login
പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്നത് ചതി; ജൂലൈ ഒമ്പതിന് എന്‍ഡിഎ സെക്രട്ടറിയേറ്റ് ഉപരോധിക്കും

വൈറസ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. പാര്‍ട്ടിക്കാരുടെ കത്തിക്കുത്ത് കേസില്‍ പോലും നഷ്ടപരിഹാരം ഖജനാവില്‍ നിന്ന് കൊടുത്തപ്പോഴാണിത്.

കൊച്ചി: പ്രവാസി മലയാളികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിക്കണമെന്ന് എന്‍ഡിഎ യോഗം ആവശ്യപ്പെട്ടു. വന്ദേ ഭാരത് മിഷനിലൂടെ ഒന്നേകാല്‍ ലക്ഷം മലയാളികളെ ഇതുവരെ തിരിച്ചെത്തിച്ചതിന് കേന്ദ്ര മന്ത്രി വി. മുരളീധരനെ യോഗം അഭിനന്ദിച്ചു.  

മുഴുവന്‍ പ്രവാസികളെയും മടക്കിയെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രം. ഇത് തടയാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. കൊറോണ പോസിറ്റീവായ രോഗികളെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രവുമായി തര്‍ക്കത്തിനാണ് കേരളം ശ്രമിക്കുന്നത്. കൊറോണയെ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനമില്ലാതായി. രോഗികളുടെ എണ്ണവും ഉറവിടമില്ലാത്ത കേസുകളും വര്‍ധിക്കുന്നു. ടെസ്റ്റ് നടത്താതെ കേസുകളുടെ എണ്ണം കുറച്ചു കാണിക്കുകയാണ്. പരിശോധനകളുടെ കാര്യത്തില്‍ 28-ാം സ്ഥാനമാണ് കേരളത്തിന്.  

വൈറസ് ബാധിതര്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ നിന്ന് ഓടി രക്ഷപ്പെടുകയാണ്. വൈറസ് ബാധയുടെ മറവില്‍ മാഫിയകള്‍ അഴിഞ്ഞാടുന്നു. ജൈവസമ്പത്തുകള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാരും നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും മാഫിയകള്‍ക്ക് ഒത്താശ  ചെയ്യുന്നു.  

വൈറസ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. പാര്‍ട്ടിക്കാരുടെ കത്തിക്കുത്ത് കേസില്‍ പോലും നഷ്ടപരിഹാരം ഖജനാവില്‍ നിന്ന് കൊടുത്തപ്പോഴാണിത്.  

സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ ഒമ്പതിന് രാവിലെ 11ന് സംസ്ഥാന നേതാക്കള്‍ സെക്രട്ടേറിയറ്റ് ധര്‍ണ്ണ നടത്തും. 12, 13, 14 തീയതികളില്‍ ജില്ലാ നേതൃയോഗം ചേരും. 30ന് സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എന്‍ഡിഎ മത്സരിക്കും.  യുഡിഎഫിലും എല്‍ഡിഎഫിലും പ്രവര്‍ത്തിച്ച് മടുത്തവരെ എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ അഞ്ചംഗ സബ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എം. ഗണേശന്‍ (ബിജെപി), ബി. ഗോപകുമാര്‍, എ.എന്‍. അനുരാഗ്, എം.എന്‍. ഗിരി, (ബിഡിജെഎസ്), പി.സി.തോമസ്, രാജന്‍ കണ്ണാട്ട് (കേരള കോണ്‍ഗ്രസ്) എന്‍. രാമചന്ദ്രന്‍ (എല്‍ജെപി), കുരുവിള മാത്യൂസ് (നാഷണലിസ്റ്റ് കോണ്‍ഗ്രസ്), വി.വി. രാജേന്ദ്രന്‍ (സോഷ്യലിസ്റ്റ് ജനത), സജി തുരുത്തിക്കുന്ന് (ശിവസേന), കെ.കെ. പൊന്നപ്പന്‍ (പിഎസ്പി) എന്നിവര്‍ സംബന്ധിച്ചു.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.