login
പറന്ന് പറന്ന് പെണ്‍കരുത്ത്

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഭാരതത്തിന്റെ പെണ്‍കരുത്ത്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് പറയുന്നുയര്‍ന്ന് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനം നിയന്ത്രിച്ചത് നാല് വനിതാ പൈലറ്റുമാരായിരുന്നു. സാഹസികതയുടെ ആകാശം കീഴടക്കിയ ആ നാരീ ശക്തിയെക്കുറിച്ച്

ഇന്ത്യന്‍ വ്യോമയാന ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തി സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തിയ വിമാനം  ജനുവരി 11നു തിങ്കളാഴ്ച പുലര്‍ച്ചെ 3.07നു ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയത് ചരിത്രമുഹൂര്‍ത്തമായിരുന്നു..  

രണ്ട് പ്രധാന ടെക് നഗരങ്ങള്‍ക്കിടയിലൂടെ സര്‍വീസ് നടത്തുന്ന ആദ്യ നോണ്‍ സ്റ്റോപ്പ് വിമാനമെന്ന ബഹുമതിയും ജനുവരി 11 പുലര്‍ച്ചെ മുതല്‍ എയര്‍ ഇന്ത്യയ്ക്ക് സ്വന്തമായി. എന്നാല്‍ ഇതിനെക്കാളുപരി എയര്‍ ഇന്ത്യയുടെ വിമാനം ശ്രദ്ധ നേടിയത് മറ്റൊരു കാര്യത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 8.30നു സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് പുറപ്പെട്ട ബോയിങ് 777 ലോങ് റേഞ്ച് വിമാനത്തെ നയിച്ചത് നാല് വനിത പൈലറ്റുമാരാണ്. തുടര്‍ച്ചയായ 17 മണിക്കൂര്‍ എയര്‍ ഇന്ത്യ വിമാനത്തെ നിയന്ത്രിക്കുകയും, ഉള്ളിലുണ്ടായിരുന്ന 238 യാത്രക്കാരെ സുരക്ഷിതമായി ബെംഗളുരുവിലെത്തിക്കുകയും ചെയ്ത ഇന്ത്യയുടെ ചുണക്കുട്ടികള്‍. ഫ്‌ളൈറ്റ് കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ തന്‍മയി പാപഗാരി, ക്യാപ്റ്റന്‍ ആകാന്‍ഷ സോനാവരെ, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ് എന്നീ നാല് പെണ്‍പുലികളാണ് എഐ176 വിമാനത്തെ നയിച്ചത്. ഇവര്‍ക്കൊപ്പം എയര്‍ ഇന്ത്യയുടെ സുരക്ഷാ ഓഫീസറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ക്യാപ്റ്റന്‍ നിവേദിത ബസിനും ഈ നോണ്‍സ്റ്റോപ്പ് വിമാനയാത്രയില്‍ പങ്കാളിയായി.

ഉത്തരധ്രുവത്തിന് മുകളിലൂടെ 16,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് വിമാനം ബെംഗളൂരുവിലേക്കെത്തുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയും ബെംഗളൂരുവും തമ്മില്‍ നേരിട്ടുള്ള ദൂരം 13,993 കിലോമീറ്ററാണ്. അതായത് 13.5 മണിക്കൂര്‍ ആണ് ഇരുനഗരങ്ങളും തമ്മില്‍  നേരിട്ടുള്ള സഞ്ചാരസമയം (വായുമാര്‍ഗം). എന്നാല്‍ കാറ്റിന്റെ ദിശയനുസരിച്ച് ഈ സമയത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാം. സാധാരണ ഇത്തരം കാഠിന്യമേറിയ ദൗത്യങ്ങള്‍ പുരുഷ പൈലറ്റുമാരെയാണ് ഏല്‍പ്പിക്കാറുള്ളതെങ്കിലും, വനിതകള്‍ക്കും ഇതിന് കഴിയുമെന്ന് എയര്‍ ഇന്ത്യ കാണിച്ചുതന്നു.

