login
പുതുവര്‍ഷത്തിലേയ്ക്ക് പ്രതീക്ഷയോടെ

ഭാരതത്തെ സ്വാഭിമാനത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഏഴ് പതിറ്റാണ്ടിനിടെ മറ്റൊരു സര്‍ക്കാരിനും കൈവരിക്കാനാവാത്ത നേട്ടങ്ങളാണ് മോദിസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു

ജീവിതത്തിന്റെ സമസ്ത മേഖലകളെയും കൊവിഡ് 19 നിശ്ചലമാക്കിയ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. നൂറ്റാണ്ടിന്റെ മഹാമാരിയില്‍ ലോകമാകെ പകച്ചുനിന്നപ്പോള്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തളരാതെ പിടിച്ചുനിന്നു. അതില്‍ നരേന്ദ്ര മോദി എന്ന രാഷ്ട്രതന്ത്രജ്ഞന്റെ നേതൃത്വം വഹിച്ച പങ്ക് ചെറുതല്ല. വെല്ലുവിളികള്‍ക്കിടയിലും ഭാരതീയ ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റിയ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍. ആദ്യ അഞ്ചുവര്‍ഷം ജനക്ഷേമ പദ്ധതികളുടേതായിരുന്നെങ്കില്‍ രണ്ടാം വരവ് രാജ്യം തലമുറകളായി ആഗ്രഹിച്ച പൗരാവകാശങ്ങള്‍ ഉറപ്പിക്കുന്നതിന്റെതായിരുന്നു.

 

ഒരു രാജ്യം, ഒരു പതാക,  ഒരു ഭരണഘടന

അങ്ങേയറ്റത്തെ പ്രതിബദ്ധതയും ഇച്ഛാശക്തിയുമുള്ള ഭരണകൂടങ്ങള്‍ക്ക് മാത്രം നടപ്പാക്കാന്‍ കഴിയുന്ന നിരവധി സുപ്രധാന തീരുമാനങ്ങള്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കി.

അധികാരത്തിലേറി നൂറുദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുല്യമാക്കി എന്‍ഡിഎ സര്‍ക്കാര്‍. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഉം ജമ്മുകശ്മീരിലെ സ്ത്രീകളുടെ പൗരാവകാശങ്ങള്‍ക്ക് അടക്കം  തടസ്സം നിന്നിരുന്ന 35 എയും ഒഴിവാക്കി. ജമ്മുവിനെയും കശ്മീരിനെയും കേന്ദ്രഭരണ പ്രദേശമാക്കാനും,  

ലഡാക്കിനെ സംസ്ഥാനമാക്കാനുമുള്ള തീരുമാനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഏടായി. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി മുന്നോട്ടുവച്ച 'ഒരു രാജ്യം ഒരു പതാക, ഒരു ഭരണഘടന' എന്ന ആശയം കൂടിയാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. ഏഴു പതിറ്റാണ്ടായി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ, ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായിരുന്നു ഇത്. ഇതുവഴി ഇന്ത്യയുടെ കരുത്തെന്തെന്ന് ശത്രു രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തുക കൂടി ചെയ്തു. മറ്റൊരു സര്‍ക്കാരും കാട്ടാത്ത ധൈര്യവും ഇച്ഛാശക്തിയുമാണ് ജമ്മുകശ്മീരിന്റെ കാര്യത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ കാട്ടിയത്. കശ്മീര്‍ കത്തിയെരിയുമെന്നെല്ലാം പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്നും ശാന്തമായി തുടരുന്ന താഴ്വര. ആ പ്രദേശത്തെ ജനങ്ങള്‍ തലമുറകളായി അനുഭവിച്ചു വന്ന വിവേചനം അവസാനിപ്പിച്ചു എന്നു മാത്രമല്ല, മേഖലയുടെ സമഗ്രവികസനത്തിനുള്ള വന്‍ പദ്ധതികളാണ് കേന്ദ്രം ഏറ്റെടുത്ത് നടപ്പാക്കി വരുന്നത്. ഇതെല്ലാം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സിപിഎമ്മും എല്ലാം ചേര്‍ന്നുള്ള ഗുപ്കര്‍ സഖ്യം ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ളത്. വിഘടനവാദികള്‍ക്ക് ആവേശം പകരുന്ന ഗുപ്കര്‍ കൂട്ടായ്മ പക്ഷേ ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിനെ ബാധിക്കുന്നേയില്ല.

