login
പെരിയാര്‍ യുക്തിചിന്തകനോ മനുഷ്യസ്‌നേഹിയോ ആയിരുന്നില്ല; ഹിന്ദു വിരുദ്ധനും ബ്രിട്ടീഷ് അനുകൂലിയും; അംബേദ്ക്കറെ അപമാനിച്ചു

പരിയാ ജാതിക്കാരായ ദളിത് സ്ത്രീകള്‍ ജാക്കറ്റ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് തുണികള്‍ക്ക് വില കൂടാന്‍ തുടങ്ങിയത് എന്ന് ഒരു മീറ്റിങ്ങില്‍ വച്ച് അദ്ദേഹം വളരെ ആക്ഷേപകരമായി പറഞ്ഞു

ഹിന്ദു സംസ്‌കൃതിയെ അവഹേളിച്ച് തമിഴ് ജനതയുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ കറുപ്പര്‍ കൂട്ടം എന്ന ദ്രാവിഡ വംശീയ തീവ്രവാദ സംഘടന ഇപ്പോള്‍ വര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. ഇത്തരം വംശീയ തീവ്രവാദത്തിലേക്ക് തമിഴകത്തെ തള്ളിവിട്ടതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ഇ വി രാമസാമി നായ്ക്കര്‍. ഇ വി ആറിന്റെ അധികം ആര്‍ക്കും അറിയാത്ത മുഖങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഈ ലേഖനത്തില്‍ അരവിന്ദന്‍ നീലകണ്ഠന്‍. സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ രാജീവ് മല്‍ഹോത്രയുമായി ചേര്‍ന്ന് 'ബ്രേക്കിംഗ് ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ച വ്യക്തിയാണ് കന്യാകുമാരി സ്വദേശിയായ അരവിന്ദന്‍ നീലകണ്ഠന്‍.

ഇ വി ആര്‍ എന്നറിയപ്പെടുന്ന ഇ വി രാമസാമി (1879 - 1973), അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത് 'പെരിയാര്‍' എന്നാണ്. സമൂഹത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന, അഥവാ അങ്ങനെ വീക്ഷിക്കപ്പെട്ടിരുന്ന സാമൂഹ്യ തിന്മകളെ തന്റെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് വളമായി ഉപയോഗപ്പെടുത്തിയ മനുഷ്യനായിരുന്നു അദ്ദേഹം. ഒരു യുക്തിചിന്തകനോ മനുഷ്യസ്‌നേഹിയോ ആയിരുന്നില്ല മറിച്ച് ഒരു ഹിന്ദു വിരുദ്ധനും ബ്രിട്ടീഷ് അനുകൂലിയുമായിരുന്നു ഇ വി ആര്‍. ഭീംറാവു റാംജി അംബേദ്ക്കറുമായി ഇ വി ആറെ താരതമ്യം ചെയ്യുന്നവര്‍ മഹാനായ രാഷ്ട്രശില്പിയും ദേശസ്‌നേഹിയുമായിരുന്ന അംബേദ്ക്കറുടെ സ്മരണകളെ അപമാനിക്കുകയാണ്.

ഇ വി ആറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍
 

1. നാസികളുടെ ശൈലിയിലുള്ള വംശീയ വിദ്വേഷവും ബ്രാഹ്മണ വിരോധവും പ്രചരിപ്പിച്ചു

ഇന്ന് ഇ വി ആറിനു വേണ്ടി സാക്ഷ്യം പറയുന്നവരില്‍ പലരും ബ്രാഹ്മണര്‍ക്കെതിരേ ഇ വി ആര്‍ വംശീയ വിദ്വേഷം പ്രചരിപ്പിച്ചിട്ടില്ല എന്ന് വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ തന്റെ അജണ്ട വളരെ വ്യക്തമായി ഇ വി ആര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ജര്‍മ്മനിയില്‍ അധികാരത്തിലേക്കുള്ള ഹിറ്റ്‌ലറുടെ ഉയര്‍ച്ചയോടെ, താന്‍ എഡിറ്ററായിരുന്ന മാസികയില്‍ ബ്രാഹ്മണര്‍ക്ക് മുന്നറിയിപ്പു കൊടുത്തുകൊണ്ട് ഇ വി ആര്‍ എഴുതി. സ്വയം തിരുത്തണമെന്നും അല്ലെങ്കില്‍ ജര്‍മ്മനിയിലെ ജൂതരുടെ പലായനത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറായിക്കൊള്ളാനും ആയിരുന്നു ആ നിര്‍ദ്ദേശം. ഹിറ്റ്‌ലറുടെ പതനത്തിനു ശേഷവും, സ്വന്തം അനുയായികളോട് സംസാരിക്കുമ്പോള്‍ ഇതു തന്നെയായിരുന്നു ഇ വി ആറിന്റെ സമീപനം.

'പര്‍പ്പണന്മാരെ ഈ ദേശത്തു നിന്ന് അടിച്ചോടിക്കണം' 1954 ജനുവരി 29 ന് ഇ വി ആര്‍ എഴുതി. (പര്‍പ്പണന്‍ എന്നത് ദ്വിജന്‍ എന്ന പദത്തിന് തുല്യമായ ബഹുമാന സൂചകമായ തമിഴ് പദം ആയിരുന്നെങ്കിലും, ദ്രാവിഡ രാഷ്ട്രീയക്കാര്‍ അതിനെ ഒരു നികൃഷ്ട പദമാക്കി മാറ്റി). 'ഒരുവന്‍ എത്ര തന്നെ യുക്തിചിന്തകനോ, നിരീശ്വരവാദിയോ ആയിരുന്നാലും ബ്രാഹ്മണന്‍ ആണെങ്കില്‍, അയാളെ നമ്മുടെ സംഘടനയില്‍ ചേര്‍ക്കാന്‍ പറ്റില്ല' (1967 ഒക്ടോബര്‍ 20).

ഇ വി ആറിനെ കാണാന്‍ അദ്ദേഹത്തിന്റെ ആസ്ഥാനത്തേക്ക് ചെന്ന ബ്രാഹ്മണരായ റിപ്പോര്‍ട്ടര്‍മാരെ നിര്‍ദ്ദാക്ഷിണ്യം പുറത്തേക്ക് തള്ളാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായി ഇ വി ആറിന്റെ സുഹൃത്തായിരുന്ന വേ ആനൈമുത്തു തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

'തമിഴര്‍ തലൈവര്‍' എന്ന ഇ വി ആറിനെ കുറിച്ചുള്ള തന്റെ അപദാന പുസ്തകത്തില്‍ സാമി ചിദംബരനാര്‍ എഴുതുന്നു 'ജാതി വിവേചനത്തെ ഇല്ലാതാക്കാന്‍ ഗാന്ധിയുടേയും നെഹ്രുവിന്റെയും ചിത്രങ്ങളും ഭരണഘടനയും കത്തിക്കണം. ഈ മാര്‍ഗ്ഗങ്ങളെല്ലാം നിഷ്ഫലമാവുകയാണെങ്കില്‍ നമ്മള്‍ ബ്രാഹ്മണരെ അടിക്കാനും കൊല്ലാനും തുടങ്ങണം. അവറ്റകളുടെ വീടുകള്‍ നമ്മള്‍ കത്തിക്കണം'

2. കള്ളപ്രചരണത്തിലൂടെ ഉണ്ടാക്കിയെടുത്ത സ്ത്രീ വിമോചകന്‍ എന്ന പ്രതിച്ഛായ

ഇ വി ആറിനെ പറ്റി അദ്ദേഹത്തിന്റെ അനുയായികള്‍ പുകഴ്ത്തി പാടാറുള്ളത് ഒരു വലിയ സ്ത്രീ വിമോചകന്‍ എന്നാണ്. എന്നാല്‍ അക്കാലത്തെ ഏറ്റവും വലിയ വനിതാ അവകാശ മുന്നേറ്റമായിരുന്ന സര്‍ദാ ആക്ടിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ ഇ വി ആര്‍ പങ്കെടുത്തതിന് യാതൊരു തെളിവുകളും ഇല്ല. ഒരു ഹിന്ദുത്വ വാദിയായിരുന്ന ഹര്‍ ബിലാസ് സര്‍ദ കൊണ്ടു വന്ന ഈ ആക്റ്റിനെ അംബേദ്ക്കറും ഗാന്ധിജിയും പിന്തുണച്ചു. ബാല വിവാഹത്തെ ഇല്ലാതാക്കിയ ഈ ആക്ട് വനിതാ ശാക്തീകരണത്തെ സംബന്ധിച്ച് വലിയൊരു കുതിച്ചു ചാട്ടമായിരുന്നു. തമിഴ് നാട്ടില്‍ നിന്നും ധാരാളം സ്ത്രീകള്‍ ഈ ആക്ടിനായി പോരാടിയിരുന്നു. എന്നാല്‍ ഈ പ്രക്ഷോഭങ്ങളില്‍ എവിടേയും ഇ വി ആറിനെ കാണാനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അപദാനങ്ങള്‍ എഴുതിയവര്‍ പോലും സമ്മതിക്കുന്ന കാര്യം ചുറ്റുവട്ടങ്ങളിലെ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്ന ഒരു മാടമ്പി വഷളന്‍ ആയിരുന്നു ഇ വി ആര്‍ എന്നാണ്. താഴെക്കൊടുക്കുന്ന സംഭവത്തെ അദ്ദേഹത്തിന്റെ ഒരു വലിയ തന്ത്രം ആയിട്ടാണ് ഒരു പാണന്‍ പറഞ്ഞു വച്ചിരിക്കുന്നത്.

