login
'വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനകള്‍ സഫലമായി; എല്ലാം അയ്യപ്പന്റെ അനുഗ്രഹം'; നിയുക്ത ശബരിമല മേല്‍ശാന്തി ജയരാജ് പോറ്റി

ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു.

മാള: അയ്യപ്പസ്വാമിയെ പൂജിക്കണമെന്ന ഏറെ വര്‍ഷത്തെ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സഫലമായതെന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി. അയ്യപ്പന്റെ കൃപയും നിശ്ചയവുമാണ് ഇത്തവണ മേല്‍ശാന്തിയായി താന്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം. ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ജീവിതത്തിലെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും അദ്ദേഹം 'ജന്മഭൂമി'യോട് പറഞ്ഞു.

2005-2006 വര്‍ഷത്തില്‍ മാളികപ്പുറം മേല്‍ശാന്തിയാകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അതിന് ശേഷം അഞ്ചു തവണയോളം ശബരിമല മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് അയ്യപ്പസ്വാമി അനുഗ്രഹിച്ചത്. നേരത്തേ ബെഗ്ളൂരു ജഹാരെ അയ്യപ്പ ക്ഷേത്രത്തില്‍ ഏറെ  നാള്‍ ജോലി ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ജോലി ചെയ്യണമെന്ന് അന്നുമുതല്‍ തുടങ്ങിയ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായത്.

പൂപ്പത്തി ചുള്ളൂര്‍ മണിയത്തുകാവ് വിഷ്ണു ഭഗവതി ക്ഷേത്രം,  മടത്തുംപടി ദുര്‍ഗ്ഗ ക്ഷേത്രം, മഠത്തിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ജയരാജ് പോറ്റി മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പൂജയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത് അച്ഛന്‍ വിഷ്ണു എമ്പ്രാന്തിരിയില്‍ നിന്നാണ്.  പരേതനായ കിഴക്കിനേടത്ത് ഹരിദത്തന്‍ നമ്പൂതിരി,  താഴമണ്‍ തന്ത്രി കുടുംബത്തിലെ കണ്ഠരര് മഹേശ്വരര് എന്നിവരും ഗുരുസ്ഥാനിയിലുള്ളവര്‍. കൈമുക്ക് നാരായണന്‍ നമ്പൂതിരിയില്‍ നിന്നാണ് ജ്യോതിഷം പഠിച്ചത്.

ശബരിമലയില്‍ തിങ്കളാഴ്ച പോയി ദര്‍ശനം നടത്തി മടങ്ങും. അതു കഴിഞ്ഞ് 10 ദിവസം ശബരിമല പൂജാരീതികളെ കുറിച്ച് പരിശീലനമുണ്ട്. തുലാമാസം 30ന് ശബരിമലയിലേക്ക് പോകും. മേല്‍ശാന്തി ഇന്റര്‍വ്യൂവിന് കഠിനമായ ചോദ്യങ്ങളായിരുന്നു. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതിന്റെ ഐതീഹ്യം എന്താണെന്നായിരുന്നു അവസാനത്തെ ചോദ്യം. എല്ലാ ചോദ്യങ്ങള്‍ക്കും  ഉത്തരം പറഞ്ഞു.  

റാങ്ക് ലിസ്റ്റില്‍ താന്‍ രണ്ടാമതായിരുന്നു.  കോറോണയുടെ പശ്ചാത്തലത്തില്‍ സ്വീകരണങ്ങള്‍ ഒഴിവാക്കും. ലോകത്തെ  ബാധിച്ചിരിക്കുന്ന കൊറോണ മഹാമാരി എത്രയും പെട്ടെന്ന് നിവാരണം ചെയ്യപ്പെടണമെന്ന പ്രാര്‍ത്ഥന മാത്രമേ തനിക്ക് അയ്യപ്പസ്വാമിയോടുള്ളുവെന്നും മഹാമാരിക്കെതിരായ മരുന്ന് എത്രയും പെട്ടെന്ന് കണ്ടുപിടിക്കാനാകട്ടെയെന്നും ജയരാജ് പോറ്റി കൂട്ടിച്ചേര്‍ത്തു.  

ശബരിമല മേല്‍ശാന്തിയായി മാള പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തത് ഇന്നു രാവിലെയാണ്. നറുക്കെടുപ്പില്‍ ഏഴാം തവണ നറുക്കെടുത്തപ്പോഴാണ് ജയരാജ് പോറ്റിയുടെ പേരും ശബരിമല മേല്‍ശാന്തി എന്ന കുറിപ്പും ഒത്തുവന്നത്. വാരിക്കാട്ട് മഠത്തില്‍ പരേതരായ കൃഷ്ണന്‍ എമ്പ്രാന്തിരി -ലക്ഷ്മി അന്തര്‍ജ്ജന ദമ്പതികളുടെ മകനാണ് ജയരാജ് പോറ്റി.  

സന്നിധാനത്ത് ഇന്നലെ ഉഷഃപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്കുള്ള മേല്‍ശാന്തിമാരുടെ പട്ടികയിലുള്ള ഒന്‍പത് പേരുകള്‍ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലില്‍ അയ്യപ്പന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നല്‍കി. തുടര്‍ന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വര്‍മ്മ നറുക്കെടുത്തു. ഏഴാമത്തെ  നറുക്കിലാണ് ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ.എന്‍.വിജയകുമാര്‍, അഡ്വ.കെ.എസ് രവി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ ബി.എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷം ചിങ്ങമാസത്തിലായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.  

ഇത്തവണ കൊറോണ വ്യാപനം കാരണം വൈകുകയായിരുന്നു. 50കാരനായ ജയരാജ് പോറ്റി ഇപ്പോള്‍ തൃശൂര്‍ താഴേക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നവംബര്‍ 15ന് ശബരിമലയില്‍ മേല്‍ശാന്തിയായി സ്ഥാനമേല്‍ക്കും. ജയരാജ് പോറ്റിയാകും വൃശ്ചികം ഒന്നിന് നട തുറക്കുക. കോട്ടയം പനച്ചിക്കാട് താമരശേരി ഇല്ലത്തെ ഉമാദേവി അന്തര്‍ജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണന്‍ (ബിരുദ വിദ്യാര്‍ത്ഥി), അര്‍ജുന്‍ കൃഷ്ണന്‍ (പ്ളസ് ടു വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മോഹനന്‍, ബാബുരാജ്, വല്‍സല, ശാന്ത എന്നിവരാണ് സഹോദരങ്ങള്‍

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.