 

മുത്തലാഖ് നിരോധന നിയമം

സമത്വത്തിനായി ആഗോളതലത്തില്‍ സ്ത്രീകള്‍ വലിയ പോരാട്ടം നടത്തുന്ന കാലത്ത് വനിതാ ക്ഷേമത്തിന് പ്രത്യേക മുന്‍ഗണന നല്‍കുന്നു നരേന്ദ്രമോദി സര്‍ക്കാര്‍. ലിംഗനീതി ഉറപ്പാക്കുന്നതില്‍ ചരിത്രപരമായ നിയമ നിര്‍മാണമായിരുന്നു മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശങ്ങള്‍ സംബന്ധിച്ച ബില്‍.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിലൂടെ മുസ്ലിം സഹോദരിമാരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞു എന്നതില്‍ സര്‍ക്കാരിന് അഭിമാനിക്കാം. രാജ്യത്തെവിടെയും സ്ത്രീയും പുരുഷനും തുല്യരാണെന്നും അവര്‍ക്ക് തുല്യ അവകാശങ്ങളുണ്ടെന്നുമുള്ള ആധുനിക ലോകത്തിന്റെ വീക്ഷണത്തിന് ഒപ്പം നില്‍ക്കുന്നതായി ഈ നിയമനിര്‍മാണം.   മുത്തലാഖ് അധാര്‍മികമാണെന്ന സുപ്രീംകോടതി നിരീക്ഷണവുമുണ്ട്. കാലങ്ങളായി ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യം വച്ച്, സ്ത്രീകളുടെ ന്യായമായ ഈ അവകാശം സ്ഥാപിച്ചുകിട്ടുന്നതിന് ചെറുവിരലനക്കാന്‍ കോണ്‍ഗ്രസ്സടക്കം ഈ രാജ്യം ഭരിച്ചവര്‍ തയാറായിരുന്നില്ല. ഇന്ത്യന്‍ സ്ത്രീയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കുക എന്നത് ഉത്തരവാദിത്തമാണെന്ന് ബിജെപി വിലയിരുത്തി. കേരളത്തിലടക്കം നിരവധി സഹോദരിമാരുടെയും കുഞ്ഞുങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന് ഈ നിയമനിര്‍മാണം കാരണമായി.

യുഎപിഎ ഭേദഗതി

ആഗോള ഭീകരവാദത്തിന്റെ മുഖ്യ ഇരകളിലൊന്നായി നമ്മുടെ രാജ്യം മാറുന്നത് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍.

രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ വേരോടെ പിഴുതെറിയാന്‍ ലക്ഷ്യമിട്ടാണ് യുഎപിഎ നിയമം ഭേദഗതി ചെയ്തതത്.  വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനും,  അവരുടെ സാമ്പത്തിക ഉറവിടം തന്നെ ഇല്ലാതാക്കി രാജ്യത്തിന് ഇത്തരക്കാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ ഇല്ലായ്മ ചെയ്യാനും ദേശീയ അന്വേഷണ ഏജന്‍സിക്ക് അധികാരം നല്‍കി പുതിയ ഭേദഗതി. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും അന്വേഷിക്കാാന്‍ ഇതോടെ എന്‍ഐഎയ്ക്കായി. സംഘടനകളെ നിരോധിച്ചാലും ഭീകരര്‍ പേരുമാറ്റി പുതിയ സംഘടനകളുമായി രംഗത്തെത്തുന്നത് പതിവായതോടെയാണ് നിയമഭേദഗതി വേണ്ടി വന്നത്. മുംബൈ മുതല്‍  ബാലാകോട്ടും പുല്‍വാമയും വരെ ഇന്ത്യക്കാരന്റെ ചോരയ്ക്കായി ദാഹിക്കുന്നവരെ പൂട്ടാന്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുക എന്നത് ദേശസ്‌നേഹമുള്ള ഏതു രാഷ്ട്രീയ കക്ഷിയും ചെയ്യുന്നതാണ്. ഇതിനെതിരെയും പ്രതിപക്ഷത്തെ തല്‍പര കക്ഷികള്‍ രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നു. യുഎപിഎ ഭേദഗതിയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാന്‍ രംഗത്തിറങ്ങിയ സിപിഎം, പന്തീരാങ്കാവ് കേസില്‍ സ്വീകരിച്ച നിലപാടും പിന്നീട് രാജ്യം കണ്ടു.  

