login
സ്വര്‍ണ്ണക്കടത്തിന്റെ ഭീകരവഴി; മയക്കുമരുന്നിനു കൂലി സ്വര്‍ണ്ണം; മതഭ്രാന്തിന്റെ പേരില്‍ നടക്കുന്ന ഒന്നാന്തരം കച്ചവടം

ദുബായ്. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടയില്‍ ലോകത്തെ സ്വര്‍ണ്ണ വ്യവസായത്തിന്റെ മുകളിലേക്ക് കുതിച്ചു കയറിയ ഒരു ചെറിയ അറേബ്യന്‍ രാജ്യമാണ്. ഈ ചെറു രാജ്യം ലോകത്തെ മുഴുവന്‍ മോഹിപ്പിക്കുന്ന ആര്‍ഭാടത്തിന്റെ പാതയിലേക്ക് കുതിച്ചുകയറിയതിനു പിന്നില്‍ ഈ മഞ്ഞലോഹത്തിന്റെ ചോരക്കറകള്‍ ധാരാളമായുണ്ട്.

'സ്വര്‍ണ്ണം മാത്രമാണ് പണം. ബാക്കിയെല്ലാം കടമാണ്.''പ്രശസ്തമായ ഈ വാചകം ആധുനിക അമേരിക്കന്‍ മുതലാളിത്തത്തിന്റെ തലതൊട്ടപ്പന്മാരിലൊരാളായ ജെ പി മോര്‍ഗന്റേതാണ്. ആക്രമിച്ചും കച്ചവടമെന്ന് നടിച്ചും സൗഹൃദം സ്ഥാപിച്ചും ഭാരതത്തിലേക്ക് സകലരുമെത്തിയത് പ്രായേണ മറ്റൊരുപയോഗവുമില്ലാത്ത ഈ മഞ്ഞലോഹം കൂടി തിരക്കിയാണ്. കുരുമുളക് മുതല്‍ ഹിമാലയന്‍ ഉപ്പ് വരെയുള്ള വിഭവങ്ങള്‍ കൊണ്ടുപോയെങ്കിലും സ്വര്‍ണ്ണം അവയിലൊരു പ്രധാന വിനിമയോപാധിയും കച്ചവടച്ചരക്കുമായിരുന്നു. ഭാരതത്തിലെ ഒരു നാടുവാഴി അണിഞ്ഞിരിയ്ക്കുന്ന ആഭരണങ്ങളാല്‍ യൂറോപ്പിലെ നഗരങ്ങള്‍ തന്നെ വിലയ്ക്ക് വാങ്ങാനാവുമെന്ന് വെനീഷ്യന്‍ സഞ്ചാരിയായ മാര്‍ക്കോ പോളോ കുറിച്ചിട്ടുണ്ട്.

ലോകത്തിലെ ആദ്യ സ്വര്‍ണ്ണ ഖനികള്‍ ഭാരതത്തിലായിരുന്നു. സിന്ധൂ നദീതടസംസ്‌കാര അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത വലിയ അളവിലുള്ള സ്വര്‍ണ്ണാഭരണങ്ങളും ഉപകരണങ്ങളും പോലും കര്‍ണ്ണാടകത്തിലെ കോലാര്‍ സ്വര്‍ണ്ണഖനികളില്‍ നിന്നാണ് എത്തിയതെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. കോലാറിനേക്കാള്‍ മുന്‍പേ വയനാട്ടില്‍ സ്വര്‍ണ്ണ ഖനനമുണ്ടായിരുന്നു എന്നാണ് ചില ചരിത്ര ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സിന്ധു നദീതടത്തില്‍ സ്വര്‍ണ്ണം ഖനനം ചെയ്ത് ശുദ്ധിചെയ്ത് എത്തിക്കാന്‍ വേണ്ട വികസിതമായ ഒരു സംസ്‌കാരം കര്‍ണ്ണാടകത്തിലും കേരളത്തിലുമൊക്കെ ഉണ്ടായിരുന്നു എന്ന് വരുമ്പോഴാണ് ചില കപട അധിനിവേശ സിദ്ധാന്തങ്ങളൊക്കെ എത്രത്തോളം ദുരുപദിഷ്ടമായിരുന്നു എന്ന് മനസ്സിലാക്കുന്നത്. അത് വേറേ വിഷയമാണ്.

ആദ്യകാലം മുതല്‍ക്കു തന്നെ ഇന്ത്യയിലേക്ക് ആക്രമണകാരികളായ ഗോത്രങ്ങളെ ആകര്‍ഷിച്ചത് ഈ സ്വര്‍ണ്ണമാണ്. ക്ഷേത്രങ്ങള്‍ മുതല്‍ രാജകൊട്ടാരങ്ങള്‍ വരെ സ്വര്‍ണ്ണ ഖജനാവുകളാകുമ്പോള്‍ ആ പ്രദേശത്തെ എന്തു വിലകൊടുത്തും ആക്രമിച്ച് സ്വര്‍ണ്ണവും സമ്പത്തും കൊള്ളയടിയ്ക്കുക എന്നത് ഏറ്റവും എളുപ്പം നടത്താവുന്ന കാര്യമായിരുന്നു. നാഗരികരും പരിഷ്‌കൃതരുമായ ജനത ഒരുവശത്തും ആക്രമണകാരികളും കൊള്ളക്കാരുമായ ജനത മറുവശത്തും നില്‍ക്കുമ്പോള്‍ പരിഷ്‌കൃത ജനത മിക്കപ്പോഴും അടിയറവു പറഞ്ഞു. ഭാരതത്തിന്റെ ഭൂമിശാസ്ത്രം പോലും മാറ്റിയെഴുതപ്പെട്ടു. ആയിരത്താണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന ക്രൂരമായ അടിമത്തത്തില്‍ ഭാരതത്തിലെ ആ പരിഷ്‌കൃത ജനത വീണു തകര്‍ന്നു. ആക്രമണകാരികള്‍, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊള്ളക്കാര്‍ വീട്ടുകാരായി. യഥാര്‍ത്ഥ വീട്ടുകാര്‍ തെരുവുകളിലേക്ക് വലിച്ചെറിയപ്പെട്ടു.

ഭാരതത്തിന്റെ സ്വർണ്ണ ഭ്രമം

പക്ഷേ എത്ര കാലം കഴിഞ്ഞിട്ടും ജനിതകത്തിന്റെ അടരുകളിലെവിടെയോ സ്വര്‍ണ്ണത്തോടുള്ള അതിയായ ഭ്രമം ഭാരതത്തില്‍ ഇന്നും നിലനില്‍ക്കുന്നു. കോളാര്‍ സ്വര്‍ണ്ണഖനികള്‍ പൂട്ടി. വയനാട്ടില്‍ അവശിഷ്ടങ്ങള്‍ പോലുമില്ല. പകരം സൗത്താഫ്രിക്കയിലും ഓസ്‌ട്രേലിയിലും ചൈനയിലുമെല്ലാം നിന്ന് സ്വര്‍ണ്ണം ഭാരതത്തിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണിന്ന് ഇന്ത്യ.

ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങള്‍ സ്വര്‍ണ്ണം ശുദ്ധീകരിക്കുന്ന വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ശുദ്ധ സ്വര്‍ണ്ണമാണ്. ആഭ്യന്തര ഉപഭോഗത്തിനുള്ള ആഭരണങ്ങള്‍ക്കായി മാത്രം. ഇന്ത്യയിലെത്തുന്ന ഭൂരിഭാഗം സ്വര്‍ണ്ണവും ഇന്ത്യയില്‍ തന്നെ നില്‍ക്കുന്നു. ശരാശരി ഇന്ത്യാക്കാരന്‍ അവന്റെ ജീവിതത്തിലെ സകല സമ്പാദ്യവും നല്ല ജീവിതവും, നല്ല യാത്രസൗകര്യവും, നല്ല ചികിത്സാസൗകര്യങ്ങളുമൊക്കെ ത്യജിച്ച് യാതൊരുപയോഗവുമില്ലാത്ത ഈ മഞ്ഞലോഹത്തില്‍ ജീവിതം കുരുക്കിയിടുന്നു. ഈ ഭ്രമമാണ് സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പ്രധാന കാരണം.

മഞ്ഞലോഹത്തിന്റെ ചോരക്കറകള്‍

ഈ സ്വര്‍ണ്ണക്കടത്ത് തുടങ്ങുന്നത് വളരെ ദൂരെ നിന്നാണ്. നമുക്ക് യാത്ര ചെയ്യേണ്ടത് പക്ഷേ ദുബായിലേക്കും.

ദുബായ്. കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടയില്‍ ലോകത്തെ സ്വര്‍ണ്ണ വ്യവസായത്തിന്റെ മുകളിലേക്ക് കുതിച്ചു കയറിയ ഒരു ചെറിയ അറേബ്യന്‍ രാജ്യമാണ്. ഈ ചെറു രാജ്യം ലോകത്തെ മുഴുവന്‍ മോഹിപ്പിക്കുന്ന ആര്‍ഭാടത്തിന്റെ പാതയിലേക്ക് കുതിച്ചുകയറിയതിനു പിന്നില്‍ ഈ മഞ്ഞലോഹത്തിന്റെ ചോരക്കറകള്‍ ധാരാളമായുണ്ട്.

1996ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നൂറെണ്ണത്തിലൊന്നില്‍പ്പോലും ദുബായ് അടയാളപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളുടെ ക്രമപ്പട്ടികയില്‍ നാലാമത്തേതാണ് യു എ ഇ. ഇന്ത്യക്ക് തൊട്ടു പിന്നില്‍. എന്നാല്‍ യു എ യിയിലെത്തുന്ന സ്വര്‍ണ്ണം നമ്മെപ്പോലെ വിവാഹത്തിന് സ്ത്രീധനം നല്‍കാനല്ല അറബികള്‍ ഉപയോഗിക്കുന്നത്. ഈ സ്വര്‍ണ്ണമെല്ലാം വരുന്നത് വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൂരമായ സാഹചര്യങ്ങളില്‍ മനുഷ്യരെ മൃഗങ്ങളേപ്പോലെ പണിയെടുപ്പിച്ച് നരകിച്ച ജീവിതത്തിനു വിടുന്ന അടിമ ഖനികളില്‍ നിന്നാണ്. അത് പോകുന്നത് ദുബായിലും ചുറ്റുപാടുമായുള്ള പതിനഞ്ചോളം അത്യന്താധുനിക സ്വര്‍ണ്ണ റിഫൈനറികളിലേക്കും. ആഫ്രിക്കയിലെ ഖനികളില്‍ നിന്ന് വരുന്ന കരടും മാലിന്യങ്ങളും കലര്‍ന്ന സ്വര്‍ണ്ണം ഈ റിഫൈനറികളില്‍ ശുദ്ധസ്വര്‍ണ്ണമായി- നമ്മുടെ ഭാഷയില്‍പ്പറഞ്ഞാല്‍ 24 കാരറ്റ് തനിത്തങ്കമായി ബിസ്‌കറ്റു രൂപത്തിലോ ബുള്ളിയന്‍ രൂപത്തിലോ ഇറങ്ങുന്നു.

സ്വര്‍ണ്ണവും ഭീകരതയും 

സ്വര്‍ണ്ണവും ഭീകരതയും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ആദ്യപാപം അവിടെ, ആഫ്രിക്കയില്‍ നിന്നാണ് ആരംഭിക്കുന്നത്. ബുര്‍ക്കിനോ ഫാസോ, കോംഗോ, സഹേല്‍, നൈജര്‍, മാലി...ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ്ണഖനികളും, കുടില്‍വ്യവസായമായി ആഫ്രിക്കന്‍ ജനങ്ങള്‍ സ്വര്‍ണ്ണം അരിച്ചെടുക്കുന്നതും ഇവിടങ്ങളിലാണ്. ദുബായിലേക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത സ്വര്‍ണ്ണമെത്തുന്നതും ഈ പ്രദേശങ്ങളില്‍ നിന്ന് തന്നെ. ഈ സ്വര്‍ണ്ണമാണ് നിയമപരമായും അല്ലാതെയും ദുബായിലേക്കെത്തുന്നത്.

ആദ്യകാലങ്ങളില്‍ എല്ലാ ഗവണ്മെന്റുകളേയും പോലെ ഈ ആഫ്രിക്കന്‍ ഗവണ്മെന്റുകള്‍ സ്വര്‍ണ്ണക്കയറ്റുമതിക്ക് നികുതി ഈടാക്കിയിരുന്നു. ഏത് രാജ്യവും അവരുടെ ധാതുഖനനത്തിന്, പ്രകൃതിവിഭവങ്ങള്‍ എടുക്കുന്നതിന്, സ്വാഭാവികമായും നികുതിയേര്‍പ്പെടുത്തും. പിന്നീട് നികുതി വെട്ടിക്കാനാകും മിക്കവരുടേയും ശ്രമം. അങ്ങനെ നികുതി വെട്ടിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതില്‍ ഇടപെട്ടു നിയന്ത്രിക്കാന്‍ ശ്രമിക്കുമല്ലോ. ആ സംവിധാനങ്ങളെ വരുതിയിലാക്കാന്‍ അഴിമതിയും ഇടനിലക്കാരും മാഫിയകളും സായുധസംഘങ്ങളും എല്ലാം ചേര്‍ന്ന ഒരു ശൃംഘല ആ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രൂപപെട്ടു. ഈ ഇടനിലക്കാരുടേയും സമാന്തര സര്‍ക്കാര്‍ സംവിധാനങ്ങളുടേയും മാഫിയകളുടേയും ശൃംഘലകള്‍ പതിയെ സമാന്തര സര്‍ക്കാരുകളായി വളര്‍ന്നു. ആഗോളഭീകരവാദവും സ്വര്‍ണ്ണവും തമ്മില്‍ ബന്ധപ്പെടുന്നത് ഈ സമാന്തര സര്‍ക്കാരുകളില്‍ നിന്നാണ്.

ഖനികളെല്ലാം നിയന്ത്രിയ്ക്കുന്ന ഇസ്ലാമികസ്റ്റേറ്റ്

ഇന്ന് ആഫ്രിക്കയില്‍ ഈ പ്രദേശങ്ങളിലുള്ള പ്രധാന ഖനികളെല്ലാം നിയന്ത്രിയ്ക്കുന്നത് ഇസ്ലാമികസ്റ്റേറ്റ്, അല്‍ഖൈ്വദ പോലെയുള്ള ഭീകരസംഘങ്ങളാണ്. ഒരു രൂപപോലും ഗവണ്മെന്റുകള്‍ക്ക് നികുതിനല്‍കാതെ ഇവര്‍ നിയമവിരുദ്ധമായി സ്വര്‍ണ്ണം ദുബായ് റിഫൈനറികളിലേക്ക് കടത്തുന്നു. ബുര്‍ക്കിനോഫാസോയില്‍ ഏതാണ്ട് 10 ടണ്‍ സ്വര്‍ണ്ണം ഓരോ കൊല്ലവും ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഗവണ്മെന്റിന് നികുതി ലഭിക്കുന്നത് 700 അല്ലെങ്കില്‍ 800 കിലോ സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിച്ചതിനും. താന്‍സാനിയയിലെ 90% സ്വര്‍ണ്ണവും കള്ളക്കടത്തായി ദുബായിലേക്കൊഴുകുന്നു. ഐവറി കോസ്റ്റിലേയും ഘാനയിലേയും സാംബിയയിലേയുമെല്ലാം കഥ ഇതുതന്നെ. ഈ സ്വര്‍ണ്ണമെല്ലാം കൈകാര്യം ചെയ്യുന്നത്, ഈ സ്വര്‍ണ്ണകടത്തില്‍ നിന്നെല്ലാം പണം കൊയ്യുന്നത് ഇതിന്റെ ഗതാഗതം ഒരുക്കുന്ന ഭീകരസംഘങ്ങളാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യു എ ഇ റിഫൈനറികളിലേക്ക് എത്തിച്ചേരുന്ന സ്വര്‍ണ്ണം 2006ല്‍ 18% ആയിരുന്നെങ്കില്‍ 2016ല്‍ അത് 50% ആണ്. സ്വര്‍ണ്ണം ഉല്‍പ്പാദിപ്പിക്കുന്നവനു ലാഭത്തിന്റെ വളരെച്ചെറിയ ഭാഗം മാത്രമാണ് ലഭിക്കുന്നത്. ഈ സ്വര്‍ണ്ണത്തിനെയാണ് ''ചോരപ്പൊന്ന്'' എന്ന് പറയുന്നത്. ആഫ്രിക്കയില്‍ ഖനികളില്‍ ജോലിചെയ്യുന്ന അടിമകളായ കുട്ടികളുടെ മുതല്‍ ഈ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ ഭീകരസംഘങ്ങള്‍ കൊന്നുകൂട്ടുന്ന ആയിരക്കണക്കിനാള്‍ക്കാരുടെ വരെ ചോര ഈ സ്വര്‍ണ്ണത്തില്‍ പറ്റിയിരുപ്പുണ്ട്. ദുബായിലെ റിഫൈനറികളില്‍ ഉരുക്കി 916 ആക്കി ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററില്‍ ട്രേഡിങ്ങിനായെത്തുമ്പോഴേക്കും ഈ സ്വര്‍ണ്ണം നിങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം ആഘോഷിക്കാന്‍ തക്കവണ്ണം ഏടുകളില്‍ ശുദ്ധമായിട്ടുണ്ടാവും. ഇങ്ങനെയാണ് ദുബായ് സ്വര്‍ണ്ണക്കടത്തിന്റേയും ഭീകരസംഘങ്ങളുടേയും 'ഹബ്' ആയി മാറുന്നത്. ഏത് വഴിയിലൂടെത്തിയാലും അവിടെയെത്തിയാല്‍ സ്വര്‍ണ്ണം ശുദ്ധമാവും. ഇത് എവിടെനിന്ന് വന്നതാണെന്ന് ചോദ്യമില്ല. എങ്ങനെ ആരു കൊണ്ടുവന്നു എന്നാരും ചോദിക്കില്ല. ആ ആര്‍ഭാടങ്ങളുടെയെല്ലാം പിറകിലുള്ള ചോരമണം സ്വര്‍ണ്ണക്കടത്തിന്റെയാണ്.

തലതൊട്ടപ്പന്മാര്‍ മുംബൈ അധോലോകം

എവിടെ നിന്നാണ് സ്വര്‍ണ്ണം എത്തുന്നതെന്ന പോലെ എവിടേക്കാണ് സ്വര്‍ണ്ണം പോകുന്നതെന്നും ദുബായ് റിഫൈനറികള്‍ക്ക് നോട്ടമില്ല. ഈ സ്വര്‍ണ്ണം നിയമപരമായി ലോകത്തെ ഏറ്റവും വലിയ സംസ്‌കരിച്ച സ്വര്‍ണ്ണത്തിന്റെ ഉപഭോക്താവായ ഇന്ത്യയിലെത്തണമെങ്കില്‍ 12.5 ശതമാനത്തോളം ഇറക്കുമതിച്ചുങ്കവും 8 ശതമാനത്തോളം ജി എസ് ടിയും ഇന്ത്യന്‍ സര്‍ക്കാരിനു നല്‍കണം. ഈ 20.5 ശതമാനം ലാഭത്തിനായാണ് ഇന്ന് പ്രധാനമായും സ്വര്‍ണ്ണം ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്നത് എന്നാണ് വയ്പ്പ്.

ഭാരതത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന്റെ തലതൊട്ടപ്പന്മാര്‍ എന്നും മുംബൈ അധോലോകമായിരുന്നു. എഴുപതുകളില്‍ ഹാജിമസ്താന്‍ ആയിരുന്നു മുംബൈ അധോലോകത്തെ സ്വര്‍ണ്ണത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ്. ജയിലില്‍ കിടക്കുമ്പോല്‍ അടിയന്തിരാവസ്ഥ സമയത്ത് അവിടേയെത്തിയ ജയപ്രകാശ് നാരായണനെ പരിചയപ്പെട്ട് മനം മാറ്റം വന്നാണ് ഹാജിമസ്താന്‍ എന്ന മസ്താന്‍ മിസ്ര രാജ്യദ്രോഹപരമായ സ്വര്‍ണ്ണക്കടത്ത് നിര്‍ത്തി നല്ലയാളായതെന്നാണ് അധോലോകകഥകള്‍. പക്ഷേ ആ വിടവില്‍ കയറിവന്നത് മറ്റൊരു സ്വര്‍ണ്ണക്കടത്ത് സംഘമായിരുന്നു. ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനി. ദാവൂദിന്റെ സ്വര്‍ണ്ണക്കടത്ത് പക്ഷേ ഇറക്കുമതിച്ചുങ്കം ലാഭിക്കാനായിരുന്നില്ല.

