login
ചൈനയെ കാത്തിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ വിധി; തിബറ്റ് സ്വതന്ത്രമാകും; അമേരിക്കയ്ക്ക് ലോകനേതൃത്വം നഷ്ടപ്പെടും; ട്രംപ് തോല്‍ക്കും; മോദി സന്യസിക്കും

അമേരിക്ക അടുത്ത പത്തു വര്‍ഷത്തിനകം മദ്ധ്യേഷ്യയില്‍ യുദ്ധത്തില്‍ ഏര്‍പ്പെടും. ഇറാനായിരിക്കാം അതിന്റെ കേന്ദ്രബിന്ദു. യു എസ് ഇന്നത്തെ പ്രാമാണ്യം നഷ്ടപ്പെട്ട് രണ്ടാം ലോക മഹാ യുദ്ധാനന്തരമുള്ള ബ്രിട്ടനെപ്പോലെ ഒരു രണ്ടാം നിര ശക്തിയായി തുടരും

വാഷിംഗ്ടണ്‍: യുദ്ധങ്ങളും ആഭ്യന്തര പ്രശ്‌നങ്ങളും നിമിത്തം ചൈന അഞ്ചു രാഷ്ട്രങ്ങളായി ചിതറുമെന്നും ഭാരതം ലോക നേതൃത്വത്തിലേക്ക് ഉയരുമെന്നും പ്രവചനം; മൂന്നാം തവണയും മോദി അനായാസേന വിജയം നേടും; അയല്‍ക്കാരുമായുള്ള ചില പ്രശ്‌നങ്ങളില്‍ ഇന്ത്യ തീരുമാനമുണ്ടാക്കും.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വേദ ജ്യോതിഷ പണ്ഡിതനും ഐറ്റി വിദഗ്ദനുമായ പി വി ആര്‍ നരസിംഹറാവുവാണ് കൊറോണയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്‌നങ്ങള്‍ ലോകം നേരിടുന്ന പശ്ചാത്തലത്തില്‍ അമ്പരപ്പിക്കുന്ന പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.  

ഭാരതീയ സാംസ്‌കാരിക പഠന ഗവേഷണ രംഗത്തുള്ള ഇന്‍ഫിനിറ്റി ഫൌണ്ടേഷന്‍ ആണ് നരസിംഹറാവുവുമായി നടത്തിയ അഭിമുഖം പുറത്തു വിട്ടിട്ടുള്ളത്.

2000 ആണ്ടു മുതല്‍ 2030 വരെയുള്ള കാലം ലോകത്തെ സംബന്ധിച്ച് ഈ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണെന്ന് നരസിംഹറാവു വളരെ മുമ്പ് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഈ പരിവര്‍ത്തന ദശയില്‍ ഇന്ത്യയുടെ നേതൃത്വം സുരക്ഷിതമായ കൈകളില്‍ തന്നെയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളേയും ബാധിക്കുന്ന ഈ മാറ്റങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക്  ഒഴിഞ്ഞു നില്‍ക്കാനാവില്ല. എന്നാല്‍ വലിയ പരിക്കുകളില്ലാതെ നമ്മള്‍ അതിനെ അതിജീവിക്കുകയും കൂടുതല്‍ ശക്തരായി ലോക നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്യും. നരേന്ദ്രമോദി അടുത്ത തെരെഞ്ഞെടുപ്പിലും ശക്തമായി തിരിച്ചു വരും. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഇപ്പോഴത്തെ  രണ്ടാമൂഴമാണ് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ പ്രധാനമായിട്ടുള്ളത്. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന പല നടപടികളും ഇപ്പോഴുണ്ടാകും. നമ്മുടെ അയല്‍രാജ്യങ്ങളുമായി കാലങ്ങളായി നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളിലും പരിഹാരങ്ങളുണ്ടാകും. അടുത്ത തെരെഞ്ഞെടുപ്പില്‍ ജയിച്ചാലും മോദി കാലാവധി പൂര്‍ത്തിയാക്കില്ല. അടുത്ത തലമുറയെ ഭരണച്ചുമതല ഏല്‍പ്പിച്ചിട്ട് രാഷ്ട്രീയ സന്യാസത്തിലേക്കും വ്യക്തിപരമായ ആത്മീയ സാധനകളിലേക്കും നീങ്ങുകയാവും ഉണ്ടാവുക.

