×
login
'ഇല്യൂമിന'യിലെ ഗവേഷണവും 'ഇര്‍വൈനി'ലെ ഗതാഗതവും

അമേരിക്കന്‍ കാഴ്ചകള്‍ക്കിടെ വേറിട്ട അനുഭവമായിരുന്നു കാലിഫോര്‍ണിയയിലെ രണ്ട് സ്ഥാപനങ്ങളിലെ സന്ദര്‍ശനം. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ 'ഇല്യൂമിന' ഗവേഷണ കേന്ദ്രവും. ചിക്കാഗോയിലെ 'ഇര്‍വൈന്‍'' സര്‍വകലാശാലയും.

 

അമേരിക്കന്‍ കാഴ്ചകള്‍ക്കിടെ വേറിട്ട അനുഭവമായിരുന്നു കാലിഫോര്‍ണിയയിലെ രണ്ട് സ്ഥാപനങ്ങളിലെ സന്ദര്‍ശനം. കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ 'ഇല്യൂമിന' ഗവേഷണ കേന്ദ്രവും. ചിക്കാഗോയിലെ  'ഇര്‍വൈന്‍'' സര്‍വകലാശാലയും. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും  ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് 'ഇല്യൂമിന'.  അവിടുത്തെ  സീനിയര്‍ മാനേജര്‍ മലയാളിയായ ശ്യാം ശങ്കറിന്റെ താല്‍പര്യ പ്രകാരം കുമ്മനം രാജശേഖരനൊപ്പം അതിഥിയായിട്ടായിരുന്നു സന്ദര്‍ശനം. ഏക്കറുകണണക്കിന് സ്ഥലത്തായി നിരവധി ബഹുനില മന്ദിരങ്ങളിലായി 8000 ത്തോളം ശാസ്ത്രജ്ഞര്‍ മനുഷ്യ കോശങ്ങളെ തലങ്ങും വിലങ്ങും സൂക്ഷ്മപഠനം നടത്തുന്ന സ്ഥാപനം. ജനിതക പരിശോധനയിലൂടെ ക്യാന്‍സറും ഓട്ടിസം ഉള്‍പ്പെടെ ഉള്ള മറ്റു ജനിതക രോഗങ്ങള്‍ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര ഗവേഷണ കേന്ദ്രം. 'ഇല്യൂമിന' വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റ് സ്വീകരിക്കുകയും കൊണ്ടു നടന്ന്  കാണിക്കുകയും ചെയ്തു.

ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും മറ്റു ജനിതക രോഗങ്ങളും മനുഷ്യന്റെ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനും അതിന്റെ വിദഗ്ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും 'ഇല്യൂമിന' സേവനം ഉപയോഗിക്കുന്നു. മനുഷ്യ ശരീരത്തിലെ ഡിഎന്‍എയും ആര്‍എന്‍എ യും പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയില്‍ കൂടി ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്.. ഓരോ മനുഷ്യന്റെയും ആരോഗ്യവും ,ശരീര ഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള മെഡിസിന്‍ നിര്‍മ്മിക്കുക എന്നാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. 2007 ല്‍ ഡിഎന്‍എ പിശോധനയില്‍ ആയിരം ഡോളറായിരുന്നു അമേരിക്കയില്‍ ചാര്‍ജ്ജു ചെയതിരുന്നെങ്കില്‍ 2014 ല്‍ ഒരു ഡോളറിന് പരിശോധന സാധ്യമാകുന്ന സാഹചര്യം ഉണ്ടായതിനു പിന്നില്‍ തങ്ങളുടെ പങ്കിനെക്കുറിച്ച് ടഫ്റ്റ് വാചാലനായി. ക്യാന്സറും പാരമ്പര്യരോഗങ്ങളും നിര്‍ണയിക്കാന്‍ നടത്തിവരുന്ന ഗവേഷണങ്ങളും അതുമായി ബന്ധപെട്ടു നടത്തുന്ന പോപുലേഷന്‍ ജീനോമിക്‌സ്‌നെ കുറിച്ചും റയാന്‍ ടഫ്റ്റ് വിശദീകരിച്ചു. ഒരാളുടെ ഒരുതുള്ളി രക്തം കിട്ടിയാല്‍ മതി അയാളുടെ ആരോഗ്യവും ആയുസും മാത്രമല്ല പൂര്‍വികരെ കുറിച്ചും വംശത്തെക്കുറിച്ചുമെല്ലാം അണുകിട വ്യതിയാനമില്ലാതെ അറിയാന്‍ കഴിയുമത്രേ. 25,000 കോടിയായിരുന്നു 2018 ലെ ' ഇല്യൂമിന' യുടെ വാര്‍ഷിക വരുമാനം എന്നറിയുമ്പോള്‍ മനസ്സിലാകും സ്ഥാപനത്തിന്റെ വലുപ്പം.

എല്ലാത്തിലും ഗവേഷണം എന്നത് അമേരിക്കയുടെ പ്രത്യേകതയാണ്. ആ വര്‍ഷം ഗവേഷണത്തിനായി അമേരിക്ക നീക്കിവെച്ചത് 44,64,050 കോടിയായിരുന്നു. ഇന്ത്യ 415 കോടിയും എന്നിടത്താണ് വ്യത്യാസം ബോധ്യപ്പെടുക.

