ന്യൂദല്‍ഹി: കവിതയിലൂടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മൈഗവ്ഇന്ത്യ’യുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ കവിത പങ്കുവച്ചു. മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ കവിത എന്ന വിശേഷണത്തോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘അഭി തോ സൂരജ് ഉഗാ ഹെ’ എന്നാണ് ഹിന്ദിയിലുള്ള കവിതയുടെ തലക്കെട്ട്. സൂര്യന് ഉദിച്ചു കഴിഞ്ഞുവെന്നാണ് ഇതിന്റെ അര്‍ഥം.
”പ്രിയപ്പെട്ട നമ്മുടെ പ്രധാനമന്ത്രി എഴുതിയ മാസ്മരികവും പ്രചോദിപ്പിക്കുന്നതുമായ ‘അഭി തോ സൂരജ് ഉഗാ ഹെ’ എന്ന കവിതയുമായി പുതുവത്സരത്തിന്റെ ആദ്യദിനം നമ്മുക്ക് തുടങ്ങാം” എന്ന് ‘മൈഗവ്ഇന്ത്യ’യുടെ ട്വീറ്റില്‍ പറയുന്നു. കവിതയ്ക്കൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ ഡോക്ടര്‍മാര്‍, സൈനികര്‍, പൊലീസ്, കര്‍ഷകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മുന്നണിപ്പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു.
മഹാമരിയെക്കുറിച്ചും പ്രതിസന്ധിക്കിടെയുണ്ടായ ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചും കവിത സൂചിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് ട്വിറ്ററിലൂടെ പുതുവത്സര ആശംസകള്‍ നേര്‍ന്നിരുന്നു. സന്തോഷകരമായ 2021 ആശംസിക്കുന്നുവെന്നും ആരോഗ്യവും സന്തോഷവും സമൃദ്ധിയും ഈ വര്‍ഷം കൊണ്ടുവരട്ടെയെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: