വേധമെന്നാല് സാമാന്യമായി തടസ്സം ഉണ്ടാക്കുന്നത് എന്നര്‍ത്ഥം. വേധത്തെ വലിയ ദോഷമായി ഗൗരവത്തോടെ തന്നെയാണ് ശാസ്ത്ര ഗ്രന്ഥങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളത്. ദ്വാരവേധം, മധ്യ സൂത്രവേധം, മര്‍മ്മവേധം തുടങ്ങി വേധങ്ങള്‍ വ്യത്യസ്തങ്ങളാണ്. വാസ്തുപുരുഷ മണ്ഡലത്തില്‍ ബ്രഹ്മ-യമ-കര്‍ണ-മൃത്യു സൂത്രങ്ങള്‍ യോജിക്കപ്പെട്ടുണ്ടാകുന്ന ബ്രഹ്മ സ്ഥാനവും രജ്ജു- നാഡീ-മഹാസൂത്ര വിന്യാസം കൊണ്ടുണ്ടാകുന്ന മര്‍മസ്ഥാനങ്ങളും നിര്‍മാണത്തില്‍ ഭിത്തി, സ്തംഭം, അശുചി എന്നിവകള്‍ കൊണ്ട് വേധിക്കുന്നത് ദോഷകരമാണ്. വേധദോഷ ശാസനകള്‍ എല്ലാ ഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നുവെങ്കിലും പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നത് ‘വാസ്തുവിദ്യ,’ ‘ബൃഹത്സംഹിത’ തുടങ്ങിയ ഗ്രന്ഥങ്ങളിലാണ്.
നാലുകെട്ടോ, ഏക-ദ്വി-ത്രിശ്ശാലകളോ ആയ എല്ലാ ഗൃഹനിര്മാണങ്ങള്ക്കും ഗൃഹമധ്യ സൂത്രങ്ങള്‍ക്ക് വേധമില്ലാത്ത വിധം ശാലകള്‍ ക്രമീകരിക്കണം. ഗൃഹത്തിന്റെ കിഴക്ക്-പടിഞ്ഞാറ് ബ്രഹ്മസൂത്രത്തിനും തെക്കു-വടക്ക് യമസൂത്രത്തിനും വേധം വരാതെ വാതിലോ ജനലോ വിന്യസിച്ചു മുറികളുടെ ചുവരുകള്‍ ക്രമപ്പെടുത്തണം. അതിനു സാധ്യമല്ലാത്തവര്‍ കൃത്യമായി ദ്വാരവിന്യാസക്രമമെങ്കിലും പാലിക്കണം. ‘വേധം തു ഗൃഹമദ്ധ്യാനാം ഗോത്രനാശകരം ത്യജേത്’ എന്ന ശാസനയാല് സൂത്രവേധദോഷ പ്രാധാന്യം വ്യക്തമാണ്. സൂത്ര വിന്യാസ ക്രമത്തിലൂടെ കൃത്യമായ പ്രകാശ-വായു പ്രവാഹം ഗൃഹാന്തര്‍ഭാഗത്തു ഉറപ്പു വരുത്താനാകും.
പ്രധാന വാതിലിനു പുറത്തേക്കുള്ള വേധവും ശ്രദ്ധിക്കണം. മുന്‍ വാതിലിനു നേര്‍ക്ക് തടസ്സമായി നില്ക്കുന്നതെന്തും വേധമാകുന്നു. പ്രധാന ദ്വാര വേധങ്ങള്‍ ഇവയാണ്; ‘മാര്‍ഗ തരു കോണ കൂപ സ്തംഭ ദ്രമ വിദ്ധമശുഭദം ദ്വാരം’ എന്ന പ്രമാണത്താല്‍ വഴി, വൃക്ഷം, മറ്റൊരു വീടിന്റെ കോണ്സൂത്രങ്ങള്, കിണര്‍, ചെളി, സ്തംഭം, ജലനിര്ഗമമാര്ഗങ്ങള്, ദേവതാസ്ഥാനങ്ങള്‍ എന്നിവ ദോഷങ്ങളാണ്.
പ്രധാന വാതിലിനു മാര്ഗ്ഗവേധം (വഴികുത്ത് എന്ന് നാട്ടുഭാഷ) ഉണ്ടെങ്കില്‍ ഗൃഹനാഥനും, വൃക്ഷത്തിനാലെങ്കില് സന്താനങ്ങള്‍ക്കും സ്തംഭത്താല് സ്ത്രീകള്‍ക്കും ദോഷമാകുന്നു. മുന്‍ വാതിലിനു നേര്‍ക്ക് അഴുക്കോ, ചെളിയോയുണ്ടായാല് ദുഃഖവും, ഓടകളോ ഓവുകളോ എങ്കില്‍ ധനവ്യയവും കിണറെങ്കില്‍ രോഗവും ദേവതാസ്ഥാനമെങ്കില് സര്‍വനാശവുമാണ് ഫലം.
ദ്വാരവേധം ദോഷമായതിനാല്‍ ദോഷകാരണം നിവാരണം ചെയ്യണം. അല്ലെങ്കില്‍ അതിനനുസരിച്ചു പ്രധാനദ്വാരം ക്രമീകരിക്കണം. പ്രധാന വാതിലിനു സ്ഥാനം കാണുകയെങ്കില്‍ അത് ജയന്തന്, ഇന്ദ്രന്, ബൃഹക്ഷതന്, പുഷ്പദന്തന്, വരുണന്, ഭല്ലാടന്‍, സോമന് എന്നീ ദേവസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയാകണം. സൂത്ര വേധം ഇല്ലാത്ത രീതിയില്‍ മറ്റു ഉപ നിര്‍മിതികള്‍ക്കും കിണര്‍, കുളം എന്നീ ജല സ്രോതസ്സുകള്‍ക്കും, സെപ്റ്റിക് ടാങ്ക് അടക്കമുള്ള കുഴികള്‍ക്കും സ്ഥാനം കാണണം.
ഡോ. രാധാകൃഷ്ണന് ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: