login
ആര്‍ബിഐ നിയന്ത്രണം: അടുത്ത ഘട്ടം 'പ്രാഥമിക ബാങ്കു'കളില്‍

പ്രാഥമിക സഹ. സംഘങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല്. യുഡിഎഫും എല്‍ഡിഎഫും ഇവയെ കറവപ്പശുക്കളും അഴിമതി ഫാക്ടറികളും ആക്കി മാറ്റുന്നത് രാഷ്ട്രീയം കളിച്ചാണ്.

കൊച്ചി: അര്‍ബന്‍ സഹ.  ബാങ്കുകളെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാക്കിയെങ്കിലും കേരളത്തിലെ സഹകരണ മേഖലയുടെ നെടുംതൂണായ പ്രാഥമിക സഹകരണ സംഘങ്ങള്‍ നിയന്ത്രണ പരിധിയില്‍ വരാത്തതിനാല്‍ കേരളത്തില്‍ വലിയ എതിര്‍പ്പില്ല. എന്നാല്‍, പ്രാഥമിക സഹകരണ ബാങ്കുകളെന്ന പ്രചാരണം നിര്‍ത്തണമെന്ന നിര്‍ദേശം ചെവിക്കൊള്ളാത്തതിന്റെ പേരിലുള്‍പ്പെടെ നടപടികള്‍ അടുത്ത പടിയായി വന്നേക്കാം.  

മഹാരാഷ്ട്രയില്‍ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര അര്‍ബന്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് അര്‍ബന്‍ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തില്‍ ആര്‍ബിഐ ഇടപെട്ടത്. മുന്‍പ്  ആര്‍ബിഐക്കും സംസ്ഥാന സഹകരണ സംഘം രജിസ്ട്രാറിനും സംയുക്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് ആര്‍ബിഐ മാത്രമാക്കി. സഹ. സംഘം രജിസ്ട്രാറെ ഒഴിവാക്കി. കേരളത്തില്‍ മുപ്പതില്‍ താഴെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ്. രാജ്യത്താകെ 1482 എണ്ണവും.  

വാണിജ്യ ബാങ്കുകള്‍ക്കു മേല്‍ ആര്‍ബിഐയ്ക്കുള്ള നിയന്ത്രണങ്ങളെല്ലാം ഇനി  ബാങ്കുകള്‍ക്കും ബാധകമാകും. ഈടില്ലാതെ വായ്പ നല്‍കുന്നതുള്‍പ്പെടെയുള്ള ഇടപാടുകള്‍ക്ക് അനുമതി നേടണം. സിഇഒയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നിയമനത്തിന് ആര്‍ബിഐ അനുമതി വാങ്ങണം. അങ്ങനെ അഴിമതിക്ക് സാധ്യതയുള്ള എല്ലാ രംഗത്തും ആര്‍ബിഐയുടെ കണ്ണുണ്ടാകും.

പ്രാഥമിക സഹ. സംഘങ്ങളാണ് കേരളത്തിലെ സഹകരണ മേഖലയുടെ നട്ടെല്ല്.  യുഡിഎഫും എല്‍ഡിഎഫും ഇവയെ കറവപ്പശുക്കളും അഴിമതി ഫാക്ടറികളും ആക്കി മാറ്റുന്നത്  രാഷ്ട്രീയം കളിച്ചാണ്.  

പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇവ.  എന്നാല്‍, ഇവ ബാങ്കുകളാണെന്ന പ്രചരിപ്പിക്കുന്നതും  അംഗീകൃത ബാങ്കുകള്‍ക്കു മാത്രം നടത്താന്‍ അനുമതിയുള്ള സാമ്പത്തിക  ഇടപാടുകള്‍ നടത്തുന്നതും റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന്   സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന വിശേഷണം വിനിയോഗിക്കരുതെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിണ്ട്. പക്ഷെ ഇങ്ങനെ ചെയ്തിട്ടില്ല.  അടുത്ത ഘട്ടത്തില്‍ ആര്‍ബിഐ ഇവയുടെ  സാമ്പത്തിക ഇടപാടുകളിലും നിയന്ത്രണം കൊണ്ടുവന്നേക്കും.

 

കേരളബാങ്കിന് അനുമതി

കൊച്ചി: കേരളത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ചേര്‍ത്ത് ഉണ്ടാക്കാന്‍ പദ്ധതിയിട്ട കേരള ബാങ്കിന് ഒട്ടേറെ വ്യവസ്ഥകളോടെയും നിന്ത്രണങ്ങളോടെയും റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. പക്ഷെ  വാണിജ്യ ബാങ്കുകളുടെ പദവിയില്‍ എത്താന്‍  കേരളബാങ്കിന് ഏറെ സഞ്ചരിക്കാനുണ്ട്.

അതിനിടെ, കേരള ബാങ്ക്  തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലായി.  ഇഷ്ടക്കാര്‍ക്ക് ഇഷ്ടാനുസരണം വായ്പ കൊടുത്തിരുന്ന സംവിധാനം പൊടുന്നനെ നിലച്ചു.  വര്‍ഷത്തിലൊരിക്കല്‍ ഒന്നിച്ച് തിരിച്ചടയ്ക്കുന്ന സമ്പ്രദായം മാറി പ്രതിമാസ തവണകള്‍ അടയ്‌ക്കേണ്ടത് നിര്‍ബന്ധമാക്കി. ഇതോടെ 'പെട്ടെന്ന് വായ്പ ഒപ്പിക്കാന്‍' കക്ഷിരാഷ്ട്രീയക്കാര്‍ ഇടപെടുന്നതില്‍ കുറവു വന്നു. വായ്പയെടുക്കാന്‍ ആളില്ല. വായ്പ കൊടുക്കുന്ന നടപടിക്രമങ്ങളിലെ മാറ്റം ജീവനക്കാരെയും കുഴയ്ക്കുന്നു.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.