login
ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് കൊണ്ടു വന്ന ബാഗിലെന്ത്? യുവതിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു; അന്വേഷണം ഊര്‍ജിതം

യുവതിയുടെ മരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്.

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദിവസം കഴിയുംതോറും ദുരൂഹത ഏറുന്നു. സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തി. ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത് ഭര്‍ത്താവ് സൂരജിന്റെ പറക്കോടുള്ള വീട്ടില്‍ വച്ചാണ്. മാര്‍ച്ച് രണ്ടിനായിരുന്നു സംഭവം. ഈ സംഭവത്തിലും രണ്ടാമത് പാമ്പു കടിയേറ്റതിലും ദുരൂഹത വര്‍ധിപ്പിക്കുന്ന ചില വിവരങ്ങളാണ ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടര്‍ന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട്  കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവത്തിനു ശേഷം രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഇതിനിടെയാണ് മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേല്‍ക്കുന്നതും ഉത്ര മരിക്കുന്നതുിം. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെ മരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില്‍ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. സൂരജിന് പാമ്പുപിടുത്തകാരുമായി ചങ്ങാത്തം ഉള്ളതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയില്‍ ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം.  

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ അഞ്ചല്‍ സി.ഐ.ക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയത്. ഉത്ര ഉറങ്ങിയ മുറി ടൈല്‍ പാകിയതും എ.സി. ഉള്ളതുമായ കിടപ്പുമുറിയുടെ ജനലുകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. ഭര്‍ത്താവാണ് ജനലുകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടതും ഭര്‍ത്താവാണ്. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ മരണകാരണം പുറത്ത് കൊണ്ടുവരണമെന്നും അച്ഛന്‍ വിശ്വസേനനും സഹോദരന്‍ വിഷ്ണുവും പരാതിയില്‍ പറയുന്നു.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.