login
'ഐഎസ് വിഷയത്തില്‍ ജനപ്രതിനിധികള്‍ പ്രതികരിക്കണം; യുഎന്‍ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കണം; പാണക്കാട്ട് കുടുംബത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്കാ സഭ

ഐഎസ് വിഷയത്തില്‍ സംസ്‌ക്കാരിക നായകരുടെ ഐഛിക മൗനത്തെ ഉപജീവനാര്‍ത്ഥമായി കണ്ട് ഉപേക്ഷിക്കാമെങ്കിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിരന്തരമായ നിശബ്ദത പ്രബുദ്ധ കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്. സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ്ണ നിരാസമാണ് കേരളത്തില്‍ നടക്കുന്നതെന്നും സഭ കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരം: ഹാഗിയ സോഫിയാ വിഷയത്തില്‍ പാണക്കാട്ട് കുടുംബത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കത്തോലിക്കാ സഭാ. കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരുടെ സാന്നിധ്യമുണ്ടെന്ന യു.എന്‍. റിപ്പോര്‍ട്ട് അവഗണിക്കരുതെന്നും എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിക്കുന്നു. 'ഐ.എസിന്റെ കേരളമോഡല്‍' എന്ന മുഖപ്രസംഗത്തിലാണ് കത്തോലിക്കാ സഭാ ഇക്കാര്യങ്ങള്‍ തുറന്നെഴുതിയിരിക്കുന്നത്. ഐഎസ് വിഷയത്തില്‍ സംസ്‌ക്കാരിക നായകരുടെ ഐഛിക മൗനത്തെ ഉപജീവനാര്‍ത്ഥമായി കണ്ട് ഉപേക്ഷിക്കാമെങ്കിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിരന്തരമായ നിശബ്ദത പ്രബുദ്ധ കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്. സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ്ണ നിരാസമാണ് കേരളത്തില്‍ നടക്കുന്നതെന്നും സഭ കുറ്റപ്പെടുത്തുന്നു.

'സത്യദീപ'ത്തിന്റെ എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:

അത് ശരിയാണെന്ന് ഒടുവില്‍ യുഎന്നും സമ്മതിച്ചു. കേരളത്തിലും കര്‍ണ്ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ (ഐ.എസ്.) ശക്തമായ സാന്നിദ്ധ്യമുണ്ടെന്ന് 26-ാം റിപ്പോര്‍ട്ടിലാണ് ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും, എന്‍.ഐ.എ.യും മുമ്പ് നടത്തിയ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്നതായി 'ഹിന്ദ് വിലായ' എന്ന പേരില്‍ നേരത്തെതന്നെ ഇന്ത്യയില്‍ സജീവമായ ഭീകരസംഘടനയുടെ പ്രവര്‍ത്തന വൈപുല്യം.

2019 മെയ് 10-ലെ സംഘടനയുടെ പ്രഖ്യാപനമനുസരിച്ച് 180-നും 200-നുമിടയ്ക്ക് അംഗങ്ങള്‍ മൂന്നു ഘടകങ്ങളായി തിരിഞ്ഞ് കേരളത്തില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളെ വിന്യസിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ കേന്ദ്ര നേതൃത്വവുമായി ചേര്‍ന്ന് പ്രത്യക്ഷ യുദ്ധത്തിനൊരുങ്ങുന്ന ഘടകം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ അണികളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെന്ന വെളിപ്പെടുത്തല്‍ ഉത്തര മലബാറിന്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തെ അസാധാരണമാക്കുന്നുണ്ട്.

ലോകത്തിന്റെ ശത്രുക്കളായ ഭീകരസംഘമായി ഐക്യരാഷ്ട്ര സഭ 2014-ല്‍ പ്രഖ്യാപിച്ച സംഘടനയാണ് ഐ.എസ്. ഇറാഖിലെയും സിറിയായിലെയും ക്രൈസ്തവ അടയാളങ്ങളെ മായിച്ചുകളഞ്ഞുകൊണ്ടായിരുന്നു രംഗപ്രവേശം. ഒരു വര്‍ഷം മുമ്പ് സംഘടനാപരമായി അത് ചിതറിയെങ്കിലും അനുഭാവികള്‍ സജീവമായി തുടരുന്നുണ്ടെന്നാണ് വിവരം.

സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ്ണ നിരാസമാണ് ഏതൊരു ഭീകരതയുമെന്നതിനാല്‍ പ്രത്യേക മതചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കണമെന്ന് സാമാന്യമായി പറയുമ്പോഴും അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവര്‍ത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങള്‍ ഇസ്ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പമൊഴിവാക്കാമോയെന്ന സന്ദേഹം ഗൗരവമുള്ളതല്ലേ? ചില പ്രത്യേക വിഷയങ്ങളിലുള്ള സംസ്‌ക്കാരിക നായകരുടെ ഐഛിക മൗനത്തെ ഉപജീവനാര്‍ത്ഥമായി കണ്ട് ഉപേക്ഷിക്കാമെങ്കിലും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിരന്തരമായ നിശബ്ദത പ്രബുദ്ധ കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്.

തുര്‍ക്കിയിലെ 'ഹാഗിയ സോഫിയാ'യുടെ തലവര മാറ്റിയ പ്രസിഡന്റ് എര്‍ദോഗന്റെ പ്രഖ്യാപനത്തെ മതേതര പാരമ്പര്യത്താല്‍ പെരുമ നേടിയ പാണക്കാട് തറവാട് സ്വാഗതം ചെയ്ത വിധം സാംസ്‌ക്കാരിക കേരളത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായിയെന്നതിലല്ല, മതേതരരാഷ്ട്രം മതരാഷ്ട്രമായി മാറിപ്പോയതിനെ വെറുമൊരു ആരാധനാ സ്വാതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമകരമായത്.  

കലയുടെയും ചരിത്രത്തിന്റെയും അമൂല്യ സൂക്ഷിപ്പുകളടങ്ങിയ ഒരു സാംസ്‌ക്കാരിക പേടകമാണ് പേര് മാറി മസ്ജിദായത് എന്ന് സാംസ്‌ക്കാരിക കേരളം മറന്നുപോയോ? ആ ചുവടു മാറ്റത്തിന്റെ ചുവട്ടില്‍ ഒരു വിയോജനക്കുറിപ്പെഴുതാന്‍ കേരള ത്തിലെ എണ്ണം പറഞ്ഞ ഒരു സാംസ്‌ക്കാരിക നായകരുമെത്തിയില്ലായെന്നതും അപകട സൂചന തന്നെയാണ്. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലെ ഈ 'സൂക്ഷ്മതയും' പ്രതികരണങ്ങളിലെ 'നിതാന്ത ജാഗ്രതയും' സാംസ്‌ക്കാരിക രോഗലക്ഷണമല്ലാതെ മറ്റെന്താണ്?

ഐ.എസ്. കേരളത്തില്‍ എന്ന വാര്‍ത്തയുടെ യു.എന്‍. സ്ഥിരീകരണം യഥാര്‍ത്ഥത്തില്‍ അസ്ഥിരമാക്കുന്നത് മലയാളത്തിന്റെ മഹത്തായ മതേതര മര്യാദയെയാണ്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തിക സുസ്ഥിതിയിലും രാഷ്ട്രീയാനുകൂല്യങ്ങളിലും സവിശേഷ ശക്തിയായി മാറിക്കഴിഞ്ഞുവെന്നയാക്ഷേപത്തെ ഭൂരിപക്ഷത്തിന്റെ അരക്ഷിത ബോധമാക്കി പരിവര്‍ത്തിതമാക്കിയതിന്റെ പഴിമുഴുവന്‍ പഴയ ജനസംഘത്തിന്റെ പുതിയ അവതാരവേഷങ്ങള്‍ക്ക് ചാര്‍ത്തികൊടുക്കാന്‍ ഇടതു വലതു ഭേദമെന്യേ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മത്സരിക്കുമ്പോള്‍ പ്രീണനരാഷ്ട്രീയം തന്നെയാണിവിടെ എന്നും പ്രധാന പ്രതിയെന്നെങ്കിലും സമ്മതിക്കണം.

ഏറ്റവുമൊടുവില്‍ നയതന്ത്രചാനലിലൂടെ കടത്തിയ സ്വര്‍ണ്ണ ത്തിന്റെ ലാഭവിഹിതം ദേശവിരുദ്ധ ശക്തികളുടെ കൈകളിലെത്തിയോ എന്ന് യുഎപിഎയുടെ പരിധിയിലുള്‍പ്പെടുത്തി എന്‍ഐഎ അന്വേഷിക്കുമ്പോള്‍, ഭീകരപ്രവര്‍ത്തനത്തിന് അടിവളമാകാന്‍ കേരളത്തിന്റെ സവിശേഷമായ മുന്നണി രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെത്തുന്ന സ്വര്‍ണ്ണത്തിന്റെ നിറത്തെക്കുറിച്ചുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തര്‍ക്കം തുടരുമ്പോള്‍ ഒരു വിവാദത്തിനപ്പുറത്തേയ്ക്ക് ഇത്തരം അന്വേഷണങ്ങള്‍ക്ക് ആയുസ്സില്ലെന്ന സൂചന ശക്തമാണ്.

മതാത്മകമാണ് മലയാളിയുടെ ആത്മബോധം. അപ്പോഴും അത് സാഹോദര്യത്തിന്റെ പൊതുബോധത്താല്‍ വിശാലവുമാണ്. മതാതീതമായ മാനവീകതയുടെ ഈ പ്രബുദ്ധ പരിസരങ്ങളിലാണ് വിദ്യാഭ്യാസ, സാമൂഹ്യക്ഷേമമേഖലകളിലെ സുസ്ഥിരവികസനം സാധ്യമായത്.

മതതീവ്രബോധവും, അന്ധമായ രാഷ്ട്രീയ അടിമബോധവും തീര്‍ക്കുന്ന അപരിചിതത്വത്തിന്റെ അതിരുകളില്‍ സ്വയം ഒളിച്ചും, ന്യായീകരിച്ചും മലയാളി മുന്നേറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നഷ്ടമാകുന്നത് കേരളത്തെയും അതിന്റെ നവോത്ഥാന പാരമ്പര്യത്തെയുമാണ്. 'നഷ്ടപ്പെടുന്നതുവരെ നഷ്ടപ്പെടുന്നതിന്റെ നഷ്ടമറിയാതെ' നാം, കഷ്ടം!

comment

LATEST NEWS


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്


റെഡ് അലര്‍ട്ട് നല്‍കാതെ പമ്പ ഡാം തുറന്നു; ആറു ഷട്ടറുകള്‍ രണ്ടടി ഉയര്‍ത്തി; അഞ്ചു മണിക്കൂറിനുള്ളില്‍ വെള്ളം റാന്നിയില്‍; നാളെ രാവിലെ തിരുവല്ലയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.