About us

ഭാരതീയ ജീവിതാദർശത്തിൻ്റെ ശ്രേഷ്ഠതയും ധാർമ്മികതയും അടിത്തറയാക്കി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മലയാള മാധ്യമ രംഗത്ത് ജന്മഭൂമി നിലയുറപ്പിച്ചിരിക്കുന്നു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെയും തുടർന്നുള്ള ജനാധിപത്യ പ്രക്രിയയുടെയും മുദ്രാവാക്യമായ ദേശീയതയാണ് ജന്മഭൂമിയുടെ പ്രേരണാ ശക്തി. ആധുനിക ലോക ക്രമത്തെ നിർവചിക്കുന്നതിൽ സാംസ്കാരിക ദേശീയതയോളം ശക്തമായ ആശയങ്ങളോ പ്രത്യയശാസ്ത്രങ്ങളോ വേറെയില്ല. സങ്കുചിത മത വാദവും ഭൗമ രാഷട്രീയവും (Geo Politics) അശാന്തി തീർക്കുന്ന ലോകത്ത് അഹിംസയിലും സത്യത്തിലും അടിയുറച്ച ഭാരത സംസ്കാരം ലോകത്തിന് പ്രതീക്ഷയാണ്. ആ സാംസ്കാരിക ദേശീയതയുടെ ബൗദ്ധ ചലനങ്ങളാണ് ജന്മഭൂമിയുടെ അക്ഷര യാത്രയും. വർത്തമാന പത്രമെന്ന നിലയിൽ കേരളത്തിലെ വായനാസമൂഹത്തിൻ്റെ അംഗീകാരം നേടിയ ജന്മഭൂമി കഴിഞ്ഞ ഒരു ദശാബ്ദമായി പുസ്തക പ്രസാധന രംഗത്തും ചുവടുറപ്പിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു പിടി പുസ്തകങ്ങൾ വായനക്കാരിലേക്കെത്തിക്കാൻ ഇതിനകം ജന്മഭൂമി ബുക്സിനായിട്ടുണ്ട്. മറന്നു പോവുകയോ മറച്ചു വെക്കപ്പെടുകയോ ചെയ്ത ചരിത്രം, ലോകമെങ്ങും മനുഷ്യജീവിതത്തിൽ അടയാളപ്പെടുത്തപ്പെടുന്ന വർത്തമാനകാല പരിവർത്തനങ്ങൾ, ഒരു ജനത എന്ന നിലക്കുള്ള അതിജീവന സാധ്യതകളും പോരാട്ടങ്ങളും ഇവയെല്ലാം ഇന്നേറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയങ്ങളാണ്. ആധുനികതയുടെ മോഹിപ്പിക്കുന്ന ആത്മാന്വേഷണങ്ങൾക്കപ്പുറം ഉത്തരാധുനികതയുടെ ലളിത യുക്തി സമവാക്യങ്ങൾ ഭാഷയിൽ ഇന്ന് സജീവമാണ്. സാഹിത്യം മോഹിപ്പിക്കുന്ന വശ്യതയായി ഇന്നും വായനക്കാരന് മുന്നിലുണ്ട്. പറഞ്ഞതിലുമെത്രയോ ഇനി പറയാൻ ബാക്കിയുണ്ട്, അറിഞ്ഞതിലുമെത്രയോ ഇനി അറിയാൻ ബാക്കിയുണ്ട് എന്നതാണ് പുസ്തക പ്രസാധന രംഗത്തെ സാധ്യതകൾ. കേവല ലാഭത്തിനായി ചിലരുടെകച്ചവട വൈഭവം സൃഷ്ടിച്ച പ്രതിസന്ധികൾ ഈ രംഗത്തുണ്ട്. എങ്കിലും മഹത്തായ ആശയങ്ങൾക്കും രചനകൾക്കും ഇന്നും ആവശ്യക്കാരും വായനക്കാരു മേറെയുണ്ട് എന്നതാണ് പ്രതീക്ഷ. ലോകത്തെ അനുനിമിഷം അനുദിനം നവീകരിക്കുന്ന ആശയങ്ങളുടെ ,അക്ഷരങ്ങളുടെ ഉപാസനയിൽ ഒരു കൈക്കുടന്ന നിറയെ പുസ്തകപ്പൂക്കളുമായാണ് ജന്മഭൂമി ബുക്സ് പുതിയ കാലത്തെ വരവേൽക്കുന്നത്