login
മഹാബോധി

തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം

 

ഓര്‍മ്മയായി ഒരു ആല്‍മരം മതിയെന്ന് ഓര്‍മ്മിപ്പിച്ച്, ചേതനയറ്റ തന്റെ ശരീരത്തില്‍ ഒരു പൂവ് പോലും വെക്കരുതെന്ന് ശാഠ്യം പിടിച്ച്, കാലത്തിന്റെ തിരയിളക്കത്തില്‍ അലിവായി അലിഞ്ഞ് സുഗതകുമാരി മടങ്ങി...  

തിരുവാറന്മുളയപ്പന്റെ പൊന്നോണത്തോണിയില്‍ നിറയെ വേണം മലയാണ്മയ്ക്കുണ്ണുവാനുള്ള വിഭവങ്ങളെന്ന് ദുര മൂത്ത കാലത്തിന് നേരെ ഉറക്കെ വിളിച്ചുപറഞ്ഞ ഒരു പോരാളിയുടെ മടക്കം.... തണലായിരുന്നു, കനലായിരുന്നു, കനിവ് പെയ്ത കണ്ണുനീരായിരുന്നു, നിറഞ്ഞ വാത്സല്യമായിരുന്നു.... ഉറച്ച നിലപാടായിരുന്നു സുഗതകുമാരി.... ഇളക്കമില്ലാത്ത നിലപാട്.

അധികാരകേന്ദ്രങ്ങള്‍ മുതല്‍ ആര്‍ത്തി പിടിച്ച ധൂര്‍ത്തന്മാര്‍ വരെ എതിര്‍മുഖത്ത് ഒന്നിന് പിന്നാലെ അധിക്ഷേപവും അപവാദപ്രചരണവുമായി നിലയുറപ്പിച്ചിട്ടും അവര്‍ തെല്ലും ചലിച്ചില്ല.... തനിക്കുവേണ്ടിയല്ലാതെ തനിക്ക് ചുറ്റുമുള്ളവര്‍ക്കായി പൊരുതാനിറങ്ങിയ ഒരുവളുടെ ആത്മവീര്യമായിരുന്നു കേരളം ഇത്രകാലം കണ്ടത്. ചോരകൊണ്ട് അധികാരം നേടാനിറങ്ങിയവര്‍ക്ക് പിന്നില്‍ എറിഞ്ഞുകിട്ടിയ പദവികളുടെയും പണത്തിന്റെയും തൂക്കത്തിനനുസരിച്ച് ചാഞ്ഞും ചരിഞ്ഞും നിലകൊണ്ട സ്വയംപ്രഖ്യാപിത സാംസ്‌കാരികനായകന്മാര്‍, നായികമാരും, തഴച്ചുനിന്ന കാലത്തുതന്നെയാണ് ബോധേശ്വരന്റെ മകള്‍ മഹാബോധി പോലെ വിവേകത്തിന്റെ ശബ്ദമായി തല ഉയര്‍ത്തി നിന്നത്..... അത് ഒരു അമ്മയുടെ നില്പായിരുന്നു. അനീതി പൊറുക്കാന്‍ കഴിയാത്തവളുടെ നില്‍പ്...

ചോദ്യം ചെയ്യലുകളെ ഭയപ്പെട്ടില്ല സുഗതകുമാരി. ഭൂമിയുടെ ശത്രുക്കളോടായിരുന്നു പോരാട്ടം. സ്നേഹത്തിന്റെ ശത്രുക്കളോട്, മഴയുടെ, മലയുടെ, മരത്തിന്റെ വിനാശത്തിനായി ഉയര്‍ന്ന എല്ലാ സ്വാര്‍ത്ഥതയോടും അവര്‍ പോരാടി...   തിളച്ചുവെയിലത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതുകയായിരുന്നു സുഗതകുമാരി.

വിധേയയായിരുന്നില്ല അവര്‍.  

മരണാനന്തരം 'ഇംഗ്ലീഷ് ദേശാഭിമാനി'യിലെ ഒരു സഖാവ് സുഗതകുമാരിയെ വല്ലാണ്ട് ആക്ഷേപിച്ച് ആദരിച്ചുകളഞ്ഞു. ഉത്തരഭാരതത്തിലെ ഗോഭക്തര്‍ക്കായി അവര്‍ ലേഖനമെഴുതി, അമിത്ഷായ്ക്ക് കാണാന്‍ അനുമതി നല്‍കി... തുടങ്ങി തീരാത്ത ചൊരുക്കോടെയാണ് സഖാവ് ജേര്‍ണലിസ്റ്റ് തകര്‍ത്തത്... പിണറായി വിജയന്റെ സമ്മേളനവേദിക്ക് മുന്നില്‍ താഴെ സദസ്സില്‍ അമര്‍ന്നിരുന്ന് ആദരിക്കപ്പെടുന്നതിന്റെ സുഖമറിഞ്ഞ് തഴമ്പിച്ച തൊമ്മിമാര്‍ക്ക് സുഗതകുമാരിയെ മനസ്സിലാകില്ല. അത്തരം പേനയുന്തുകാര്‍ക്ക് ഭാസ്‌കരപ്പട്ടേലരോട് വിധേയമാകാം.... നിരുപാധികസ്നേഹത്തിന്റെ ചിറകുകള്‍ നീര്‍ത്തി മലയാണ്മയുടെ ആകാശത്ത് പാറിപ്പറന്ന സുഗതകുമാരിയെന്ന പ്രകൃതിയുടെ പാട്ടുകാരിക്ക് അത് സാധ്യമല്ല....  

അവര്‍ക്ക് നിലപാടുണ്ടായിരുന്നതുകൊണ്ട് നിലയറിഞ്ഞും നിലപാടറിഞ്ഞും ആദരിക്കാന്‍ അവര്‍ മടികാട്ടിയിരുന്നില്ല.

ആര്‍എസ്എസിന്റെ ഒളിപ്പോരാളിയാണ് സുഗതകുമാരി എന്ന് പിണറായി സര്‍ക്കാരിന്റെ 'എഴുത്തച്ഛന്‍' സക്കറിയ ഒരുകാലത്ത് അധിക്ഷേപിച്ചു നടന്നു. സുഗതകുമാരിയുടെ മറുപടി 'എനിക്ക് രണ്ടാളേ ഗുരുക്കന്മാര്‍' എന്ന കവിതയായിരുന്നു,

''ഒരാള്‍ മുകളിലായി വിളക്കുകാട്ടുന്നു

ഒരാള്‍ വടിയൂന്നി നടക്കുന്നു മുന്നില്‍

ഒളിപ്പോരെന്തെന്ന് പഠിപ്പീച്ചീലവര്‍

തിളച്ച വെയിലത്തേ പയറ്റിയിട്ടുള്ളൂ...''

 

ഒരു അഭിമുഖത്തില്‍ ഇതേപ്പറ്റി അവര്‍ വിശദീകരിച്ചു. ''സ്വാമി വിവേകാനന്ദനും ഗാന്ധിജിയും. ഈ രണ്ട് ഗുരുക്കന്മാരേ എനിക്കുള്ളൂ. ഏതെങ്കിലും പാര്‍ട്ടിക്ക് പിന്നാലെ പോകാനോ ഒളിപ്പോര് നടത്താനോ അവര്‍ എന്നെ പഠിപ്പിച്ചിട്ടില്ല. തിളച്ച വെയിലത്ത് നേരിട്ട് നിന്നേ പയറ്റിയിട്ടുള്ളൂ. ഇടതിനോടായാലും വലതിനോടായാലും എന്നുമെന്നും വഴക്കായിരുന്നു. ഒരു മന്ത്രിയുടെയും മുഖത്തുനോക്കി പറയാനുള്ളത് പറയാതിരുന്നിട്ടില്ല. അതുകൊണ്ട് ആരുടെയും പ്രീതിയൊന്നും കിട്ടിയിട്ടില്ല, സാരമില്ല.....''

ആകുലമായിരുന്നു ആ മനസ്സ്.... അതിവേഗം പടരുന്ന ഉപഭോഗത്വരയെക്കുറിച്ച്, അതിന് അടിപ്പെടുന്ന നമ്മുടെ ജീവിതത്തെക്കുറിച്ച്, എല്ലാ നഷ്ടങ്ങളും ഉലച്ച ഉള്ളുമായി കവിതയിലേക്ക്  പലപ്പോഴും അവര്‍ വല്ലാതെ പെയ്തുകൊണ്ടേയിരുന്നു.... രാഷ്ട്രീയത്തിന്റെ, ജാതിയുടെ, അഹിതമായ എല്ലാത്തരം വേഴ്ചകളുടയും ഇടമായി തന്റെ നാട് മാറുന്നതിന്റെ വേദന അവര്‍ മറച്ചുവെച്ചില്ല.... കാവ് തീണ്ടല്ലേ എന്ന് ആര്‍ത്തുപാടിയൊരമ്മ ആരും പറയാത്തത്, പറയാന്‍ മടിച്ചത് അലമുറയിട്ട് മലയാളികളോട് പലപാട് വിളിച്ചുപറഞ്ഞു.... അവര്‍ പറഞ്ഞത് ഏറ്റ് പറയാന്‍ , അതേപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഭയക്കും വിധേയന്മാര്‍ ..... അവര്‍ സുഗതകുമാരിയുടെ കവിതകളില്‍ പ്രണയവും വിരഹവും രതിയും തെരഞ്ഞ് കാലം പോക്കട്ടെ .... നമുക്ക് പക്ഷേ നേര്‍ക്ക് നേര്‍ നിന്ന് പൊള്ളും വെയിലും പേമാരിയും കൂസാതെ നടത്തിയ ആ പോരാട്ടത്തിന്റെ വഴിയേ നടക്കാം .......

 

 

 

 

 

 

comment

LATEST NEWS


'ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം'; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍


ഇനി മദ്യം വാങ്ങാന്‍ ആപ്പ് വേണ്ട; ബെവ്ക്യൂ ആപ്പ് പിന്‍വലിച്ച് ഉത്തരവിറങ്ങി


വാക്‌സിനെതിരെ സംശയം പ്രകടിപ്പിച്ച് മനീഷ് തിവാരി; ഇല്ലാക്കഥകളും ആശങ്ക പരത്താനുമാണ് കോണ്‍ഗ്രസ്സിന് താത്പ്പര്യം, രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.