സുവര്‍ണ്ണ ചന്ദ്രക്കല

ഇവിടെയാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മറ്റൊരു പേര്‍ ഉയര്‍ന്ന് കേള്‍ക്കേണ്ടത്. സുവര്‍ണ്ണ ചന്ദ്രക്കല (Golden Crescent). ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ കറുപ്പ്-ഹെറോയിന്‍ മയക്കുമരുന്നുല്‍പ്പാദനകേന്ദ്രങ്ങളെ അന്താരാഷ്ട്രതലത്തില്‍ വിളിക്കുന്ന പേരാണിത്. ഈ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കറുപ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഹെറോയിന്‍, ഹാഷിഷ്, മോര്‍ഫിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ അന്താരാഷ്ട്ര തലത്തില്‍ വിതരണം ചെയ്യപ്പെടുന്നത്. പക്ഷെ ഈ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ കയറ്റിയയയ്ക്കുക സാദ്ധ്യമല്ല. ഇറാന്‍ ഇറാഖ് യുദ്ധത്തെത്തുടര്‍ന്ന് മയക്കു മരുന്നുകളുടെ യൂറോപ്പിലേക്കുള്ള സ്വാഭാവിക വിപണന മാര്‍ഗ്ഗമായിരുന്ന ബാള്‍ക്കന്‍ വഴികള്‍ അടഞ്ഞു. അപ്പോഴാണ് മയക്കുമരുന്ന് മാഫിയ ഇന്ത്യ വഴിയുള്ള കടത്തലിനെപ്പറ്റി ആലോചിക്കുന്നത്.

ഇന്ത്യയിലാണെങ്കില്‍ ഭീകര വാദം, മാവോയിസം പോലെയൊക്കെ നിയമവിരുദ്ധമായി പണമുണ്ടാക്കാന്‍ വഴികള്‍ തേടുന്ന വലിയ സമാന്തര മാഫിയാ സംവിധാനങ്ങള്‍ക്ക് പഞ്ഞവുമില്ല. ഒപ്പം കറുപ്പില്‍ നിന്ന് ഹെറോയിന്‍ വേര്‍തിരിച്ചെടുക്കാന്‍ വേണ്ടുന്ന രാസവസ്തുക്കള്‍ ഇന്ത്യയില്‍ വേരുള്ള രാസനിര്‍മ്മാണശാലകളില്‍ നിന്ന് സുലഭമായി ലഭിക്കുകയും ചെയ്യും. രാസവസ്തുക്കള്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്ന സുവര്‍ണ്ണ ചന്ദ്രക്കല രാജ്യങ്ങളിലേക്കും മയക്കുമരുന്നുകള്‍ തിരിച്ചും എത്തിക്കാന്‍ ഒരു പാത മാത്രം മതി. അങ്ങനെ മയക്കുമരുന്നിന്റെ സുവര്‍ണ്ണ ചന്ദ്രക്കല രാജ്യങ്ങളില്‍ നിന്ന് ബാള്‍ക്കന്‍ വഴിയിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഒഴുകിയിരുന്ന കറൂപ്പ്-ഹാഷിഷ്-ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങി.

കൊളംബിയയിലും മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യു എസ് എയിലേക്കുള്ള കൊക്കെയ്ന്‍ കടത്തില്‍ മെക്‌സിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടലുകളെന്നപോലെ സുവര്‍ണ്ണ ചന്ദ്രക്കല ഭാഗത്തുനിന്നുള്ള മയക്കുമരുന്ന് കടത്തലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍ തുടങ്ങിയ ജിഹാദികളും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരരും മുംബൈ അധോലോകത്തിലെ ഡി കമ്പനിയുമെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങി.

ഇടുക്കി ഗോള്‍ഡ്

സുവര്‍ണ്ണ ചന്ദ്രക്കല പ്രദേശത്തു നിന്ന് മാത്രമല്ല ഭാരതത്തിലും മയക്കുമരുന്നുണ്ടാക്കുന്നുണ്ട്. ഓര്‍മ്മയുണ്ടാകും ''ഇടുക്കി ഗോള്‍ഡ്''.

സഹ്യാദ്രിനിരകളിലുള്‍പ്പെടെ കൊടും കാടുകളിലെ കഞ്ചാവ് കൃഷി. ഈ വളരുന്ന കഞ്ചാവൊന്നും കൊച്ചീക്കായലിന്റെ തീരങ്ങളില്‍ മാത്രം പുകച്ചു തള്ളി തീര്‍ക്കാനാകില്ല. ഈ കഞ്ചാവും ചരസ്സും ഒക്കെ എത്തേണ്ടത് സ്വാഭാവികമായി കഞ്ചാവ് വളരാത്ത തണുത്ത രാജ്യങ്ങളിലെ തെരുവുകളിലേക്ക് തന്നെയാണ്. യൂറോപ്പിലും ബ്രിട്ടനിലുമൊക്കെയുള്ള തെരുവുകളിലും ക്‌ളബുകളിലും ''ഇടുക്കി ഗോള്‍ഡ്'' എത്തിക്കാനും കാര്‍ട്ടലുകള്‍ വേണം. ജിഹാദികളും മാവോവാദികളും ഒപ്പം അതിനൊക്കെ അരു നില്‍ക്കുന്ന ഇവരുടെ നഗരമുഖങ്ങളും ഒക്കെത്തന്നെയാണ് ഇവിടെയും കാര്‍ട്ടലുകളാവുന്നത്.

ബാള്‍ക്കന്‍ വഴി അടഞ്ഞപ്പോള്‍ ഈ സുവര്‍ണ്ണ ചന്ദ്രക്കല ഭാഗത്തു നിന്ന് ഇന്ത്യയിലെത്തുന്ന മയക്കുമരുന്ന് ആംസ്റ്റര്‍ഡാമിലും സൂറിക്കിലും ലണ്ടനിലും മാഡ്രിഡിലുമെല്ലാം എത്തിക്കുകയായിരുന്നു ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ പ്രധാന ജോലി.്. ജമ്മു കാശ്മീരിലെ ഭീകരസംഘങ്ങള്‍, പഞ്ചാബിലെ ഖാലിസ്ഥാനി ഗ്രൂപ്പുകള്‍, അതിര്‍ത്തി ഗ്രാമങ്ങളിലെ ഉള്‍ഫയും നാഗാ ഭീകരവാദികളും മുതല്‍ മാവോവാദികള്‍ വരെയുള്ള ഭീകരര്‍, ഒട്ടകങ്ങളുടേയും ആടുകളുടേയും പുറത്ത് കെട്ടിവച്ചുമുതല്‍ തുരങ്കങ്ങളിലൂടെയും ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ചുമെല്ലാം മയക്കുമരുന്ന് അതിര്‍ത്തി കടത്തുന്നു. ഈ മയക്കുമരുന്ന് ഡല്‍ഹിയിലും (പ്രധാനമായും ആഭ്യന്തര വിപണിയ്ക്കായി) മുംബൈയിലും എത്തിക്കുന്നു. ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് കടത്തുന്നത് ഇന്ത്യയില്‍ സജീവമായ നൈജീരിയന്‍ കെനിയന്‍ സിന്‍ഡിക്കേറ്റ് വഴിയാണ്. അവര്‍ വഴിയും മുംബൈയിലും മറ്റ് വിമാനത്താവളങ്ങളിലും പ്രധാന തുറമുഖങ്ങളിലും വിശ്വസ്തരായവരെ സ്വാധീനിച്ച് കാര്‍ഗോകള്‍ വഴിയും മറ്റ് മാര്‍ഗ്ഗങ്ങളിലൂടേയും കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഈ മയക്കുമരുന്ന് എത്തിക്കുന്നു. ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ (പ്രധാനമായും കേരള, കര്‍ണ്ണാടക, തമിഴ്‌നാട് വനാന്തരങ്ങളില്‍) വിളയുന്ന കഞ്ചാവും ഇതുപോലെ വിദേശ രാജ്യങ്ങളിലെത്തിക്കുന്നു. നേപ്പാള്‍ വഴിയും മയക്കുമരുന്നുകള്‍ വിദേശരാജ്യങ്ങളിലെത്തിക്കുന്നുണ്ട്.

