login
മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യയെ പിന്നോട്ടടിക്കാന്‍ ഗൂഢശ്രമം

അടിമത്തവും മതവെറിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെക്കാള്‍ മാധ്യമ സ്വാതന്ത്യം ഉണ്ടെന്ന് വരുത്താനുള്ള ശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.

പാരീസ് ആസ്ഥാനമായ സന്നദ്ധസംഘടന 'റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്' (ആര്‍.എസ്.എഫ്.) ലോകത്തെ വിവിധ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ തോത് നിര്‍ണയിക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കി. പട്ടികയില്‍ ഇന്ത്യയെന്ന, ലോകത്തെ ഏറ്റവും വലുതും ഊര്‍ജ്ജസ്വലവും വിശാലവുമായ ജനാധിപത്യവും ഏറ്റവും ബഹുസ്വരെമന്നു വിശേഷിപ്പിക്കപ്പെടുന്ന സമൂഹമുള്ളതുമായ രാജ്യം, ആകെ വിലയിരുത്തപ്പെട്ട 180 രാജ്യങ്ങളില്‍ വളരെ താഴെ 142-ാം സ്ഥാനത്താണ്. ഒരു കൊല്ലം മുമ്പ് ഇന്ത്യ കരസ്ഥമാക്കിയിരുന്ന 140 നും രണ്ടുപടി താഴെയാണിപ്പോള്‍.

എന്തുകൊണ്ടാണ് ആര്‍.എസ്.എഫിന്റെ അഭിപ്രായത്തില്‍, മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നാക്കം നില്‍ക്കുന്നത്? ഇത് ജനാധിപത്യത്തെക്കുറിച്ചുള്ള ആര്‍.എസ്.എഫിന്റെ ധാരണയെയും അത് വിലയിരുത്തുന്നതിലുള്ള മാര്‍ഗസംഹിതയെയും കുറിച്ച് ഗൗരവമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

വിശദമായ ചോദ്യാവലിയിലൂടെ വിദഗ്ധരുടെ പ്രതികരണങ്ങള്‍ ശേഖരിച്ചു വിലയിരുത്തിയിട്ടാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ തോത് നിര്‍ണ്ണയിച്ചത് എന്നാണ് ആര്‍.എസ്.എഫ്. വെബ്‌സൈറ്റ് പറയുന്നത്. നിശ്ചിത കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ മോശമായ പെരുമാറ്റം, അതിക്രമങ്ങള്‍ തുടങ്ങിയവ കൂടി വിലയിരുത്തിയാണ് തോത് നിര്‍ണ്ണയിക്കാനുള്ള വിവരങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നത്. ബഹുസ്വരത, മാധ്യമ സ്വാതന്ത്ര്യം, മാധ്യമപ്രവര്‍ത്തനത്തിനുള്ള സാഹചര്യം, ആത്മപരിശോധന, നിയമപരമായ ചട്ടക്കൂട്, സുതാര്യത, വാര്‍ത്തകളുടെയും വിവരങ്ങളുടെയും ആവിഷ്‌കാരത്തെ പിന്തുണയ്ക്കുന്ന ആന്തരഘടനയുടെ ഗുണനിലവാരം എന്നിവയാണ് 87 ചോദ്യങ്ങളുള്ള ചോദ്യാവലിയില്‍ വിലയിരുത്തപ്പെട്ടത്. ആര്‍.എസ്.എഫ്. ഈ ഓണ്‍ലൈന്‍ ചോദ്യാവലി അയച്ചുകൊടുത്തത് ലോകമെമ്പാടുമുള്ള 18 സന്നദ്ധ സംഘടനകള്‍ക്കും 150 മാധ്യമപ്രവര്‍ത്തകര്‍ക്കും അവര്‍ തെരഞ്ഞെടുത്ത ഗവേഷകര്‍, നിയമജ്ഞര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുമാണ്. വിലയിരുത്തപ്പെടുന്ന രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ മാധ്യമപ്രവര്‍ത്തകരാണ് ഏകദേശം പത്തു ശതമാനം പേര്‍.

പക്ഷേ, ഇവിടെയാണ് പ്രശ്‌നം. 133 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തിന്റെ പരിശോധനയ്ക്കായി ശേഖരിച്ച വിവരങ്ങള്‍ തുച്ഛമാണെന്നു മാത്രമല്ല, തെരഞ്ഞെടുത്തവരെക്കുറിച്ചും കാര്യമായ വിവരമില്ല. ഇക്കാര്യം നമുക്കു പിന്നീടു നോക്കാം.

