login
നെറുകയില്‍ ശ്മശാനമുള്ള കുന്ന്

പഥികന്‍ കുന്നിന്റെ വിളി കേട്ടു. പാതിവഴി താണ്ടിയപ്പോഴേക്കും മഴയുടെ പുറപ്പാടായി. മദ്ദളവും ചെണ്ടയും ഒന്നിടവിട്ട് മുഴങ്ങി. അതിനൊത്ത് കുന്നിന്റെ നെറുകയിലേക്ക് പഥികന്റെ കാല്‍വെയ്പുകള്‍. ഇരുവശത്തും മരങ്ങളില്‍ കാറ്റ് വീശിപ്പടര്‍ന്നു. പാത ഒരു നീര്‍ച്ചാലായി. ചെമ്മണ്ണിന്റെ നിറവുമായി ജലം താഴേക്കൊഴുകി. ആവണക്കുകളും ശതാവരികളും ചെത്തിക്കൊടുവേലികളും പൂവാങ്കുറുന്തലകളും ചെക്കിപ്പടര്‍പ്പുകളും മഴ നനഞ്ഞു. മണ്‍പുറ്റുകളലിഞ്ഞു. ചിതലുകള്‍ ചിതറി.

അസിതമേഘപരീതമാണംബരം

അയി പഥികാ നിനക്ക് പോകേണമോ?

 

ഹേമന്തചന്ദ്രിക

 

ചൂരലിന്റെ വളഞ്ഞ കാലുള്ള കുട സവാരിവടിയെന്നോണം നിലത്തൂന്നിക്കൊണ്ട് മുമ്പ് കാളവണ്ടിപ്പാതയായിരുന്ന ടാറിട്ട നിരത്തിന്റെ ഓരം ചേര്‍ന്ന് നടക്കുമ്പോള്‍ പഥികനോര്‍ത്തത് മരണത്തെക്കുറിച്ചാണ്. എല്ലാ കൂട്ടിവെയ്ക്കലും പൊളിഞ്ഞേ തീരൂ, എല്ലാ ഉയര്‍ച്ചയും വീണേ തീരൂ, എല്ലാ ചേര്‍ച്ചയും പിരിഞ്ഞേ തീരൂ, ജീവിതമോ മരിച്ചേ തീരൂ.(1)

അയാള്‍ ഒരു മരണമറിഞ്ഞ് പോവുകയായിരുന്നു. എത്രയും വേഗം മരണഗൃഹത്തിലെത്തി ജഡിഭവിച്ച ശരീരത്തെ ഉപചാരപൂര്‍വ്വം വലംവെച്ചു വണങ്ങി മടങ്ങാനുദ്ദേശിച്ച് പുറപ്പെട്ടതാണ്. മീതെ മഴ പെയ്യാനോങ്ങി നില്‍ക്കുന്നു. ഏതുനേരവും പെയ്യാം. പെയ്‌തോട്ടെ. കുടയുണ്ടല്ലോ.

കുടയില്ലാതിരുന്ന ഒരു കാലം ഓര്‍മ്മയില്‍ മായാതെയുണ്ട്. പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലാക്കി തലയ്ക്കുമുകളിലൊരു താളില പിടിച്ചാണ് രാവിലെ പഠിപ്പിന് പോവുക. വൈകുന്നേരത്തെ മഴയ്ക്ക് താളിലയുടെ പ്രതിരോധമില്ല. വീടിന്റെ വ്രാന്തയിലെത്തുവോളം ഒറ്റ ഓട്ടമാണ്. അബദ്ധത്തിലെങ്ങാനും ദൈവം മുന്നില്‍ വന്നുപെട്ടാല്‍ ചോദിക്കാന്‍ ഒരു വരം മാത്രം: ശീലക്കുട.

കുട നന്നാക്കുന്ന ഒരു ഇട്ടീണാനുണ്ടായിരുന്നു. ആദ്യത്തെ മഴ പെയ്തുതോര്‍ന്നാല്‍ അതിനു പിന്നാലെ അങ്ങാടിയില്‍ ഇട്ടീണാനെത്തും. കുഞ്ചുണ്ണിയുടെ ആര്‍ഭാടമേതുമില്ലാത്ത തയ്യല്‍ക്കടയ്ക്ക് മുന്നിലായി ഒരു തടുക്ക് നീര്‍ത്തിയിട്ട് അതിലിരുന്നാണ് പണി. ചെറിയൊരു ഇരുമ്പുപെട്ടിയില്‍ പണിക്കോപ്പുകള്‍. കുഞ്ചുണ്ണിയുടെ കടയ്ക്കുള്ളിലെ മരയലമാരയ്ക്കടുത്തായി സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടിയും അതിലെ എളിയ പണിക്കോപ്പുകളും, ഇട്ടീണാന്‍ തന്നെയും, ഏതോ തിരശ്ശീലയ്ക്ക് അപ്പുറത്തായി. അതിനു പിറകെ കുഞ്ചുണ്ണിയും ഏറെ പഴക്കം ചെന്ന സിംഗര്‍ തയ്യല്‍മെഷീനുമെല്ലാം അപ്രത്യക്ഷമായി. കളിക്കൊട്ടിലില്‍ കാലത്തിന്റെ ധനാശി. ധിതാം താം.