മയക്കുമരുന്നിന് പ്രതിഫലം സ്വർണ്ണം

ഈ മയക്കുമരുന്നിന് എങ്ങനെ പ്രതിഫലം നല്‍കും? രൂപയിലോ പൗണ്ടിലോ ഡോളറിലോ ഒക്കെ വില നല്‍കുക അസാദ്ധ്യമാണ്. ഒരു ബാങ്ക് വഴിയും ആ പണം ഇന്ത്യയിലെത്തിക്കാനാകില്ല. ഇന്ത്യയിലെന്നല്ല ഒരിടത്തുമെത്തിക്കാനാകില്ല. പണത്തിന്റെ ഉത്ഭവം കാട്ടാതെ ബാങ്കുകള്‍ വഴി പണം കൈമാറ്റം ചെയ്യാനാകില്ല. ഇത്രയും പണം സ്യൂട്ട്‌കേസില്‍ നിറച്ചും അയയ്ക്കാനാകില്ല. അപ്പോള്‍ മയക്കുമരുന്നുകള്‍ യൂറോപ്പിലെ നഗരങ്ങളിലെത്തുമ്പോള്‍ ആ മയക്കുമരുന്ന് കടത്തലിനു കൂലിയായാണ് ദുബായ് വഴി സ്വര്‍ണ്ണം ഭാരതത്തിലെത്തിക്കാന്‍ തുടങ്ങിയത്. ദാവൂദ് ഇബ്രാഹിം ആണ് മയക്കുമരുന്നിനു കൂലിയായി ദുബായ് കേന്ദ്രീകരിച്ച് സ്വര്‍ണ്ണം ഇന്ത്യയിലെത്തിക്കുന്ന ''കലാപരിപാടിയുടെ'' ഉപജ്ഞാതാവ്. അതായത് ദാവൂദ് ഒരു ശരാശരി സ്വര്‍ണ്ണക്കടത്തുകാരനായിരുന്നില്ല. അയാളുടെ മയക്കുമരുന്ന് കടത്തലിന്റെ കൂലിയായിരുന്നു സ്വര്‍ണ്ണം. ഇന്ത്യന്‍ ആഭ്യന്തര സ്വര്‍ണ്ണാഭരണ മാര്‍ക്കറ്റ് അതിഭീകരമായി വലുതായതുകൊണ്ട് ഈ കൊണ്ടുവരുന്ന സ്വര്‍ണ്ണം ആഭരണശാലകളിലൂടെ മാര്‍ക്കറ്റില്‍ വളരെയെളുപ്പത്തില്‍ ഒഴുക്കിച്ചേര്‍ക്കാം. ആര്‍ക്കും ഒരു സംശയവും തോന്നുകയില്ല. ആ പണം നാട്ടിലും വിദേശത്തും റിയല്‍ എസ്റ്റേറ്റിലെ കുമിളകളില്‍ ചേര്‍ക്കാം. യഥാര്‍ത്ഥത്തില്‍ ദുബായിലെ റിഫൈനറികള്‍ ഈ മയക്കുമരുന്ന് കടത്തലിന് കൂലിയായി സ്വര്‍ണ്ണമുണ്ടാക്കുന്ന കമ്മട്ടങ്ങളാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ അടിമഖനികളില്‍ നിന്ന് ദുബായിലേക്ക് അസംസ്‌കൃത സ്വര്‍ണ്ണം കള്ളക്കയറ്റുമതി ചെയ്യുന്നത് മതഭീകരസംഘങ്ങളാണ് എന്ന് കണ്ടു. ഇതേ ഭീകരസംഘങ്ങളാണ് സുവര്‍ണ്ണചന്ദ്രക്കല പ്രദേശത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ഉല്‍പ്പാദകരും. ഇവര്‍ തന്നെയാണ് ബാള്‍ക്കന്‍ വഴി അടഞ്ഞപ്പോല്‍ മയക്കുമരുന്ന് ഭാരതം വഴി യൂറോപ്പിലും കാനഡയിലും അമേരിക്കയിലും ആസ്‌ട്രേലിയയിലുമൊക്കെ എത്തിക്കുന്നത്. ഇവര്‍ തന്നെയാണ് അതിന്റെ പ്രതിഫലമായി ദുബായിലെത്തുന്ന പണം സ്വര്‍ണ്ണമാക്കി മലദ്വാരത്തിലൂടെ മുതല്‍ ഡിപ്‌ളൊമാറ്റിക് ബാഗേജിലൂടെ വരെ തിരികെ ഭാരതത്തിലെത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന സ്വര്‍ണ്ണം നമുക്ക് വിറ്റ് നമ്മുടെ ജീവിത സമ്പാദ്യം മുഴുവന്‍ ഊറ്റിയെടുക്കുന്നു. ഈ സ്വര്‍ണ്ണം വാങ്ങാന്‍ വേണ്ടി നമ്മള്‍ വില്‍ക്കുന്ന അതേ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി റിയല്‍ എസ്റ്റേറ്റ് കുമിള ഊതിവീര്‍പ്പിക്കുന്നു. ആത്യന്തികമായി ഒരുപയോഗവുമില്ലാത്ത ആ മഞ്ഞലോഹത്തിനായി നമ്മള്‍ നമ്മുടേയും വരും തലമുറയുടേയും കുഴിതോണ്ടുന്നു. മതഭീകരവാദികളും കള്ളക്കടത്തുകാരും കൊഴുക്കുന്നു. ലളിതമാണ് കാര്യങ്ങള്‍. മതഭ്രാന്തിന്റെ പേരില്‍ നടക്കുന്നത് മതബോധനമൊന്നുമല്ല. നല്ല ഒന്നാന്തരം കച്ചവടമാണ്.

കള്ളപ്പണം വെളുപ്പിക്കൽ

ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തില്‍ ലഭിക്കുന്ന ലാഭം എങ്ങനെയാണ് ഈ ഭീകരസംഘങ്ങള്‍ വെളുപ്പിക്കുന്നത്? അവിടെയാണ് നാമറിയാത്ത മറ്റൊരു കഥ അരങ്ങേറുന്നത്. ഈ ലാഭം വെളുപ്പിക്കാന്‍ ദാവൂദ് നോക്കിയിരുന്നത് ബോളിവുഡില്‍ പണം വാരിയെറിയുകയായിരുന്നു. പടം ഓടരുത്. പൊട്ടണം എന്ന് പ്രാര്‍ത്ഥിച്ച് സിനിമകളെടുക്കുകയായിരുന്നു. മറ്റൊരു വഴിയും ദാവൂദിനുണ്ടായിരുന്നു. ഹോം സിനിമകള്‍, നാടകങ്ങള്‍ എന്നിവയുടെ വീഡിയോ കാസറ്റുകള്‍ നിര്‍മ്മിക്കുക, വിതരണം ചെയ്യുക (എന്ന് നടിക്കുക). മൂന്നാമതൊരു വഴി വളരെ രസകരമാണ്. പുസ്തകങ്ങള്‍ ഇറക്കുമതി ചെയ്യുക. വിദേശ പ്രസാധകര്‍ പലപ്പോഴും ചിലവാകാതെയിരിക്കുന്ന പുസ്തകങ്ങള്‍ വിപണി വിലയുടെ അഞ്ചോ പത്തോ ശതമാനം മാത്രം വിലയീടാക്കി വില്‍ക്കാറുണ്ട്. ഈ പുസ്തകങ്ങള്‍ വാങ്ങിയിട്ട് വിപണി വിലക്ക് വാങ്ങി എന്ന് കാട്ടും. നൂറു രൂപയുടെ പുസ്തകം വാങ്ങിയത് അഞ്ചു രൂപയ്ക്കായിരിക്കും. കണക്കില്‍ അത് നൂറുരൂപ എന്ന് കാട്ടി വാങ്ങിയ പുസ്തകം കത്തിച്ചുകളഞ്ഞാലും തൊണ്ണൂറ്റഞ്ച് രൂപ വെളുത്ത് കിട്ടും.