 

 രാമക്ഷേത്രത്തിന്  ഭവ്യമായ തുടക്കം

സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഭിന്നിപ്പിച്ച ഒരു ജനതയുടെ ഹൃദയത്തിനേറ്റ മുറിവുണക്കാനുള്ള നീക്കത്തിനാണ്  രാമക്ഷേത്ര നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ തുടക്കമിട്ടത്.  

ബിജെപിയുടെയും ഇന്ത്യയിലെ കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെയും തലമുറകളായുള്ള സ്വപ്‌നത്തിനാണ് അയോധ്യക്കേസിലെ സുപ്രീംകോടതി വിധി നിറം പകര്‍ന്നത്. ശ്രീരാമ ജന്മഭൂമിയില്‍ ഭഗവാന് ക്ഷേത്രം പണിയാമെന്ന കോടതി ഉത്തരവ് വന്നയുടന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. രാമക്ഷേത്ര ശിലാസ്ഥാപന കര്‍മത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതാണ് വസ്തുത. അയോധ്യയിലെ രാമക്ഷേത്രം ഭക്തിയുടെയും ദേശാഭിമാനത്തിന്റെയും നമ്മുടെ പാരമ്പര്യത്തിന്റെയും മാതൃകയാവാന്‍ പോവുകയാണ്. 130 കോടി ജനതയുടെ ഒറ്റക്കെട്ടായ ദൃഢനിശ്ചയത്തിന്റെ പ്രതീകമാവാന്‍ പോവുന്ന ക്ഷേത്രം ഭാവി തലമുറയെ പ്രചോദിതരാക്കും. തലമുറകളുടെ ജീവത്യാഗം കൂടിയാണ് ഇതിലൂടെ ഫലം കാണുന്നത്. രാമക്ഷേത്രത്തിന് കല്ലിടുമ്പോള്‍ ഇന്ത്യ കത്തിയെരിയും എന്ന പ്രചാരണങ്ങള്‍ക്കും ഇന്നും ശാന്തമായൊഴുകുന്ന സരയൂ നദി  മറുപടി നല്‍കി. കാലങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ മുസ്ലിം സഹോദരങ്ങള്‍.  

 