'ഇ വി ആറിന്റെ ആദ്യ ഭാര്യ നാഗമ്മ ക്ഷേത്രത്തില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, അവരെ തന്റെ വാദമുഖങ്ങള്‍ കൊണ്ട് ബോദ്ധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് അയാള്‍ പുറത്തേക്ക് പോയി തന്റെ വഷളന്‍ സംഘത്തിലെ കൂട്ടുകാരുടെ സഹായം തേടുകയാണ് ഉണ്ടായത്. തന്റെ ഭാര്യയെ അവര്‍ക്ക് കാണിച്ചു കൊടുക്കുകയും പട്ടണത്തില്‍ പുതിയതായി എത്തിച്ചേര്‍ന്ന ദാസിയാണ് വേണമെങ്കില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ പറഞ്ഞ് അവളെക്കൊണ്ട് സമ്മതിപ്പിച്ചോളൂ എന്ന് പ്രേരിപ്പിക്കുകയും കൂടി ചെയ്തു. അതിന്റെ ഫലമായി അവര്‍ ആ സ്ത്രീയെ ക്ഷേത്രവഴിയില്‍ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യാന്‍ തുടങ്ങി. ഇതില്‍ മനം നൊന്ത നാഗമ്മ , ക്ഷേത്രത്തില്‍ പോകുന്നത് നിര്‍ത്തി. എന്നാല്‍ പിന്നീട് ഇത് തന്റെ യുക്തിവാദി ഭര്‍ത്താവ് തന്നെ ആസൂത്രണം ചെയ്ത പരിപാടിയായിരുന്നു എന്നവര്‍ മനസ്സിലാക്കി.' തമിഴ് തലൈവര്‍

3. പട്ടികജാതിക്കാര്‍ക്ക് അടിമുടി എതിര്

ഇ വി ആറിന്റെ അബ്രാഹ്മണ സ്‌നേഹത്തില്‍ എല്ലാ അബ്രാഹ്മണരും ഉള്‍പ്പെട്ടിരുന്നില്ല. പട്ടികജാതിക്കാരായ ദലിതുകളെ മറ്റ് പിന്നാക്ക ജാതിക്കാരില്‍ നിന്ന് അയാള്‍ വേര്‍തിരിച്ചു കണ്ടിരുന്നു. താന്‍ പട്ടികജാതിക്കാരല്ലാത്ത അബ്രാഹ്മണര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ഇ വി ആര്‍ വ്യക്തമാക്കിയിരുന്നു. 1950 ല്‍ അദ്ദേഹം ഇങ്ങനെ ആക്രോശിച്ചു...

'ഇന്നത്തെ സമൂഹത്തില്‍ മൂന്ന് വിഭാഗങ്ങള്‍ ഉണ്ട്. ബ്രാഹ്മണര്‍, ശൂദ്രന്മാര്‍, പഞ്ചമന്മാര്‍. ഇതില്‍ ഉയര്‍ന്ന ജാതിക്കാരായതു കൊണ്ട് ബ്രാഹ്മണര്‍ക്ക് ആവശ്യമുള്ള പരിഗണനകള്‍ കിട്ടുന്നുണ്ട്. പഞ്ചമര്‍ക്ക് താഴ്ന്ന ജാതിക്കാര്‍ എന്ന നിലയ്ക്കും ആവശ്യമുള്ള ഇളവുകള്‍ കിട്ടുന്നുണ്ട്. അപ്പോള്‍ ശൂദ്രന്മാരാണ് ഇതൊന്നുമില്ലാതെ കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നത്.' വിടുതലൈ (16 ഏപ്രില്‍ 1950)

പട്ടിക ജാതിക്കാരോടുള്ള ഈ വെറുപ്പ് അദ്ദേഹത്തെ കൊണ്ട് പറയിച്ച കാര്യങ്ങള്‍ കേട്ടാല്‍ ഒരു സാധാരണ മനുഷ്യന്‍ ലജ്ജിച്ച് തലതാഴ്ത്തും.

4. ബ്രാഹ്മണരുടെ കൈക്കൂലി വാങ്ങിയവനെന്ന് അംബേദ്ക്കറെ അധിക്ഷേപിച്ചു

പട്ടികജാതിക്കാരുടെ നേരെയുള്ള ഈ വെറുപ്പ് സ്വഭാവികമായും ഒടുവില്‍ അംബേദ്ക്കറുടെ നേരെയും ഒഴുകാന്‍ തുടങ്ങി. ഇന്ത്യയുടെ ഐക്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാട് ഇ വി ആറെ കൂടുതല്‍ പ്രകോപിപ്പിച്ചു.

'ഈ രാജ്യം വിഭജിക്കപ്പെടരുത് എന്ന ഉത്തരേന്ത്യക്കാരുടെ നപുംസക നിലപാട് ആണ് ഇന്ന് അംബേദ്ക്കര്‍ എടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ അയാള്‍ നമ്മുടെ ദ്രാവിഡസ്ഥാന്‍ ആവശ്യത്തേയും എതിര്‍ക്കും എന്ന് ഞാന്‍ ഭയപ്പെടുന്നു.' കുടിയരസു (8 ജൂലൈ 1947)

'അംബേദ്ക്കര്‍ മാത്രം ആദി-ദ്രാവിഡര്‍ക്കു (പട്ടിക ജാതിക്കാര്‍) വേണ്ടി കുറച്ച് പോരാടി. അവര്‍ (ബ്രാഹ്മണര്‍) അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു. 'നിങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ വേണ്ടത് ചെയ്യാം. എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി സംസാരിക്കരുത്'. അംബേദ്ക്കര്‍ തന്റെ ആള്‍ക്കാര്‍ക്കു വേണ്ടി ആ പരിഹാരം സ്വീകരിച്ചു. ആള്‍ക്കാരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി അവര്‍ സംവരണം ഏര്‍പ്പെടുത്തി. ഏറ്റവും കുറഞ്ഞത് സ്വന്തം ആളുകള്‍ക്ക് വേണ്ടി അദ്ദേഹത്തിന് ഇത് കിട്ടി. എന്നാല്‍ നമ്മള്‍ സംവരണം ആവശ്യപ്പെട്ടാല്‍ നമ്മളെ വര്‍ഗ്ഗീയവാദികള്‍ എന്ന് വിളിക്കുന്നു.' വിടുതലൈ (22 സപ്തംബര്‍ 1951)

അംബേദ്ക്കറുടെ പരിനിര്‍വാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു പോലും ഇ വി ആര്‍ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. 