മദ്ദളത്തിലെ ധനാശിക്കൊട്ട് തീര്‍ന്നതും, വിളംബമില്ലാതെ, വോറൊരു ആരവം പഥികന്റെ കാതുകളില്‍ വന്നുപതിച്ചു. അയാള്‍ കണ്ടത് ഏതാനും ആണ്‍കുട്ടികളുടെ തിമിര്‍പ്പാണ്. മുറ്റിനിറഞ്ഞ പേരാലുകളുടെ കീഴ്‌പോട്ടുവളര്‍ന്ന വായവവേരുകളില്‍ പിടിച്ചുതൂങ്ങിയാടുകയാണ് അവര്‍. ഊഞ്ഞാലുകളിലെന്നോണം സോന്മേഷം ആടിക്കൊണ്ട് അവര്‍ ഒച്ചയിടുന്നു. എല്ലാരും പിറന്നപടി. അവരില്‍ ഒരു കുട്ടിയെ പഥികന് തിരിച്ചറിയാനായി. അത് അയാള്‍ തന്നെയായിരുന്നു.

നടന്നുനടന്ന് അയാള്‍ മരണവീടിനോട് അടുത്തു. പ്രതീക്ഷിക്കാവുന്നതുപോലെ വീട് മൂകം. ജഡം ശ്മശാനത്തിലേക്ക് എടുത്തിരുന്നു. മുറ്റത്തൊരു ചാര്‍ച്ചക്കാരന്‍.

''മഴ പെയ്താല്ള്ള എടങ്ങേറാലോചിച്ച് പെട്ടെന്നെടുത്തു. ശ്മശാനം കുന്നിനു മോളിലാ. വേഗം ചെന്നാല് മൊകം കാണാന്‍ പറ്റ്വാരിക്കും. ഞാന്‍ പോവാഞ്ഞത് കാല് വയ്യാഞ്ഞിറ്റാ. മൊടന്തിക്കോണ്ട് എങ്ങന്യാ കുന്ന് കേറ്വാ?''  

കുന്ന് കയറിയാലല്ലാതെ ശ്മശാനത്തിലെത്താനാവില്ല.

പഥികന്‍ കുന്നിന്റെ വിളി കേട്ടു. പാതിവഴി താണ്ടിയപ്പോഴേക്കും മഴയുടെ പുറപ്പാടായി. മദ്ദളവും ചെണ്ടയും ഒന്നിടവിട്ട് മുഴങ്ങി. അതിനൊത്ത് കുന്നിന്റെ നെറുകയിലേക്ക് പഥികന്റെ കാല്‍വെയ്പുകള്‍. ഇരുവശത്തും മരങ്ങളില്‍ കാറ്റ് വീശിപ്പടര്‍ന്നു. പാത ഒരു നീര്‍ച്ചാലായി. ചെമ്മണ്ണിന്റെ നിറവുമായി ജലം താഴേക്കൊഴുകി. ആവണക്കുകളും ശതാവരികളും ചെത്തിക്കൊടുവേലികളും പൂവാങ്കുറുന്തലകളും ചെക്കിപ്പടര്‍പ്പുകളും മഴ നനഞ്ഞു. മണ്‍പുറ്റുകളലിഞ്ഞു. ചിതലുകള്‍ ചിതറി.  

ശ്മശാനം കണ്ടെത്താന്‍ പഥികന് ക്ലേശിക്കേണ്ടി വന്നില്ല.

നിലത്തുറപ്പിച്ച തൂണുകളില്‍ വലിച്ചുകെട്ടിയ താര്‍പ്പായയ്ക്കു കീഴെ ചിത.

എല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു, ജഡമൊഴികെ.  

പഥികന്‍ ചിതയ്ക്കടുത്തേയ്ക്കു നീങ്ങി നിലകൊണ്ട് ചിതയുടെ ചൂടു പറ്റി.  

എന്റെ പ്രിയ മരിച്ചവനേ!

കല്പാന്തം വരെ ശമിക്കില്ലെന്നതുപോലെ മഴ.

 

(1)  ഒരു മഹാഭാരതസൂക്തി

 

 

സി.വി. ബാലകൃഷ്ണന്‍
 

comment

LATEST NEWS


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്റ്റര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി


മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു


കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.