പൗരത്വ നിയമ ഭേദഗതി

'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന സന്ദേശം ലോകത്തിന് കൈമാറിയ മഹാരാജ്യത്ത് ആ വിശാലമായ കാഴ്ചപ്പാടാണ് എന്‍ഡിഎ സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗങ്ങളില്‍പ്പെട്ട സഹോദരങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിക്കാനുള്ള പൗരത്വ നിയമ ഭേദഗതി കുടിയേറ്റക്കാരോട് വിവേചനം കാട്ടുന്ന വന്‍ശക്തി രാജ്യങ്ങളുടെ പോലും കണ്ണു തുറപ്പിക്കുന്നതായി. സ്വന്തം രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ക്ക് അഭയമാകുന്ന രാജ്യമായി ഇന്ത്യ. മതിയായ യാത്രാ രേഖകള്‍ ഇല്ലെങ്കില്‍പ്പോലും മതപീഡനം നേരിട്ട് വരുന്നവരാണെങ്കില്‍ ഇവിടെ പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വം ലഭിക്കാന്‍ 12 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തില്‍ ആറുവര്‍ഷമാക്കി ചുരുക്കി. പൗരത്വ നിയമഭേദഗതിയുടെ നടത്തിപ്പ് മുസ്ലിങ്ങള്‍ ഉള്‍പ്പെടെ  ഒരു ഇന്ത്യക്കാരനെപ്പോലും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പ് നല്‍കി. മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നു എന്നത് വ്യാജപ്രചാരണമാണ്. ഏതാനും വര്‍ഷങ്ങളായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് മുസ്ലിങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നിരിക്കെയാണ് ഈ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്. 2014ലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ പ്രകാരം ഇന്ത്യ പൗരത്വം നല്‍കിയ 14,864 പേരും മുസ്ലിങ്ങളാണ് എന്നതും വിസ്മരിക്കരുത്. മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് നാടുകടത്തുമെന്നതും വാസ്തവവിരുദ്ധമായ പ്രചാരണമാണ്. മതമോ രാജ്യമോ നോക്കാതെ 1964 ലെ ഫോറിനേഴ്‌സ് ആക്ട്, 1920ലെ പാസ്‌പോര്‍ട്ട് നിയമം എന്നിവ പ്രകാരമാണ് ആളുകളെ നാടുകടത്തുന്നത്. പൗരത്വനിയമഭേദഗതിയ്ക്ക് ഇതുമായി ഒരു ബന്ധവുമില്ല.

 

കൊവിഡ് പ്രതിരോധം

നിനച്ചിരിക്കാതെയാണ് കൊവിഡ് മഹാമാരി നമ്മുടെ സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന കൊറോണ വൈറസ് ഇന്ത്യയെപ്പോലെ ജനസംഖ്യയുള്ള ഒരു രാജ്യത്ത് വന്‍നാശം വിതയ്ക്കുമെന്ന പ്രവചനങ്ങള്‍ ഉണ്ടായി. അമേരിക്കയടക്കം  ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ കൊവിഡിന് മുന്നില്‍ മരവിച്ച് നില്‍ക്കുന്നത് അവിശ്വസനീയമായ കാഴ്ചയായിരുന്നു. ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നത് ഒഴിവാക്കുക എന്നതാണ് മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ലാത്ത രോഗത്തെ നേരിടാനുള്ള പ്രധാനമാര്‍ഗമായി ശാസ്ത്രജ്ഞര്‍ പറഞ്ഞത്. ലോകരാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിത്തുടങ്ങി. ദിവസക്കൂലിയില്‍ ജീവിതം തള്ളിനീക്കുന്ന ദരിദ്രജനത ഏറെയുള്ള ഇന്ത്യപോലൊരു രാജ്യം പൂര്‍ണമായും അടച്ചിടുകയെന്നത് ഏതു സര്‍ക്കാരിനെ സംബന്ധിച്ചും കനത്ത വെല്ലുവിളിയായിരുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രനമോദി പതറിയില്ല. മാര്‍ച്ച് 19ന് രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം 22ന് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചു. കൊവിഡ് പോരാളികള്‍ക്കുള്ള അഭിവാദനവും പ്രോത്സാഹനവും എന്നനനിലയില്‍ ബാല്‍ക്കണികളില്‍ നിന്ന് കൈകള്‍ കൊട്ടുകയും മണി മുഴക്കുകയും ചെയ്യണം എന്ന മോദിജിയുടെ ആഹ്വാനത്തെ ജനം ആവേശത്തോടെ ഏറ്റെടുത്തു. വാസ്തവത്തില്‍ പുതിയൊരു ജീവിതക്രമത്തിലേക്കുള്ള മണിമുഴക്കമായിരുന്നു അത്. മാര്‍ച്ച് 24ന് രാത്രി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി 15,000 കോടിയുടെ പ്രത്യേക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറോണ വൈറസ് പരിശോധനാ സംവിധാനങ്ങള്‍, സുരക്ഷാ വസ്ത്രങ്ങള്‍, ഐസലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉറപ്പാക്കുന്നതിനായിരുന്നു ഇത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇന്ത്യപോലൊരു രാജ്യത്തെ പട്ടിണിയിലേക്കും, അതുമൂലമുള്ള കലാപത്തിലേക്കും തള്ളിവിടുമെന്ന് പലരും പ്രവചിച്ചു. പക്ഷേ വിപ്ലവകരമായ നീക്കത്തിലൂടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഈ പ്രവചനം തെറ്റിച്ചു. ഒരു കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും സൗജന്യമായി അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ഒപ്പം ഓരോ കുടുംബത്തിനും പ്രതിമാസം ഓരോ കിലോ കടലയും നല്‍കുന്ന 'പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന' ലോകത്തിന്റെയാകെ പ്രശംസ പിടിച്ചു പറ്റി. കേരളത്തില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണ്.    