ആദ്യമായി, ഒരാള്‍ കരുതുന്നത് മികച്ച ജനാധിപത്യ അന്തരീക്ഷം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവശ്യം വേണ്ടുന്ന ഘടകമാണെന്നാണ്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ഒരു ജനാധിപത്യ സര്‍ക്കാര്‍ നല്‍കുന്നതുപോലെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഈ സൂചികയില്‍ പ്രാധാന്യം നല്‍കിയിട്ടില്ല. ഒരു രാജ്യത്തിന്റെ ഭരണഘടനയില്‍ അഭിപ്രായആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള അലംഘനീയമായ പ്രതിബദ്ധത, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള സ്പഷ്ടമായ ഭരണഘടനാ പ്രതിബദ്ധത, മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കല്‍, നിയമത്തിനു മുന്നില്‍ സമത്വത്തിനുള്ള മൗലികാവകാശവും നിയമങ്ങളുടെ തുല്യമായ പരിരക്ഷയും, ലിംഗസമത്വം എന്നിവയ്‌ക്കൊപ്പം ജീവിക്കാനുള്ള മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യവും എന്നീ കാര്യങ്ങളൊന്നും ഒരു രാജ്യത്ത് മാധ്യമസ്വാതന്ത്ര്യമുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് ആര്‍.എസ്.എഫ്. കരുതുന്നത് എന്നാണു തോന്നുന്നത്. ഇതാണ് അതിന്റെ ഏറ്റവും വലിയ ന്യൂനതയും.

ജനാധിപത്യം പോലുമില്ലാത്ത ചില രാജ്യങ്ങളുടെ പട്ടികയിലെ സ്ഥാനം കാണുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. കുറച്ച് ഉദാഹരണങ്ങള്‍ ഇതാ :

ആര്‍.എസ്.എഫ്. സൂചികപ്രകാരം ഇന്ത്യ 142ാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ നൂറിലേറെ പോയിന്റുകള്‍ മുന്നില്‍ 36ാം സ്ഥാനത്താണ് ബുര്‍ക്കിന ഫാസോ. ബുര്‍ക്കിന ഫാസോയില്‍ അടിമത്തം തുടരുന്നു എന്ന കാര്യം കുറച്ചുനാള്‍ മുമ്പ് യു.എസ്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ട്രാഫിക്കിങ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കുട്ടികളാണ് പലപ്പോഴും ഇതിന് ഇരയാകുന്നത്. അറബ് അടിമക്കച്ചവട കാലഘട്ടം മുതലുള്ള നീണ്ടകാല ചരിത്രം പേറുന്ന, അടിയുറച്ചുപോയ ഒന്നാണ്, ഇവിടത്തെ അടിമത്തമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള അടിമത്ത സൂചികപ്രകാരം, 2018ല്‍, രാജ്യത്ത് 82,000 പേരാണ് 'ആധുനിക അടിമത്ത'ത്തില്‍ കഴിയുന്നതെന്ന് കണക്കാക്കപ്പെടുന്നു.

ആര്‍.എസ്.എഫ്. സൂചികയില്‍ 79ാം സ്ഥാനത്താണ് മാലിദ്വീപ് റിപ്പബ്ലിക്കുള്ളത്. അവരുടെ ഭരണഘടന പറയുന്നത് ഇസ്ലാമാണ് മാലിദ്വീപിന്റെ മതമെന്നും 'ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും മാലിദ്വീപില്‍ നടപ്പാക്കില്ല' എന്നുമാണ്. ഭരണഘടന അനുച്ഛേദം 9 (ഡി) വ്യക്തമാക്കുന്നത് 'മുസ്ലീമല്ലാത്ത ഒരാള്‍ മാലിദ്വീപിലെ പൗരനായിക്കൂടാ' എന്നാണ്.

