login
കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇസ്ലാമൈസേഷന്റെ ഭാഗം; പണം വരുന്നത് സൗദിയില്‍നിന്ന് : എഴുത്തുകാരന്‍ ടി.പി.രാജീവന്‍

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നമുക്കു ചുറ്റുമുണ്ട്. മുംബൈ, ഗുജറാത്ത് തീരങ്ങളിലാണ് ഇന്ത്യയിലെ മുസ്ലിം ഭീകര സംഘങ്ങള്‍ മുന്‍പ് കേന്ദ്രീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ ശക്തിപ്പെട്ടതോടെ നിലനില്‍പ്പ് പ്രശ്‌നത്തിലായ അവര്‍ പ്രവര്‍ത്തനം ശ്രീലങ്കയിലേക്കും തമിഴ്‌നാട്, കേരള തീരങ്ങളിലേക്കും മാറ്റി.

കൊച്ചി: ചരിത്രത്തെ ഏത് തരത്തില്‍ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ അത് മതപരമായ ലക്ഷ്യത്തോടെയാകരുതെന്നും എഴുത്തുകാരന്‍ ടി.പി. രാജീവന്‍. മതമൗലികവാദമാകരുത്, സിനിമയായിരിക്കണം അന്തിമമായ ലക്ഷ്യം. മലബാര്‍ കലാപത്തെപ്പറ്റി ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സിനിമകളെ താന്‍ എതിര്‍ക്കുന്നത് ഇക്കാരണത്താലാണെന്നും അദ്ദേഹം 'ജന്മഭൂമി'യോട് വ്യക്തമാക്കി. ഹിന്ദു വിരുദ്ധം, ചരിത്രത്തെ വളച്ചൊടിക്കുന്നു തുടങ്ങിയ വാദങ്ങളല്ല സിനിമയ്‌ക്കെതിരെ ഉയര്‍ത്തേണ്ടത്. വിവിധങ്ങളായ കാഴ്ചപ്പാടുകളെയും അഭിപ്രായങ്ങളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. ഒരു സിനിമയോടെ തകര്‍ന്നുപോകുന്നതല്ല ഹിന്ദു വിശ്വാസവും ആചാരവും. കൊളോണിയലും മതപരവുമായ കടന്നാക്രമണങ്ങളെ അതിജീവിച്ച ആന്തരിക ശക്തിയുള്ള ദര്‍ശനമാണത്. അതേസമയം, നിഷ്‌കളങ്കമോ സദുദ്ദേശപരമോ അല്ല ഈ സിനിമ. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമികവത്കരണത്തിന്റെ ഭാഗമാണിത്. വിഭാഗീയതയും മുസ്ലിം ഏകീകരണവുമാണ് ലക്ഷ്യം. മതവത്കരണത്തിന്റെ ഭാഗമായിട്ടുള്ള ഒരു കലാപ്രവര്‍ത്തനവും അംഗീകരിക്കാനാകില്ല. ഹിന്ദു അജണ്ട നടപ്പാക്കാന്‍ സിനിമകളെ ഉപയോഗിച്ചാലും ഇതു തന്നെയാണ് നിലപാട്. അദ്ദേഹം വിശദീകരിച്ചു.  

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നമുക്കു ചുറ്റുമുണ്ട്. മുംബൈ, ഗുജറാത്ത് തീരങ്ങളിലാണ് ഇന്ത്യയിലെ മുസ്ലിം ഭീകര സംഘങ്ങള്‍ മുന്‍പ് കേന്ദ്രീകരിച്ചിരുന്നത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുടര്‍ന്ന് ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ ശക്തിപ്പെട്ടതോടെ നിലനില്‍പ്പ് പ്രശ്‌നത്തിലായ അവര്‍ പ്രവര്‍ത്തനം ശ്രീലങ്കയിലേക്കും തമിഴ്‌നാട്, കേരള തീരങ്ങളിലേക്കും മാറ്റി. ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ആയുധങ്ങളടങ്ങിയ കപ്പല്‍ അറബിക്കടലില്‍ അടുത്തിടെ നാവിക സേന പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ ഭീകരാക്രമണമുണ്ടായി. കേരളത്തില്‍ തങ്ങളുടെ കേഡര്‍മാര്‍ക്കിടയില്‍ ഇസ്ലാമിസ്റ്റുകള്‍ കടന്നുകയറിയതായി സിപിഎം തന്നെ സമ്മതിച്ചിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ മാവോയ്‌സ്റ്റുകളല്ല, ഇസ്ലാമിസ്റ്റുകളാണ്. സിപിഎമ്മില്‍ വളര്‍ന്നുവരുന്ന യുവനേതാക്കള്‍ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളാണ്.  

ഇടത് ലേബലില്‍ സ്വീകാര്യതയുണ്ടാക്കിയ സംവിധായകനാണ് സിനിമയ്ക്ക് നേതൃത്വം നല്‍കുന്നത്. പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ ക്രമക്കേട് നടത്തിയതായി ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ട്. കോടികളാണ് ചിത്രീകരണത്തിന് വേണ്ടത്. എല്ലാ സിനിമാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുന്ന ഈ സമയത്ത് എവിടെ നിന്നാണ് ഇത്രയേറെ പണം. സൗദിയില്‍നിന്നും പണമൊഴുകുന്നുവെന്നാണ് മനസിലാക്കാന്‍ സാധിച്ചത്. പൗരത്വ നിയമം വന്നപ്പോള്‍ കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട നിരവധി വിഷയങ്ങളില്‍ മൗനത്തിലിരുന്നവര്‍ നിയമത്തിനെതിരെ സംഘടിതമായി രംഗത്തെത്തി ഭിന്നതയുണ്ടാക്കാന്‍ പരിശ്രമിച്ചു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് സിനിമാ പ്രഖ്യാപനവും, അദ്ദേഹം ചൂണ്ടിക്കാട്ടി.  

 

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.