 

ഏറെക്കാലത്തെ ആവശ്യം

ഇരുനഗരങ്ങള്‍ക്കുമിടയിലെ ഒരു നോണ്‍സ്റ്റോപ്പ് വിമാനം എന്നത് ഐടി മേഖലയിലെ ജീവനക്കാരുടെ ഏറേക്കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇത്രയും ദൈര്‍ഘ്യമേറിയ റൂട്ടിലൂടെ സര്‍വീസ് നടത്തുന്നതിനായി മറ്റു വിമാനകമ്പനികള്‍ മുന്‍പോട്ട് വന്നിരുന്നില്ല. ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള ഈ യാത്രാദൗത്യം ഏറ്റെടുത്തിരുന്ന വൈമാനികര്‍ക്ക് ഇത് മറിച്ച് ഒരു വെല്ലുവിളി തന്നെയായിരുന്നു.

ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നതിനാല്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കേണ്ടതും, യാത്രക്കാരെ സുരക്ഷിതരായി ബെംഗളുരുവിലേക്ക് എത്തിക്കേണ്ടതും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ക്യാപ്റ്റന്‍ തന്‍മയി പറഞ്ഞു. ആഴ്ചയില്‍ രണ്ടു തവണ സര്‍വീസ് നടത്തുന്ന എഐ വിമാനം ശനി-ചൊവ്വ ദിവസങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് ബെംഗളൂരുവിലേക്കും, തിങ്കള്‍-വ്യാഴം ദിവസങ്ങളില്‍ തിരിച്ചും പറക്കുന്നതാണ്.

ഏകദേശം ഒരുവര്‍ഷം നീണ്ടുനിന്ന കഠിനപരിശീലനത്തിനുശേഷമാണ് ഉത്തരധ്രുവത്തിലൂടെയുള്ള വിമാനയാത്രയ്ക്ക് പെണ്‍പുലികള്‍ തയ്യാറെടുത്തത്. ഏറെ അപകടം നിറഞ്ഞതും, എന്നാല്‍ ഒരു പൈലറ്റിന് വളരെയധികം സന്തോഷം തരുന്നതുമായിരുന്നു ഈ യാത്രയെന്ന് ഫ്‌ളൈറ്റ് കമാന്‍ഡര്‍ സോയ അഗര്‍വാള്‍ പറയുന്നു. യാത്രക്കാരുടെ സഹകരണം കൊണ്ടും, വളരെ മികച്ച ഒരു ടീമിന്റെ സഹായത്താലും യാത്ര ശുഭാന്ത്യം കുറിച്ചുവെന്ന് ക്യാപ്റ്റന്‍ തന്‍മയി പറയുന്നു.

കോസ്മിക് റേഡിയേഷന്‍ ലെവലുകള്‍, സൗരവികിരണം, നാവിഗേഷന്‍ എയിഡ്, ഇന്ധന താപനില എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വ്യോമപാതയിലൂടെ ദൈര്‍ഘ്യമുള്ള വിമാനയാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. വര്‍ഷങ്ങളുടെ പരിശീലനം ലഭിച്ചെങ്കില്‍ മാത്രമേ പൈലറ്റുമാര്‍ക്ക് വിമാനത്തിലെ ഇത്തരം ഘടകങ്ങളെ കുറിച്ച് കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഏറെ അനുഭവസമ്പത്തും അറിവും ഉള്ളവര്‍ക്ക് മാത്രമേ ഇത്തരം യാത്രകള്‍ നടത്താനും സാധിക്കുകയുള്ളൂ.  

ഉത്തരധ്രുവത്തിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഈ റൂട്ടിലുള്ള വ്യോമയാത്ര കൂടുതല്‍ ബുദ്ധിമുട്ടുള്ളതാണ്. ഈ വഴി സഞ്ചരിക്കുന്ന എല്ലാ വൈമാനികരും പോളാര്‍ സ്യുട്ടുകള്‍ കൈവശം വയ്ക്കണമെന്ന് നിയമമുണ്ട്. പോളാര്‍ റൂട്ട് വഴി സഞ്ചരിക്കുന്നതിനു മുന്‍പ് കണക്കിലെടുക്കേണ്ട നിര്‍ദേശങ്ങളുടെ ഒരു വലിയ പട്ടികതന്നെ വൈമാനികര്‍ക്കുണ്ട്. ഇവ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ ഇതുവഴി വിമാനയാത്ര നടത്താന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘദൂര വിമാനയാത്ര നടത്തിയിട്ടുള്ള പരിചയമുണ്ടെങ്കിലും ധ്രുവപ്രദേശത്തിന് മുകളിലൂടെ പറക്കുന്നത് ഇതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണെന്ന് തന്‍മയി കൂട്ടിച്ചേര്‍ക്കുന്നു.

