login
കന്യാകുമാരിയില്‍ രണ്ടുനാളുകള്‍

ശിബിരത്തില്‍ പങ്കെടുത്ത ഓരോ ആളുടെയും അഭിപ്രായ പ്രകടനം വൈദ്യജി ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പൊതു ചര്‍ച്ചയില്‍ പലര്‍ക്കും സജീവമായി പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായത് ഭാഷ മൂലമായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും സുലഭമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ അവിടെ ബൈഠക് നടക്കുമ്പോള്‍ കുടുംബാംഗങ്ങളില്‍ പത്ര പ്രൊഫഷണലുകളല്ലാത്തവര്‍ക്ക് കന്യാകുമാരി കണ്ടാസ്വദിക്കാന്‍ അവസരമുണ്ടായി.

ഡിസംബര്‍ 19-ാം തീയതി നാഗ്പൂരില്‍ അന്തരിച്ച മാധവ ഗോവിന്ദ വൈദ്യയെ അനുസ്മരിച്ചുകൊണ്ട് ജന്മഭൂമിയില്‍ ഹൃദയംഗമമായ സംവേദന ഉള്‍ക്കൊണ്ട് അഭിപ്രായങ്ങള്‍ വരികയുണ്ടായി. ശതാവധാനിയെന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ''വിതൗട്ട്  ഫേവര്‍ ഓര്‍ ഫിയര്‍'' എന്ന തത്വം അദ്ദേഹം എന്നും പുലര്‍ത്തി. സത്യസ്‌നേഹിയായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമാകുന്നതിനു രണ്ടു വര്‍ഷം മുമ്പ് ജനിച്ച വൈദ്യജി ബാല്യത്തില്‍   തന്നെ സംഘസ്ഥാപകനായിരുന്ന പൂജനീയ ഡോക്ടര്‍ ഹെഡ്‌ഗേവാറുടെ സ്‌നേഹാകര്‍ഷണ വലയത്തില്‍ വന്നു. സംഘത്തിനു സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ തനമന ധനാദികള്‍. രണ്ടു പുത്രന്മാര്‍ പ്രചാരകരായി സമുന്നത ചുമതലകള്‍ വഹിച്ച് അച്ഛന്റെ പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നു .

മാഗോ വൈദ്യജി അഖിലഭാരത ബൗദ്ധിക് പ്രമുഖ് ആയിരുന്നപ്പോള്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ഒരു ശിബിരത്തില്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ എത്തിയിരുന്നു. ശിബിരം നടന്നത് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തിലായിരുന്നു. അന്നു പ്രാന്തപ്രചാരകനായിരുന്ന എസ്. സേതുമാധവനും ശിബിരത്തിലുണ്ടായിരുന്നു. 1997 ല്‍ ആണെന്നാണ് എന്റെ ഓര്‍മ. അതൊരു കുടുംബ സംഗമമായിട്ടാണ് ആസൂത്രണം ചെയ്യപ്പെട്ടത്. ജന്മഭൂമി, മാതൃഭൂമി, ഇന്ത്യന്‍ എക്‌സ്പ്രസ്, കേസരി-മനോരമ, മംഗളം എന്നീ പത്രങ്ങളിലെ ജീവനക്കാര്‍ കുടുംബസഹിതം അതില്‍ സംബന്ധിച്ചിരുന്നു. സ്വാഭാവികമായും സ്വയംസേവകരാണെന്നു പറയേണ്ടതില്ലല്ലോ. മാധ്യമരംഗത്ത് സംഘത്തിന്റെ സന്ദേശം ഭാവാത്മകമായ വിധത്തില്‍ പ്രസരിക്കുന്നതിനുദ്ദേശിച്ചാണ് ആ പരിപാടി ആസൂത്രണം ചെയ്യപ്പെട്ടത്.

