login
തത്വങ്ങളില്‍ ഉറച്ച പാക്കേജ്

ഇതുവരെ സ്വീകരിച്ച നടപടികള്‍ സാമ്പത്തിക രംഗത്ത് നല്ലൊരു പരിധി വരെ ഫലം കണ്ടിരിക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് നല്ല സൂചനകളാണ് രണ്ടാം പാദത്തില്‍ കാണുന്നത്

കര്‍ഷകര്‍, തൊഴിലാളികള്‍,ഗ്രാമീ ണ മേഖലയിലെ പാവപ്പെട്ടവര്‍,സ്വദേശി ഉത്പാദനത്തിനുള്ളഊന്നല്‍ എന്നിവയൊക്കെ അടങ്ങുന്ന സമൂഹത്തിലെ അടിത്തട്ടില്‍ ഉള്ളവരെ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഒരു പാക്കേജ് ആണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ആത്മ നിര്‍ഭര്‍ 3.0. ''ദീന്‍ദയലോണോമിക്‌സ്'' എന്ന സാമ്പത്തിക പ്രമാണത്തില്‍ അധിഷ്ടിതപ്പെടുത്താവുന്ന ഒരു നടപടിക്രമമാണ് ധനമന്ത്രി പുറത്തിറക്കിയത്.

കേന്ദ്രത്തിന്റെ ഇന്നത്തെ വരുമാനവും ചെലവും തട്ടിച്ചു നോക്കുമ്പോള്‍, ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ല. പരിധിയില്ലാതെ കടം എടുത്തു ചെലവാക്കുക, അല്ലെങ്കില്‍ നോട്ടടിച്ചു ധനക്കമ്മി എത്രയാണെങ്കിലും അത് നികത്തുകയെന്ന ഒരു നിര്‍ദേശം നോബല്‍ സമ്മാന ജേതാവായ അഭിജിത് ബാനര്‍ജി അടക്കം ഉള്ളവര്‍ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും.

പ്രഖ്യാപനങ്ങളോട് അനുബന്ധമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞ കാര്യം ഇവിടെ വിസ്മരിച്ചു കൂടാ. വ്യവസായ സംരംഭകരും മറ്റുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണ് ആത്മ നിര്‍ഭര്‍ 3.0 പദ്ധതിയിലെ 12 നടപടികളും എടുത്തിട്ടുള്ളത്. അതായത് വ്യക്തമായ കാഴ്ചപ്പാടോടും തയ്യാറെടുപ്പോടും കൂടി. അല്ലാതെ പെട്ടെന്ന് വരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി കൈയിലുള്ള കാശ് എടുത്തു ചെലവാക്കുന്ന രീതിയില്‍ അല്ല. സര്‍ക്കാരിന്റെ ധനകാര്യ നടപടികള്‍ ഒരു വീട്ടിലെ ദൈനംദിന ചെലവ് നടത്തുന്നത് പോലെയും അല്ലല്ലോ.

മൊത്തത്തില്‍ സാമ്പത്തിക ഉത്തേജനത്തിനു വേണ്ടിയുള്ള ഒരു തുടര്‍ നടപടിയായി ഇതിനെ കാണുമ്പോഴും, ഒരു അഭിപ്രായം കുറിക്കാതിരിക്കാന്‍ പറ്റുന്നില്ല. അത്,ആദ്യമേ തന്നെ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനപോലെ ഒരൊറ്റതവണ അക്കൗണ്ടുകളിലേക്കുള്ള പണം മാറ്റല്‍ കൂടി സ്ത്രീകള്‍ക്ക് മാത്രമായി കൊടുത്തിരുന്നെങ്കില്‍ ഒരു പൂര്‍ണമായ ദീപാവലി സമ്മാനം ആയിരുന്നേനെ.  

ധനമന്ത്രിക്കു വെല്ലുവിളികള്‍ ഏറെ

പക്ഷെ, മുമ്പില്ലാത്ത വിധം വിഭവ സമാഹരണത്തിലെ കുറവുമായി മല്ലിടുന്ന ധനമന്ത്രിക്കു വെല്ലുവിളികള്‍ ഏറെയാണ്. ഉപദേശങ്ങളും അഭിപ്രായങ്ങളും ധാരാളം. ഇതിനകം തന്നെ കേന്ദ്രത്തിന്റെ ഇത്തവണത്തെ കടമെടുപ്പ് 12 ലക്ഷം കോടി രൂപയോളം എത്തുമെന്നാണ് കണക്ക്. ഫെബ്രുവരിയിലെ ബജറ്റ് സമയത്തു ഏകദേശം 7.5 ലക്ഷം കൂടിയായിരുന്നു കടത്തിന്റെ തോത് പറഞ്ഞിരുന്നത്. ഈ അധികം കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ ജി  എസ് ടി കുറവ് നികത്താന്‍ വേണ്ടിയുള്ള വായ്പ വേറെയും. കമ്പോളത്തിനു താങ്ങാവുന്നതിനും അപ്പുറം ആയേക്കാം കടമെടുപ്പ്.

അതുകൊണ്ടാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ നോട്ടടിച്ചു കമ്മി നികത്താന്‍ പറയുന്നത്. പക്ഷെ, പണപ്പെരുപ്പം കൂടിയ തോതില്‍ നില്‍ക്കുമ്പോള്‍, കൂടുതല്‍ പണ ലഭ്യത വിലക്കയറ്റത്തിന്റെ മൂര്‍ച്ച കൂട്ടും. അതുകൊണ്ട്, നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല മറ്റുള്ള എല്ലാ രാഷ്ട്രങ്ങളും ക്രമേണയാണ് പാക്കേജുകള്‍ അവതരിപ്പിക്കുന്നത്. ഒരു ഫുള്‍ സ്റ്റോപ്പിട്ടു ഇതാ എല്ലാമായി, ഞങ്ങള്‍ ഇതാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി ഉണ്ടാക്കി കഴിഞ്ഞു എന്ന് ലോക രാഷ്ട്രങ്ങളില്‍ ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏറ്റവും വലിയ പ്രശനം നേരിടുന്ന സമയത്തു തുടര്‍ച്ചയായി ഇതിനെ എങ്ങിനെ നേരിടാം എന്ന് ചിന്തിക്കുകയും, പരിഹാര നടപടികള്‍ എടുക്കുകയും ചെയ്യുന്ന ഒരു സമീപനം ആണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റേത്.

ഇതുവരെ സ്വീകരിച്ച നടപടികള്‍ നല്ലൊരു പരിധി വരെ ഫലം കണ്ടു എന്ന് നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. അത് വസ്തുനിഷ്ഠമാണ് താനും. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് വലിയ നല്ല സൂചനകളാണ് രണ്ടാം പാദത്തില്‍ നാം കാണുന്നത്. വളരെ അധികം പരാമര്‍ശിക്കപ്പെട്ട റിസര്‍വ് ബാങ്കിന്റെ മാസിക ബുള്ളറ്റിനില്‍ പോലും ഈ അടുത്ത കാലത്തു കണ്ട വളര്‍ച്ചാ നാമ്പുകളെ കുറിച്ചുള്ള കണക്കുകള്‍ കൊടുത്തിട്ടുണ്ട്. ചെലവ് ചുരുക്കി ഇന്ത്യന്‍ കമ്പനികള്‍ ലാഭം മെച്ചപ്പെടുത്തി എന്നുള്ളത് രണ്ടാം പാദത്തിലെ നല്ല കാര്യം (ഗ്രാഫ് നോക്കുക)

ഗ്രാമീണ മേഖലയിലേക്ക് പണം എത്തി

ഇതിനോടൊപ്പം ആണ് പുതിയതായി ധനമന്ത്രി നവംബര്‍ 12ന് കൊണ്ടുവന്ന നടപടികളെ വിലയിരുത്തേണ്ടത്. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് തൊഴിലുറപ്പു പദ്ധതിക്ക് വേണ്ടിയുള്ള 10000 കോടി അധിക നീക്കിയിരുപ്പ് ആണ്. ഈ വര്‍ഷത്തെ ബജറ്റ് നീക്കിയിരിപ്പ് 61500 കോടി ആയിരുന്നു. ഇതിന്റെ ഇതിനകമുള്ള ചെലവ്  73500 കോടി രൂപയാണ്. അതായത്, ഗ്രാമീണ മേഖലയിലേക്ക് ഇത്രയും പണം എത്തിയെന്നര്‍ത്ഥം. തൊഴിലുറപ്പു പദ്ധതി കാര്യക്ഷമമായി  നടത്തിയ സംസ്ഥാനങ്ങളില്‍ ഗ്രാമീണ ആസ്തികളും ഉണ്ടായി കാണും.

