login
സംസ്‌കൃതിയെ സ്‌നേഹിച്ച ഒരാള്‍

ആയുര്‍വേദ മരുന്നുകള്‍ക്ക് മൗലികമായി മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും, പുതിയ സമ്മിശ്രണങ്ങളും പൊതിയലുകളും ഗവേഷണങ്ങളും നടക്കുന്നതിന് മുന്നില്‍നിന്ന ആളായിരുന്നു കൃഷ്ണകുമാര്‍. അതോടൊപ്പം ഹിന്ദുസമാജത്തിന്റെ പൊതുവായ അഭിവൃദ്ധിക്കുള്ള ഉല്‍ക്കണ്ഠയും താല്‍പര്യവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ വലിയ നഷ്ടബോധം തോന്നി. അരനൂറ്റാണ്ടുകാലമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന മഹദ് വ്യക്തികളില്‍ ഒരാളായിരുന്ന അദ്ദേഹം ആയുര്‍വേദത്തിന്റെ അഭിവൃദ്ധിക്കായി ചെയ്തസേവനങ്ങളും, അതില്‍ കൈവരിച്ച നേട്ടങ്ങളും വളരെ വിലപ്പെട്ടവയാണ്. സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2004 ല്‍ എറണാകുളത്തു സംഘടിപ്പിച്ച വിശ്വ ആയുര്‍വേദ സമ്മേളനത്തിന്റെ വിജയത്തിന് കൃഷ്ണകുമാറിന്റെ സംഭാവന അതീവ മഹത്തായിരുന്നു. ഭാരതീയ ചികിത്സാ രീതിയെന്നു പറയാവുന്ന എല്ലാ സമ്പ്രദായങ്ങളെയും അതില്‍ സഹകരിപ്പിക്കാനും, അവയ്ക്ക് ആധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും, ശാസ്ത്ര പ്രസ്ഥാനത്തിന്റെ നായക സ്ഥാനത്തുണ്ടായിരുന്ന ഡോ. കെ. ഐ. വാസുവും കെ.ജയകുമാറും അവസരമുണ്ടാക്കിയിരുന്നു.

അടിയന്തരാവസ്ഥയ്ക്കു മുന്‍പുതന്നെ ഡോ. കൃഷ്ണകുമാര്‍ സംഘപ്രസ്ഥാനങ്ങളുമായി ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചുവന്നിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്രീയ ഖജാന്‍ജിയായും ചുമതല വഹിച്ചു. മേഴത്തൂരിലെ രാമവാര്യര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നെ കോയമ്പത്തൂരില്‍ സ്വന്തമായി വൈദ്യശാല ആരംഭിച്ചു. തന്റെ വൈദ്യവൈദഗ്ദ്ധ്യം മൂലം അതിനെ വളര്‍ത്തിയെടുക്കുകയായിരുന്നു. ആ സ്ഥാപനം ഇന്ന് ചികിത്സാരംഗത്തും ഔഷധനിര്‍മാണരംഗത്തും ഗവേഷണ രംഗത്തും മുന്‍നിര സ്ഥാപനമായിക്കഴിഞ്ഞു.

ഹിന്ദു സമാജവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍  അതീവ താല്‍പ്പര്യമെടുത്തുവന്ന ആളായിരുന്നു കൃഷ്ണകുമാര്‍. ഷൊര്‍ണൂര്‍ കേരളീയ ആയുര്‍വേദ സമാജം വക ആയുര്‍വേദ കോളജില്‍ പഠിച്ചിരുന്ന കാലത്തു യാദൃച്ഛികമായാണ് കൃഷ്ണകുമാറിനെ പരിചയപ്പെട്ടത്.

ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനം കോഴിക്കോട്ട് നടന്നപ്പോള്‍ അതിന്റെ സഞ്ചാലന ചുമതല വഹിക്കാന്‍ എത്തിയ രാംഭാവു ഗോഡ്‌ബോലെ എന്ന മുതിര്‍ന്ന പ്രചാരകന്, ആയുര്‍വേദ ചികിത്സ ചെയ്താല്‍ കൊള്ളാമെന്ന ഉപദേശം ലഭിച്ചിരുന്നു. കേരളത്തിലെ പ്രശസ്തരായ ആരെയെങ്കിലും സമീപിക്കാനായിരുന്നു താല്‍പ്പര്യം. അന്ന് വൈദ്യമഠം വലിയ നാരായാണന്‍ നമ്പൂതിരി, പ്രധാന വൈദ്യനായിരുന്നു. അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച് പരിശോധനയും  ചികിത്സയും തീയതിയും നിശ്ചയിക്കപ്പെട്ടു. യാദൃച്ഛികമായി അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്ന എരുമപ്പെട്ടിക്കാരന്‍ ഒ.എസ്. കൃഷ്ണനെ പരിചയപ്പെട്ടു. അദ്ദേഹം ആയുര്‍വേദ കോളജിലെ സംഘശാഖയുടെ ചുമതലക്കാരനുമായിരുന്നു. വിവരങ്ങള്‍ സംസാരിച്ചപ്പോള്‍ സ്വയംസേവകരും സംഘാനുകൂലികളുമായ ധാരാളം വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടെന്നറിഞ്ഞു. അവര്‍ സന്തോഷപൂര്‍വം ഗോഡ്‌ബോലെജിയുടെ സൗകര്യങ്ങള്‍ നോക്കാന്‍ സമ്മതിച്ചു. കോളജില്‍ ചികിത്സയ്ക്കും താമസത്തിനും ഫാമിലി ക്വാര്‍ട്ടേഴ്‌സ് എടുക്കാനായി അദ്ദേഹത്തെത്തന്നെ അവ കാണിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും വ്യവസ്ഥ ചെയ്തു.