'അംബേദ്ക്കര്‍ക്ക് നമ്മോട് ഒരു പരിഗണന ഉണ്ടായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു 'നിങ്ങളുടെ ആള്‍ക്കാര്‍ക്ക് വേണ്ടി എനിക്ക് എന്തു ചെയ്യാന്‍ സാധിക്കും ?'. ഞാന്‍ അദ്ദേഹത്തിന് കുറേ കണക്കുകള്‍ കൊടുത്തു. അദ്ദേഹം നമുക്ക് വേണ്ടി സംസാരിക്കാന്‍ തുടങ്ങി. ഉടനെ ബ്രാഹ്മണര്‍ അദ്ദേഹത്തിന് ഒരു വിലയിട്ടു. അദ്ദേഹം തന്റെ ആളുകള്‍ക്ക് വേണ്ടി വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ചോദിച്ചു. അവര്‍ പറഞ്ഞു. 'നമ്മള്‍ അത് 15 ശതമാനം ആക്കാം'. 25 ശതമാനം കൊടുത്താലും പട്ടിക ജാതിയില്‍ നിന്ന് മൂന്നോ നാലോ പേരു പോലും വരില്ലെന്ന് ബ്രാഹ്മണര്‍ക്ക് അറിയാം. അംബേദ്ക്കര്‍ ആ നിയമത്തില്‍ ഒപ്പു വച്ചു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയതേ ഇല്ല.' വിടുതലൈ (11 നവംബര്‍ 1957) 

നാളുകള്‍ കഴിയും തോറും അംബേദ്ക്കറുടെ നേരെയുള്ള ഇ വി ആറിന്റെ വെറുപ്പ് കൂടിവന്നു. 1968 ലെ പൊങ്കലിന് തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗത്തില്‍ അംബേദ്ക്കറെ 'തന്റെ ആളുകള്‍ക്കു വേണ്ടി സംവരണത്തിന്റെ രൂപത്തില്‍ ബ്രാഹ്മണരില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആളാണ്' എന്നും ഭരണഘടന ബ്രാഹ്മണര്‍ ഉണ്ടാക്കിയതാണ് എന്നും ആരോപിച്ചു. ഈ പ്രസംഗം പിന്നീട് അദ്ദേഹത്തിന്റെ സംഘടനാ മാസികയില്‍ പ്രസിദ്ധീകരിയ്ക്കുകയുമുണ്ടായി.

5. ചിലപ്പതികാരം ആര്യന്‍ പ്രചരണ ഉപാധി എന്ന് അധിക്ഷേപിച്ചു

ഇളങ്കോ അടിഗള്‍ രചിച്ച സുപ്രസിദ്ധ തമിഴ് കൃതിയായ ചിലപ്പതികാരം 'ആര്യന്‍ പ്രചരണ പുസ്തകം അല്ലാതെ മറ്റൊന്നുമല്ല' എന്നാണ് 1951 മാര്‍ച്ച് 30 ന് നടത്തിയ ഒരു പ്രസംഗത്തില്‍ ഇ വി ആര്‍ പറഞ്ഞത്. ഈ കൃതിയെ കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ച തമിഴ് പണ്ഡിതരെ വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

'ഏതെങ്കിലും ഒരു ശരിയായ തമിഴനോ ശരിക്കുള്ള ദ്രാവിഡനോ ചിലപ്പതികാരത്തെ കുറിച്ച് സെമിനാര്‍ നടത്താന്‍ പറ്റുമോ ? ബ്രാഹ്മണരുടെ പക്കല്‍ നിന്ന് നല്ലപിള്ള സര്‍ട്ടിഫിക്കറ്റ് നേടാന്‍ വേണ്ടി നടക്കുന്നവരാണ് ഈ സെമിനാര്‍ നടത്തുന്നത് എന്നു മാത്രമേ ഞാന്‍ പറയൂ. ആര്യന്മാരുടെ ഒരു പ്രചരണ പുസ്തകം അല്ലാതെ വേറെയെന്താണ് ചിലപ്പതികാരം ? എന്താണ് അതിലുള്ളത് ? തുടക്കം മുതല്‍ ഒടുക്കം വരെ ആര്യന്‍ ആശയങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് അത്. മറ്റൊന്നും അതിലില്ല.'

