം.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന് വലിയൊരു പ്രതിബന്ധമായിത്തീര്‍ന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കുന്നത് പരിഹാസ്യമാണ്. ഹിന്ദു- മുസ്ലീം മൈത്രിക്ക് പ്രതിബന്ധമായി നില്‍ക്കുന്നത് മുസ്ലീങ്ങളുടെ അന്ധമായ മതവിശ്വാസമണെന്ന പരമാര്‍ഥം കണക്കിലെടുത്തുകൊണ്ട് ശ്രീനാരായണഗുരുവിന്റെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സിദ്ധാന്തം സ്വീകരിക്കുമെങ്കില്‍ മതകലഹങ്ങള്‍ ഭാവിയില്‍ അവസാനിപ്പിക്കാന്‍ കഴിയും. ഗുരുവിന്റെ സിദ്ധാന്തത്തിന് ഒരു മറുവശമുണ്ട്. മനുഷ്യന്‍ നന്നാവുന്നില്ലെങ്കില്‍ ഏതു മതം വിശ്വസിച്ചാലും അത് നിഷ്പ്രയോജനവുമാണ്. വിവിധ മതക്കാര്‍ പാര്‍ക്കുന്ന ഈ രാജ്യത്ത് ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദം പുലര്‍ത്തുന്നതിന് മതസഹിഷ്ണുത അത്യാവശ്യമാണ്. ഏതെങ്കിലും ചില മനുഷ്യരെക്കൊന്നാല്‍, അവരെ എങ്ങിനെയെന്ന്, 'വാള്‍ കാണിച്ചായാലും ശരി മതപരിവര്‍ത്തനം ചെയ്താല്‍ സ്വര്‍ഗം കിട്ടും- ഈ സ്വര്‍ഗം എവിടെയാണാവോ നിശ്യമില്ല- എന്ന അന്ധമായ വിശ്വാസം രാജ്യക്ഷേമത്തിന് ഭീഷണിയാണ്. 'ഈശ്വര' സര്‍വഭൂതാനാം ഹൃദ്ദെശെര്‍ജുന തിഷ്ഠതി' എന്ന മതസിദ്ധാന്തം സ്വീകരിച്ച് മറ്റുള്ളവരെയും തന്നെപ്പോലെ കരുതി അന്യോന്യം സ്നേഹിച്ച് വിശ്വസിച്ചു ജീവിക്കുവാനുള്ള വഴി എല്ലാ മതക്കാരും നേടേണ്ടതാണ്. അതാണ് രാജ്യത്തിന്റെ മോക്ഷത്തിലേക്കുള്ള വഴി.

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.