×
login
ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

വാഷിങ്ടണ്‍ ഡി.സിയിലെ കാഴ്ച്ചകള്‍ വെറും കാഴ്ച്ചകളല്ല. അമേരിക്കയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടുന്ന നാഴിക കല്ലുകളാണ് ഒരോ കാഴ്ച്ചയും.

ലോകത്തിന്റെ തലസ്ഥാനം ഏതെന്ന് ചോദിച്ചാല്‍ ഇന്ന് അതിനുത്തരം വാഷിങ്ടണ്‍ എന്നു തന്നെയാണ്. അമേരിക്കയില്‍ പല തവണ പോയെങ്കിലും വാഷിങ്ടണ്‍ കാണാന്‍ എട്ടാമത്തെ യാത്ര വരെ കാത്തിരിക്കേണ്ടി വന്നു. വാഷിങ്ടണില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന് വരണമെന്ന് പ്രസിഡന്റ് എം.ജി.മേനോന്‍ പല പ്രാവശ്യം സ്‌നേഹത്തോടെ ക്ഷണിച്ചിരുന്നു. വിമാനടിക്കറ്റ് അയച്ചു തരികയും ചെയ്തു. പോകാന്‍ സാധിക്കുമോ എന്ന സംശയം അവസാന നിമിഷം വരെയുണ്ടായി. ജന്മഭൂമിയില്‍ നിന്ന് അവധി കിട്ടാന്‍ ബുദ്ധിമുട്ടി. ആളു കുറവായതിനാല്‍ അവധി അനുവധിക്കാനാവില്ലെന്നായിരുന്നു ചീഫ് എഡിറ്ററുടെ നിലപാട്. അവസാനം 10 ദിവസത്തെ അവധി അനുവദിച്ചു തന്നതിനാല്‍ യാത്രയായി. അനിശ്ചിതത്വത്തോടെയുള്ള യാത്രയായതിനാല്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ ദിവസമാണ് വാഷിംങ്ടണില്‍ ചെന്നിറങ്ങിയത്. നാലു ദിവസത്തെ കണ്‍വെന്‍ഷന്‍ തീര്‍ന്നയുടന്‍ ന്യൂയോര്‍ക്കിലേക്ക് പോരേണ്ടി വന്നു. നേരത്തെ അവിടെയൊരു പരിപാടി നിശ്ചയിച്ചിരുന്നു. തിരിച്ചുള്ള ടിക്കറ്റും വാഷിങ്ടണില്‍ നിന്നാണ്. ന്യൂയോര്‍ക്കിലെത്തി പിറ്റേന്ന് തന്നെ തിരിച്ച് വാഷിങ്ടണിലേക്ക്. ബസിലായിരുന്നു യാത്ര. അമേരിക്കയിലൂടെ പരസഹായമില്ലാതെ ആദ്യ ദീര്‍ഘ ദൂര ബസ് യാത്ര. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂജഴ്‌സി, പെന്‍സില്‍വാലിയ സംസ്ഥാനങ്ങള്‍ കടന്ന് വാഷിങ്ടണിലേക്ക്. അതും പുതിയൊരു അനുഭവം.

വാഷിങ്ടണില്‍ ചെന്നിറങ്ങിയപ്പോള്‍ നഗരകാഴ്ച്ചയ്ക്ക് കൂട്ടികൊണ്ടു പോകാന്‍ സുഹൃത്ത് രതീഷ് നായര്‍ കാത്തിരിപ്പുണ്ടായിരുന്നു. ലോകം മുഴുവന്‍ അറിയുന്ന വൈറ്റ് ഹൗസ്, അമേരിക്കന്‍ ഭരണ സിരാകേന്ദ്രമായ കാപ്പിറ്റോള്‍, ലോക പ്രശസ്തമായ മ്യൂസിയങ്ങള്‍ നിരനിരയായി നില്‍ക്കുന്ന നാഷണല്‍ മാള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കരിങ്കല്‍ സ്മാരകമായ വാഷിങ്ടണ്‍ മോണ്യുമെന്റ്, പ്രതിരോധ നിലയമായ പെന്റഗണ്‍, എഫ്.ഡി.ഐ, ഐ.എം.എഫ് തുടങ്ങി പല ദേശീയ അന്തര്‍ ദേശീയ സംഘടനകളുടെ ആസ്ഥാനങ്ങള്‍. യുദ്ധ സ്മാരകങ്ങള്‍, കണ്ടു തീരാന്‍ ഏറെ സമയം എടുക്കുന്നതാണ് വാഷിങ്ടണ്‍ കാഴ്ച്ചകള്‍. ഈ ലോക കാഴ്ചകളെക്കാള്‍ എന്റെ കണ്ണില്‍ പതിഞ്ഞത് ഒരു ശവകല്ലറയുടെ മനോഹാരിതയായിരുന്നു.

അര്‍ലിംഗ്ടണ്‍ ദേശീയ സെമിത്തേരി. അമേരിക്കയുടെ പട്ടാള സെമിത്തേരി. പൊട്ടൊമാക് നദിയുടെ തീരത്ത് 625 ഏക്കര്‍ സ്ഥലത്ത് ഭൂപ്രകൃതിയുടെ മനോഹാരിതയ്‌ക്കൊപ്പം അമേരിക്കയുടെ ഭാവനയും സമന്വയിപ്പിച്ചു കൊണ്ടുള്ള വേറിട്ട കാഴ്ച്ച. അമേരിക്കന്‍ ആഭ്യന്തര കലാപം തൊട്ടിങ്ങോട്ട് രാജ്യത്തിനു വേണ്ടി പോരാടി മരിച്ച സൈനികര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം. ചെറു കുന്നുകളും ചെരിവുകളും ഒക്കെയുള്ള പച്ചപ്പുല്ലു നിറഞ്ഞ വാടികളില്‍ മരിച്ച സൈനികരുടെ പേര് കൊത്തിയ ശിലകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. എല്ലാവര്‍ക്കും ഒരേ പ്രധാന്യം നല്‍കിയിരിക്കുന്നതു പോലെ. വൃത്തിയും വെടിപ്പും സംരക്ഷിക്കുന്നതിലെ കാര്യക്ഷമതയുമാണ് ഏറെ ആകര്‍ഷകം.

പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണിന്റെ ഭാര്യ മാര്‍ത്തയുടെ ചെറുമകന്റേതായിരുന്നു സെമിത്തേരി നില്‍ക്കുന്ന മനോഹര ഭൂമി. നാല് മക്കളുടെ അമ്മയായ മാര്‍ത്തയെയാണ് വാഷിങ്ടണ്‍ കല്യാണം കഴിച്ചത്. ഇവര്‍ക്ക് മക്കളില്ല. ചെറുമകന്‍ ,മേരി അന്നയ്ക്ക് സ്ഥലം കൈമാറി. മേരിയെ കല്യാണം കഴിച്ച സൈനികനായ റോബര്‍ട്ട് ലീയുടെതായി മാറി സ്ഥലം. ആഭ്യന്തര യുദ്ധ കാലത്ത് ഫെഡറല്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ പദവി ഏറ്റെടുക്കണമെന്ന് ലീയോട് എബ്രഹാം ലിങ്കന്‍ അവശ്യപ്പെട്ടിരുന്നു. തന്റെ മാതൃസംസ്ഥാനമായ വിര്‍ജിനീയ എതിര്‍പക്ഷത്തിലായതിനാല്‍ ആ സംസ്ഥാനത്തിന്റെ സൈനികനായി ചുമതലയേറ്റു.  ഫെഡറല്‍ സൈന്യവുമായി പല തവണ ഏറ്റുമുട്ടി വിജയം വരിക്കാന്‍ ലീക്ക് കഴിഞ്ഞു. ഫെഡറല്‍ സൈന്യം അന്തിമ വിജയം കൈവരിച്ചു. ലീയുടെ സ്ഥലവും അതിലുളള കൊട്ടാരവും സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. എങ്കിലും സൈന്യാധിപന്‍ എന്ന നിലയില്‍ വീരപുരുഷനായിട്ടാണ് ലീയെ ഇപ്പോഴും കാണുന്നത്.

പ്രസിഡന്റിന്റെ വാസസ്ഥലമായ വൈറ്റ് ഹൗസ് തന്നെയാണ് വാഷിങ്ടണിലെ പ്രസിദ്ധ കാഴ്ച്ച. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സവിശേഷതകള്‍ പലതാണ്. ലോകത്തിന്റേ  തന്നെ ഗതി മാറ്റിമറിച്ച പല സുപ്രധാന തീരുമാനങ്ങളുമെടുത്തത് ഇവിടെവച്ചാണ്. വാഷിങ്ടണ്‍ ഡി.സിയിലെ പെന്‍സില്‍വാനിയ അവന്യു 1600ലെ കൊട്ടാര സദൃശ്യമായ ഈ കൂറ്റന്‍ കെട്ടിടത്തല്‍ വച്ച് മാനവചരിത്രത്തിലും സംസ്‌കാരത്തിലും കറുത്ത അധ്യായങ്ങളായി അവശേഷിപ്പിച്ച പല തീരുമാനങ്ങള്‍ എടുക്കാനും ഈ കെട്ടിടം സാക്ഷ്യം വഹിച്ചു.

1790 ല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍, കണ്ടെത്തിയതാണ് ഈ സ്ഥലം. അമേരിക്കയുടെ ഭരണ സിരാകേന്ദ്രമായി ഒരു മനോഹരസൗധം പണിയാന്‍ ധാരാളം എഞ്ചീനിയര്‍മാരില്‍ നിന്ന് പ്ലാനുകള്‍ ക്ഷണിച്ചു. അതില്‍ ഐറിഷ് ആര്‍ക്കിടെക്റ്റായ ജെയിംസ് ഹോബന്റെ പ്ലാനാണ് എല്ലാവര്‍ക്കും ഇഷ്ടമായത്. അയര്‍ലാന്‍ഡിലെ ഡബ്ലിനിലുള്ള പ്രഭുവിന്റെ കൊട്ടാരമായ ലെയന്‍സ്റ്റണ്‍ ഹൗസിന്റെ (ഇന്നത്തെ അയര്‍ലന്‍ഡ് പാര്‍ലമെന്റ്) ഒന്നും രണ്ടും നിലകളുടെ മാതൃകയിലാണ് ഹോബന്‍ പണി തുടങ്ങിയത്. 1800ല്‍ ഇതിന്റെ പണി തീര്‍ന്നു. പ്രസിഡന്റ് ജോണ്‍ ആഡംസ് ആയിരുന്നു ആദ്യമായി വൈറ്റ് ഹൗസില്‍ താമസമാക്കിയത്. പക്ഷേ പണി പലതും പൂര്‍ത്തിയാകാതിരുന്നതിനാല്‍ അസൗകര്യങ്ങള്‍ പലതുമുണ്ടായിരുന്നു. പിന്നീട് പ്രസിഡന്റ് തോമസ് ജെഫേഴ്‌സാണ് വൈറ്റ്ഹൗസിനെ കുറേ കൂടി സൗകര്യപ്രദമാക്കിയത്.

1812ലുണ്ടായ ആങ്‌ഗ്ലോഅമേരിക്കന്‍ യുദ്ധത്തില്‍ ഇതിന്റെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. 1817ല്‍ വൈറ്റ്ഹൗസ് പുതുക്കിപ്പണിത് പ്രസിഡന്റ് ജെയിംസ് മണ്‍റോ താമസം മാറ്റി. 1820ല്‍ തെക്കും വടക്കും ഭാഗത്ത്  പൂമുഖങ്ങള്‍ ഉണ്ടാക്കി. 1902ല്‍ പ്രസിഡന്റ് തിയോഡര്‍ റൂസ്‌വെല്‍റ്റ് കെട്ടിടം ചില പരിഷ്‌കാരങ്ങളോടെ പുതുക്കി പണിയാന്‍ തീരുമാനിച്ചു. അങ്ങനെ കിഴക്കു ഭാഗത്ത് മട്ടുപ്പാവും പടിഞ്ഞാറു ഭാഗത്തെ മട്ടുപ്പാവിനോട് ചേര്‍ന്ന് എക്‌സിക്യൂട്ടീവ് വിങ്ങും പണിതു. പിന്നീട് ഫ്രാങ്ക്‌ലിന്‍ റൂസ് വെല്‍റ്റാണ് പടിഞ്ഞാറു ഭാഗം പണിതത്. അവിടെയൊരു നീന്തല്‍ക്കുളവും പണിതു.

1800 മുതലേ ആളുകള്‍ ഈ കൊട്ടാരത്തെ വൈറ്റ് ഹൗസ് എന്ന് വിളിച്ചിരുന്നു. കാരണം അക്കാലത്ത് പുതുക്കിപ്പണിതപ്പോള്‍ വെള്ളച്ചുണ്ണാമ്പുകല്ലുകൊണ്ടാണ് കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാല്‍ഭാഗവും പണിതത്. ശരിക്കും ഒരു വെള്ളക്കൊട്ടാരം പോലെ.  1901ല്‍ തിയോഡര്‍ റൂസ് വെല്‍റ്റാണ് 'വൈറ്റ് ഹൗസ്'് എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചത്.

പിന്നീട് പല പുതുക്കിപ്പണിയലും വൈറ്റ്ഹൗസിലുണ്ടായി. എന്‍ജിനിയറിങ് വികസിച്ചപ്പോള്‍ കെട്ടിടം പണിയാന്‍ ഉപയോഗിച്ച് വസ്തുക്കള്‍ക്ക് മാറ്റം വന്നു. കെട്ടിടം ശക്തിപ്പെടുത്താനായി പുതിയ വസ്തുക്കള്‍ വെച്ച്  വൈറ്റ് ഹൗസ് കൂടുതല്‍ പ്രൗഢമാക്കി; വൈറ്റ്ഹൗസിന്റെ പഴമ നിലനിര്‍ത്തികൊണ്ട് തന്നെ.

53 മീറ്റര്‍ നീളത്തിലും 26 മീറ്റര്‍ പൊക്കത്തിലുമാണ് വൈറ്റ് ഹൗസിന്റെ പ്രധാന കെട്ടിടം നിലകൊള്ളുന്നത്. തെക്കു ഭാഗത്തായി വിശാലമായ ഒരു പൂമുഖമുണ്ട്. വടക്കുഭാഗത്ത് ചതുരാകൃതിയിലുള്ള മറ്റൊരു പൂമുഖവും. കിഴക്കോട്ടും പടിഞ്ഞാറോട്ടും നീളമുള്ള രണ്ട് ഗ്യാലറികളുമുണ്ട്.

വൈറ്റ് ഹൗസിന്റെ പ്രധാന കെട്ടിടത്തിന് രണ്ട് പാര്‍ശ്വമന്ദിരങ്ങള്‍ ഉണ്ട്. ഒന്ന് കിഴക്കുഭാഗത്തേക്കും രണ്ടാമത്തേത് പടിഞ്ഞാറുഭാഗത്തേക്കും. പടിഞ്ഞാറെ ഭഗത്തെ കെട്ടിടത്തിന് എക്‌സിക്യൂട്ടീവ് വിങ്ങ് എന്നാണ് പേര്. പ്രസിഡന്റിന്റെ ഓഫീസും ഉദ്യോഗസ്ഥരുമാണവിടെ. കിഴക്കുഭാഗത്തിലുള്ള മന്ദിരത്തിലാണ് പ്രസിഡന്റിന്റെ സുരക്ഷാസൈനികരുടെ ഓഫീസ്. തെക്കു ഭാഗത്തുള്ള പുല്‍ത്തകിടി വൈറ്റ് ഹൗസിനെ മനോഹരമാക്കുന്നു. പണ്ട് താമസിച്ചവര്‍ നട്ടു പിടിപ്പിച്ച മരങ്ങളും ചെടികളും ഇവിടെയുണ്ട്.

വൈറ്റ്ഹൗസിന്റെ ഭൂരിഭാഗം മുറികളും പ്രസിഡന്റും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും താമസിക്കാന്‍ ഉപയോഗിക്കുന്നവയാണ്. താഴത്തെ നിലയില്‍ സാധാരണ ചടങ്ങുകള്‍ നടത്താനുള്ള ഡിപ്ലോമാറ്റിക് റിസപ്ഷന്‍ റൂം, അടുക്കള, ലൈബ്രറി തുടങ്ങിയവയാണ്. രണ്ടാം നിലയില്‍ പ്രസിഡന്റും കുടുംബവും. ലിങ്കണ്‍ ബെഡ്‌റൂം,  ക്വീന്‍സ് റൂം എന്നിവയാണതില്‍. മൂന്നാം നിലയിലാണ് ഓഫീസ് സ്റ്റാഫുകള്‍ക്കും അതിഥികള്‍ക്കുമുള്ള മുറികള്‍.

വൈറ്റ് ഹൗസില്‍ അധിക ദൂരത്തിലല്ല അമേരിക്കന്‍ ഐക്യനാടുകളുടെ പാര്‍ലിമെന്റ് മന്ദിരമായ ക്യാപിറ്റോള്‍. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഗ്രസിന്റെ ആസ്ഥാനവും, യു.എസ്. ഫെഡറല്‍ ഗവണ്മെന്റിന്റെ നിയമനിര്‍മ്മാണ വിഭാഗത്തിന്റെ സമ്മേളന മന്ദിരവുമാണ് ക്യാപിറ്റോള്‍. 1776ലാണ് അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെങ്കിലും ജനപ്രതിനിധിസഭയുടെ ആസ്ഥാനമായ ക്യാപിറ്റോള്‍ ഹില്‍ നിര്‍മ്മിച്ചത്. റോമിലെ ഏഴ് കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ജുപ്പീറ്റര്‍ ഭഗവാന്റെ ദേവാലയം ഉള്‍ക്കൊള്ളുന്ന ക്യാപിറ്റോളിനെ അനുസ്മരിച്ചാണ് ക്യാപിറ്റോള്‍ ഹില്ലിന്റെ പിറവി.കെട്ടിടത്തിന്റെ തെക്കുഭാഗത്ത് അമേരിക്കന്‍ പ്രതിനിധി സഭയും, വടക്കേ ഭാഗത്ത്‌സെനറ്റും സമ്മേളിക്കുന്നു. നിയോ ക്ലാസിക്കല്‍ ശൈലിയാണ് കാപിറ്റോള്‍ മന്ദിരത്തിന്റെ നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്തിന് വെള്ള നിറം കൊടുത്തിരിക്കുന്നു.

പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ആണ് മറ്റൊരു ശ്രദ്ധേയ കാഴ്ച്ച. വിര്‍ജിനീയ സംസ്ഥാനത്തെ ആര്‍ലിങ്ടണിലുള്ള പെന്റഗണ്‍ 1943 ജനുവരി 15നാണ് പണി പൂര്‍ത്തിയാക്കിയത്. 34 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ മന്ദിരം ലോകത്തിലെ ബൃഹത്തായ ഓഫീസ് മന്ദിരങ്ങളിലൊന്നാണ്. 23000ത്തോളം പട്ടാളഓഫീസ് ജീവനക്കാരും 3000ത്തോളം മറ്റു ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. അഞ്ചു കോണുകളും അഞ്ചു വശങ്ങളും മാത്രമല്ല, അഞ്ച്ു നിലകളുമുണ്ട് പെന്റഗണിന്. പോട്ടോമാക് നദിക്കരയില്‍ സ്ഥാപിതമായ പെന്റഗണാണ് വാഷിങ്ടണിലെ മറ്റൊരു ആകര്‍ഷണം. 583 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 34 ഏക്കറില്‍ കെട്ടിടം. 67 ഏക്കര്‍ പാര്‍ക്കിങ് സ്ഥലം. പുറമേയുള്ള ഭിത്തിക്ക് 921 അടി നീളം. 77 അടി ഉയരം. 31 സ്‌റ്റെയര്‍ക്കേസുകള്‍, 13 ലിഫ്റ്റ്, 19 എസ്‌ക്കെലേറ്റര്‍, അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനത്തിന്റെ സൗകര്യങ്ങള്‍ ഏറെയാണ്.


തിരുവനന്തപുരത്ത് രാജ്ഭവന്റേയൊ നിയമസഭാ മന്ദിരത്തിന്റെയോ അടുത്തു ചെല്ലണമെങ്കില്‍ പ്രത്യേക പാസും പോലീസ് ചെക്കിംങ്ങും ഒക്കെ നിര്‍ബന്ധം. വൈറ്റ് ഹൗസിന്റെ മുറ്റം വരെ ഇതൊന്നുമില്ലാതെ ആര്‍ക്കും കടന്നു ചെല്ലാം. മുറ്റത്തെ പുല്‍ത്തകിടിയില്‍ നിന്ന് ഫോട്ടോകളും എടുക്കാം. പ്രത്യക്ഷത്തില്‍ പോലീസുകാരെ കാണാനില്ലെങ്കിലും ഒരോ സന്ദര്‍ശകനു മേലും ഒന്നിലധികം സൂക്ഷ്മ നിരീക്ഷണം കാണുമെന്ന് പിന്നിടറിഞ്ഞു.

പൊട്ടൊമാക് നദിയുടെ തീരത്താണ് വാഷിങ്ടണ്‍ ഡി.സി സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കോണ്‍ഗ്രസിനാണ് വാഷിങ്ടണ്‍ ഡി.സിക്കുമേലുള്ള പരമാധികാരം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങള്‍ക്ക് സ്വയാധികാര അവകാശം കുറവാണ്.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ വാഷിങ്ടണ്‍ ഡിസിക്ക് സമ്മതിദാനാവകാശത്തോടെയുള്ള പ്രാതിനിധ്യം ഇല്ല. കോണ്‍ഗ്രസിന്റെ അധോമണ്ഡലമായ പ്രതിനിധി സഭയില്‍ സമ്മതിദാനാവകാശമില്ലാത്ത പ്രാതിനിധ്യം മാത്രം. ഉപരിസഭയായ സെനറ്റില്‍ ഒരു തരത്തിലുമുള്ള പ്രാതിനിധ്യവുമില്ല. ഇതില്‍ പ്രതിഷേധിച്ച്, വാഷിങ്ടണ്‍ ഡി.സി. പ്രാദേശിക ഭരണകൂടം വാഹന ലൈസന്‍സ് ഫലകങ്ങളില്‍ പ്രാതിനിധ്യമില്ലാത്ത നികുതി പിരിവ് എന്ന് എഴുതിവച്ചിട്ടുണ്ട്. ഒരു പ്രദേശത്തെ ജനതയ്ക്ക് ദേശീയ നിയമനിര്‍മ്മാണ സഭയില്‍ വോട്ടവകാശം നിഷേധിക്കുന്നത് പ്രാതിനിധ്യമില്ലാത്ത നികുതി പിരിവ് അരുത് എന്ന അമേരിക്കന്‍ വിപ്ലവ മുദ്രാവാക്യത്തിന്റെ നിഷേധമാണെന്ന് സൂചിപ്പിക്കാനാണിത്. ബ്രിട്ടണ്‍ ഇപ്രകാരം നികുതി ചുമത്തിയതിനെതിരായ ജനവികാരമായിരുന്നു അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന് വഴിവെച്ചത്.

വാഷിങ്ടണ്‍ ഡി.സിയിലെ കാഴ്ച്ചകള്‍ വെറും കാഴ്ച്ചകളല്ല. അമേരിക്കയുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വിരല്‍ ചൂണ്ടുന്ന നാഴിക കല്ലുകളാണ് ഒരോ കാഴ്ച്ചയും.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം

  comment

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.