പരമേശ്വര്‍ജി കേന്ദ്രത്തില്‍ ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും അദ്ദേഹം ആ ദിവസങ്ങളില്‍  മറ്റെവിടെയോ പോകേണ്ടിവന്നതിനാല്‍ ആ സാന്നിദ്ധ്യം ലഭിച്ചില്ല. പക്ഷേ വിവേകാനന്ദ കേന്ദ്രത്തില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.

പരിപാടിയില്‍ പങ്കെടുത്തവര്‍ തിരുവനന്തപുരത്ത് എത്തിയശേഷം കന്യാകുമാരിയിലേക്കു പിറ്റേന്ന് രാവിലെ ഒരുമിച്ച് ബസ്സില്‍ പോകുകയായിരുന്നു. തിരുവനന്തപുരത്ത് വന്നവര്‍ക്ക് താമസിക്കാന്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ജന്മഭൂമിയില്‍നിന്ന് കെ. കുഞ്ഞിക്കണ്ണന്‍, കാവാലം ശശികുമാര്‍, ഗോപിനാഥ്, എ. ദാമോദരന്‍ എന്നിവര്‍ക്കു പുറമെ ഞാനുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഞാനും കുടുംബവും തപസ്യ സെക്രട്ടറിയായിരുന്ന കെ.പി.മണിലാലിന്റെ വീട്ടില്‍ താമസിച്ചു. എ. ദാമോദരനും കാവാലവും കുഞ്ഞിക്കണ്ണന്റെ വീട്ടിലായിരുന്നുവെന്നാണോര്‍മ.

തലേന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനവും നടത്തി. കന്യാകുമാരിയിലെത്തിയപ്പോഴേക്കും ക്ഷീണമായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിലെ താമസ സൗകര്യം വളരെ സുഖപ്രദമായി. ഫാമിലി റൂമുകള്‍ ഉണ്ടായിരുന്നതാണ് ലഭിച്ചത്. അവിടത്തെ വെള്ളത്തിന് ഉപ്പുരസമുണ്ടായിരുന്നതിനാല്‍ അതുപയോഗിക്കുമ്പോള്‍ നേരിയ അസ്വാരസ്യം അനുഭവപ്പെട്ടു. കുടിക്കാന്‍ നല്ല വെള്ളം വേറെ നല്‍കപ്പെട്ടിരുന്നു.

രാവിലെ കന്യാകുമാരി ദേവീ ക്ഷേത്രദര്‍ശനം നടത്തിയതു വളരെ ഉന്മേഷദായകമായി. സര്‍വാഭരണ ഭൂഷിതയായ ദേവീദര്‍ശനം മഹാഭാഗ്യം തന്നെയായിരുന്നു. പ്രാചീനമായ ദേവീ വിഗ്രഹത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചാര്‍ത്തി വന്ന മുക്കൂത്തി പിന്നീട് ലോകപ്രസിദ്ധമായിത്തീര്‍ന്നു. അതിന്റെ പ്രഭ കടലില്‍ വളരെ ദൂരത്തു സഞ്ചരിക്കുന്ന നാവികര്‍ക്കും കാണാമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അത് ദീപസ്തംഭം പോലെ വഴികാട്ടിയിരുന്നുവത്രേ. ഒരു പറങ്കിക്കപ്പിത്താന്‍ അതപഹരിച്ചുകൊണ്ടുപോയി യൂറോപ്പിലെ രത്‌നമാര്‍ക്കറ്റില്‍ വിറ്റു. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ശേഖരത്തിലാണതവസാനം എത്തിപ്പെട്ടത്. ഇന്ന് ലോകപ്രസിദ്ധമായ രത്‌നങ്ങളുടെ പട്ടികയില്‍ അതിന്റെ പൂര്‍ണവിവരണം നമുക്ക് ലഭ്യമാണ്. ബ്രാഹ്മണ പൂജാരിയുടെ വേഷം ധരിച്ചായിരുന്നു കപ്പിത്താന്‍ അകത്തുകയറിയതെന്നും, മൗനവ്രതം അഭിനയിച്ചുവെന്നുമാണ് ഐതിഹ്യം.

