login
ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം...... ഉള്ളമുരുക്കിയ ഗാനം

വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ ഇളയരാജയ്ക്ക് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും പത്മരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു.

 ഉള്ളമുരുക്കിയ ഗാനം

എ.ആര്‍. പ്രവീണ്‍ കുമാര്‍  

 

പത്മരാജന്റെ രചനയിലും സംവിധാനത്തിലും 1988 ല്‍ പുറത്തിറങ്ങിയ 15-ാമത് ചിത്രമാണ് മൂന്നാംപക്കം. സ്‌നേഹം, പ്രത്യാശ, നിരാശ എന്നിവയാണ് ഈ ചിത്രത്തിനാധാരം. സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം കാണികളായ നമ്മളും ജീവിക്കുകയായിരുന്നു. ഒരു ദുരന്തത്തിന്റെ മൂന്നാം ദിവസത്തിന്റെ ആകാംക്ഷയിലേക്ക് ഹൃദയമിടിപ്പോടെ നമ്മള്‍ കാത്തിരിക്കുന്നു. കടലിന്റെ ഭംഗിയും മരണത്തിന്റെ നിഗൂഢതയും നമ്മെ അനുഭവിപ്പിക്കുന്നു.

ഈ ചിത്രത്തോടൊപ്പം ഓര്‍മ്മ വരുന്ന ഒന്നാണ് ഉണരുമീ ഗാനം ഉരുകുമെന്‍ ഉള്ളം... എന്ന ഗാനം. ഒരു പ്രാവശ്യം കേട്ടാല്‍ വളരെയേറെ നാളുകള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ നൊമ്പരഗാനം കണ്ണുനനയ്ക്കാതെ കടന്നുപോവില്ല. തികച്ചും നവീന രചനാ രീതിയായിരുന്നു ശ്രീകുമാരന്‍ തമ്പി ഈ പാട്ടില്‍ അവലംബിച്ചത്. ഗൃഹാതുരമായതും വളരെ ലാളിത്യം നിറഞ്ഞതുമായ വരികള്‍. ഇളയരാജയുടെ ഓരോ ഓരോ നോട്ടുകളും വേണുഗോപാലിന്റെ ശബ്ദത്തിലൂടെ വികാരമായി മാറുകയായിരുന്നു. ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വേണുനാഗവള്ളിയും തിലകനും ജഗതിയും ജയഭാരതിയും പാട്ടിനൊപ്പം ഇന്നും കണ്ണീര്‍ നനവുള്ള ചിത്രമായി അവശേഷിക്കുന്നു. പത്മരാജന്റെ പ്രതിഭാ വിലാസം ഈ ഗാനത്തിന്റെ ഓരോ അംശത്തിലും സൂക്ഷ്മമായി ഒഴുകുന്നു.  

ഇളയരാജയുടെ അപൂര്‍വ്വ കോമ്പോസിഷനുകളില്‍ ഒന്നായ ഈ പാത്തോസ്, ദുഃഖഗാനങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരുന്നു. അതുവരെ നാം കേട്ട സാധാരണ ദുഃഖഗാനങ്ങള്‍ ശിവരഞ്ജിനി, ശുഭപന്തുവരാളി എന്നീ രാഗങ്ങളെ ഉപജീവിച്ചുള്ളതായിരുന്നു. ഉണരുമീ ഗാനത്തിന്റെ വിജയത്തിനുശേഷം പല മുന്‍നിര സംഗീത സംവിധായകരും ഈ രീതി പിന്തുടരാന്‍ നിര്‍ബന്ധിതരായി എന്നു പിന്നീടു വന്ന പാട്ടുകള്‍ കേട്ടാല്‍ മനസ്സിലാകും.  

വേണുഗോപാലിനെക്കൊണ്ട് പാടിക്കാന്‍ ഇളയരാജയ്ക്ക് തീരെ ഇഷ്ടമില്ലാതിരുന്നിട്ടും പത്മരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. തന്റെ സംഗീതത്തിലുള്ള പാട്ടുപാടേണ്ടയാളെ താന്‍തന്നെ നിശ്ചയിക്കണം എന്ന അഭിപ്രായമായിരുന്നു ഇളയരാജയ്ക്ക്. പത്മരാജന്റെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മൂലം വേണു തന്നെ പാടി. ഈ ഗാനത്തിന് വേണുഗോപാലിന് 1988 ലെ സംസ്ഥാന അവാര്‍ഡും ലഭിച്ചു.

ആ ചിത്രത്തിന്റെ മൂഡ് മുഴുവനും ഈ ഒറ്റ പാട്ടില്‍ സ്വാംശീകരിച്ചിരിക്കുന്നുരചനയിലും സംഗീതത്തിലും. ഏകാന്തനായ ഒരു മുത്തച്ഛന് തന്റെ പേരക്കിടാവിനോടുള്ള സ്‌നേഹവും വാല്‍സല്യവും ഗാനത്തില്‍ നിറഞ്ഞൊഴുകുന്നു.  

ഒരു സിംഫണിയുടെ ശാസ്ത്രീയതയോടെയും കയ്യടക്കത്തോടെയുമാണ് ഇളയരാജ എന്ന സംഗീത ശാസ്ത്രജ്ഞന്‍ ഈ പാട്ടിനെ സമീപിച്ചിരിക്കുന്നത്. പാട്ടിന്റെ സ്‌കെയിലിന്റെ പ്രാഥമിക കോര്‍ഡ്‌സ് സ്വരങ്ങള്‍ ആധാരമായി പാട്ടിലുടനീളം സഞ്ചാരം നടത്തുകയാണ്. കാടുകയറിപ്പോകാതെയുള്ള വഴിത്തിരിവുകളും. പാട്ടിന്റെ തുടക്കത്തിലും പശ്ചാത്തല സംഗീതത്തിലും ഈ പ്രാഥമികസ്വരങ്ങളുടെ സമര്‍ത്ഥമായ ഉപയോഗങ്ങള്‍ കാണാം. മെലഡിയും കോര്‍ഡ്‌സ് സ്വരങ്ങളും സമഞ്ജസമായി സമ്മേളിച്ച് ഒരു സിംഫണിയുടെ തലത്തിലേക്ക് ഉയര്‍ന്നു. പശ്ചാത്തല സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്ന വോയിസ് കോറല്‍ ഹാര്‍മണി ഒരു നവ്യാനുഭവമായിരുന്നു. ഇളയരാജയുടെ 77 ഉം പത്മരാജന്റെ 74 ഉം ജന്മദിനങ്ങളാണ് കഴിഞ്ഞദിനങ്ങളില്‍ കടന്നുപോയത്.

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.