login
കമ്യൂണിസ്റ്റുകള്‍ക്കും ഈശ്വരഭയം!

മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള വിശ്വാസം ഉണ്ട് എന്ന് നമുക്കൊക്കെ അറിയാമല്ലൊ. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് അകത്തുള്ളാളോടും കുട്ടികളോടുമൊപ്പം പഴനി ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ 'ദ്വന്ദാത്മക ഭൗതികവാദപരമായ' വിശദീകരണം നമ്മളൊക്കെ വായിച്ചതാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിവന്നതും അതേ ന്യായത്തിലായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റിയതിനിടയില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ വഴിപാട് നടത്തിയത് ഏറെ ആക്ഷേപമുയര്‍ത്തിയതോര്‍ക്കുമല്ലൊ.

തായിപ്പരദേവതമാരുടെ വിലാപങ്ങള്‍ എന്ന പുസ്തകത്തെ ഏതു വകുപ്പില്‍ ഉള്‍പ്പെടുത്താനാകുമെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഗ്രന്ഥകര്‍ത്താവ് സ്വയം പരിചയപ്പെടുത്തുന്നത് ചമ്മഞ്ചേരി അഞ്ചാംപുരയില്‍ ബാലകൃഷ്ണന്‍ എന്നാണ്. പഴയ ചിറയ്ക്കല്‍ താലൂക്കിലെ മാവേലി മംഗലത്താണ് തന്റെ വീടെന്നും പുസ്തകത്തെക്കുറിച്ചുള്ള 'രണ്ടുവാക്കില്‍' അദ്ദേഹം പറയുന്നു. തലശ്ശേരി മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശങ്ങളിലെ സിപിഎമ്മിന്റെ അക്രമപ്രവര്‍ത്തനങ്ങളുടെ അഗാധതയാണ് ഒരു നാടിന്റെ ഇതിഹാസമെന്നതുപോലെ പുസ്തകത്തില്‍ വിവരിക്കപ്പെടുന്നത്. പുസ്തകം കയ്യിലെത്തിയത് കോഴിക്കോട്ടെ ഇന്തോളജിക്കല്‍ ട്രസ്റ്റിലെ  സുധാകരന്‍ അയച്ചുതന്നപ്പോഴാണ്. പഴയകാല കര്‍ഷക പ്രവര്‍ത്തകനും സ്വാതന്ത്ര്യസമരഭടനും അവസാനം ജനസംഘ നേതാവുമായിരുന്ന പി.പി. കരുണാകരന്‍ മാസ്റ്റര്‍ രചിച്ച വി.എം. വിഷ്ണു ഭാരതീയന്റെ ജീവചരിത്രത്തോടൊപ്പമാണ് സുധാകരന്‍ അതയച്ചത്. കൂടാളിക്കാരനായ സുധാകരന്‍ തെയ്യങ്ങളെയും കാവുകളെയും പറ്റി തയ്യാറാക്കിയ പുസ്തകങ്ങളും അയച്ചുതരാറുണ്ടായിരുന്നു. അങ്ങനത്തെ എന്തെങ്കിലും വിവരങ്ങളായിരിക്കും എന്ന വിചാരത്തിലാണ് പുസ്തകം വായിച്ചത്. അപ്പോഴാണ് മേല്‍പ്പറഞ്ഞ മേഖലയില്‍ ഏതാനും ദശകങ്ങളായി നടന്നുവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയമെന്നു മനസ്സിലായത്.

സംഘപ്രചാരകനായും ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായും 1960 കളിലും 70 കളിലും പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാകയാല്‍ സ്വാഭാവികമായും പുസ്തകത്തിലെ വിഷയത്തില്‍ താല്‍പര്യമുദിച്ചു. 1942 മുതല്‍ കോണ്‍ഗ്രസ്സിനെ ലക്ഷ്യമാക്കിയും, പിന്നെ 1970 കളില്‍ സംഘത്തെയും ജനസംഘത്തെയും ലക്ഷ്യമാക്കിയും, അടിയന്തരാവസ്ഥയ്ക്കുശേഷം സംഘത്തെയും ബിജെപിയെയും ലക്ഷ്യമാക്കിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ആസൂത്രിത അക്രമങ്ങള്‍ അഖില ഭാരതീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ പിണറായി വിജയന്‍ ഭരണത്തിന്റെ തുടക്കത്തിലും അഴിഞ്ഞാട്ടം നടന്നിരുന്നു.