മറ്റേതൊരു റൂട്ടിനേക്കാളും പത്ത് ടണ്‍ വരെ ഇന്ധനം ലാഭിക്കാന്‍ ഉത്തര ധ്രുവത്തിലൂടെയുള്ള റൂട്ടിനു സാധ്യമാണ്. ധ്രുവപ്രദേശത്തെ കാലാവസ്ഥ, കാറ്റിന്റെ ദിശ, സൗരവികിരണം തുടങ്ങിയ ഘടകങ്ങള്‍ പൈലറ്റുമാരുടെ ആശയവിനിമയത്തെ ബാധിക്കാനുള്ള സാധ്യതകളേറെയാണ്. ഇവയെല്ലാം തരണം ചെയ്താല്‍ മാത്രമേ ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള യാത്ര വിജയകരമാക്കാന്‍ കഴിയുകയുള്ളൂ. ശരിക്കും കാലാവസ്ഥയുടെ ഗതി അനുസരിച്ചാണ് ഓരോ റൂട്ടും നിശ്ചയിക്കുന്നത്. ചില സമയങ്ങളില്‍ പോളാര്‍ റൂട്ട് കടന്ന് വീണ്ടും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരാറുണ്ട്. ഒരു വിമാനത്തിന്റെ പൈലറ്റുമാര്‍ക്ക് മാത്രമല്ല, മുഴുവന്‍ ക്യാബിന്‍ ക്രൂവിനും ഇത്തരം റൂട്ടുകളിലൂടെ സഞ്ചരിക്കേണ്ടതിനായി കഠിന പരിശീലനം ലഭിക്കാറുണ്ട്. വിമാനത്തിലെ യാത്രക്കാരെ നിയന്ത്രിക്കുന്നത് ക്യാബിന്‍ ക്രൂ ആണെന്നുള്ളതുകൊണ്ട്  പൈലറ്റുമാര്‍ക്കൊപ്പം ഇവരേയും പരിശീലിപ്പിക്കുന്നു. യാത്രക്കാരുടെ ഏത് ചോദ്യത്തിനും ആദ്യം പ്രതികരിക്കുന്നത് ക്യാബിന്‍ ക്രൂവാണ്.

എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള സമഗ്രപരിശീലനം നേടിയെടുക്കുകയും, അനുഭവപരിജ്ഞാനം സമ്പാദിക്കുകയും ചെയ്തതിലൂടെ മാത്രമാണ് ഇത്തരമൊരു യാത്ര സഫലമായതെന്ന് ക്യാപ്റ്റന്‍ ആകാന്‍ഷ പറയുന്നു. വെല്ലുവിളികള്‍ ഇല്ലാത്തിടത് ജീവിതമില്ലെന്നും, ഒരു സ്ത്രീ എന്ന നിലയില്‍ ഈ നേട്ടം കൈവരിച്ചതില്‍ അവര്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

 

 

 

 

  comment

  LATEST NEWS


  താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; മേഖലയിൽ അതീവ ജാഗ്രതാ നിർദേശം


  സിപിഎം-സിപിഐ പോരില്‍ റോഡ് പണി മുടങ്ങി; ജനം ദുരിതത്തില്‍


  കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത


  ചന്ദനമരം മുറിക്കാന്‍ ശ്രമം; സിപിഎം പ്രവര്‍ത്തകനെ വിട്ടയച്ച് പോലീസ്


  വിജയയാത്ര നാളെ കൊല്ലത്ത്


  കുണ്ടറ അലിന്റ് തകര്‍ത്തതിന് പിന്നില്‍ ദുരൂഹതകളേറെ


  സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിൽ; ഗ്രാമിന് 65 രൂപ കുറഞ്ഞു, ഇന്നത്തെ വില പവന് 33,440 രൂപ


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.