                 

 കര്‍ഷക രക്ഷയുടെ  കാര്‍ഷിക നിയമങ്ങള്‍  

കര്‍ഷകരാണ് ഈ രാജ്യത്തിന്റെ നട്ടെല്ലന്ന ഉറച്ച ബോധ്യം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതുകൊണ്ടു തന്നെ കര്‍ഷകക്ഷേമത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളത്.

കാര്‍ഷിക  വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനുമാണ്  കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020 കൊണ്ടുവന്നത്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്യക്ഷമവും സുതാര്യവും നൂതന സാങ്കേതിക യുക്തവും സുഗമവുമായ അന്തര്‍ സംസ്ഥാന വ്യാപാരം, വാണിജ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് കാര്‍ഷിക ബില്‍ 2020.  കാര്‍ഷിക വിള വിപണന സമിതികളുടെ പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് വിപണനം നടത്താനും, സംസ്ഥാനാന്തര ഇടപാടുകള്‍ക്കും കര്‍ഷകരെ പ്രാപ്തരാക്കുന്ന നിയമം മത്സരാധിഷ്ഠിത ബദല്‍ വ്യവഹാര മാര്‍ഗങ്ങള്‍ വഴി കര്‍ഷകരുടെ പ്രതിഫലം വര്‍ധിപ്പിക്കുകയും പൊതുവിപണിയുടെ നിയന്ത്രണത്തില്‍ നിന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യും. കാര്‍ഷിക വിപണനരംഗത്തെ ഗതാഗത ചെലവ് കുറയ്ക്കുകയും മികച്ച വില നേടാന്‍ കര്‍ഷകരെ സഹായിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമനിര്‍മാണം. ഉല്‍പ്പന്നങ്ങള്‍ നിര്‍ദിഷ്ട മാര്‍ക്കറ്റ് യാര്‍ഡുകള്‍ക്ക് പുറത്ത് വില്‍ക്കുന്നതിന് സെസോ ലെവിയോ കൊടുക്കേണ്ടതില്ല. മിച്ച ഉല്‍പ്പന്ന പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മികച്ച വില കിട്ടുന്നതിനും, ക്ഷാമമുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും. കാര്‍ഷിക ബില്‍ താങ്ങുവിലയെ ബാധിക്കുമെന്നത് അടിസ്ഥാനരഹിതമായ പ്രചാരണം മാത്രമാണ്. ഇത്തരം പ്രചാരണങ്ങളും ഊഹാപോഹങ്ങളുമാണ് പാവപ്പെട്ട കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ടത്. കര്‍ഷകരോട് ഇത്രയും കരുതല്‍ കാട്ടിയിട്ടുള്ള മറ്റൊരു സര്‍ക്കാരും ഇന്ത്യ ഭരിച്ചിട്ടില്ല എന്നതാണ് വാസ്തവം. കിസാന്‍ സമ്മാന്‍ നിധിയിലൂടെ വിതരണം ചെയ്യാനൊരുങ്ങുന്ന  18,000 കോടിയുടെ ഗുണഭോക്താക്കള്‍ 9 കോടി കര്‍ഷകരാണ്. വിളകള്‍ക്ക്  താങ്ങുവില ഉറപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് കൊടുക്കാമെന്ന് കേന്ദ്രകൃഷി മന്ത്രി ഇതിനോടകം വ്യക്തമാക്കിയിട്ടുളളതാണ്. കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാമെന്ന ഭേദഗതിയും കര്‍ഷകരുടെ അഭ്യര്‍ഥന മാനിച്ച് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. വാസ്തവത്തില്‍ ഇടനിലക്കാരെ സഹായിക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനിറങ്ങുന്നത്. കേരളത്തില്‍ നിലവിലില്ലാത്ത ഒരു നിയമം റദ്ദാക്കിയതിനെതിരെയാണ് നിയമസഭ കൂടി പ്രമേയം പാസാക്കണമെന്ന് പിണറായി സര്‍ക്കാര്‍ ആവശ്യപ്പെടുന്നു എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം.

