×
login
സഹോദരി സഹോദരന്‍മാരെ; അമേരിക്ക കാഴ്ചക്കപ്പുറം-5

ചിക്കാഗോയിലെ ഏറ്റവും പ്രശസ്തസൗത്ത് മിഷിഗണ്‍ അവന്യുവിലൂടെ കാറില്‍ പോകുമ്പോള്‍ ' അമേരിക്കയിലെ സഹോദരി സഹോദരന്‍മാരെ 'എന്ന് സംബോധന ചെയ്തുകൊണ്ട് 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.

കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഷിക്കാഗോ കണ്‍വന്‍ഷന് ക്ഷണം കിട്ടിയപ്പോള്‍ തീര്‍ച്ചയായും കാണണമെന്ന് ഉറപ്പിച്ചിരുന്ന സ്ഥലം സ്വാമി വിവേകാനന്ദന്‍ വിശ്വപ്രസിദ്ധമായ പ്രസംഗം നടത്തിയ ഇടമാണ്. കണ്‍വന്‍ഷന്‍ നടക്കുന്ന നാലു ദിവസത്തിനിടയില്‍ എപ്പോഴെങ്കിലും പോകാമെന്നായിരുന്നു പദ്ധതി. കണ്‍വന്‍ഷനില്‍ പങ്കടുത്ത വരോടും കാര്യം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ വര്‍ഷങ്ങളായി ചിക്കാഗോയില്‍ താമസിച്ചിട്ടുപോലും സ്വാമി വിവേകാനന്ദന്‍ പ്രസംഗിച്ചസ്ഥലം കാണാത്തവരും അറിയാത്തവരുമായിരുന്നു അധികവും.  പ്രസിദ്ധമായ വൈക്കം കാരയ്ക്കല്‍ കുടുംബാംഗവും കണ്‍വന്‍ഷന്‍ ഭാരവാഹിയുമായ കാരയ്ക്കല്‍ ഗംഗാധരന്‍   കൊണ്ടുപോകാമെന്നേറ്റു.

ചിക്കാഗോയിലെ ഏറ്റവും പ്രശസ്തസൗത്ത് മിഷിഗണ്‍ അവന്യുവിലൂടെ കാറില്‍ പോകുമ്പോള്‍ '  അമേരിക്കയിലെ സഹോദരി സഹോദരന്‍മാരെ 'എന്ന് സംബോധന ചെയ്തുകൊണ്ട് 1893 സെപ്റ്റംബര്‍ 11 ന് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.

'നിങ്ങള്‍ നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്തവിധം എന്റെ ഹൃദയം ആഹ്ലാദ തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടേ'. ചെറുപ്പത്തില്‍ കാണാതെ പഠിച്ച ചിക്കാഗോ പ്രസംഗം മനസ്സിലൂടെ പാഞ്ഞു. സൗത്ത് മിഷിഗണ്‍ അവന്യു111 ല്‍ കാര്‍ നിന്നു. ' സ്വാമി വിവേകാനന്ദന്‍ വേ 'എന്ന സൈന്‍ ബോര്‍ഡ് അഭിമാനം ഉയര്‍ത്തി. അമേരിക്കയില്‍  വിവേകാനന്ദന്റെ പേരില്‍ റോഡ്.

കൊളംബസ് അമേരിക്കയില്‍ എത്തിയതിന്റെ നാനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മതമഹാസമ്മേളനത്തില്‍ മറ്റ് മതപ്രഭാഷകര്‍ സ്വന്തം മതത്തിന്റെ മഹത്വം മാത്രം പറഞ്ഞപ്പോള്‍ .എല്ലാ മതങ്ങളും സത്യമാണെന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്തിയാണ് വിവേകാനന്ദന്‍ ശ്രദ്ധേയനായത്.