കോഴിക്കോട് ജില്ലയില്‍നിന്ന് വിവേകാനന്ദ ശിലാസ്മാരക പ്രവര്‍ത്തനത്തിനായി എത്തി മാനനീയ ഏകനാഥ്ജിയുടെ പോരാളി നാവികരാകാന്‍ സമര്‍പ്പിത സേവനം നടത്തിയ സ്വയംസേവകരില്‍ ചിലര്‍ അന്നു അവിടെയുണ്ടായിരുന്നു. അവരില്‍ ബാലന്റെയും നാരായണന്റെയും മറ്റും വീടുകളില്‍ പോയി അല്‍പ്പസമയം ചെലവഴിക്കാനും എനിക്കും കുടുംബത്തിനും അന്നവസരം ലഭിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കേന്ദ്രത്തില്‍ മടങ്ങി പ്രാതല്‍ കഴിഞ്ഞായിരുന്നു ആ പരിപാടിയുടെ യഥാര്‍ത്ഥ ഉദ്ദേശ്യമനുസരിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും നടന്നത്. മുമ്പ് ഇത്തരം പരിപാടികളില്‍ പങ്കെടുത്തത് കേവലം പ്രൊഫഷണല്‍ സ്വഭാവമുള്ള ചര്‍ച്ചകള്‍ക്കായിട്ടായിരുന്നു. കേരള പ്രസ് അക്കാദമി നടത്തിയ പല പരിപാടികളിലും പങ്കെടുത്തതോര്‍ക്കുന്നു. ഏറ്റവും പ്രധാനം പത്രഭാഷാ സെമിനാര്‍ ആയിരുന്നു. എന്‍.വി. കൃഷ്ണവാര്യര്‍, എ.പി.ഉദയഭാനു, പി. ഗോവിന്ദപ്പിള്ള, വി.ടി. ഇന്ദുചൂഡന്‍ തുടങ്ങിയ പ്രമുഖര്‍ അവയില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു. എല്ലാവരുടെയും ആചാര്യസ്ഥാനത്ത് സാക്ഷാല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധമവതരിപ്പിച്ചുള്ള പ്രഭാഷണം ചൈനീസ് ഉച്ചാരണങ്ങളില്‍ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി കൈവരിച്ച സാജാത്യങ്ങളും മറ്റും വിശദീകരിച്ചായിരുന്നു. ചൗ എന്‍ലായ്, മാവോ, ചൂട്ടേ മുതലായ ഇതിഹാസ നായകന്മാരുടെയും ചീനാ നഗരങ്ങളുടെയും പേരുകളുടെ ഉച്ചാരണവും മറ്റും എങ്ങനെ കമ്യൂണിസ്റ്റ് ഭരണം പരിഷ്‌കരിച്ചു, ചീനയുടെ മൂല്യത്തനിമ അതില്‍ കൈവരിച്ചു എന്നും മറ്റുമാണ് വിശദീകരിച്ചത്. മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ പത്രരംഗത്തില്‍ കേരളത്തിലും ഒരു പരിവര്‍ത്തനം വരുത്തണമെന്നദ്ദേഹം ആഗ്രഹിച്ചിരിക്കും. ഏതായാലും അവസാനം പത്രഭാഷ എന്ന പേരില്‍ അക്കാദമി പ്രസിദ്ധീകരിച്ച ആ സെമിനാറിന്റെ പ്രഭാഷണങ്ങള്‍ സങ്കലനം ചെയ്ത പുസ്തകത്തില്‍ അവയൊന്നുമുണ്ടായില്ല എന്നതു നമ്മുടെ ഭാഗ്യം. കൃഷ്ണവാര്യര്‍ വളരെ ഭംഗിയായി നെല്ലും പതിരും വേര്‍തിരിച്ചു കൊടുത്തുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നമ്മുടെ വിഷയം കന്യാകുമാരിയിലെ പത്രകാര ശിബിരമാണല്ലൊ. അവിടെ മാ.ഗോ. വൈദ്യജിയുടെ വിഷയാവതരണം വളരെ പ്രൊഫഷണല്‍ ആയിരുന്നു. പത്രമര്യാദകള്‍ പാലിച്ചുകൊണ്ടുതന്നെ വേണം ഓരോ വിഷയത്തെയും കൈകാര്യം ചെയ്യാന്‍ എന്നദ്ദേഹം പറഞ്ഞു. ഭാവാത്മകമായ വിമര്‍ശനത്തിനതീതമായി ഒരു പ്രസ്ഥാനമോ സംഘടനയോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പലപ്പോഴും സംഘത്തിലെ പല പ്രമുഖര്‍ക്കും രസിക്കാത്ത വിധത്തില്‍ മുഖപ്രസംഗങ്ങളും മുഖ്യ ലേഖനങ്ങളും എഴുതാനിടയായതും, അതിന്റെ പേരില്‍ രോഷത്തിനു വിധേയനായതും അദ്ദേഹം അനുസ്മരിച്ചു. സംഘവിരുദ്ധ പത്രമാസികകള്‍ പലപ്പോഴും ഇത്തരം അവസരങ്ങളില്‍ തരുണ ഭാരത് പത്രത്തിലും ഓര്‍ഗനൈസര്‍, പാഞ്ചജന്യം വാരികകളിലും വന്ന, അടല്‍ജി പ്രധാനമന്ത്രിയായിരുന്ന കാലത്തെ വിമര്‍ശനങ്ങളെ പൊക്കിപ്പിടിച്ചു കോലാഹലങ്ങള്‍ സൃഷ്ടിച്ചത് ഓര്‍ക്കാവുന്നതാണ്.

ശിബിരത്തില്‍ പങ്കെടുത്ത ഓരോ ആളുടെയും അഭിപ്രായ പ്രകടനം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പൊതു ചര്‍ച്ചയില്‍ പലര്‍ക്കും സജീവമായി പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായത് ഭാഷ മൂലമായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും സുലഭമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ അവിടെ ബൈഠക് നടക്കുമ്പോള്‍ കുടുംബാംഗങ്ങളില്‍ പത്ര പ്രൊഫഷണലുകളല്ലാത്തവര്‍ക്ക് കന്യാകുമാരി കണ്ടാസ്വദിക്കാന്‍ അവസരമുണ്ടായി. ഓരോ ആളും താന്താങ്ങളുടെതായ ഗ്രൂപ്പുണ്ടാക്കി. ക്ഷേത്ര സമീപത്തേക്കും കൗതുകവസ്തു വ്യാപാരം നടക്കുന്നിടത്തേക്കും പോയി. തീര്‍ത്ഥങ്ങള്‍ കണ്ടു, കന്യാകുമാരി ദേവി ശിവനെ തപസ്സു ചെയ്ത പാദം പതിഞ്ഞ സ്ഥലമാണ് ശ്രീപാദപ്പാറ. നേരം വെളുക്കും മുന്‍പ് കൈലാസത്തുനിന്ന് ഭഗവാന്‍ കന്യാകുമാരിയിലെത്തി പാണിഗ്രഹണം നടത്തേണ്ടിയിരുന്നു. ശുചീന്ദ്രത്തെത്തിയപ്പോഴേക്കും സൂര്യനുദിച്ചതിനാല്‍ ശിവന്‍ അവിടെ സ്ഥാണുമാലയപ്പെരുമാളായി നിലയുറപ്പിച്ചു. ദേവി നിത്യകന്യാകുമാരിയായി സമുദ്രതീരത്തും. വിവാഹസല്‍ക്കാരത്തിനായി സംഭരിച്ചിരുന്ന അരി മണലായി മാറി. മുനമ്പിന്റെ പടിഞ്ഞാറു ഭാഗത്തെ കടല്‍ത്തീരത്തു കാണുന്ന ഒന്നു നുറുങ്ങിയ അരിയുടെ രൂപത്തിലുള്ള മണല്‍ അതാണത്രേ.

വൈകുന്നേരം എല്ലാവരും ചേര്‍ന്ന് പാറയില്‍ പോയി. കടത്തിലുള്ള യാത്ര ഉല്ലാസപ്രദമായി. ശിലാസ്മാരകം മുഴുവന്‍ വിശദമായി കണ്ട് കണ്‍ കുളിര്‍ത്തു. മനസ്സും ആത്മാവും കൂടുതല്‍ തെളിച്ചം കൊണ്ടതുപോലെയായി. സ്വാമി വിവേകാനന്ദന്‍ ധ്യാനത്തില്‍നിന്നുണര്‍ന്ന് വിശ്വദിഗ്‌വിജയത്തിന് സന്നദ്ധനായിനിന്ന്, മുന്‍വശത്തുള്ള ദേവീ പാദത്തില്‍ കണ്ണുനട്ട് പുറപ്പെടാന്‍ ആയുന്ന ഭാവത്തിലുള്ള പ്രതിമ ഏകനാഥ്ജി റാനഡേയുടെ വിചാരത്തിനനുസൃതമായി പ്രതിഷ്ഠിക്കപ്പെട്ടതാണല്ലൊ. ശിബിരാംഗങ്ങളും കുടുംബാംഗങ്ങളും വൈദ്യാജിയോടും സേതുവേട്ടനോടുമൊപ്പം നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്ന തരത്തില്‍ ഏതാനും ചിത്രങ്ങള്‍കൂടി എടുക്കുകയുണ്ടായി. അതിനുശേഷം എല്ലാവരും കരയിലേക്കു മടങ്ങി. ചിത്രത്തില്‍ കാണുന്ന പല ബാലികാ ബാലന്മാരും പിന്നീട് പത്രപ്രവര്‍ത്തന രംഗത്തുവരികയും പ്രമുഖ ജേര്‍ണലിസ്റ്റുകളാവുകയും ചെയ്തു.

വിവേകാനന്ദ കേന്ദ്രത്തിന്റെ സ്വന്തം കടല്‍ത്തീരത്തു ഏകനാഥ്ജി സംവിധാനം ചെയ്ത രംഗങ്ങളും എല്ലാവരും ചേര്‍ന്നു സന്ദര്‍ശിച്ചു. അവിടെ വിശ്വവിജയത്തിനു തിരിച്ച സ്വാമിജിയുടെ പ്രതിമയും, സ്മാരകത്തിന്റെയും വിവേകാനന്ദ കേന്ദ്രത്തിന്റെയും, അതിനെ അവലംബിച്ചു പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെയും വിഭാവനം നിര്‍വഹിച്ച ഏകനാഥ് റാനഡേയുടെ സമാധിയിലും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എല്ലാവരും മടങ്ങി. അവിടെ രണ്ടു ദിവസം നിലനിന്ന വിജ്ഞാന നിര്‍ഭരമായ കുടുംബാന്തരീക്ഷത്തിന് വൈദ്യാജിയുടെ സമാപന സന്ദേശത്തോടെ വിരാമമായി.

ഒരിക്കലും മറക്കാനാവാത്ത രണ്ടു ധന്യ ദിവസങ്ങളാണ് മാധവ ഗോവിന്ദ വൈദ്യയുടെ സാന്നിദ്ധ്യത്തില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടിയത്.

 

 

 

 

 

comment

LATEST NEWS


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു


കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്


രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി


ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന്‍ സ്റ്റാര്‍ ഗ്രാമം


കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും


കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍


കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല


വീണ്ടും പക്ഷിപ്പനി; ആലപ്പുഴ കൈനകരിയില്‍ വൈറസ് സ്ഥിരീകരിച്ചു, പ്രദേശത്ത് കള്ളിങ് നടത്തും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.