നിശ്ചിത ദിവസം വൈദ്യമഠത്തെ കണ്ട് വിശദമായ പരിശോധനയും ചികിത്സാ നിര്‍ണയവുമൊക്കെക്കഴിഞ്ഞ് ആ വീട്ടില്‍ എത്തി. അവിടെ എത്തിയ  വൈദ്യ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പി.ആര്‍.കൃഷ്ണകുമാര്‍. അനധ്യായ സമയങ്ങളില്‍ വിശേഷിച്ചും വൈകുന്നേരങ്ങളില്‍ അവര്‍ ഗോഡ്‌ബോലെജിയുടെ ചുറ്റും ഇരുന്ന് ആകാശത്തിനു കീഴെയുള്ള വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തു. ഡോക്ടര്‍ജിയുടെ കാലത്തുതന്നെ സ്വയംസേവകനായിരുന്ന ഗോഡ്‌ബോലെജിയുടെ സഹവാസം അവരെയെല്ലാം സംഘത്തില്‍ ഉറപ്പിച്ചുവെന്നു തന്നെ പറയാം. ഷൊര്‍ണ്ണൂരില്‍ പ്രചാരകനായിരുന്ന (പരേതനായ) രാമനാഥന്‍ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വലഹിച്ച് വന്നു.  

ചികിത്സയുടെ പഥ്യം തെറ്റാതെ രാംഭാവുജിയുടെ മഹാരാഷ്ട്ര സമ്പ്രദായത്തിലുള്ള ഭക്ഷണം തയ്യാറാക്കാന്‍ ആളെ ഏര്‍പ്പെടുത്തിയത് രാമനാഥന്‍ തന്നെയായിരുന്നു. അദ്ദേഹം രണ്ടുവര്‍ഷം  തുടര്‍ച്ചയായി വൈദ്യമഠത്തിന്റെ ചികിത്സയ്ക്കു വിധേയനായി. താമസിച്ചിരുന്ന എടപ്പാളിലെ ഇല്ലത്തുപോയി ദക്ഷിണയും നല്‍കിയാണ് ഗോഡ്‌ബോലെജി പോയത്.

മടക്കത്തിന് സമയമായപ്പോള്‍ കൃഷ്ണകുമാര്‍ അദ്ദേഹത്തെ കോയമ്പത്തൂരിലേക്കു ക്ഷണിച്ചു. ഷൊര്‍ണ്ണൂരില്‍ നിന്ന് കോയമ്പത്തൂരിലേക്കു ട്രെയിനിലാണ് പോയത്. ആ യാത്രയും ആഹ്ലാദദായകമായിരുന്നു. അവിടെ കൃഷ്ണകുമാറിന്റെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചു. അവരുടെ സ്ഥാപനങ്ങളും വാളയാറിലെ ഫാക്ടറികളുമൊക്കെ സന്ദര്‍ശിച്ചു. സംഘത്തിന്റെ സമ്പ്രദായമനുസരിച്ച്, അതിഥിയല്ലാതെ സ്വന്തം കുടുംബാംഗമെന്ന മട്ടിലുള്ള െപരുമാറ്റം അവരെയൊക്കെ വിസ്മയിപ്പിച്ചു.

ആര്യവൈദ്യ ഫാര്‍മസിയിലെ വസതിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളൊക്കെ വന്ന് താമസിക്കുകയും ചികിത്‌സയ്ക്കു വിധേയരാകുകയും പതിവായിരുന്നു. ഇഎംഎസ്, അച്ചുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, കെ. കരുണാകരന്‍ മുതലായവര്‍ സ്ഥിരക്കാരായിരുന്നു. ഇഎംഎസ്സുമായുള്ള അടുപ്പം മൂലം ആ കുടുംബത്തിനു പൊതുവെ ഇടതുഛായയായിരുന്നു. രാംഭാവു ഗോഡ്‌ബോലെയുമായുള്ള ബന്ധംമൂലം അതിന് മെല്ലെ മാറ്റം വന്നു.

അതിനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്  കോയമ്പത്തൂരിലെ മണി ഹൈസ്‌കൂളില്‍ സംഘശിക്ഷാവര്‍ഗ് നടന്നപ്പോള്‍ ഗുരുജിയുടെ സന്ദര്‍ശനവേളയില്‍ അവിടത്തെ പൗരപ്രമുഖരെ അദ്ദേഹവുമായി പരിചയപ്പെടാന്‍ ക്ഷണിച്ചിരുന്നു. അവിടെ പ്രചാരകനായിരുന്ന റാംജി പരിചയപ്പെടുത്തിയവരില്‍ രാമവാര്യരുമുണ്ടായിരുന്നു. പിന്നീട് പരമേശ്വര്‍ജിയുടെ ചികിത്‌സയും അവിടെത്തന്നെ നടത്തി. അടുത്തുതന്നെ ചികിത്‌സാലയം പുതിയതായി പണികഴിപ്പിച്ചുെവങ്കിലും സംഘത്തിലെ മുതിര്‍ന്നവര്‍ക്ക് വീട്ടിലെ അതിഥിമന്ദിരംതന്നെ ഏര്‍പ്പാടു ചെയ്യാനായിരുന്നു രാമവാര്യര്‍ക്കും കൃഷ്ണകുമാറിനുംതാല്‍പ്പര്യം.

അടിയന്തരാവസ്ഥക്കാലത്തും ഒരിക്കല്‍ അവിടെ താമസിക്കാന്‍ അവസരമുണ്ടായി. 1977 ല്‍ ജനതാപാര്‍ട്ടി രൂപീകരണത്തിനു മുമ്പത്തെ സമ്മേളനത്തിലും കൃഷ്ണകുമാര്‍ സംബന്ധിച്ചിരുന്നു. ആ സമയത്ത് 'റോ' എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഗുരുവായൂരിലെ ഹരിഭാസ്‌കറെ കണ്ടാല്‍ കൊള്ളാമെന്ന പരമേശ്വര്‍ജിയുടെ താല്‍പര്യം കൃഷ്ണകുമാറുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹംതന്നെ അവിടെ കൊണ്ടുപോയി. വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ആ സമാഗമം എല്ലാവര്‍ക്കും സന്തോഷപ്രദമായി.

കൃഷ്ണകുമാര്‍ പിന്നീട് വിശ്വഹിന്ദുപരിഷത്തില്‍ താല്‍പ്പര്യമെടുക്കുകയും, അശോക്ജിയുമായി അടുക്കുകയും ചെയ്തു. ജന്മഭൂമി ആരംഭിച്ചതിനുശേഷം ഞങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറഞ്ഞുവെന്നു പറയാം. അപൂര്‍വമായേ കാണാന്‍ അവസരമുണ്ടായിരുന്നുള്ളൂ. എറണാകുളത്ത് ഭാസ്‌കരീയത്തിന്റെ ഉദ്ഘാടനത്തിന് മോഹന്‍ജി ഭാഗവതും അശോക് സിംഗാളും വന്നിരുന്നു. അവിടെ കൃഷ്ണകുമാറുമുണ്ടായിരുന്നു. പഴയ പ്രസരിപ്പും ഊര്‍ജസ്വലതയും പോയിത്തുടങ്ങിയോ എന്നു സംശയം തോന്നി. ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ അടുത്തടുത്തിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. വ്യക്തിപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍.

ആയുര്‍വേദ മരുന്നുകള്‍ക്ക് മൗലികമായി മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും, പുതിയ സമ്മിശ്രണങ്ങളും പൊതിയലുകളും ഗവേഷണങ്ങളും നടക്കുന്നതിന് മുന്നില്‍നിന്ന ആളായിരുന്നു പരേതന്‍. അതോടൊപ്പം ഹിന്ദുസമാജത്തിന്റെ പൊതുവായ അഭിവൃദ്ധിക്കുള്ള ഉല്‍ക്കണ്ഠയും താല്‍പ്പര്യവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രാരംഭം മുതല്‍ അതില്‍ സഹകരിച്ച് ദേശീയ രക്ഷാധികാരിയായതുതന്നെ അതിനുദാഹരണമാണല്ലോ. അവിനാശലിംഗം സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന അദ്ദേഹം ജന്മഭൂമിയുടെ വികസനസമിതി ചെയര്‍മാനായിരുന്നു. അവിസ്മരണീയനായ അദ്ദേഹത്തിന്റെ സ്മരണയ്ക്കു ആദരവര്‍പ്പിക്കുന്നുവെന്നു പറഞ്ഞാല്‍ ഔപചാരികതയേ ആകൂ. ആ വികാരം എത്രയോ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നു.

 

comment
  • Tags:

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.