സൂചികയില്‍ 135ാം സ്ഥാനത്തുള്ള സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഒരു അറബ്, ഇസ്ലാമിക രാഷ്ട്രമാണ്. ഒമാന്‍ ഭരണഘടനയുടെ രണ്ടാം അനുച്ഛേദം പറയുന്നത് രാജ്യത്തിന്റെ മതം ഇസ്ലാമാണെന്നും ഇസ്ലാമിക ശരീഅത്താണ് നിയമനിര്‍മ്മാണത്തിനുള്ള അടിസ്ഥാനമെന്നുമാണ്. സുല്‍ത്താനി ഭരണവ്യവസ്ഥയാണ് ഇവിടെയുള്ളത്. അതായത് സയ്യിദ് തുര്‍ക്കി ബിന്‍ സെയ്ദ് ബിന്‍ സുല്‍ത്താന്റെ ആണ്‍സന്തതിപരമ്പരയാണ് ഭരണം നടത്തുന്നത്. പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടേണ്ടത് 'ഒരു മുസ്ലീമാകണം, പക്വതയുള്ളവനും വിവേകിയും ഒമാനി മുസ്ലീം മാതാപിതാക്കളുടെ നിയമാനുസൃതപുത്രനുമായിരിക്കണം'.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇത് ഒരു മതേതര രാഷ്ട്രമോ റിപ്പബ്ലിക്കോ അല്ല; ലിംഗസമത്വവുമില്ല. കാരണം, രാഷ്ട്രത്തലവന്‍ ഒരു മുസ്ലീം പുരുഷനായിരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു.

സൂചികയില്‍ 75ാം സ്ഥാനത്താണ്  കൊമോറസ്. ഭരണഘടന പറയുന്നത്, കൊമോറിയന്‍ ജനത സഗൗരവം പ്രതിജ്ഞ ചെയ്യുന്നത് ഇങ്ങനെയാണെന്നാണ്: അവരുടെ ഇഷ്ടങ്ങള്‍ 'യൂണിയനെ ഭരിക്കുന്ന തത്വങ്ങളുടെയും നിയമങ്ങളുടെയും സ്ഥായിയായ പ്രചോദനമായ, ഭരണകൂടത്തിന്റെ മതമായ, ഇസ്ലാമില്‍ നിന്നാണ്...'.

ഇനി ക്രിസ്തുമതം അവിഭാജ്യഘടകമായ ചില രാജ്യങ്ങള്‍ പരിശോധിക്കാം. സൂചികയില്‍ 64ാം സ്ഥാനത്താണ് അര്‍ജന്റീന. റോമന്‍ കാത്തലിക് അപ്പോസ്തലിക് മതത്തെ ഫെഡറല്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്നാണ് അതിന്റെ ഭരണഘടന പ്രഖ്യാപിക്കുന്നത്.

ആര്‍.എസ്.എഫ്. സൂചികയില്‍ 81ാം സ്ഥാനത്തുള്ള മാള്‍ട്ടയുടെ ഭരണഘടന 'മാള്‍ട്ടയുടെ മതം റോമന്‍ കാത്തലിക്ക് അപ്പോസ്തലിക് മതമാണ്' എന്ന് പ്രഖ്യാപിക്കുന്നു. റോമന്‍ കാത്തലിക് അപ്പോസ്തലിക് സഭയുടെ അധികാരികള്‍ക്ക് 'ഏതൊക്കെ തത്വങ്ങള്‍ ശരിയാണെന്നും ഏതൊക്കെ തെറ്റാണെന്നും പഠിപ്പിക്കാനുള്ള കടമയും അവകാശവുമുണ്ട്' എന്നും റോമന്‍ കാത്തലിക് അപ്പോസ്തലിക് വിശ്വാസത്തെക്കുറിച്ചുള്ള പഠനം രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കുമെന്നും അതില്‍ പറയുന്നു.

