പഞ്ചായത്ത് ദിനാഘോഷം 18 നും 19 നും
* വയനാട് വൈത്തിരി വില്ലേജ് വേദിയാകും
വൈത്തിരി :ഈ വര്‍ഷത്തെ പഞ്ചായത്ത് ദിനാഘോഷം 18 നും 19 നും വയനാട് വൈത്തിരി വില്ലേജില്‍ നടക്കും. ദിനാഘോഷത്തിന്റെ ഉദ്ഘാടനം 18 ന് രാവിലെ പത്തിന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, വി.എസ് സുനില്‍കുമാര്‍, ഡോ. കെ.ടി ജലീല്‍, കെ. കൃഷ്ണന്‍കുട്ടി, പ്രൊ. സി. രവീന്ദ്രനാഥ്, എ.കെ ശശീന്ദ്രന് എന്നിവരും എം.എല്‍.എമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
17 ന് രാവിലെ പത്ത് മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കില, വിവിധ മിഷനുകള്‍, എം.ജി.എന്‍.ആര്.ഇ.ജി.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നടക്കും. നവകേരള നിര്‍മ്മിതിയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍.സീമ ഉദ്ഘാടനം ചെയ്യും. 18ന് ഉച്ചക്ക് രണ്ട് മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമ്പത്തിക സ്വയംപര്യാപ്തതയും എന്ന വിഷയത്തില്‍ സംസ്ഥാന ധനകാര്യ കമ്മീഷന് ചെയര്മാന് എസ്.എം വിജയാനന്ദ് പ്രഭാഷണം നടത്തും. തുടര്‍ന്ന് ദുരന്ത നിവാരണ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.
19 ന് സംഘടിപ്പിക്കുന്ന പൊതു സമ്മേളനം മന്ത്രി എ.സി.മൊയ്തീന് ഉദ്ഘാടനം ചെയ്യും. വകുപ്പ് മേധാവികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംശയ നിവാരണം നടത്തും. സമാപന സമ്മേളനത്തില്‍ മികച്ച തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫിയും പുരസ്കാരങ്ങളും സമ്മാനിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: