login
വിപ്ലവത്തില്‍ നിന്ന് വേദാന്തത്തിലേക്ക്

ഗുരുവായൂരപ്പദാസ സ്വാമിയുടെ സ്വഭാവത്തെ ആവേശം നിറഞ്ഞ ആത്മാര്‍ത്ഥത എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഏതാണ്ട് ആറ്-ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സപ്താഹങ്ങള്‍ വളരെ ക്ലേശകരമായിരുന്നു

വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പകര്‍ന്നുകൊടുക്കാന്‍ പാര്‍ട്ടി നിയോഗിച്ച സഖാവ് ആര്‍.ആര്‍ പിന്നീട് ഭാഗവത കഥാമൃതകാരനായത് കാലത്തിന്റെ നിയോഗമാണ്. കമ്യൂണിസ്റ്റ്കാരനായി പ്രക്ഷോഭവും വിപ്ലവവും അറസ്റ്റും ഒളിച്ച് താമസവും ഒക്കെയായി കാലം കഴിച്ചപ്പോള്‍ ഭക്തിയെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഒരു തലമുറയ്ക്ക് തന്നെ ഭഗവത്കഥകള്‍ പറഞ്ഞുകൊടുക്കാന്‍ അദ്ദേഹം സ്വയം നിയുക്തനാവുകയായിരുന്നു. ഒരാളില്‍ നിന്ന് തന്നെ കാലത്തിന്റെ കുത്തൊഴുക്കിനിടയില്‍ വിപ്ലവവും ഭക്തിയും പ്രവഹിക്കുകയെന്നത് അപൂര്‍വ്വമായേ അനുഭവവേദ്യമാകാറുള്ളൂ. അത്തരം ഒരു നിയോഗത്തിന്റെ അപൂര്‍വ്വ നിദര്‍ശനമാണ് പൂര്‍വ്വാശ്രമത്തില്‍ സഖാവ് ആര്‍.ആര്‍. തിരുമുല്‍പ്പാട്  ആയിരുന്ന ഗുരുവായൂരപ്പ ദാസ് സ്വാമി.  

രവിപുരം ഭജനസംഘത്തില്‍ ഒരു സപ്താഹം. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പ്രഭാഷണം കഴിഞ്ഞ് സ്വാമിയോടൊപ്പം ഞങ്ങള്‍ ഭക്ഷണശാലയിലേക്ക് നീങ്ങുകയാണ്. അടുത്ത് ഒരു കുട്ടി വല്ലാതെ കരഞ്ഞ് ബഹളം കൂട്ടുന്നു. അമ്മ ആ കുഞ്ഞിന്റെ വായ പൊത്തിക്കൊണ്ട് ''മിണ്ടാതിരിക്ക് ദേ... സ്വാമി വരുന്നുണ്ട്. പിടിച്ചുകൊണ്ടുപോകും'' എന്ന് പറഞ്ഞു. സ്വാമി തിരിഞ്ഞു നിന്നു? ''എന്താ പറഞ്ഞത്? സ്വാമി കുട്ടികളെ പിടിച്ചുകൊണ്ടുപോകും എന്നോ? ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കേണ്ടത്''? ഇതാണ് ഗുരുവായൂരപ്പദാസ് സ്വാമികള്‍ എന്ന് പ്രസിദ്ധനായ പഴയ വിപ്ലവകാരി ആര്‍.ആര്‍. തിരുമുല്‍പ്പാടിന്റെ സ്വഭാവം. തനിക്ക് ശരിയല്ല എന്ന് തോന്നുന്ന എന്തിനോടും ഉടനെ പ്രതികരിക്കും. ഒരു കാലത്ത് താന്‍ തലയിലേറ്റിക്കൊണ്ടു നടന്ന കമ്യൂണിസ്റ്റ് വിപ്ലവാശയങ്ങള്‍ വെറും പൊള്ളയാണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം വിപ്ലവം വലിച്ചെറിഞ്ഞ് വേദാന്തത്തെ സ്വീകരിച്ചു. തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, മാവില്‍ശ്ശേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇങ്ങനെ നിരവധി പേര്‍ക്ക് അക്കാലത്ത് മനഃപരിവര്‍ത്തനം ഉണ്ടായിട്ടുണ്ട്.  

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ രാമന്‍കോവിലകത്ത് ഇന്നേക്ക് നൂറുവര്‍ഷം മുമ്പ് മിഥുനമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ഗുരുവായൂരപ്പദാസ സ്വാമികള്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ത്തന്നെ. കോളേജ് വിദ്യാഭ്യാസത്തിനായി തൃശ്ശിവപേരൂര്‍ക്ക് പോയി. സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. സമരവീര്യം മൂത്തപ്പോള്‍ വിപ്ലവപ്രസ്ഥാനത്തിലേക്ക് തിരിഞ്ഞു. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ തുടങ്ങി പലരും അന്ന് സഹപ്രവര്‍ത്തകരായിരുന്നു. താന്‍ വിശ്വാസിക്കുന്ന പ്രസ്ഥാനത്തില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ വല്ലാതെ  വേദനിപ്പിച്ചു. ചില കേസുകളില്‍ പ്രതിയായി ജീവിതം വഴിമുട്ടി. ഇത് മാത്രമാണ്,  അന്നത്തെ സഖാവ് ആര്‍.ആര്‍ തിരുമുല്‍പ്പാടിന് വിപ്ലവജീവിതം കൊണ്ടുണ്ടായ നേട്ടം.  