മാര്‍ക്‌സിസ്റ്റ് അക്രമങ്ങളുടെ പിന്നിലെ ആസൂത്രണങ്ങളുടെയും നീരാളിപ്പിടുത്തങ്ങളുടെയും വിവരണമാണ് തായിപ്പരദേവതമാരുടെ വിലാപങ്ങളിലൂടെ ഗ്രഹിക്കാനായത്. കെ.ടി. രാജശേഖരന്‍ എന്ന പാര്‍ട്ടിയുടെ ആക്ഷന്‍ നേതാവിന്റെ കൊലപാതകത്തോടെ കഥ ആരംഭിക്കുന്നു. ആക്ഷന്‍ നേതാവ് ഇത്തരത്തില്‍ വധിക്കപ്പെടാന്‍ ഇടയായതിന്റെ സാഹചര്യമാണ് കഥാവിഷയം. മലബാറിലെവിടെയും ആക്ഷന്‍ നടത്തണമെങ്കില്‍ അതിന്റെ കുറ്റമറ്റ തയ്യാറെടുപ്പും നിര്‍വഹണവും നടത്താനും സമര്‍ത്ഥനായിരുന്നു രാജശേഖരന്‍. ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ തന്നെ, അല്ല ആസൂത്രണത്തില്‍ തന്നെ, ഉന്മൂലനം ചെയ്യപ്പെട്ടു. ആക്ഷനിലെ കോഡ് വാക്കുകള്‍ ഭീകരങ്ങള്‍ തന്നെയാകുന്നു. തേങ്ങ ഉടയ്ക്കാനുണ്ട്  എന്നു പറഞ്ഞാല്‍ ബോംബു പൊട്ടിക്കാനുണ്ടെന്നും, ഇളനീര്‍ കുടിക്കുക എന്നാല്‍ ആരുടെയെങ്കിലും തലയെടുക്കുകയെന്നും മറ്റുമാണ്. ആക്ഷനു മുന്‍പു തന്നെ പിടികൊടുക്കാന്‍ തയ്യാറുള്ളവരുടെ ലിസ്റ്റെടുക്കും. പിടികൊടുക്കുന്നവരുടെയും ജയിലില്‍ പോയവരുടെയും ഭാര്യമാര്‍ക്കും പെങ്ങന്മാര്‍ക്കും അനിയന്മാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലും എന്റര്‍ടെയിന്‍മെന്റ് പാര്‍ക്കുകളിലും സീറ്റുകള്‍ ഒഴിച്ചിടുമെന്നുറപ്പ്.

സഖാക്കളുടെ പെരുമാറ്റം മാതൃകാപരമാണത്രേ. എല്ലാവരോടും ബഹുമാനം, നല്ല പെരുമാറ്റം, ചിരിച്ചുകൊണ്ടേ സംസാരിക്കൂ. ചിലപ്പോള്‍ നാലു ദിവസത്തേക്ക് കാണാതെയാവാം. പറശ്ശിനിയില്‍ ബാലനെ വെട്ടി, പയ്യോളിയില്‍ കടയ്ക്കു ബോംബെറിഞ്ഞു, ബേക്കറി കത്തിച്ചു തുടങ്ങിയ വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.

ഓരോ ആക്ഷനും വെവ്വേറെ സംഘങ്ങളുണ്ടാവും. ഓട്ടോ കത്തിക്കാനും കാറു കത്തിക്കാനും റബ്ബര്‍ കത്തിക്കാനും, റബ്ബര്‍ വെട്ടുക, വാഴ വെട്ടുക, പശുവിന്റെയും കാളയുടെയും വാലു മുറിക്കുക, കഴുത്തില്‍ വെട്ടുക ഇതിനൊക്കെ സംഘങ്ങള്‍ വെവ്വേറെയാണ്.

ആക്ഷനുകളുടെ പ്രത്യാഘാതമായി നാട്ടില്‍ നടക്കുന്ന മാനസികമായ സംഘര്‍ഷവും വടക്കെ മലബാറിന്റെ സവിശേഷതകളായ തെയ്യസങ്കല്‍പ്പങ്ങളും ഐതിഹ്യങ്ങളും മിത്തുകളും വിശ്വാസങ്ങളും സമൂഹത്തിന്റെ ഉള്ളറകളില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന അന്തരീക്ഷമാണ് പ്രധാനം. പാര്‍ട്ടിയിലെ എല്ലാത്തട്ടുകളിലുമുള്ള പ്രവര്‍ത്തകരും  ഈ വിശ്വാസങ്ങളുടെ ഇരിപ്പിടങ്ങളാണ്. നാട്ടിലെ തെയ്യക്കോലം കെട്ടുന്ന കണ്ണന്‍ നേണിക്കമെന്ന പെരുവണ്ണാനാണ് വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു. നേണിക്കം ഓരോ ആള്‍ക്കും അവരുടെ ആവലാതി മനസ്സിലാക്കി അതിന്റെ പരിഹാരക്രിയകള്‍ ചെയ്തുകൊടുക്കുന്നു. നൂലു ജപിച്ചുകൊടുക്കലാണ് പ്രധാനം. മറ്റു ക്രിയകളുമുണ്ട്. സാധാരണക്കാര്‍ തുറന്നുതന്നെ കണ്ണന്‍ നേണിക്കത്തെ കാണാന്‍ വരുമെങ്കില്‍ നേതാക്കളും ഹീറോയും രഹസ്യമായിട്ടേ വരൂ. മുത്തപ്പന്‍ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹം നേടിയ നേണിക്കത്തിന് ഈ ഗൂഢവിദ്യയില്‍ അറിയാത്തതായി ഒന്നുമില്ല. ആള്‍മാറാട്ടവും ഒടി വിദ്യയും മറി വിദ്യയുമൊക്ക  അറിയാം. അതിന്റെ യാഥാര്‍ത്ഥ്യത്തില്‍ വിശ്വസിക്കുന്നവരാണ് ജനങ്ങളത്രയും.

മുതിര്‍ന്ന പ്രചാരകനായിരുന്ന പി. മാധവജി, ഹിന്ദു ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നിഗൂഢതകളും സങ്കീര്‍ണതകളും മനസ്സിലാക്കാനായി  1959-60 കണ്ണൂരില്‍ ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ തെയ്യം നടക്കുന്ന കോട്ടങ്ങളിലും കാവുകളിലും മുത്തപ്പന്‍ പ്രതിഷ്ഠയുള്ളിടങ്ങളിലും പോകുമായിരുന്നു. തെയ്യം കെട്ടുന്ന പെരുവണ്ണാനോട് അതിന്റെ തോറ്റങ്ങളും ക്രിയകളും ശ്രദ്ധാപൂര്‍വം ചോദിച്ചു മനസ്സിലാക്കിയിരുന്നു. കോലം തലയില്‍ ഉറപ്പിച്ച് എഴുന്നേറ്റ് നീക്കം തുടങ്ങിയാല്‍ എന്താണ് മനോവിചാരങ്ങളും വികാരങ്ങളുമെന്ന ഒരു സ്വയംസേവകന്റെ അച്ഛന്‍ കൂടിയായ പെരുവണ്ണാനോട് മാധവജി ഒരിക്കല്‍ അന്വേഷിച്ചു. മനുഷ്യന്റെതായ, നാം പ്രത്യക്ഷത്തില്‍ കാണുന്നതായ ഈ ലോകത്തില്‍തന്നെ സാധാരണ മനുഷ്യന് അദൃശ്യമായ തലത്തില്‍ യക്ഷലോകവും കിന്നരലോകവും ഗന്ധര്‍വലോകവുമുണ്ടെന്നും, തലമുറകളായ സാധനയിലൂടെ അതു തങ്ങള്‍ക്ക് കൈമാറിക്കിട്ടിയതാണെന്നും അദ്ദേഹം മാധവജിയോടു പറഞ്ഞു. അവരുടെ വിശ്വാസം ശരി തന്നെയാണെന്നു മാധവജി കരുതി.

മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള വിശ്വാസം ഉണ്ട് എന്ന് നമുക്കൊക്കെ അറിയാമല്ലൊ. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് അകത്തുള്ളാളോടും കുട്ടികളോടുമൊപ്പം പഴനി ക്ഷേത്ര ദര്‍ശനം നടത്തിയതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ 'ദ്വന്ദാത്മക ഭൗതികവാദപരമായ വിശദീകരണം നമ്മളൊക്കെ വായിച്ചതാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിവന്നതും അതേ ന്യായത്തിലായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റിയതിനിടയില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ വഴിപാട് നടത്തിയത് ഏറെ ആക്ഷേപമുയര്‍ത്തിയതോര്‍ക്കുമല്ലൊ. തനിക്കീശ്വര വിശ്വാസമില്ലെന്നദ്ദേഹം  പറഞ്ഞുവെങ്കിലും അദ്ദേഹത്തിനുവേണ്ടി കുടുംബാംഗങ്ങളിലാരോ വഴിപാട് നടത്തിയതാണെന്ന വ്യാഖ്യാനവും വന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ചിതാഭസ്മം കന്യാകുമാരിയിലെ സമുദ്രസംഗമത്തില്‍ നിമജ്ജനം ചെയ്തതിലും മതപരമായി ഒന്നും കാണേണ്ടത്രേ. കോടിയേരി ബാലകൃഷ്ണന്റെ മഹാരാഷ്ട്രയില്‍ പെണ്ണു കേസില്‍ കുടുങ്ങിയ മകന്‍ കഴിഞ്ഞ ശബരിമലക്കാലത്ത് ദര്‍ശനത്തിനു തിരക്കു കൂട്ടുന്നതും നാം കണ്ടു. ഇ.പി. ജയരാജന്‍ ഇന്നത്തെ മന്ത്രിസഭയുടെ തുടക്കത്തില്‍ മന്ത്രിയായിരുന്നപ്പോള്‍, തന്റെ പാപ്പിനിശ്ശേരിയിലെ കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനാവശ്യമായ തേക്കുതടി സബ്‌സിഡി നിരക്കില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നനുവദിച്ചതിനെ സംബന്ധിച്ച് കോടതിയില്‍ കേസ് വരികയുണ്ടായി.

ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിയുടെ സംപൂര്‍ണ കൃതികളുടെ മലയാള പരിഭാഷ വായിച്ചപ്പോള്‍ അതില്‍ വന്ന ഒരു വിവരം ശ്രദ്ധേയമാണ്. രാജ്യസഭാംഗമായിരുന്ന ഠേംഗ്ഡിജി പാര്‍ലമെന്റ് പ്രതിനിധി സംഘത്തില്‍പ്പെട്ട് സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കുകയായിരുന്നു. സംഘാംഗങ്ങളുമായി ഹൃദയംഗമമായി പെരുമാറിയ  അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഒരു പ്രഭാതത്തില്‍ തങ്ങള്‍ താമസിച്ച ഹോട്ടലില്‍ കമ്യൂണിസ്റ്റ് നേതാവ് ഹിരണ്‍ മുഖര്‍ജിയുടെ മുറി പൂട്ടാതെ കണ്ടപ്പോള്‍ അദ്ദേഹം തുറന്നകത്തു കയറി. മുഖര്‍ജി പത്മാസനസ്ഥനായിരുന്ന് ദേവീസഹസ്രനാമം ജപിക്കുകയായിരുന്നുവത്രേ. ശങ്കിച്ചു പിന്മാറാന്‍ ഒരുങ്ങിയ ഠേംഗഡിജിയെ അദ്ദേഹം തടഞ്ഞു. ജപംപൂര്‍ത്തിയാക്കിയശേഷം വിവരങ്ങള്‍ സംസാരിച്ചു.

ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ബൈക്കാല്‍. റഷ്യയിലാണതും. എംപിമാരുടെ സംഘം തടാക തീരത്തെത്തിയപ്പോള്‍ ബൈക്കാല്‍ എന്നാല്‍ കാലത്തിനതീതമെന്നാണര്‍ത്ഥമെന്നും, ആ വാക്ക് സംസ്‌കൃതത്തില്‍ നിന്നുവന്നതാണെന്നും ഠേംഗഡിജി പറഞ്ഞു. സംസ്‌കൃതത്തിന്റെ വ്യാപ്തിപഠിക്കാന്‍ പുറപ്പെട്ട ഡോ. രഘുവീര (പിന്നീട് ജനസംഘാധ്യക്ഷന്‍) തന്റെ ഗവേഷണത്തില്‍ നിന്ന് മംഗോളിയയിലും റഷ്യയിലും പ്രചാരത്തിലുള്ള ആറ് ലക്ഷത്തിലധികം സംസ്‌കൃത വാക്കുകള്‍ രേഖപ്പെടുത്തിയത്രേ.

അപ്പോള്‍ അവിടെ ഒരു ഹോമം നടത്തണമെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുത്വവാദിയെന്നു 'കു' പ്രസിദ്ധനായ ഠേംഗ്ഡി തന്നെ ഹോമത്തിന്റെ ആചാര്യനാകട്ടെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ കമ്യണിസ്റ്റ് നേതാവ് ചതുരാനന്‍ മിശ്ര മുന്നോട്ടു വന്ന് ഞാനാണീക്കൂട്ടത്തിലെ ശ്രേഷ്ഠ ബ്രാഹ്മണന്‍, അതിനാല്‍ യജ്ഞാചാര്യനായി ഞാന്‍ തന്നെ ഹോമം നടത്തും എന്നു പ്രഖ്യാപിച്ചുകൊണ്ട് ബൈക്കാല്‍ തടാകത്തില്‍ കുളിച്ച് പൂണൂല്‍ ധരിച്ച്, ധോത്തി മുക്കിയെടുത്തു തയ്യാറായി. മന്ത്രങ്ങളൊക്കെ വിധിപ്രകാരം ഉച്ചരിച്ച് ഹവനം പൂര്‍ത്തിയാക്കിയത്രേ.

കമ്യൂണിസ്റ്റുകാരുടെ ഈശ്വരവിശ്വാസത്തിലെ കാപട്യത്തെക്കുറിച്ച് ഠേംഗ്ഡിജി ഒരു സുഹൃദ് സദസ്സില്‍ പറഞ്ഞതാണ് ചതുരാനന്‍ മിശ്രയുടെ കാര്യം. ചിറക്കല്‍ താലൂക്കിലെ ഒരു ഗ്രാമത്തിലെ സാധാരണക്കാരായ ജനങ്ങള്‍ തെയ്യക്കോലം കെട്ടുന്ന നേണിക്കത്തിനു മുന്നില്‍ കോലം കെട്ടാത്ത സമയത്തും ചെന്ന് മന്ത്രവാദവും നൂലും ഉറുക്കുമൊക്കെ വാങ്ങുന്നതില്‍ ഒട്ടും അതിശയിക്കാനില്ല.

 

 

 

 

comment
  • Tags:

LATEST NEWS


സ്വദേശി ഉല്‍പ്പന്നങ്ങളുമായി സ്വയം പര്യാപ്തതയിലേക്ക്


ഇന്ന് 49 പേര്‍ക്ക് കോവിഡ്; 18 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 25 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതിയില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.