സോഫ്റ്റ്വെയര്‍ കമ്പനികള്‍ പുതിയ തട്ടിപ്പ് മാർഗ്ഗം

ഈ പുസ്തക വ്യാപാരത്തിന്റെ പുതിയ രൂപമാണ് സോഫ്റ്റ്വെയര്‍ കമ്പനികള്‍. പുസ്തകമാണെങ്കില്‍ നിങ്ങള്‍ എത്ര പുസ്തകം വാങ്ങി എത്ര വിറ്റു എന്ന് കണക്കെങ്കിലും കാട്ടണം. ആരെങ്കിലും പരിശോധനയ്ക്ക് വന്നാല്‍ കാട്ടാന്‍ പാണ്ടികശാലയില്‍ നിങ്ങള്‍ക്ക് പത്ത് പുസ്തകമെങ്കിലും വേണം എന്നാല്‍ സോഫ്റ്റ്വെയറില്‍ അതൊന്നും ആവശ്യമില്ല. നിങ്ങള്‍ കയറ്റുമതി ചെയ്ത ഉല്‍പ്പന്നത്തിന് ഒരു കണക്കുമില്ല. എത്ര രൂപ വേണമെങ്കിലും വിദേശത്ത് നിന്ന് സോഫ്റ്റ്വെയര്‍ കൊടുത്തു എന്ന പേരില്‍ നാട്ടിലെത്തിക്കാം. നികുതി കൊടുക്കാതിരിക്കാന്‍ ചിലവ് എത്ര വേണേലും പെരുപ്പിച്ചു കാട്ടാന്‍ ഒരു ശരാശരി കണക്കപ്പിള്ള മതി. നിങ്ങള്‍ കയറ്റുമതി ചെയ്യുന്ന ''ഉല്‍പ്പന്നം'' എന്തെന്ന് ഒരാള്‍ക്കും ഒരു തുറമുഖത്തിലും പരിശോധന നടത്താനാകില്ല. നിങ്ങള്‍ക്ക് ഇത്രയും വിലയുള്ള സാധനമോ സേവനമോ കയറ്റുമതി ചെയ്യാനാകുമോ എന്നും ആര്‍ക്കും പരിശോധിക്കാനാകില്ല. പല 'സോഫ്റ്റ്വെയര്‍' കമ്പനികളുടെയും പണം പിന്തുടര്‍ന്നാല്‍ (follow the money) ഇതിന്റെ നാള്‍ വഴികള്‍ കൃത്യമായി പിടികിട്ടും.

ഹോം വീഡിയോകള്‍, സിനിമയില്‍ മുതല്‍ ബിസിനസ്സുകളില്‍ വരെ ഒഴുക്കുന്ന കോടികള്‍ പൊട്ടിപ്പാളീസായാലും വമ്പന്‍ ജീവിത നിലവാരത്തില്‍ ജീവിക്കുന്ന പുത്തന്‍ കൂറ്റുകാര്‍, ഇടുക്കി ഗോള്‍ഡും ഹാഷിഷുമൊഴുകുന്ന ഇടവഴികള്‍, ഭീകരസംഘങ്ങളെ വാഴ്ത്തല്‍, നൈജീരിയന്‍, കെനിയന്‍ സിന്‍ഡിക്കേറ്റുകളെ സംരക്ഷിക്കല്‍, ആഭരണവ്യവസായത്തിനല്ല എന്ന് 100%വും ഉറപ്പാകുന്ന തരത്തില്‍ സ്വര്‍ണ്ണം കടത്തല്‍. സോഫ്റ്റ്വെയര്‍ കമ്പനികള്‍, ഐ ടി വിദഗ്ധന്മാര്‍... ഇപ്പോള്‍ അന്വേഷണം നടക്കുന്ന കേസുകളില്‍ ഒന്നും, ഒരക്ഷരം കൂടുതല്‍ പറയേണ്ടതില്ല.

ചരിത്രം എപ്പോഴും ആവര്‍ത്തിക്കാറൊന്നുമില്ല. പക്ഷേ പലപ്പോഴും അത് ഒരേ താളത്തിലാകാറുണ്ട് എന്ന് പറഞ്ഞത് മാര്‍ക് ടൈ്വനാണ്. സ്വര്‍ണ്ണം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നാവുകള്‍ നിശബ്ദമാകുന്നു എന്നതൊരു അറേബ്യന്‍ പഴമൊഴിയും. 

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.