യോഗാനന്ദ സ്വാമികള്‍ എന്ന  സിദ്ധപുരുഷനുമായി ബന്ധപ്പെട്ടതോടെ ജീവിതത്തിലെ രണ്ടാംഘട്ടം ആരംഭിച്ചു. അവധൂതനെപ്പോലെ വളരെക്കാലം ഭാരതം മുഴുവന്‍ സഞ്ചരിച്ചു. അധികകാലവും ഗുരുവായൂരും തിരുവില്വാമലയിലുമായിരുന്നു. ഗുരുവായൂരില്‍ താമസിക്കുന്ന കാലത്ത് അപ്പന്‍ തമ്പുരാനുമായുണ്ടായ ബന്ധമാണ് ഭക്തിമാര്‍ഗ്ഗത്തിലേക്ക് നയിച്ചത്. തിരുവില്വാമലക്കാര്‍ക്ക് അദ്ദേഹം ''നാരായണീയം തിരുമുല്‍പ്പാട്'' ആയിരുന്നു.  

ഗുരുവായൂരപ്പദാസ സ്വാമിയുടെ സ്വഭാവത്തെ ആവേശം നിറഞ്ഞ ആത്മാര്‍ത്ഥത എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഏതാണ്ട് ആറ്-ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സപ്താഹങ്ങള്‍ വളരെ ക്ലേശകരമായിരുന്നു. മതിയായ താമസസൗകര്യമോ ഭക്ഷണമോ ഉണ്ടായി എന്ന് വരില്ല. അന്നത്തെ തലമുറ ഭാഗവതപ്രചാരണത്തിന് അനുഭവിച്ച ത്യാഗം വിവരണാതീതമാണ്. ഇന്ന് ഭാഗവത രംഗത്തുള്ളവര്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ആ തലമുറ അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമാണ്.    

വിപ്ലവപ്രസംഗങ്ങളില്‍ ഉണ്ടായിരുന്ന വാക്‌സാമര്‍ത്ഥ്യം തന്നെയാണ് സ്വാമിജി തന്റെ ഭാഗവത-നാരായണീയ പ്രഭാഷണങ്ങളിലും പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണം, ,പ്രത്യേകിച്ചു നരസിംഹാവതാരം, ഉദ്ധവന്റെ ബദരീയാത്ര എന്നിവ ഒരിക്കലെങ്കിലും കേട്ടവര്‍ക്ക് അദ്ദേഹത്തെ മറക്കാനാവില്ല. പണത്തിലോ പ്രശസ്തിയിലോ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. സമ്പാദ്യവും ഉണ്ടായിരുന്നില്ല. പല പ്രശസ്തി പത്രങ്ങളും ലഭിച്ചെങ്കിലും അതൊന്നും വിളംബരം ചെയ്യാറില്ല. 2001ല്‍ മള്ളിയൂര്‍ ആധ്യാത്മിക പീഠത്തില്‍ നിന്നു സമ്മാനിച്ച ''ഭാഗവതചൂഡാരത്‌ന''മാണെന്നു തോന്നുന്നു അദ്ദേഹത്തിന് അവസാനമായി ലഭിച്ച പുരസ്‌കാരം.  

എളങ്കുന്നപ്പുഴയില്‍ സ്വാമിജിയുടെ മഠത്തിന് തൊട്ടടുത്താണ് ഈ ലേഖകന്റെ ഇല്ലം. അതുകൊണ്ട്, ഗര്‍ഭത്തില്‍ കിടക്കുന്ന കാലത്ത് തന്നെ സ്വാമിജില്‍ നിന്നു ഭാഗവതം കേള്‍ക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹത്തിനൊപ്പം എത്രയോ സപ്താഹങ്ങളില്‍ ഭാഗഭാക്കായി. 2003 ആഗസ്റ്റ് 26-ാം തീയതിയാണ് ആ പുണ്യാത്മാാവ് ഭഗവല്‍പാദങ്ങളില്‍ ലയിച്ചത്. അപ്പോഴും ഈയുള്ളവന്‍ അടുത്തുണ്ടായിരുന്നു.  

സാമാന്യജനങ്ങളെ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. പക്ഷേ, ഭക്തിയുടെ കുളിര്‍കാറ്റുകൊണ്ട് വിപ്ലവച്ചൂടിനെ തണുപ്പിക്കുക എന്ന ദൗത്യമാണ് ഭഗവാന്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. അല്ലെങ്കിലും 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ഭാരതീയ ചിന്തയ്ക്കു പകരം വയ്ക്കാന്‍ എന്താണുള്ളത്? ''സ്വാസ്ത്യസ്തു വിശ്വസ്യ'' എന്ന് ഭാഗവതം പ്രാര്‍ത്ഥിക്കുന്നു.

 

എളങ്കുന്നപ്പുഴ  ദാമോദരശര്‍മ്മ

94479 59729

comment
  • Tags:

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.