എന്നാല്‍ തമിഴ് പണ്ഡിതന്‍ മാ പോ സിവജ്ഞാനം (മാ പോ സി) ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ചിലപ്പതികാരത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. ഇ വി ആറിനുള്ള മറുപടിയായി അദ്ദേഹം ഇങ്ങനെ എഴുതി

'അപ്പോള്‍ (ഇ വി ആറിനെ സംബന്ധിച്ച്) ഒറ്റപ്പെട്ട ഒരു സ്ത്രീയായ കണ്ണകി രാജാവിന്റെ തെറ്റിപ്പോയ നീതിനിര്‍വ്വഹണത്തിനെതിരെ പോരാടിയത് ആര്യന്‍ സങ്കല്‍പ്പമാണ്; രാജാവ് സ്വമേധയാ സ്വന്തം ജീവന്‍ വെടിയുന്നത് ആര്യന്‍ സങ്കല്‍പ്പമാണ്; തന്റെ പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള മരണം കണ്ട രാജ്ഞി അവരോടുള്ള സ്‌നേഹം നിമിത്തം ഉടനെ മരിയ്ക്കുന്നത് ആര്യന്‍ സങ്കല്‍പ്പമാണ്; തമിഴിനെ പറ്റി മോശമായി പറഞ്ഞ ഉത്തര ദിക്കിലെ രാജാക്കന്മാരുടെ അഹന്തയെ അടക്കുന്നത് ആര്യന്‍ സങ്കല്‍പ്പമാണ്; രാഷ്ട്രീയത്തിന്റെ പേരില്‍ മൂന്നായി വിഭജിക്കപ്പെട്ട തമിഴ് പ്രദേശങ്ങളെ സാഹിത്യത്തിലൂടെ ഇളങ്കോ ഒരുമിപ്പിച്ചത് ആര്യന്‍ സങ്കല്‍പ്പമാണ്; ലൈംഗിക തൊഴിലാളികളുടെ കുലത്തില്‍ ജനിച്ചിട്ടും സ്വന്തം ബോദ്ധ്യത്തിലും സ്‌നേഹത്തിലും ഉറച്ചു നിന്ന മാതവൈ ആര്യന്‍ സങ്കല്‍പ്പമാണ്; കഥയിലെ നായിക കണ്ണകി ഒരു ബ്രാഹ്മണ സുഹൃത്ത് നിര്‍ദ്ദേശിച്ചിട്ടു പോലും സ്‌നേഹത്തിന്റെ മൂര്‍ത്തിയോട് പ്രാര്‍ഥിക്കാന്‍ തയ്യാറാവാത്തത് ആര്യന്‍ സങ്കല്‍പ്പമാണ്; ഇതെല്ലാം തമിഴ് എന്ന് പറയപ്പെടുന്ന സംസ്‌ക്കാരത്തിനെതിരെ ആര്യന്‍ സംസ്‌ക്കാരം അണി നിരന്നതാണ് എന്നാണെങ്കില്‍, ആ ആര്യന്‍ സംസ്‌കാരത്തെ നമ്മള്‍ പുകഴ്ത്തണം.'

6. തിരുക്കുറലിനോട് അടുപ്പവും അകല്‍ച്ചയും കാണിച്ചു. കുറലിനെ മലത്തോട് പോലും ഉപമിച്ചു

ഒരിയ്ക്കല്‍ (1948) ഇ വി ആര്‍ മറ്റേതൊരു ദ്രാവിഡ വാദിയേയും പോലെ തിരുക്കുറലിനെ പുകഴ്ത്തി. കുറള്‍ തീര്‍ത്തും യുക്തിപൂര്‍ണ്ണമാണെന്നും ഹിന്ദു വിരുദ്ധമാണെന്നും അതുകൊണ്ട് സ്വീകാര്യമാണെന്നും അംഗീകരിച്ചു. എന്നാല്‍ പിന്നീട് 1950 ആയപ്പോള്‍ യുക്തിക്ക് നിരക്കാത്ത ചിന്തകള്‍ ഉള്ളതിന്റെ കാരണത്താല്‍ തിരുക്കുറലിനെ താനും അധിക്ഷേപിച്ചിരുന്നു എന്ന് എഴുതി. ഈ തമിഴ് ഗ്രന്ഥവും കൂടി പോയാല്‍ പിന്നെ സ്വന്തമായി തങ്ങള്‍ക്ക് എന്താണ് ഉള്ളത് എന്ന് ജനങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അതിന് ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'ഞാന്‍ പറയുന്നു നിങ്ങളുടെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിപ്പിക്കുന്ന മലത്തെ മാറ്റൂ എന്ന്. നിങ്ങള്‍ എന്നോട് ചോദിക്കുന്നു മലത്തെ മാറ്റിയാല്‍ അതിന്റെ സ്ഥാനത്ത് വേറെ എന്തു കൊണ്ട് വയ്ക്കും എന്ന്' വിടുതലൈ (1 ജൂണ്‍ 1950)

7. 'സാമ്പത്തിക വിദഗ്ദന്‍' ഇ വി ആര്‍ പറഞ്ഞു പട്ടികജാതി സ്ത്രീകള്‍ ജാക്കറ്റ് ധരിക്കാന്‍ തുടങ്ങി, അതുകൊണ്ട് തുണികളുടെ വില കൂടുന്നു.