വിവേകാനന്ദന്റെ പ്രസംഗം മാറ്റൊലികൊണ്ട ചിക്കാഗോ ആര്‍ട് ഇന്‍സ്റ്റിയൂട്ടിന്റെ പടികള്‍ കയറുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വികാരം. അമേരിക്കയിലെ തന്നെ ആദ്യ കലാസ്ഥാപനവും മ്യൂസിയവുമാണിത്.  ഗ്രാന്റ് വുഡിന്റേയും പിക്കാസോയുടേയും മറ്റു വിശ്വപ്രശ്‌സത ചിത്രങ്ങളും മറ്റ് പ്രമുഖരുടെ അമൂല്യ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അതിനിടയില്‍ ഒരു ഹാളില്‍ ചെമ്പില്‍ അക്ഷരം കൊത്തിയ ഫലകം. '  വിശ്വകൊളംബസ് പ്രദര്‍ശനത്തിന്റെ ഭാഗമായി  ഇവിടെ 1893 സെപ്‌ററമ്പര്‍ 11 മുതല്‍ 23 വരെനടന്ന ലോക മത പാര്‍ലമെന്റില്‍ , അമേരിക്കയില്‍ വേദാന്തം പഠിപ്പിച്ച ആദ്യ ഭാരതീയ സന്യാസി,  സ്വാമി വിവേകാനന്ദന്‍ അഭിസംബോധന ചെയ്തിരുന്നു.അദ്ദേഹത്തിന്റെ അസാധാരണ വിജയം പാശ്ചാത്യ പൗരസ്ത്യ മതങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിതുറന്നു' ഫലകത്തില്‍  ഒരോ ഇന്ത്യാക്കാരന്റേയും അഭിമാനം ഉയര്‍ത്തുന്ന അക്ഷരങ്ങള്‍ ' ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണ് എന്റേത് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രല്ല  നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളേയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലുംപെട്ട ,എല്ലാ രാജ്യങ്ങളിലുംപെട്ട പീഡിതര്‍ക്കും അഭയാര്‍ത്ഥിയള്‍ക്കും അത്താണിയായ രാജ്യമാണ് എന്റേതെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.' വിവേകാനന്ദന്റെ പ്രസംഗ ഭാഗങ്ങള്‍ വീണ്ടും മനസ്സില്‍ തെളിഞ്ഞു.

1893 മെയ് 31 ന് ഖെത്രി രാജാവ് നല്‍കിയ ഫസ്റ്റ് ക്ലാസ് ടിക്കറ്റില്‍ കപ്പലില്‍ അമേരിക്കയിലേക്ക് പുറപ്പെട്ട സ്വാമി അവിടെ എത്തിയത് 4 നാലു മാസങ്ങള്‍ക്ക് ശേഷം. സിംഗപ്പൂര്‍, ഹോളണ്ട്, ചൈന, ജപ്പാന്‍ എന്നീ സ്ഥലങ്ങളെല്ലാം കണ്ടായിരുന്നു കപ്പല്‍ യാത്ര. കാനഡയിലെ വാന്‍കൂവറില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് ചിക്കാഗോയിലെത്തിയത്. വിശ്വമേളയുടെ അന്വേഷണവിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ മത സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ ഇനി ആരേയും അനുവദിക്കില്ലെന്ന് മറുപടിയാണ് ലഭിച്ചത്. കൈയ്യില്‍ പണമില്ലാതെ അലഞ്ഞ വിവേകാനന്ദനെ ധനികയായ ഒരു വനിത, ഹാര്‍വേര്‍ഡ് സര്‍വ്വകലാശാലയിലെ ഗ്രീക്ക് പ്രഫസറായ ജെ.എച്ച് റൈറ്റിനെ പരിചയപ്പെടുത്തി.

മതമഹാസമ്മേളനത്തിന്റെ നിര്‍വാഹക സമിതിക്ക് ജെ.എച്ച്.റൈറ്റ്  എഴുതി.' ഈ ഭാരതീയ സന്ന്യാസി, നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസര്‍മാരേയും ഒന്നിച്ച് ചേര്‍ത്താലും അവരേക്കാള്‍ വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം'. അങ്ങനെയാണ് വിവേകാനന്ദന്‍ സമ്മേളനത്തില്‍ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. സ്വാമിയുടെ പ്രസംഗം മറ്റ് പ്രാസംഗികരെയെല്ലാം നിഷ്പ്രഭരാക്കി എന്നത് ചരിത്രം. അടുത്ത ദിവസം ഇറങ്ങിയ അമേരിക്കന്‍ പത്രങ്ങള്‍ വലിയ പ്രധാന്യത്തോടെ വിവേകാനന്ദന്റെ പ്രസംഗവും പടവും പ്രസിദ്ധീകരിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസംഗ വേദിയില്‍ 12 ഓളം പ്രഭാഷണങ്ങളാണ് വിവേകാനന്ദന് നടത്തേണ്ടി വന്നത്.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനജേതാവും സമ്മേളനത്തില്‍ പ്രഭാഷകനുമായിരുന്ന റൊമേയ്ന്‍ റോളിങ് പ്രസംഗത്തെ പറ്റി കുറിച്ചതിങ്ങനെ...

' ഗിബ്‌ളിസ് കര്‍ദിനാള്‍ ഉദ്ഘാടനം ചെയ്ത മത മഹാസമ്മേളനത്തില്‍ തികച്ചും അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ രംഗപ്രവേശം ചെയ്തപ്പോള്‍ തന്റെ കൂടെയുള്ള സകലരും അദ്ദേഹത്തിന്റെ ആജ്ഞാകരമായ  സാന്നിധ്യത്തില്‍ വിസ്മരിക്കപ്പെട്ടുപോയി. പൗരുഷവും സൗന്ദര്യവും സ്വഭാവത്തിലുള്ള ലാളിത്യവും ഗാംഭീര്യവും കണ്‍മിഴികളിലെ കറുത്ത പ്രകാശവും എല്ലാം കൂടി വിസ്മയാവഹമായ ആ രൂപം വശ്യമായിരുന്നു. അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ ആഴത്തില്‍ നിന്നുള്ള ആ കനത്ത ശബ്ദത്തിന്റെ സംഗീത സാന്ദ്രതയില്‍ സദസ്സ് നിശബ്ദമായി. വര്‍ണഭേദം നിമിത്തം അദ്ദേഹത്തോട് നേരത്തെ പ്രതികൂല മനോഭാവം ഉണ്ടായിരുന്ന ആ സദസ്സിലെ അമേരിക്കക്കാരേയും ആഗ്‌ളോസാക്‌സല്‍മാരായും അദ്ദേഹം അസാധ്യമായി സ്വാധീനിച്ചു '.


ചിക്കാഗോ പ്രസംഗത്തെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പിന്നീട് ഇങ്ങനെ എഴുതിയിരുന്നു. ' രാവിലെ തന്നെ പാര്‍ലമെന്റില്‍ എത്തി. ചെറുതും വലുതുമായ രണ്ട് ഹാളുകള്‍ ഒരുക്കിയിരുന്നു. എതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. ചുറ്റും സംസ്‌കാര സമ്പന്നരായ പുരുഷാരം. ഏതാണ്ട് മൂവായിരത്തോളം സത്രീ പുരുഷന്‍മാരുണ്ടാകും സദസ്സില്‍. ജീവിതത്തിലൊരിക്കലും പൊതു വേദിയില്‍ പ്രസംഗിച്ചിട്ടില്ലാത്ത ഞാന്‍ ഈ വലിയ സദസ്സില്‍ പ്രസംഗിക്കാന്‍ പോകുന്നു. സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍വ്വം സമ്മേളനം തുടങ്ങി. ഒരോരുത്തരേയും പ്രസംഗവേദിയിലേക്ക് ക്ഷണിച്ചു. എന്റെ ഊഴം അടുക്കും തോറും എനിക്ക് ഹൃദയമിടിപ്പ്് കൂടി വന്നു. നാവ് വരണ്ടു. രാവിലത്തെ സെഷനില്‍ പ്രസംഗിക്കാനാവില്ലെന്ന് ഞാന്‍ കരുതി.  എന്റെ പേരു വിളിച്ചു. എനിക്ക് വേറെയൊന്നും ചെയ്യാനില്ല. സരസ്വതി ദേവിയെ മനസ്സില്‍ നമസ്‌കരിച്ച് പ്രസംഗിക്കുന്നിടത്തേക്ക് നീങ്ങി. ഒരു കൊച്ചു പ്രസംഗം. പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ ആകെ പരവശനായിരുന്നു '.