രാജഭരണത്തില്‍ കീഴിലുള്ള നോര്‍വേയാണ് ആര്‍.എസ്.എഫ്. പട്ടികയില്‍ ഒന്നാമതുള്ളതും ഏറ്റവുമധികം മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യമായി പ്രഖ്യാപിക്കപ്പെട്ടതും. അവിടത്തെ ഭരണഘടന ഭരണകൂടത്തെ പരിമിതവും പരമ്പരാഗതവുമായ രാജവാഴ്ചയായി വിശേഷിപ്പിക്കുകയും 'നമ്മുടെ മൂല്യങ്ങള്‍ നമ്മുടെ ക്രിസ്ത്യന്‍, മാനവിക പാരമ്പര്യമായി നിലനില്‍ക്കുകയും ചെയ്യു'മെന്നും പറയുന്നു. നോര്‍വേയില്‍ രാഷ്ട്രത്തലവനാകാനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: 'രാജാവ് എല്ലായ്‌പ്പോഴും ഇവാഞ്ചലിക്കല്‍  ലൂഥറന്‍ മതത്തിന് അവകാശപ്പെട്ടതായിരിക്കും'. ഇത് രാഷ്ട്രത്തലവന് കൂടുതല്‍ അധികാരവും നല്‍കുന്നുണ്ട്  'രാജാവിന്റെ ആള്‍ വിശുദ്ധനാണ്; അദ്ദേഹത്തെ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ കഴിയില്ല'. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇത് ഒരു മതേതര രാഷ്ട്രമല്ല; റിപ്പബ്ലിക്കന്‍ അല്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ  നിയമത്തിനു മുന്നിലെ സമത്വവും തുല്യ നീതിനിര്‍വഹണ(ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 14) ത്തിനും നോര്‍വേയില്‍ സ്ഥാനമില്ല.

ആര്‍.എസ്.എഫ്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഡെന്മാര്‍ക്കിന്റെ ഭരണഘടന പ്രഖ്യാപിക്കുന്നത് ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭയാണ് ഡെന്മാര്‍ക്കിന്റെ സഭയെന്നാണ്. 'അതിനാല്‍ രാജ്യം അതിനെ പിന്തുണയ്ക്കും'. ഇത് അര്‍ത്ഥമാക്കുന്നത് ഇങ്ങനെയാണ്: 'ഇത് വിശുദ്ധ ബൈബിള്‍, വിവിധ സഭകളെ പ്രതിനിധാനം ചെയ്യുന്ന പുസ്തകങ്ങള്‍, ജര്‍മന്‍ ദൈവശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ ലൂഥറുടെ അനുശാസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്...'. ഇന്ന്, ചര്‍ച്ച് ഓഫ് ഡെന്മാര്‍ക്കിനെ സാമ്പത്തികമായും മറ്റു കാര്യങ്ങളിലും പിന്തുണയ്‌ക്കേണ്ടതു രാജ്യത്തിന്റെ കടമയാണ്.

ഈ സൂചികയില്‍ 65ാം സ്ഥാനത്താണ് ഗ്രീസ്. അതിന്റെ ഭരണഘടനയുടെ മൂന്നാം അനുച്ഛേദം പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: 'ഗ്രീസില്‍ നിലവിലുള്ള മതം ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് െ്രെകസ്റ്റ് ആണ്. ഗ്രീസിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അതിന്റെ തലവനായി അംഗീകരിച്ച്, കോണ്‍സ്റ്റാന്റിനോപ്പിളിലെ ക്രിസ്തുവിന്റെ മഹാസഭയുമായും അതേ വിശ്വാസം സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ െ്രെകസ്തവസഭകളുമായും അഭേദ്യമായി ഐക്യപ്പെടുന്നു'.

സഭയെയും രാജ്യത്തെയും മതത്തെയും രാജ്യത്തെയും വേര്‍തിരിക്കുക എന്നത് ജനാധിപത്യത്തില്‍ പ്രധാനമല്ലേ? ആര്‍.എസ്.എഫ്. സൂചികയില്‍ പരിഹാരം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്, പക്ഷേ, ഇനിയും നിരവധി കാര്യങ്ങളുണ്ട്.

ഇന്ത്യ എന്തുകൊണ്ട് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് സമ്പൂര്‍ണമായി തള്ളിക്കളയണം

മതേതരത്വം ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ച്ചേര്‍ന്നതും പ്രത്യേകമതമില്ലാത്തതുമായ ഒരു രാജ്യം, സമത്വവാദത്തിന്റെ മികച്ച പാരമ്പര്യങ്ങളാല്‍ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്ന ഇന്ത്യ, ലിംഗഅസമത്വവും പാരമ്പര്യ രാജവാഴ്ച വരിച്ചതുമായ രാജ്യങ്ങളില്‍ നിന്ന് എങ്ങനെ പിന്നിലാകും? മാത്രമല്ല, ജനാധിപത്യ രാജ്യങ്ങളായി പോലും പരിഗണിക്കാന്‍ കഴിയാത്ത വിശുദ്ധശക്തികളുടെ ആധിപത്യമുള്ള മതാധിഷ്ഠിത രാജ്യങ്ങളില്‍ ഇന്ത്യയെപ്പോലുള്ള മതേതര ജനാധിപത്യത്തേക്കാള്‍ മികച്ച മാധ്യമസ്വാതന്ത്ര്യം എങ്ങനെ ലഭിക്കും?  മാധ്യമ സ്വാതന്ത്ര്യ സൂചിക ഉണ്ടാക്കുന്നതിനുള്ള ആര്‍എസ്എഫിന്റെ പ്രയത്‌നങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ചോദ്യങ്ങളാണിവ.