രക്ഷാസമിതി അംഗത്വം  

സംരക്ഷണവാദത്തിന്റെ ലോകത്ത് 'വസുധൈവ കുടുംബകം' അഥവാ സാര്‍വത്രിക സാഹോദര്യം എന്ന സന്ദേശത്തിന്റെ അന്തഃസത്ത പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് ഭാരത സര്‍ക്കാര്‍ ആഗോള വേദികളില്‍ ഇടപെടുന്നത്. നമ്മുടെ ഈ നിലപാടിന് ലോക വേദികളില്‍ ആദരവും ലഭിക്കുന്നു.    

ഐക്യരാഷ്ട്ര രക്ഷാസമിതിയിലേക്ക് ഏഷ്യാ പസഫിക് മേഖലയില്‍ നിന്ന്  ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് രാജ്യാന്തരതലത്തില്‍ ലഭിച്ച വലിയ അംഗീകാരമായി. രക്ഷാസമിതിയിലേക്ക് രണ്ടു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കാനഡ വോട്ടെടുപ്പില്‍ പരാജയപ്പെട്ടപ്പോഴാണ് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എസ്. ജയശങ്കര്‍ജിയുടെ നേതൃത്വത്തില്‍ വിദേശകാര്യ മന്ത്രാലയം നിരന്തരം നടത്തിയ ഇടപെടലുകളുടെ കൂടി ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. കൊവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്ന ഈ ഘട്ടത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തുമെന്നായിരുന്നു ഇന്ത്യയുടെ വാഗ്ദാനം. ബഹുമാനം, സംവാദം, സഹകരണം, സമാധാനം, സമൃദ്ധി എന്നിവയിലൂന്നിയാവും പ്രവര്‍ത്തനമെന്ന ഇന്ത്യയുടെ നിലപാടിനെയാണ് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി സ്വാഗതം ചെയ്തത്.  

ഇനിയും അവസാനിക്കാത്ത മഹാമാരി സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും പശ്ചാത്തലത്തില്‍ രാജ്യത്തെ നയിക്കുക എന്ന വെല്ലുവിളിയാണ് പുതുവര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കാത്തിരിക്കുന്നത്. കേവലം പൊതുജനാരോഗ്യ പ്രശ്‌നം മാത്രമല്ല കൊവിഡ് 19. ജീവിതത്തിന്റെ സമസ്തമേഖകളെയും ബാധിച്ച മഹാമാരിയില്‍ നിന്ന് കരകയറാന്‍ ഓരോ പൗരനും  കൈത്താങ്ങ് അനുവാര്യമാണെന്ന ബോധ്യം സര്‍ക്കാരിനുണ്ട്. പക്വതയാര്‍ന്നതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികളിലൂടെയേ ഇന്ത്യപൊലൊരു വലിയ രാജ്യത്തിന് അതിജീവനം സാധ്യമാവൂ. അവിടെയാണ് നരേന്ദ്രമോദിജിയെപ്പോലൊരു രാഷ്ട്രതന്ത്രജ്ഞന്റെ നേതൃഗുണം രാജ്യം അനുഭവിച്ചറിയുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സഹകരണത്തിന്റെ സന്ദേശവാഹകനാവുക എന്ന വലിയ ദൗത്യം കൂടിയാണ് പുതിയ കാലത്ത് ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്. അവിടെയും നരേന്ദ്രമോദിജിയുടെ നേതൃത്വത്തില്‍ നാം വിജയം കൈവരിക്കും എന്നതില്‍ സംശയമില്ല.