അതേ ഭാരതത്തിന്റേയും ഹിന്ദുത്വത്തിന്റേയും ശബ്ദം ലോകത്തിനു മുന്നില്‍ മുഴക്കിയ ആ പ്രസംഗത്തിന്റെ അലകള്‍ അടിച്ച മണ്ണില്‍ മനസ്സുനമിച്ച് ഞാന്‍ ആര്‍ട് ഇന്‍സ്റ്റ്യൂട്ടില്‍ നിന്നും പടിയിറങ്ങി.

ചിക്കോഗോയില്‍ സ്വാമി വിവേകാനന്ദന് മറ്റൊരു സ്മാരകം കൂടിയുണ്ട്. ലേമൗണ്ട് ഹിന്ദു ക്ഷേത്രത്തിനു സമീപം വിവേകാനന്ദ പാറയില്‍ സ്ഥിതി ചെയ്യുന്ന വിവേകാനന്ദ പ്രതിമ. മതമഹാസമ്മേളനത്തില്‍ വിവേകാനന്ദന്‍ പ്രസംഗിക്കുന്ന 10.2 അടിയുള്ള വെങ്കല പ്രതിമ. 1998ല്‍ സ്ഥാപിച്ച ഇതാണ് അമേരിക്കയിലെ ആദ്യ വിവേകാനന്ദ പ്രതിമ.

അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണു ചിക്കാഗോ.  അമേരിക്കന്‍ ഐക്യനാടുകളില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത്. മിഷിഗണ്‍ തടാകത്തിന്റെ കരയിലെ ഈ തുറമുഖ  നഗരം കാറ്റിന്റെ നഗരം എന്നുമറിയപ്പടുന്നു. ഭാരതീയവശജരുടെ എണ്ണത്തില്‍ ന്യൂ യോര്‍ക്ക്, സാന്‍ ഫ്രാന്‍സിസ്‌ക്കൊ എന്നിവക്കു പുറകിലായി മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന നഗരമാണിത്. മിഷിഗണ്‍ തടാകതീരത്തെ മീല്ലീനിയം പാര്‍ക്ക് പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.ഹാക്കിങ്ഹാം ഫൗണ്ടനും,ക്‌ളൗഡ് ഗേറ്റ് സ്ട്രച്ചറും മ്യുസിക് ഷോകളുടെ നീണ്ടനിരയും ഒക്കെ അത്യാകര്‍ഷകം.അബരചുംബിയായ സിയേഴ്‌സ് ടവര്‍ വളരെക്കാലം ലോകത്തിലെ ഏറ്റവും ഉയരം കുടിയ കെട്ടിടമായിരുന്നു.

ജന്തുജാലവൈവിധ്യം വെളിപ്പെടുത്തുന്ന ഫീല്‍ഡ് മ്യൂസിയം, ആയിരകണക്കിനു സമുദ്രജീവികളെ ഒന്നിച്ചുകാണാവുന്ന ഫെഡ്ഡ് മ്യുസിയം, ഹാന്‍ഹോക്കിലെ നക്ഷത്രബംഗ്‌ളാവ്,അത്യധൂരതയിലെ ആകാശ കാള്ച ഒരുക്കുന്ന അലസര്‍ പ്‌ളനിട്ടോറിയം, അത്യാധുനികമായ ശാസ്ത്രമ്യൂസിയം. കാഴ്ചകളേറെയുണ്ട്. ചിക്കാഗോയില്‍ ജേഷ്ടസഹോദരനെപ്പോലെ എന്നും പെരുമാറുന്ന അനില്‍കുമാര്‍പിള്ള, സംഘാടകന്റെ ആത്മാര്‍ത്ഥതക്ക് ചുണ്ടികാണിക്കാവുന്ന അരവിന്ദ് പിള്ള, മലയാളികളുടെ ആസ്ഥാനകലാകാരന്‍ നാരായണന്‍ കുട്ടപ്പന്‍, മാധ്യമ സുഹൃത്തുക്കളായ ശിവന്‍ മുഹമ്മ,സതീശന്‍ നായര്‍  എന്നിവരൊക്കെ എന്തിനും എനിക്ക് ആശ്രയിക്കാവുന്ന ചിക്കാഗോക്കാരാണ്‌

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.