ആറു വിഭാഗങ്ങളായി രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ തരംതിരിക്കുന്നുവെന്ന് ആര്‍എസ്എഫ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ആദ്യത്തെ താരതമ്യമാകട്ടെ, മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെ അളവുകോലാല്‍ രാജ്യത്തിന്റെ ബഹുസ്വരതയെ അളക്കുന്നു. അങ്ങനെയാണെങ്കില്‍, ലോകത്തിലെ ഏറ്റവും ബഹുസ്വര സമൂഹമായ ഇന്ത്യയേക്കാള്‍ മുസ്‌ലിങ്ങളല്ലാത്തവര്‍ക്ക് പൗരത്വം പോലും നിഷേധിക്കപ്പെടുന്ന വിശുദ്ധാധിപത്യ രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലും കൂടുതല്‍ മാധ്യമ ബഹുസ്വരത ഉണ്ടെന്ന് നാം വിശ്വസിക്കണമെന്ന് ആര്‍എസ്എഫ് ആഗ്രഹിക്കുന്നു.

രണ്ടാമത്തെ താരതമ്യം മാധ്യമസ്വാതന്ത്ര്യമാണ് രാഷ്ട്രീയമുക്തവും സര്‍ക്കാരിന്റെയും മതശക്തിയുടെയും സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് എത്രത്തോളം കഴിയുമെന്ന് കണക്കാക്കല്‍. ആര്‍എസ്എഫ് സൂചിക പ്രകാരം, ചര്‍ച്ചിന്റെ സ്വാധീനമുള്ള അര്‍ജന്റീന, മാള്‍ട്ട, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും മാലിദ്വീപ്, ഒമാന്‍ സുല്‍ത്താനേറ്റ്, കൊമോറോസ് തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലും  മാധ്യമങ്ങളില്‍ ചെലുത്തുന്ന മതശക്തിയും സ്വാധീനവും മതേതര, ജനാധിപത്യ ഇന്ത്യയേക്കാള്‍ വളരെ കുറവാണ്!

മൂന്നാമത്തെ മാനദണ്ഡം 'മാധ്യമ അന്തരീക്ഷവും സ്വയം സെന്‍സര്‍ഷിപ്പും' ആണ്. പതിറ്റാണ്ടുകളായി സ്വതന്ത്ര ഇന്ത്യ മാധ്യമ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്, രാജ്യത്തെ മൊത്തം പ്രസിദ്ധീകരണങ്ങളുടെ പതിപ്പുകള്‍ ഡസന്‍ കണക്കിന് ഭാഷകളിലായി 430 ദശലക്ഷം കോപ്പികള്‍ കടന്നിരിക്കുന്നു. കൂടാതെ രാജ്യത്ത് 800 ടെലിവിഷന്‍ ചാനലുകളുള്ളതില്‍ കാല്‍ഭാഗവും വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും കൈകാര്യം ചെയ്യുന്നവയാണ്. പഠനങ്ങളില്‍ പങ്കെടുക്കുന്നവര്‍ മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്ന പരിതസ്ഥിതികള്‍ വിലയിരുത്തേണ്ടതാണ്. ഇത്രയധികം മാധ്യമ വൈവിധ്യങ്ങളെ കുറിച്ച് അഭിമാനത്തോടെ കഴിയാന്‍ സാധിക്കുന്ന മറ്റൊരു രാജ്യമുണ്ടോ? സ്വയം സെന്‍സര്‍ഷിപ്പിനെക്കുറിച്ച് പറയുമ്പോള്‍, ഇസ്ലാമിക് രാജ്യങ്ങളിലും വിശുദ്ധാധിപത്യ രാജ്യങ്ങളിലും സ്വയം സെന്‍സര്‍ഷിപ്പ് പാലിക്കാത്തതിന്റെ അനന്തരഫലമെന്താണെന്നതിനെക്കുറിച്ച് ആര്‍എസ്എഫിന് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. സ്വയം സെന്‍സര്‍ഷിപ്പിനെക്കുറിച്ചും രാജഭരണമുള്ള യുകെ, ബെല്‍ജിയം, നെതര്‍ലാന്റ്‌സ്, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളെ കുറിച്ചും അവിടുത്തെ രാജാധിപത്യത്തെക്കുറിച്ചും ധാരണയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയെ പോലെ വൈവിധ്യപൂര്‍ണ്ണവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന് സ്വയം സെന്‍സര്‍ഷിപ്പ് വെറുക്കപ്പെട്ടതാണ്.