ആത്മ നിര്‍ഭരതയുടെ നല്ലനാളുകള്‍  

ആദ്യഘട്ട സാമ്പത്തിക പാക്കേജില്‍ തീരുന്നതല്ല കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാരിന് വ്യക്തമായിരുന്നു. വാക്‌സിന്‍ കണ്ടെത്തും വരെയെങ്കിലും കൊലയാളി വൈറസ് രാജ്യത്തിനു മേല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഇതോടെയാണ് മെയ് 12 ന് പ്രധാനമന്ത്രി 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ പാക്കേജാണ് മോദിജി ഇതിലൂടെ പ്രഖ്യാപിച്ചത്.  ഭൂമി, തൊഴില്‍, ധനലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ആധാരശിലകള്‍. സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള സമഗ്രകാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്ന പാക്കേജ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ അഭിപ്രായം തേടിയശേഷമാണ് തയാറാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ച ഒന്നാംഘട്ട പാക്കേജിന്റെ ചെറുസാരാംശം ഇങ്ങനെയായിരുന്നു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി 20,000 കോടി. വായ്പാ ഇനത്തില്‍ അവര്‍ക്ക് കൂടുതല്‍ മൂലധനം ലഭ്യമാക്കുന്നതായി ഇത്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം വിപുലമാക്കാന്‍ 10,000കോടി മാറ്റിവച്ചു. എംഎസ്എംഇകളുടെ നിര്‍വചനം പരിഷ്‌ക്കരിച്ചത് നിരവധി സംരംഭകര്‍ക്ക് സഹായകമായി. 200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ വേണ്ടെന്ന് വച്ചു. 72.22 ലക്ഷം ഇപിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കാന്‍ തീരുമാനിച്ചു. 3.6 ലക്ഷം സ്ഥാപനങ്ങള്‍ക്ക് 2500 കോടിയുടെ ധനലഭ്യത ഉറപ്പാക്കും. തുടര്‍ന്നിങ്ങോട്ട് ആത്മനിര്‍ഭറിന്റെ വിവിധ ഘട്ടങ്ങള്‍ മഹാമാരിക്കാലത്ത് മനുഷ്യന് താങ്ങായി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയുമായിരുന്നു രണ്ടാം ആത്മനിര്‍ഭര്‍ പാക്കേജ് ലക്ഷ്യമിട്ടത്. 25 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കായി രണ്ടു മാസത്തില്‍ 25,000 കോടി നല്‍കാന്‍ തീരുമാനിച്ചു. മൂന്നു കോടി കര്‍ഷകര്‍ക്ക് മൂന്നുമാസത്തേക്ക് വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചതായിരുന്നു രണ്ടാംഘട്ടത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം.  പുതിയ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് ഗ്രാമീണ മേഖലയ്ക്ക് ധനസഹായം ഉറപ്പാക്കാനും  ഈ ഘട്ടത്തില്‍ തീരുമാനിച്ചു. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോഴേക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്കായി മൂന്ന് ലക്ഷം കോടി രൂപയുടെ ജാമ്യരഹിത സ്വാഭാവിക വായ്പയാണ് അനുവദിച്ചത്. കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 30,000 കോടിയുടെ അധിക അടിയന്തര പ്രവര്‍ത്തന മൂലധനസഹായം ഉറപ്പാക്കി. പന്ത്രണ്ട് പുതിയ പദ്ധതികളുമായെത്തിയ ആത്മനിര്‍ഭര്‍ മൂന്നാംഘട്ടം കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനമായിരുന്നു. കൃഷിക്കും അനുബന്ധ മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയ മൂന്നാംഘട്ടം ഭക്ഷ്യസംസ്‌ക്കരണം, മത്സ്യബന്ധനം എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കി. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുക ലക്ഷ്യമിട്ടുള്ളതാണ് ആത്മനിര്‍ഭര്‍ നാലാഘട്ടം. ധാതുഖനനം, കല്‍ക്കരി, വ്യോമയാനം, ഊര്‍ജ്ജ വിതരണം, ബഹിരാകാശം, അണുശക്തി മുതലായ എട്ടുമേഖലകളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരുത്തി. ഇതിലൂടെ കൂടുതല്‍ നിര്‍മാണം, കൂടുതല്‍ തൊഴില്‍, വിദേശനിക്ഷേപം എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500 ഖനനമേഖലകള്‍ ലേലത്തിലൂടെ സ്വകാര്യമേഖലയ്ക്ക് നല്‍കും. കല്‍ക്കരി മേഖലയിലെ സ്വകാര്യ സംരംഭകരുടെ വരവ് ഇറക്കുമതി ഗണ്യമായി കുറയ്ക്കും. ധാതുപര്യവേഷണം, ഖനനം, ഉല്‍പ്പാദനം എന്നിവയ്ക്ക് ഒറ്റ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം ധാതുഖനനരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കും. പ്രതിരോധ ഉല്‍പ്പാദനരംഗത്ത് വിദേശനിക്ഷേപ പരിധി 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കി ഉയര്‍ത്തിയത് ആയുധ നിര്‍മാണത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിന് കാരണമാകും. ആത്മനിര്‍ഭര്‍ അഭിയാനിലെ ചില പ്രധാന ഭാഗങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്.  ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നു എന്നാണ് ആഗോള ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് പറയുന്നത്. ആത്മനിര്‍ഭറിനെ പ്രശംസിച്ച മൂഡീസ് ഇന്ത്യയുടെ ഉല്‍പാദന മേഖലയിലെ മത്സരശേഷി വര്‍ധിപ്പിക്കാനും  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായകമായെന്ന് വിലയിരുത്തി.  കൊവിഡ് വാക്‌സിന്‍ ഗവേഷണ രംഗത്തും ഇന്ത്യയുടെ പരിശ്രമങ്ങളെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.      

