login
പേറ്റുമുറി

സതി ചെറിയമ്മയും അമ്മയും തമ്മില്‍ മൂന്നു വയസ്സു വ്യത്യാസമുണ്ട്. സതി ചെറിയമ്മയെ കല്യാണം കഴിച്ചിരിക്കുന്നത് മദ്രാസിലുള്ള ഒരു വമ്പന്‍ കച്ചവടക്കാരനാണ്.അവര്‍ക്ക് രണ്ടാണ്‍മക്കളാണുള്ളത്.

''കുട്ടീടമ്മയെ മാത്രല്ല... സതീനേം ഭാമിനീനേം വിമലേനേം ഈ പേറ്റു മുറിയിലാ പ്രസവിച്ചത്.''

''പ്രസവിക്കാനായി മാത്രം ഒരു മുറിയോ അമ്മമ്മേ...''

''പിന്നില്യേ കുട്ട്യേ... എന്റമ്മ ഏടത്തിയെ ഈ പേറ്റുപുരേന്ന് പ്രസവിച്ചത് ഇരുചെവിയറിഞ്ഞില്ല്യാത്രെ.''

''അപ്പൊ... ആശുപത്രീലൊന്നും പോവാതെ...''

''നല്ല കഥയിത്... ആശുപത്രീല് .. ഏട്ടത്തി പന്ത്രണ്ട് പ്രസവിച്ചത് ആശുപത്രീലൊന്നും പോവാതെ ഇവിടത്തെ ഈ ഈറ്റില്ലത്തൂന്നന്നെ...''

''അപ്പൊ... പന്ത്രണ്ട് പ്രസവിച്ചപ്പോഴും വേറെ ഒരു ശുശ്രൂഷയും വേണ്ടി വന്നില്ലേ അമ്മമ്മേ...''

''ശിവ ശിവ.. ഇപ്പൊ കുട്ടീടമ്മ കുട്ട്യേ പ്രസവിച്ചത് എവിടാന്നാ വിചാരം.. ഈ പേറ്റു പുരേലെന്നെ കുട്ട്യേ...''  

തറവാടിന്റെ കിഴക്കേമുറി ചൂണ്ടിക്കാണിച്ച് അമ്മമ്മ ഒന്നുറക്കെ ചിരിച്ചു.

''അമ്മമ്മേ... ശ്വാസം മുട്ടി ഞാന്‍ ചത്തുപോവാഞ്ഞത് ആര്യങ്കാവിലമ്മേടെ കടാക്ഷം..''

''ഈ കുട്ട്യേങ്കൊണ്ട് തോറ്റു...''

''അമ്മമ്മേ... പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിക്കും അമ്മയ്ക്കും വേണ്ട ശുശ്രൂഷയും പരിപാലനവുമൊക്കെ ആരു നോക്കും? അവരുടെ ആരോഗ്യത്തെ അതു ബാധിക്കില്ല്യേ...''

''എന്നിട്ടിപ്പോ കുട്ടീടമ്മയ്‌ക്കോ സതിയ്‌ക്കോ ഭാമിനിക്കോ വിമലയ്‌ക്കോ എന്തെങ്കിലും ആരോഗ്യക്കുറവുണ്ടോ? കുട്ടിയ്ക്കൂല്യല്ലോ...''

''അതു പിന്നെ അമ്മമ്മേ... ഇതൊന്നും ശരിയായ നടപടികളല്ലട്ടൊളു.''

''ന്റെ മാളൂട്ടി... ഈ നാട്ടിലെ വയറ്റാട്ടിത്തള്ള എത്ര പ്രസവം ഈ കിഴക്കേമുറീന്ന് എടുത്തൂന്നാ വിചാരിക്കണേ..പക്ഷേങ്കില് ഞാന്‍ നാലു പ്രസവിച്ചപ്പോഴും ഈ വയറ്റാട്ടിയൊന്നും ഇല്ലട്ടൊളു കുട്ട്യേ...''