അമേരിക്ക അടുത്ത പത്തു വര്‍ഷത്തിനകം മദ്ധ്യേഷ്യയില്‍ യുദ്ധത്തില്‍ ഏര്‍പ്പെടും. ഇറാനായിരിക്കാം അതിന്റെ കേന്ദ്രബിന്ദു. യു എസ് ഇന്നത്തെ പ്രാമാണ്യം നഷ്ടപ്പെട്ട് രണ്ടാം ലോക മഹായുദ്ധാനന്തരമുള്ള ബ്രിട്ടനെപ്പോലെ ഒരു രണ്ടാംനിര ശക്തിയായി തുടരും. ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ പോലും ഈ മാറ്റങ്ങള്‍ക്കെല്ലാം അദൃശ്യമായ ഒരു നിമിത്തമായി മാറും. വളരെ ജീവനുകള്‍ നഷ്ടപ്പെടുകയും സാമ്പത്തിക രംഗത്ത് കനത്ത നാശം നേരിടുകയും ചെയ്യും. ഈ വര്‍ഷം തന്നെ വന്‍ ജീവനാശം ഉണ്ടാക്കുന്ന വിപത്തിന്റെ തരംഗം രണ്ടു തവണ കൂടി ആഞ്ഞടിക്കാനുള്ള സാദ്ധ്യത കാണുന്നു. ഈ മഹാമാരിക്ക് ഉടനെയൊന്നും സമ്പൂര്‍ണ്ണ പരിഹാരം ഉണ്ടാവാനുള്ള സാദ്ധ്യത കാണുന്നില്ല. പരിസ്ഥിതിയേയും മറ്റും സംരക്ഷിച്ചു കൊണ്ട് മനുഷ്യര്‍ കൂടുതല്‍ ധാര്‍മ്മികമായി മുന്നോട്ടു പോകാനുള്ള സന്ദേശം പകരുകയാണ് ഇതിലൂടെ പ്രകൃതി ലക്ഷ്യം വയ്കുന്നത്. ഇന്നത്തെ നിലയ്ക്കുള്ള ക്യാപിറ്റലിസം തകര്‍ന്ന് കൂടുതല്‍ ധാര്‍മ്മികതയുള്ള മറ്റൊരു സാമ്പത്തിക വ്യവസ്ഥിതിയിലേക്ക്  ലോകം കടന്നു ചെല്ലും. ട്രംപിന്റെ ശരിയായ ജനന സമയവും മറ്റും തന്റെ പക്കലില്ലെങ്കിലും മനസ്സിലാക്കിയിടത്തോളം അടുത്ത തെരെഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടും എന്നതുറപ്പാണ്. അദ്ദേഹത്തിന്റെ ശിഷ്ടകാലം അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കുമെന്നും റാവു പ്രവചിക്കുന്നു.

ഇന്ന് ലോകത്തിനു മുന്നില്‍ ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും ചൈനയുടെ തകര്‍ച്ച അനിവാര്യമാണെന്ന് താന്‍ വളരെ മുമ്പ് തന്നെ പ്രവചിച്ചിരുന്നു. അന്ന് അധികമാരും അത് കാര്യമായെടുത്തില്ല. എന്നാല്‍ ഇപ്പോള്‍ അത് സത്യമായി വരുന്നതായി കാണാം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് മാറ്റങ്ങള്‍ വരികയാണ്. ഉള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദ ഫലമായി അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൈന സോവിയറ്റ് യൂണിയനെ പോലെ പല രാഷ്ട്രങ്ങളായി ചിതറും. തിബറ്റ് സ്വതന്ത്രമാകും. യുദ്ധങ്ങളാലും ആഭ്യന്തര പ്രശ്‌നങ്ങളാലും ശക്തി നഷ്ടപ്പെട്ട് ചൈന ദുര്‍ബലമാകും.

ഇന്നത്തെ സമാധാനം സ്ഥിരതയുള്ളതല്ല. എന്നാല്‍ ഈ മഹാമാരിയും അനുബന്ധപ്രശ്‌നങ്ങളും കഴിഞ്ഞ് അതിജീവിക്കുന്ന മനുഷ്യ സമൂഹത്തില്‍  കൂടുതല്‍ സ്ഥിരതയുള്ള സമാധാനം കൈവരും. അതുകൊണ്ട് ഈ മഹാമാരിയെ പ്രകൃതിയുടെ ഒരു ലീലയായി മാത്രം കണ്ടാല്‍ മതി. നരസിംഹ മൂര്‍ത്തി, ദുര്‍ഗ്ഗ തുടങ്ങിയ ഉഗ്രദേവതകളുടെ മന്ത്രോപാസനകള്‍ ഇത്തരം പ്രതിസന്ധികളില്‍ വളരെ പ്രയോജനപ്പെടും. ഹോമങ്ങളും അഗ്‌നിഹോത്രവും ഹോമകുണ്ഡത്തിന് മുന്നിലിരുന്ന് ചെയ്യുന്ന ധ്യാനവുമെല്ലാം മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കാനും ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും വ്യക്തികളെ സഹായിക്കും. പ്രവചനങ്ങള്‍ കൃത്യമാവാന്‍ കച്ചവട മന:സ്ഥിതി ഇല്ലാതിരിക്കുകയും, നിരന്തരമായ സാധന ഉണ്ടായിരിക്കുകയും വേണം. അത്തരം കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട് എന്നത് ആശാവഹമാണ്.

പി വി ആര്‍ നരസിംഹറാവു

മദ്രാസ് ഐ ഐ ടി ഗ്രാജുവേറ്റ് ആയ  പി വി ആര്‍ നരസിംഹറാവു പിന്നീട് ഹൂസ്റ്റണിലെ റൈസ് യൂണിവേവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റേര്‍സ് നേടി. പതിനൊന്നാം വയസ്സില്‍ തന്നെ സംസ്‌കൃത ഭാഷാ കോവിദ, സംസ്‌കൃത ഭാഷാ വിശാരദ എന്നീ ഡിപ്ലോമകള്‍ കരസ്ഥമാക്കി. ഇപ്പോള്‍ അമേരിക്കയിലെ ബോസ്റ്റണില്‍ ഒരു മുന്‍നിര കമ്പനിയുടെ ഫേംവെയര്‍ മാനേജരായി ജോലി നോക്കുന്ന റാവു പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ വേദ ജ്യോതിഷത്തില്‍ ആഴത്തിലുള്ള ഗവേഷണവും പഠനവും തന്റെ ജീവിത നിയോഗമായി കാണുന്നു. പ്രാചീനമായ ഈ അറിവുകള്‍ ശാസ്ത്രത്തിന്റെ അറിയപ്പെടാത്ത പല തലങ്ങളെ സ്പര്‍ശിക്കുന്നതായി അദ്ദേഹം പറയുന്നു. അടുക്കും ചിട്ടയുമുള്ള യുക്തിയുടെ അടിസ്ഥാനത്തിലുള്ള സമീപനവും, വെളിപാടുകളെ ആശ്രയിച്ചു മുന്നേറുന്ന സമീപനവും തമ്മിലുള്ള സംതുലനത്തില്‍ മാത്രമേ പ്രപഞ്ചത്തെയും അവനവനേയും കുറിച്ചുള്ള യഥാര്‍ത്ഥമായ അറിവ് കിട്ടുകയുള്ളൂ എന്നദ്ദേഹം ഉദ്‌ബോധിപ്പിക്കുന്നു.  സംസ്‌കൃത ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടതും, കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ നടക്കാത്തതും നമ്മുടെ പ്രാചീനമായ ഇത്തരം അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ദുര്‍ഗ്രാഹ്യമായ ഇത്തരം ശാസ്ത്രങ്ങള്‍ ലളിതമായി ക്രമമായ പഠനത്തിനുതകുന്ന വിധം ക്രോഡീകരിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ പുതു തലമുറയിലെ ധാരാളം ജിജ്ഞാസുക്കള്‍ ഇവ പഠിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്. www.VedicAstrologer.org  എന്ന തന്റെ സൈറ്റില്‍ നാനൂറ് മണിക്കൂറോളം വരുന്ന പാഠങ്ങള്‍ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു. താന്‍ തന്നെ നിര്‍മ്മിച്ച ഒരു ഫ്രീ സോഫ്‌റ്റ് വെയറും ഇപ്പോള്‍ ലോകമെങ്ങുമുള്ള വൈദിക ജ്യോതിഷ പഠിതാക്കള്‍ ഉപയോഗിച്ചു വരുന്നു. 

വീഡിയോയുടെ പൂര്‍ണ്ണരൂപം

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.