പരിയാ ജാതിക്കാരായ ദളിത് സ്ത്രീകള്‍ ജാക്കറ്റ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് തുണികള്‍ക്ക് വില കൂടാന്‍ തുടങ്ങിയത് എന്ന് ഒരു മീറ്റിങ്ങില്‍ വച്ച് അദ്ദേഹം വളരെ ആക്ഷേപകരമായി പറഞ്ഞു. പട്ടികജാതി നേതാക്കള്‍ വളരെക്കാലമായി ഇ വി ആറിനെതിരെ ഉന്നയിക്കുന്ന ആരോപണമാണിത് . 1963 ല്‍ തമിഴ്‌നാട്ടിലെ പല അംബേദ്ക്കര്‍ അനുകൂല മാസികകളും ഈ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പട്ടികജാതി നേതാക്കളെ പറ്റിയും ആത്മീയ വ്യക്തിത്വങ്ങളെ പറ്റിയും കുറിപ്പുകള്‍ തയ്യാറാക്കി വന്നിരുന്ന, വളരെ ആദരിക്കപ്പെടുന്ന ചരിത്രകാരനാണ് അന്‍ബു പൊന്നോവിയം. പരിയാ സ്ത്രീകള്‍ ജാക്കറ്റ് ധരിക്കാന്‍ തുടങ്ങിയതും പരിയാ പുരുഷന്മാര്‍ അക്ഷരാഭ്യാസം നേടാന്‍ തുടങ്ങിയതുമാണ് തുണിയുടെ വിലവര്‍ദ്ധിക്കാനും തൊഴിലില്ലായ്മ ഉണ്ടാവാനും കാരണമെന്ന ഇ വി ആറിന്റെ പ്രസ്താവന കേട്ട് 1939 മുതല്‍ ഇ വി ആറിനെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു വരുന്ന താന്‍ ഞെട്ടിപ്പോയി എന്നാണ് അദ്ദേഹം എഴുതിയത്. (നാസ്തികം 2 മാര്‍ച്ച് 1963)

ചെന്നൈ ആസ്ഥാനമാക്കിയുള്ള മാസികയായ അംബേദ്ക്കര്‍, അതിന്റെ 1963 നവംബര്‍ - ഡിസംബര്‍ ലക്കത്തില്‍ ഇ വി ആറിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ഈ പ്രസ്താവനയുടെ തെളിവ് ദ്രാവിഡവാദികളില്‍ നിന്നു തന്നെ പുറത്തു വന്നിരുന്നു. ദ്രാവിഡ മുന്നേട്ര കഴകം (ഡി എം കെ) മാസികയായ മുരസൊലി ഇ വി ആറിന്റെ പട്ടിക ജാതി വിരുദ്ധ മനോനില വ്യക്തമാക്കിക്കൊണ്ട് ഒരു കാര്‍ട്ടൂണ്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

8. ഇ വി ആര്‍ തന്റെ ദ്രാവിഡസ്ഥാന്‍ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ബ്രിട്ടീഷുകാരുടെയും ജിന്നയുടേയും സഹായം തേടി. എന്നാല്‍ രണ്ടു കൂട്ടരും അയാളെ തങ്ങള്‍ക്ക് ഉപയോഗമുള്ള ഒരു വിഡ്ഡിയായി മാത്രം കണക്കാക്കി.

ഇ വി ആറും അയാളുടെ പ്രസ്ഥാനവും ബ്രിട്ടീഷ് അനുകൂലികള്‍ ആയിരുന്നു എന്നകാര്യം പരക്കെ അറിവുള്ളതാണ്. അവര്‍ മുസ്ലീം ലീഗിന്റെ പാകിസ്ഥാന്‍ വാദത്തേയും പിന്തുണച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായുള്ള തങ്ങളുടെ നിലപാടു കൊണ്ട് ബ്രിട്ടീഷുകാര്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് അധികാരം കൈമാറുമെന്ന് തങ്ങള്‍ പ്രത്യാശിച്ചിരുന്നു എന്ന കാര്യം 1965 ല്‍ തമിഴ് മാസികമായ ആനന്ദ വികടന് കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ ഇ വി ആര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍ 'ഞാന്‍ ബ്രിട്ടീഷുകാരെ സമീപിച്ച് പറഞ്ഞു. ഞങ്ങളാണ് നിങ്ങളെ എക്കാലവും പിന്തുണച്ചിട്ടുള്ളത്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് അധികാരം കൈമാറിയത് ബ്രിട്ടീഷ് സത്യസന്ധതയ്ക്ക് യോജിക്കുന്നില്ല. ബ്രിട്ടീഷുകാര്‍ ചിരിച്ചിട്ട് പറഞ്ഞു അവര്‍ക്കിപ്പോള്‍ ഹിന്ദു മുസ്ലീം വ്യത്യാസം മാത്രമേ അറിയൂ, ബ്രാഹ്മണ - അബ്രാഹ്മണ വ്യത്യാസം അറിയില്ല. അപ്പോള്‍ ഞാന്‍ ജിന്നയുടെ അടുക്കല്‍ പോയി അദ്ദേഹത്തിന്റെ സഹായം തേടി. അദ്ദേഹം പറഞ്ഞു നിങ്ങളുടെ പദ്ധതി നന്നായിട്ടുണ്ട്. പക്ഷേ അതിന് സ്വന്തമായി നില്‍ക്കാനുള്ള കാലുകള്‍ ഇല്ല. ഞാന്‍ തന്നെ എന്റെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. മാദ്ധ്യമങ്ങള്‍ പറഞ്ഞത് ജിന്ന ഇ വി ആറിന്റെ മുഖത്ത് താറടിച്ചു വിട്ടു എന്നാണ്'