ഇന്ത്യയില്‍ ഭരണഘടന മുതല്‍ പാര്‍ലമെന്റ് വരെ നിയമനിര്‍മ്മാണസഭകള്‍ തയ്യാറാക്കിയ നിരവധി നിയമങ്ങള്‍ അടക്കം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ചട്ടക്കൂടുകള്‍ ഉള്ളിടത്തോളം, മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

ഇന്ത്യ ഉന്നത സ്ഥാനം നേടുന്ന മറ്റൊരു മാനദണ്ഡമാണ് സുതാര്യത. അമേരിക്കയിലും മറ്റ് ജനാധിപത്യ രാജ്യങ്ങളിലും ഉള്ളതുപോലെ ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ സ്വീകരിച്ച ഉള്ളടക്ക നിലപാടുകളിലും, രാഷ്ട്രീയ അഭിപ്രായത്തിലും വലിയ വ്യത്യാസമുണ്ട്. ഒരു മാധ്യമ സ്ഥാപനവും അതിന്റെ  നിലപാടുകള്‍ മറയ്ക്കുന്നില്ല. കമ്മ്യൂണിസം, സോഷ്യലിസം, മധ്യപക്ഷം, വലതുപക്ഷം മുതലായവ ഉള്‍പ്പെടെ ഇന്ത്യന്‍ മാധ്യമങ്ങളില്‍ മഴവില്ലിലെന്നപോലെ എല്ലാ നിറങ്ങളും കാണാം. അമിതമായ ഇടത് പക്ഷ ചായ്‌വ് മൂലം മാധ്യമങ്ങള്‍ മുന്‍കാലങ്ങളില്‍ അത്ര സുതാര്യമല്ലായിരുന്നു.  ഇപ്പോള്‍ എല്ലാ അഭിപ്രായങ്ങളും അതിന്റേതായ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനാല്‍ ശരിയായ നിലയിലായിരിക്കുന്നു. വാസ്തവത്തില്‍, വിവരങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുന്നത് ഈ ബഹുസ്വരതയാണ്. വൈരുദ്ധ്യത്തെ ഭയപ്പെടാതെയുള്ള ഇത്തരത്തിലുള്ള ബഹുസ്വരത മറ്റെവിടെയും കാണാനാവില്ല. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് നേരെ മോശമായ അധിക്ഷേപങ്ങള്‍ വരെ സാമൂഹിക മാധ്യമങ്ങളിലും ഇത് ദര്‍ശിക്കാം. നിങ്ങള്‍ സുതാര്യതയാണ് തിരയുന്നതെങ്കില്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ അവ ധാരാളം ലഭിക്കും, എന്നാല്‍ മാന്യതയാണ് തിരയുന്നതെങ്കില്‍ ഇത് നിങ്ങള്‍ക്ക് പോകാവുന്ന ഇടമല്ല.

 

അവസാനമായി, ഈ സൂചിക പരിശോധിച്ചത് വാര്‍ത്തകളുടെയും വിവരങ്ങളുടെയും നിര്‍മാണത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരമാണ്. ഇന്ത്യ സാങ്കേതികമായി മുന്നേറുകയും ആവശ്യമുള്ളവര്‍ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യം നല്‍കുകയും ചെയ്യുന്നുണ്ട്. കൂടാതെ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ഇന്ത്യയുടെ മുന്നോക്കാവസ്ഥ കൊണ്ട് മാധ്യമ കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പുതിയ മേഖലകളിലേക്ക് കൊണ്ടുപോകുന്നതിന് ശക്തമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സജ്ജമാക്കുന്നു.