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് എല്ലാം കൂടി 110000 കൂടി രൂപയാണ് ഈ വര്‍ഷം നല്‍കുക. ദൃഷ്ടാന്തമില്ലാത്ത ഒരു പ്രതിസന്ധിക്കു അഭൂതപൂര്‍വമായ ഒരു മറുമരുന്നാണിത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ പദ്ധതിക്ക് നീക്കിയിരുപ്പും ചെലവും 70000 കോടി കവിഞ്ഞിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ ദീനദയാല്‍ജിയുടെ ''അന്ത്യോദയ'' വീക്ഷണവുമായി അടുത്ത് നില്‍ക്കുന്ന ഒരു പദ്ധതി തന്നെ ആണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി. ഇത് നഗരങ്ങളിലേക്കും നമുക്ക് വ്യാപിപ്പിക്കാന്‍ കഴിയണം. വെറുതെ കുഴികള്‍ എടുക്കുകയോ, പുല്ലു വെട്ടി തെളിക്കാനോ അല്ല മറിച്ച് ചെറിയ ഗ്രാമീണ റോഡുകള്‍, അല്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ഫഡ്നാവിസ് സര്‍ക്കാര്‍ നടപ്പാക്കിയ മഴ ജല സംഭരണം (ജല യുക്ത ശിവിര്‍) പോലെയുള്ളവ നമുക്ക് മാതൃകയാക്കാവുന്നതാണ്. കൃഷി അല്ലെങ്കില്‍ ഗ്രാമീണ ജനതയ്ക്ക് പ്രയോജനമുള്ള സാമൂഹ്യ ആസ്തികള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇത് ഉപയോഗിക്കാം. ഇതോടെ തൊഴിലും, വികസനവുമുണ്ടാകും. എന്ന് മാത്രമല്ല ഗ്രാമീണ മേഖലയില്‍ നിന്ന് നഗരങ്ങളിലേക്ക് ഉള്ള കുടിയേറ്റം ഇത് വഴി കുറയ്ക്കാനും ഉതകും.

 രാസ വള അധിക സബ്‌സിഡി സ്തുത്യര്‍ഹമായ നടപടി

രണ്ടാമത്തെ സ്തുത്യര്‍ഹമായ നടപടി 65000 കോടി രൂപയുടെ രാസ വള അധിക സബ്‌സിഡി ആണ്. മറ്റെല്ലാ മേഖലകളിലും മാന്ദ്യം പ്രകടമായപ്പോള്‍, ഭാരതീയ കര്‍ഷകര്‍, തനതു ശക്തിയോടെ രാജ്യത്തിന്റെ രക്ഷക്കെത്തി. ആദ്യത്തെ പാദത്തിലും കാര്‍ഷിക വളര്‍ച്ച 4 ശതമാനം ആയിരുന്നു. ഭാരതത്തിലെ 86 ശതമാനം കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്, അതായത് 5 ഏക്കറില്‍ താഴെ കൃഷി ചെയ്യുന്നവര്‍. അതുകൊണ്ടു തന്നെ ഈ 65000 കോടിയുടെ പ്രയോജനവും പാവപ്പെട്ട കര്‍ഷകര്‍ക്കാണ് ലഭിക്കുക.

ഇതിനോടൊപ്പം പറയേണ്ട ഒരു കാര്യം രാസവളലഭ്യത ഉറപ്പാക്കാന്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഡാഷ്ബോര്‍ഡ് ആണ്. ഫെര്‍ട്ടിലൈസേര്‍ മന്ത്രാലയത്തിന്റെ ''ഉര്‍വാരക്'' എന്ന ഡാഷ്ബോര്‍ഡ് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ താല്പര്യമുള്ള എല്ലാവാരും കാണണം. നമ്മുടെ രാജ്യത്തിലെ വിവിധ സ്ഥലങ്ങളിലെ രാസവള ലഭ്യത അനുദിനം എത്രയാണെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ ഇതിലൂടെ ലഭിക്കും. ആരു ഭരിച്ചാലും ഇതൊക്കെയാണ് സ്ഥായിയായി രാജ്യത്തിന്റെ പുരോഗതിക്കു ഗുണം ചെയ്യുന്ന മാറ്റങ്ങള്‍. പാര്‍ട്ടികള്‍ വരും, പോകും. പക്ഷെ രാഷ്ടത്തിന്റെ പ്രഗതിക്ക് ഇത്തരം മാറ്റങ്ങളാണ് എന്നും ആവശ്യം.

നഗര പ്രദേശങ്ങളിലെ വീട്

മൂന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു വേണ്ടി 18000 കോടി അധിക ചെലവാണ്. നഗര പ്രദേശങ്ങളിലെ വീട് നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബം ഒന്നിന് 1.50 ലക്ഷം രൂപ സബ്‌സിഡി നല്‍കുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ഭവന പദ്ധതികളില്‍ കൂടിയാണ് ഇത് പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുന്നത്. എല്ലാ സംസ്ഥാനങ്ങളും ഇതിന്റെ ഗുണഭോക്താക്കളാണ്. ഈ പദ്ധതിയില്‍ തന്നെ വായ്പയെടുത്തു വീട് ഉണ്ടാക്കുന്നവര്‍ക്ക് 2.30 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി ആയി നല്‍കുന്നു. ബാങ്ക് വഴിയോ മറ്റോ വായ്പയെടുക്കുന്നവര്‍ക്ക്  (18 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ള കുടുംബങ്ങള്‍ക്ക്, നിബന്ധനകള്‍ക്ക് വിധേയമായി) വായ്പ എടുക്കുമ്പോള്‍ തന്നെ 20 വര്‍ഷത്തേക്കുള്ള പലിശ സബ്‌സിഡി (6.5% മുതല്‍ 3% വരെ) ലഭിക്കുന്നു. ലോണ്‍ അക്കൗണ്ടില്‍ നേരിട്ട് പണം വരും.

റിയല്‍ എസ്റ്റേറ്റ് മേഖലക്കാരുടെ കണക്കു പ്രകാരം ഒരു വീട് വയ്ക്കുമ്പോള്‍ 300 അനുബന്ധ വ്യവസായങ്ങള്‍ക്കാണ് ഗുണം ലഭിക്കുക. നിര്‍മാണ മേഖല കുറഞ്ഞ പക്ഷം  സ്റ്റീല്‍,സിമന്റ്,പെയിന്റ് എന്നീ വ്യവസായങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും എന്ന് തീര്‍ച്ച. പോരാത്തതിന് തൊഴില്‍ സാധ്യതകളും.

 വ്യവസായങ്ങള്‍ക്ക്  അധിക വായ്പ

നാലാമത്തേതും ഏറ്റവും പ്രധാനമായ തീരുമാനം 27 മേഖലകളിലെ വ്യവസായങ്ങള്‍ക്ക് ബാങ്കുകള്‍ വഴി നല്‍കുന്ന അധിക വായ്പ ആണ്. മൂന്ന് ലക്ഷം കോടി രൂപയുടെ സര്‍ക്കാര്‍ ഗാരന്റീയോട് കൂടിയുള്ള വായ്പ പദ്ധതി ആദ്യത്തെ പാക്കേജില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി ബാങ്കുകള്‍ വഴി നടപ്പാക്കിയിരുന്നു. അതില്‍ ഏകദേശം 2 ലക്ഷം കോടി രൂപയോളം വായ്പ അനുവദിച്ചു കഴിഞ്ഞു എന്നാണു ധനമന്ത്രാലയം വ്യക്തമാക്കിയത്.

മിച്ചമുള്ള ഏകദേശം 1 ലക്ഷം കോടി രൂപയുടെ വായ്പ സാമ്പത്തിക സമ്മര്‍ദം നേരിടുന്ന 27 മേഖലകളിലെ വ്യവസായങ്ങള്‍ക്ക് കൊടുക്കാനാണ് ഇപ്പോള്‍ തീരുമാനം. പക്ഷെ, ഫെബ്രുവരി 29 ന്  ഒരു മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഇല്ലാത്ത വായ്പക്കാര്‍ക്കാണ് ഈ ആനുകൂല്യം. ഇത്, ഒരു പക്ഷെ, ഗുണഭോക്തൃ യൂണിറ്റുകളുടെ സംഖ്യ പരിമിതപ്പെടുത്തിയേക്കാം. എന്നാലും, നല്ല നീക്കം തന്നെയാണിത്.

അങ്ങേയറ്റം ആത്മാര്‍ത്ഥമായും  പൂര്‍ണസമര്‍പ്പണ ബുദ്ധിയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു നല്ല ടീമിനെയാണ്  ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍  കാണാനാവുക. വാര്‍ത്താസമ്മേളനം അവസാനിച്ചെങ്കിലും പാക്കേജിനെകുറിച്ച് തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടക്കുന്നു. ഇനിയും ഗുണപ്രദമായ നടപടികള്‍ വരുമെന്ന സൂചന കൂടിയാണിത്. ഇത് രാജ്യത്തിന് ശുഭോദര്‍ക്കമാണ്.

 

comment

LATEST NEWS


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് റദ്ദാക്കി ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.