9. ഇ വി ആറിന്റെ വംശീയ ഹിന്ദു വിരുദ്ധ വീക്ഷണങ്ങളെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏറ്റവും വലിയ അബ്രാഹ്മണ ദേശീയ നേതാവായ കാമരാജര്‍ അംഗീകരിച്ചിരുന്നില്ല.

ഇ വി ആറിനു വേണ്ടി സാക്ഷ്യം പറയുന്നവര്‍ നടത്തുന്ന പ്രചരണങ്ങളുടെ ഫലമായി ഇ വി ആറിനോടും അദ്ദേഹത്തിന്റെ ലോകവീക്ഷണത്തോടും കാമരാജര്‍ക്ക് ബഹുമാനമായിരുന്നു എന്ന് പലരും വിശ്വസിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ കാമരാജര്‍ ഇ വി ആറിന്റെ വീക്ഷണങ്ങളെ സ്ഥിരമായി എതിര്‍ത്തിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇ വി ആറും അദ്ദേഹത്തിന്റെ ശിങ്കിടികളും ചിലപ്പതികാരത്തെ കുറിച്ചുള്ള കോണ്‍ഫറന്‍സിനെ എതിര്‍ത്തപ്പോള്‍, കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്ന കാമരാജര്‍, ഇ വി ആറിന്റെ ഈ നിലപാടിനെയും ദ്രാവിഡ വാദത്തേയും വിമര്‍ശ്ശിക്കുകയാണ് ഉണ്ടായത്.

രാജാജിയും കാമരാജരും ഇ വി ആറിനോട് ബന്ധം പുലര്‍ത്തിയിരുന്നു. രാജാജിയും കാമരാജരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തന്റെ ദ്രാവിഡ വംശീയവാദത്തിന്റെ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഇ വി ആര്‍ ചെയ്തത്. എന്നാല്‍ രാജാജിയും കാമരാജരും ഒന്നിച്ച് ഈ വര്‍ഗ്ഗീയ വംശീയ വാദത്തെ എതിര്‍ത്തു.

'രാഷ്ട്രത്തോടുള്ള സ്‌നേഹം വളര്‍ന്നാല്‍ ഭാഷയും പുഷ്ടിപ്പെടും. ദ്രാവിഡ വാദക്കാര്‍ തമിഴ് സാഹിത്യത്തെ വിമര്‍ശിക്കുന്നു, എന്നാല്‍ അവര്‍ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുന്നുമില്ല. ഉള്ളതു പറഞ്ഞാല്‍ അവര്‍ തമിഴ് ഭാഷയ്ക്കും സംസ്‌ക്കാരത്തിനും ദ്രോഹമാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് നമ്മള്‍ ദ്രാവിഡ മുന്നേറ്റത്തെ എതിര്‍ക്കുന്നത്, കാരണം അത് തമിഴ് സമൂഹത്തിന് ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മള്‍ ഈ പ്രസ്ഥാനത്തെ എതിര്‍ക്കുക തന്നെ വേണം. ദ്രാവിഡ വംശീയ വികാരം ഉണര്‍ത്തി വിട്ടുകൊണ്ട് അവര്‍ ചിന്താക്കുഴപ്പം സൃഷ്ടിക്കുകയാണ്. ദ്രാവിഡ വാദക്കാര്‍ പുരാണ ഇതിഹാസങ്ങളെ എതിര്‍ക്കുന്നു. പുരാണ ഇതിഹാസങ്ങള്‍ നമ്മളില്‍ നീതിബോധവും, ധാര്‍മ്മിക ബുദ്ധിയും, രാഷ്ട്രത്തോടുള്ള സ്‌നേഹവും വളര്‍ത്തുന്നു. ഇതെല്ലാം അന്ധവിശ്വാസങ്ങള്‍ എന്നു പറഞ്ഞ് നമുക്ക് തള്ളിക്കളയാന്‍ പറ്റുമോ ? ' സെങ്കോയല്‍ (സ്‌കെപ്ട്ര്, തമിഴ് മാസിക, 1 ജൂലൈ, 1951)

1957 ലെ ഇലക്ഷനില്‍ ഇ വി ആര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും, കാമരാജര്‍ ഒരു പ്രസ്താവനയുമായി മുന്നോട്ടു വന്നു.