ഇതിനെല്ലാം പുറമെ, ആര്‍എസ്എഫ് സ്വീകരിച്ച പ്രവര്‍ത്തന രീതി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഓരോ രാജ്യത്തും അതിന്റെ പ്രതിനിധികളുടെ പേര് പറയണം; പ്രതികരിക്കുന്നവരുടെ പട്ടിക, അവരുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലം, താമസിക്കുന്ന സ്ഥലം മുതലായവ അറിയിക്കണം. സ്വീകരിച്ച മാതൃക വിശ്വസനീയമല്ലെങ്കില്‍, അവരുടെ നിഗമനങ്ങള്‍ സംശയിക്കപ്പെടും. മറ്റ് പോരായ്മകളുമുണ്ട്: പാരീസ് ആസ്ഥാനമായുള്ള കോര്‍ ടീമാണ് ഓരോ ചോദ്യങ്ങളും, ഉത്തരത്തിനു നല്‍കിയ അവയുടെ വെയിറ്റേജും നിര്‍ണ്ണയിക്കുന്നത്. ഇതൊരു തൃപ്തികരമായ സാഹചര്യമല്ല.  മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനം ആര്‍എസ്എഫ് വിശദീകരിക്കുന്നില്ല. പകരം പത്രസ്വാതന്ത്ര്യം, വിവരസ്വാതന്ത്ര്യം തുടങ്ങിയ പദങ്ങള്‍ ലളിതമായ അയഞ്ഞ രീതിയില്‍ ഉപയോഗിക്കുന്നു. അവസാനമായി, ചോദ്യാവലി വളരെ ദൈര്‍ഘ്യമേറിയതും ആയാസകരവുമാണ്. ഇത് ചോദ്യോത്തര പ്രക്രിയ അവസാനിക്കുന്നതിന് മുമ്പുതന്നെ പ്രതികരിക്കുന്നവരെ ക്ഷീണിപ്പിക്കുന്നതിന് കാരണമാകും.

ഈ മാധ്യമ സൂചികയും അത് പ്രവര്‍ത്തിപഥത്തിലാക്കിയ രീതിയും നോക്കുമ്പോള്‍, ഏറ്റവും വലിയ പോരായ്മ ആര്‍എസ്എഫിന്റെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളോടുള്ള അനാദരവാണ്. പൂര്‍ണമായും ജനാധിപത്യേതര ചുറ്റുപാടുകളില്‍ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നതില്‍ അവര്‍ സ്വയം വഞ്ചിതരായി. ഇക്കാരണത്താല്‍ മാത്രം, അതിന്റെ നിഗമനങ്ങളില്‍ എല്ലാം പരിപൂര്‍ണമായി നിരസിക്കണം.

അവസാനമായി, ആര്‍എസ്എഫിന്റെ പ്രവര്‍ത്തനം ആത്മനിഷ്ഠവും, പക്ഷപാതപരവും, സുതാര്യമല്ലാത്തതുമാണെന്ന് പറയേണ്ടിവരും. ഏറ്റവും വലിയ പോരായ്മ ആര്‍എസ്എഫിന്റെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളോടുള്ള അനാദരവാണ്. പൂര്‍ണമായും ജനാധിപത്യേതര ചുറ്റുപാടുകളില്‍ മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നതില്‍ അവര്‍ സ്വയം വഞ്ചിതരായി. അതിനാല് അവരുടെ നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടണം.

ആര്‍എസ്എഫ് ഇന്ത്യന്‍ ഭരണഘടന മനസിലാക്കുകയും മറ്റ് ഭരണഘടനകളുമായി താരതമ്യം ചെയ്യുകയും വേണം. ആഗോള മാധ്യമ സൂചിക തയാറാക്കുന്നതിനുമുമ്പ് ഇന്ത്യയിലെ ജനാധിപത്യ പാരമ്പര്യങ്ങളെ മുന്നോട്ട് നയിക്കുന്ന ശക്തമായ സ്ഥാപനങ്ങളെ നോക്കി കാണണം; ജനാധിപത്യത്തെ ആദ്യം സ്വയം നിര്‍വചിക്കണം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആര്‍എസ്എഫ് സൂചിക നിര്‍മാണം ആദ്യം മുതല്‍ തുടങ്ങണം

എ.  സൂര്യപ്രകാശ്  

(ജനാധിപത്യ പഠന വിദഗ്ധനും ഗവേഷകനും )

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.