ഗരീബ് കല്യാണ്‍  റോസ്ഗര്‍ അഭിയാന്‍  

 

കുടിയേറ്റ തൊഴിലാളികള്‍ ഏറെയുള്ള രാജ്യത്ത് മഹാമാരി സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു.    

ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണോ അവിടെ തുടരുക എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ പട്ടിണിയാവുമെന്ന് സ്വാഭാവികമായും തൊഴിലാളികള്‍ ആശങ്കപ്പെട്ടു. പരിഭ്രാന്തരായ അവര്‍ പലവിധത്തില്‍ നാട്ടിലേക്ക് മടങ്ങാനാരംഭിച്ചു. പ്രതിപക്ഷം വിമര്‍ശനങ്ങളുയര്‍ത്തുമ്പോള്‍ ലോകത്ത് മറ്റൊരു സര്‍ക്കാരിനും സാധിക്കാത്ത വിധത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള സാമ്പത്തിക പാക്കേജ് തയാറാക്കുകയായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിച്ചു. ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരവും ഉപജീവന മാര്‍ഗവും ലഭ്യമാക്കുന്നതിനായി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ തയാറായി. ആറു സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ 50,000കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ ദൗത്യ മാതൃകയില്‍ നടപ്പാക്കാനുദ്ദേശിച്ചായിരുന്നു ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍. ഗ്രാമീണ മേഖലയിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് വീടുകള്‍ക്ക് അടുത്ത് തൊഴിലവസരം ലഭ്യമാക്കുന്നതിനായി അവരുടെ സ്‌കില്‍ മാപ്പിങ് നടപ്പാക്കുന്നതടക്കം പദ്ധതിയുടെ ഭാഗമായി. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതും ഇതിന്റെ ഭാഗമായി. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകൊണ്ടു തന്നെ തൊഴില്‍ ചെയ്യാന്‍ തൊഴിലാളികളെ പര്യാപ്തരാക്കി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജന.

 

  comment

  LATEST NEWS


  താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം


  സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍


  കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത


  ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്


  വിജയയാത്ര നാളെ കൊല്ലത്ത്


  കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ


  സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ; ഗ്രാമിന് 65 രൂപ കുറഞ്ഞു, ഇന്നത്തെ വില പവന് 33,440 രൂപ


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.