സാമൂഹ്യ ശാസ്ത്രജ്ഞനായ ലോയിഡ് റുഡോള്‍ഫ് വിശദീകരിക്കുന്നു

'ദ്രാവിഡ കഴഗം സ്വന്തം നിലയ്ക്ക് അദ്ദേഹത്തിനു വേണ്ടി വോട്ട് സമാഹരിച്ചാല്‍, അവരുടെ വോട്ട് വേണ്ട എന്ന് ഒരുപക്ഷേ അദ്ദേഹത്തിന് പറയാന്‍ കഴിയില്ല. എന്നാല്‍ വംശീയതയുടെ അടിസ്ഥാനത്തില്‍ അംഗങ്ങളെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഒരു വര്‍ഗ്ഗീയ സംഘടനയെ കോണ്‍ഗ്രസ്സിന് അംഗീകരിക്കാന്‍ കഴിയില്ല. 'മിസ്റ്റര്‍ ഈ വി രാമസാമി നായിക്കരുടെ വീക്ഷണങ്ങള്‍ പങ്ക് വയ്ക്കുന്നില്ല എന്ന് സംശയരഹിതമായി വ്യക്തമാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.'

ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സ്, 14 ഫെബ്രുവരി 1957, ദി ഹിന്ദു, 16 ഫെബ്രുവരി 1957, 10 മാര്‍ച്ച് 1957, ദി ജേര്‍ണല്‍ ഓഫ് ഏഷ്യന്‍ സ്റ്റഡീസ്, വാല്യം 20, നമ്പര്‍ 3 (മെയ് 1961)

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കാമരാജര്‍ നാടക അവതരണങ്ങളെ സംബന്ധിച്ച് ഒരു പുതിയ നിയമം തന്നെ പാസ്സാക്കുകയുണ്ടായി. അത് ഇ വി ആറിന്റെ ശിഷ്യനായിരുന്ന എം ആര്‍ രാധ അവതരിപ്പിച്ചിരുന്ന അശ്ലീലം നിറഞ്ഞതും വംശീയ വിദ്വേഷം വമിപ്പിക്കുന്നതുമായ രാമായണ വിരുദ്ധ നാടകത്തെ ഉദ്ദേശിച്ചു തന്നെയായിരുന്നു. പിന്നീട് കാമരാജരെ പരാജയപ്പെടുത്തി ഡി എം കെ അധികാരത്തില്‍ വന്നപ്പോള്‍, മരണത്തിനു മുമ്പുള്ള ഒരു പ്രസംഗത്തില്‍ കാമരാജരുടെ പരാജയത്തില്‍ ഇ വി ആര്‍ തന്റെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

10. തമിഴ് നാട്ടിലെ കീഴ്വെണ്മണിയില്‍ ഭൂരഹിതരായ പട്ടികജാതി കര്‍ഷക തൊഴിലാളികളെ അബ്രാഹ്മണരായ ഭൂവുടമകള്‍ കൂട്ടക്കൊല ചെയ്തപ്പോള്‍, അതിനെതിരെ മുന്നോട്ടു വരാന്‍ ഇ വി ആര്‍ തയ്യാറായില്ല.

തഞ്ചാവൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ കൂലി വര്‍ദ്ധനവിനായി പട്ടികജാതിക്കാരായ കര്‍ഷക തൊഴിലാളികള്‍ സമരം ചെയ്യുന്നുണ്ടായിരുന്നു. 1968 ഡിസംബര്‍ 25 ന്, അവരുടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 44 കുടുംബാംഗങ്ങളെ അബ്രാഹ്മണ ഭൂവുടമകളുടെ ഗുണ്ടകള്‍ തീവച്ച് കൊല്ലുകയുണ്ടായി. തന്റെ ഒരു പ്രസ്താവനയില്‍ ഇ വി ആര്‍ ആ സംഭവത്തെ അപലപിക്കുകയും, അത് ഡി എം കെ സര്‍ക്കാരിനെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണ് എന്ന് ആരോപിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ :

'തൊഴിലാളികളെ അവര്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ ജീവിക്കാന്‍ പഠിപ്പിക്കണം. അത് പഠിപ്പിക്കുന്നതിനു പകരം, കമ്യൂണിസ്റ്റുകള്‍ അവരെ കലാപത്തിനും വിപ്ലവത്തിനും ഇളക്കിവിടുകയാണ്. അത് കാരണമാണ് 42 ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയായത്. ഇടതും വലതും കമ്മ്യൂണിസ്റ്റുകളും, കമ്മ്യൂണിസ്റ്റ് തീവ്രവാദികളും എങ്ങനെയെങ്കിലും ഈ സര്‍ക്കാരിനെ മറിച്ചിടാന്‍ നോക്കുകയാണ്. കിഴക്കന്‍ തഞ്ചാവൂരിലെ കര്‍ഷകര്‍ കമ്മ്യൂണിസ്റ്റ് ദുഷ്ട ശക്തികള്‍ അവിടേക്ക് കടന്നു വരാതെ സൂക്ഷിക്കണം. നമ്മുടെ ആളുകള്‍ നമ്മുടെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിനു പകരം, ശക്തിപ്പെടുത്താനാണ് നോക്കേണ്ടത്.'

ഒരു യുക്തി ചിന്തകനെന്നതിനേക്കാൾ പച്ചയായ ഒരു വംശീയവാദിയുടേയും വിദേഷ പ്രചാരകൻ്റെയും ചിത്രമാണ് പെരിയാർ കാഴ്ച വയ്ക്കുന്നത്.

https://swarajyamag.com/politics/ten-things-about-periyar-dravidian-parties-dont-want-you-to-know

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.