''പിന്നെ എങ്ങനെയാ...?''

''എനിക്കങ്ങ് പേറ്റുനോവ് തുടങ്ങീരിക്കണൂന്ന് തോന്നും. പേറ്റുമുറീല് പോയി കിടന്ന് നിമിഷം കൊണ്ട് പ്രസവിക്കും. എന്നിട്ട് ഏട്ടത്തിയെ വിളിക്കും. അത്രെ ന്നെ... പേറ്റിച്ചിയെ ഇവിടുള്ളോര് വിവരം അറീച്ച് അവളെത്തുമ്പോ ഞാന്‍ കുഞ്ഞിന് മുലകൊടുക്കാവും...കുട്ടീടമ്മ പത്തു വയസ്സുവരെ മുലകുടിച്ചിട്ടുണ്ട്. അറിയോ കുട്ടിക്ക്..സതീണ്ടായപ്പഴും കുട്ടീടമ്മ മുലകുടി നിര്‍ത്തീട്ടില്ല. ഈ കിഴക്കേമുറീല് പേറ്റു മരുന്നിന്റെ മണം പ്പഴും ങ്ങനെ തങ്ങിനില്‍ക്കും. ഇനീപ്പൊ അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം! ഇന്നത്തെ പെണ്‍കുട്ട്യോള്‍ക്ക് ആശുപത്രീം വേദനയില്ലാത്ത പ്രസവോം ബെഡ് റെസ്റ്റും ഒക്കെ ല്ലെ...''

സതി ചെറിയമ്മയും അമ്മയും തമ്മില്‍ മൂന്നു വയസ്സു വ്യത്യാസമുണ്ട്. സതി ചെറിയമ്മയെ കല്യാണം കഴിച്ചിരിക്കുന്നത് മദ്രാസിലുള്ള ഒരു വമ്പന്‍ കച്ചവടക്കാരനാണ്.അവര്‍ക്ക് രണ്ടാണ്‍മക്കളാണുള്ളത്.

സതിച്ചെറിയമ്മ ഓരോ വര്‍ഷവും മദ്രാസില്‍ നിന്നു വരുമ്പോള്‍ എല്ലാവര്‍ക്കും കുപ്പായം കൊണ്ടുവരും. കഴിഞ്ഞ വര്‍ഷം വരുമ്പോള്‍ കൊണ്ടുവന്ന പച്ചപ്പാവാട കോളജിലെ എല്ലാവര്‍ക്കും ഒത്തിരി ഇഷ്ടമാണ്. പാവാടയുടെ അറ്റത്തുള്ള ചുവന്ന വെല്‍വറ്റ് പതിച്ച ബോഡര്‍ തൊട്ടു നോക്കി ദീപ പറഞ്ഞത് ഇത്തരത്തിലുള്ള തുണി കേരളത്തില്‍ കിട്ടില്ല എന്നാണ്. തമിഴ്‌നാട്ടില്‍ ഇത്തരം തുണികള്‍ക്ക് വമ്പന്മാര്‍ക്കറ്റാണെന്നും ദീപ പറഞ്ഞു.

ആ പാവാടയും ബ്ലൗസും ധരിച്ച് കോളേജില്‍ പോയപ്പോള്‍ ഡിഗ്രിക്കു പഠിക്കുന്ന ഒരാണ്‍കുട്ടി സുന്ദരിക്കുട്ടീന്ന് ഉറക്കെ വിളിച്ചത് വളരെ സന്തോഷമായി.മാത്രമല്ല കോളേജിലെ പൂന്തോപ്പില്‍ വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍പൂവ് നുള്ളിയെടുത്ത് സമ്മാനിക്കുകയും ചെയ്തു. യാതൊരു സങ്കോചവും കൂടാതെ പൂവാങ്ങി മുടിയില്‍ ചൂടി. സുഹൃത്തുക്കളുടെ ഇരുത്തി മൂളലിലാണ് കാര്യം പന്തിയല്ലെന്ന ബോധമുദിച്ചത്.

വൈകുന്നേരങ്ങളില്‍ മേല് കഴുകിക്കഴിഞ്ഞാല്‍ സന്ധ്യാനാമത്തിനു ശേഷം 'ആശിക്കൊട്ടാരം' കളിക്കാന്‍ ഭാമിനി ചെറിയമ്മയുടെ മക്കളോടൊപ്പം ഒത്തുകൂടും. സതി ചെറിയമ്മയുടെ മക്കള്‍ വര്‍ഷത്തിലൊരിക്കല്‍ മദ്രാസില്‍ നിന്നു വരുമ്പോള്‍ അവര്‍ക്ക് ഈ വക വിനോദങ്ങളൊന്നും അറിയില്ല. കുട്ടികള്‍ വട്ടത്തില്‍ ചമ്രം പടിഞ്ഞിരുന്ന് 'ആശിക്കൊട്ടാരം' കളിക്കുന്നത് അവര്‍ പകച്ചു നിന്നു കാണും. ഓരോ കുട്ടികളും കളിയില്‍ കാശി മുതല്‍ പഴം വരെയുള്ള ഓരോന്നോരോന്നായി മാറും.

അതിനു ശേഷം ചെവിക്കുള്ളില്‍ ചൂണ്ടുവിരല്‍ തിരുകി കൈകള്‍ നിലത്ത് ആശിക്കൊട്ടാരമെന്ന് ഉറക്കെ പറഞ്ഞ് പരത്തി വെയ്ക്കുന്നു. ഓരോ വിരലുകളായി കാശി, കാവടി, ഇന്ദ്രു, ശത്രു, തേന്‍, പാല്‍, പഴം എന്നിങ്ങനെ എണ്ണിക്കളിക്കുന്ന കളിയുടെ അവസാനം സതി ചെറിയമ്മയുടെ മക്കളും ചേരും. വിമലമേമയ്ക്ക് കുഞ്ഞായിട്ടില്ല. വയറ്റില്‍ കുഞ്ഞിനെയും കൊണ്ട് വിമല മേമനടക്കുന്നതു കാണുമ്പോള്‍ ഒപ്പം കൂടും.

'പേറ്റുതിങ്ങള്‍'ആവാന്‍ ഇനീം രണ്ട് മാസം കഴിയണമെന്ന് താഴ്‌ത്തേലെ ഉമ ചേച്ചിയോട് ആരോ പറയുന്നതു കേട്ടു.

എന്താണ് ഈ 'പേറ്റുതിങ്ങള്‍' എന്ന് അമ്മമ്മയോടു ചോദിച്ചപ്പോഴാണ് പെറുന്ന മാസത്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അമ്മമ്മ പറഞ്ഞത്. പേറ്റുനോവ് അനുഭവിച്ച് പെണ്ണ് പ്രസവിക്കണം എന്നാണ് അമ്മമ്മയുടെ പക്ഷം.

വിമലമേമ കുഞ്ഞിനെ പ്രസവിച്ചാല്‍ പേറ്റു പുല കുടുംബത്തില്‍ എല്ലാവര്‍ക്കും ഉണ്ടത്രേ. ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയ ശുഭകാര്യങ്ങളൊന്നും ഈ പേറ്റുപുലയില്‍ ആരും ചെയ്യില്ലാത്രെ.

പേറ്റുനോവ് തുടങ്ങിയാല്‍ വിമലമേമയെ കിഴക്കേമുറിയില്‍ അമ്മമ്മ പ്രസവിപ്പിക്കുമോ? അതോ ചെറിയച്ഛന്‍ പറയുന്നതുപോലെ ആശുപത്രിയില്‍ കൊണ്ടു പോകുമോ...?

ഏകദേശം വിമലമേമ പ്രസവിക്കാറായിട്ടുണ്ടെന്നാണ് കുഞ്ഞുകുട്ടിപട്ത്ത്യാര് ഇന്നലെ വിമലമേമയുടെ വയറുനോക്കി പറഞ്ഞത്.

രണ്ടു ദിവസമായി വിമലമേമ പുറത്തിറങ്ങുന്നില്ല. ഈറ്റില്ലമായ കിഴക്കേമുറിയില്‍ തന്നെ.

ഈശ്വരാ... ഈ കിഴക്കേമുറി എത്ര പ്രസവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാകും.. തലമുറകളായുള്ള പേറ്റുനോവും കുഞ്ഞുങ്ങളുടെ കരച്ചിലും എല്ലാം ഏറ്റുവാങ്ങിയ കിഴക്കേമുറിയിലെ കട്ടിലിനു തന്നെ ഒരു ലാളിത്യമുണ്ട്. കട്ടിലിനോട് ചേര്‍ന്ന് ഒരു മരത്തൊട്ടിലും കിഴക്കേമുറിയില്‍ കാണാം. പേറ്റുമരുന്ന് വെയ്ക്കുവാന്‍ ചെറിയൊരു മേശയും കിഴക്കേമുറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ആ തറവാട്ടിലുള്ളവരെല്ലാം കിഴക്കേമുറിയിലെ മണവുമായി ഇഴുകിച്ചേര്‍ന്ന് അതിനോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. മദ്രാസിലെ സതിച്ചെറിയമ്മയുടെ മക്കള്‍ക്ക് മാത്രം അവിടെ കയറിയാല്‍ ഓക്കാനം വരും. നിങ്ങളും അവിടെ ഭൂജാതരായതാണെന്ന് പറയുമ്പോള്‍ മുഖം കറുക്കും.

വിമലമേമയ്ക്ക് പ്രസവ വേദന തുടങ്ങി. അമ്മമ്മ വയറ്റാട്ടിത്തള്ളയെ വിളിക്കുവാന്‍  ആളയച്ചു.ചെറിയച്ഛന്‍ കാര്യമറിഞ്ഞ് കാറുമായെത്തി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍...

അമ്മമ്മയ്ക്ക് തന്റെ അവസാനത്തെ മകളുടെ പ്രസവം കൂടി കിഴക്കറയിലാക്കണം. മാളൂട്ടിയുടെ തലമുറ എവിടെ വേണമെങ്കിലും പ്രസവിക്കട്ടെ എന്നാണ് അമ്മമ്മ പറയാറുള്ളത്.

ചെറിയച്ഛന്‍ സമ്മതിച്ചില്ല. കാറില്‍ വിമലമേമയെ കയറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്.വിമലമേമ വേദന കൊണ്ട് കരയുന്നുമുണ്ട്.

''ദൈവേ.... തമ്പ്രാനേ... എന്തായീ കാണിക്കണത്...'' വയറ്റാട്ടിത്തള്ള പടികടന്ന് വരുന്നു.

വിമല മേമയുടെ വയറുനോക്കി വയറ്റാട്ടിത്തള്ള പറഞ്ഞു... ''ആശുപത്രീലെത്തില്ല്യാ തമ്പ്രാനെ...''

''നിങ്ങടെ ഒരു കരിനാക്ക്...'' മാറി നി

ല്‍ക്കെന്നുപറഞ്ഞ് ചെറിയച്ഛനും ഭാമിനി ചെറിയമ്മയും വിമലമേമയെ കാറില്‍ കയറ്റാനൊരുങ്ങി.

വയറ്റാട്ടിത്തള്ള ഇടയില്‍ കയറി. ''തമ്പ്രാനെ.... അടിയന്‍ പറയുന്നതു കേള്‍ക്ക്.....വിമലക്കുഞ്ഞിന് ഇപ്പൊ സുഖപ്രസവം നടക്കും. കുഞ്ഞിന്റെ തല ഇതാ പൊറത്തെത്താറായി.''

ചെറിയച്ഛനും ഭാമിനി ചെറിയമ്മയും തലയ്ക്ക് കൈ വെച്ചിരുന്നു. വയറ്റാട്ടിത്തള്ളയും അമ്മമ്മയും വിമല മേമയെ കിഴക്കേമുറിയിലേക്ക് കൊണ്ടുപോയി.

കിഴക്കറയുടെ വാതില്‍ അടഞ്ഞു.. നിമിഷങ്ങള്‍...വിമലമേമ കരയുന്ന ശബ്ദം കേള്‍ക്കാം.

കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതിനായി അമ്മമ്മ കാതോര്‍ത്തു നിന്നു. അമ്മമ്മയ്ക്ക് ആശ്വാസവും സാന്ത്വനവും നല്‍കി പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ പുറത്തുള്ളവര്‍ കേട്ടു. അമ്മമ്മ ദീര്‍ഘനിശ്വാസം പുറപ്പെടുവിച്ചു.

വാതില്‍ തുറന്ന് വയറ്റാട്ടിത്തള്ള പുറത്തു വന്നു. ''വിമലക്കുഞ്ഞ് പ്രസവിച്ചു. പെണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സൗഖ്യമായിരിക്കുന്നു.''  

ഏവര്‍ക്കും ആശ്വാസമായി. ദൈവമേ... ആശുപത്രീല് പോകാതെ ഈ പെണ്‍കുഞ്ഞും ഈ ഈറ്റില്ലത്തില്‍.... പ്രസവിക്കുന്ന ഒരു കാലം ഉണ്ടാകുമോ? അന്ന് ഈ പേറ്റിച്ചിയുടെ മകള്‍ ഇവിടെ വന്ന് പ്രസവം എടുക്കുമോ?

''ഹാവൂ... അങ്ങനെ വിമലയുടെ പ്രസവവും കഴിഞ്ഞു. ഇനി മാളൂട്ടിയുടെ കല്യാണം കഴിയണം... കിഴക്കറയില്‍ അടുത്ത കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കണമെങ്കില്‍... പക്ഷേ അവള്‍ പ്രസവിക്യാ ആശുപത്രീലല്ല്യേ... ഈ പേറ്റിച്ചിയുടെ കാലം കഴിഞ്ഞാ പ്രസവം എടുക്കുവാന്‍ ഡോക്ടറ് തന്നെ വേണ്ടി വരും....ശിവ ശിവ..'' അമ്മമ്മയുടെ ആശ്വാസവും ആത്മരോദനവും കേള്‍ക്കാമായിരുന്നു.

വയറ്റാട്ടിത്തള്ളയ്ക്ക് അന്നുച്ചയ്ക്ക് ചോറും കറികളും കൂട്ടി ഒരു ഊണ്‍തരമായി. ഒരു വേഷ്ടിയും മുണ്ടും അമ്മമ്മ നല്‍കി. അത് കണ്ണുകളില്‍ തട്ടിച്ച് ബഹുമാനം കാണിച്ച് വയറ്റാട്ടിത്തള്ള നടന്നു.

തറവാട്ടിലെ ഈറ്റുപുരയായ കിഴക്കേമുറിയിലെ പ്രസവവും നിന്നു. കിഴക്കേമുറി പ്രസവിച്ച സ്ത്രീകള്‍ ആശുപത്രിയില്‍ നിന്നു വന്നതിനു ശേഷം കിടക്കുന്നതിനുള്ള പ്രസവശുശ്രൂഷാമുറിയായി.

കാലം കടന്നു പോയി. ഇന്ന് പ്രസവിച്ച ആരും ആ പേറ്റു മുറിയില്‍ കിടക്കാറില്ല. ആ പേറ്റു മുറി ആഡംബര സൗകര്യങ്ങളോടുകൂടിയ അതിഥി സല്‍ക്കാരമുറിയായി മാറി.

 

രജനി സുരേഷ്

 

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.