 

നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെടുന്ന വിജ്ഞാനത്തിനു മാത്രമേ അമേരിക്ക വില നല്‍കും. ബോധ്യപ്പെടലിനായി എത്ര കോടി ഡോളര്‍ ചെലവിടാനും തയ്യാറുമാണ്. സ്ഥിതി വിവരക്കണക്കുകളും സൂചികകളും  ഉപയോഗിച്ചേ ഏതുകാര്യവും ചെയ്യു. ആഗോള പ്രശസ്തരായ ശാസ്ത്രജ്ഞരെയെല്ലാം അമേരിക്കയിലെത്തിച്ച് ഗവേഷണത്തിന്റെ ഭാഗമാക്കുന്നതില്‍ വിജയിച്ചതുകൊണ്ടാണ് ആധുനിക പുത്തനറിവുകളില്‍ ഭൂരിഭാഗത്തിന്റേയും പേറ്റന്റ് അമേരിക്കന്‍ വിലാസത്തിലായത്. ആയിരക്കഗവേഷകര്‍ പുതിയ വിഷയം തിരക്കയും  പുതിയ രീതിയിലുള്ള ഗവേഷണ സമ്പ്രദായങ്ങള്‍ തേടിയും പരക്കം പായുകയാണ്. നമുക്ക് വിചിത്രമെന്നു തോന്നുന്ന വിഷയങ്ങള്‍ പോലും ഗവേഷിക്കും. അമേരിക്കക്കാരന്‍ എത്ര തവണ ശ്വാസോച്ഛാസം നടത്തുന്നു, മീനുകള്‍ കോട്ടുവാ ഇടുമോ തുടങ്ങി 'ഇല്യൂമിന' യില്‍ നടക്കുന്നതുപോലുള്ള ഗൗരവ മേറിയ ഗവേഷണങ്ങളുമെല്ലാം ഇതില്‍ പെടും.

ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ യക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ പേനയെക്കുറിച്ച് ഗവേഷണം സ്വാകാര്യമ്പനി 10 ലക്ഷം ഡോളര്‍ 1960 കളില്‍ ചെലവിട്ടത് വലിയ വാര്‍ത്തയായിരുന്നു. പേനകള്‍ക്ക് ബഹിരാകാശത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് നാസ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി. ബഹിരാകാശയാത്രികര്‍ക്ക് കാര്യങ്ങള്‍ എഴുതാനുള്ള മറ്റൊരു മാര്‍ഗം  കണ്ടെത്തണം. ഗുരുത്വാകര്‍ഷണം കൂടാതെ പേപ്പറില്‍ മഷി പതിയുന്ന പേന വികസിപ്പിക്കാന്‍ വര്‍ഷങ്ങളും ദശലക്ഷക്കണക്കിന് നികുതിദായക ഡോളറുകളും ചെലവഴിച്ചു. ഫലമുണ്ടായില്ല. 1965 ല്‍ ആദ്യ നാസ ബഹിരാകാശ യാത്രയില്‍ പെന്‍സില്‍ ആണ് ഉപയോഗിച്ചത്. 130 ഡോളറായിരുന്നു ഒരു പെന്‍സിലന്റെ വില. അക്കാലത്തെ ഒരാളുടെ ഒരുമാസത്തെ ശബളത്തിനു തുല്ല്യം.  ഇത് വലിയ ചര്‍ച്ചയായി.പോള്‍ സി. ഫിഷര്‍ എന്ന പേന കമ്പനി മുതലാളിയാണ് 10 ലക്ഷം ഡോളര്‍ പുതിയ പേന കണ്ടു പിടിക്കാനായി നീക്കി വെച്ചത്. 1967 ല്‍  അപ്പോള ദൗത്യത്തില്‍ നാസ ഉപയോഗിച്ചത് ഫിഷര്‍ പെന്‍ കമ്പനികണ്ടു പിടിച്ച പുതിയ പേന. വില വെറും ആറു ഡോളര്‍. 400 പേനയാണ്  നാസ വാങ്ങിയത്. റഷ്യ 100 യും വാങ്ങി. 130 ഡോളറില്‍ നിന്ന് 6 ഡോളറിലേക്ക് ചെലവു കുറഞ്ഞു എന്നതായിരുന്നു  10 ലക്ഷം ഡോളര്‍ മുടക്കിയ പരീക്ഷണത്തിന്റെ വലിയ നേട്ടം.'ഇല്യൂമിന' യില്‍ നിന്ന് ' ഇര്‍വൈനി' യിലേക്കായിരുന്നു യാത്ര. കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വിശാലമായ ക്യാമ്പസ്. ഗതാഗത പരിഷ്‌ക്കരണം സംബന്ധിച്ചും റോഡ് സുരക്ഷയെകുറിച്ചും ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍  നടത്തിയിട്ടുള്ള സര്‍വകലാശാലയാണ് ഇര്‍വിന്‍. കുമ്മനം രാജശേഖരന്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ടെക്‌നോളജി  ശാസ്ത്രജ്ഞന്‍ ഡോ. രാംദാസ് പിള്ള, മലയാളി സംഘടനകളില്‍ സജീവ സാന്നിധ്യമായ രവി വള്ളത്തേരി, വിനോദ് ബാഹുലേയന്‍, പി. പ്രസാദ് എന്നിവര്‍  അടങ്ങിയ വരായിരുന്നു ഞങ്ങളുടെ സംഘം.  ഗതാഗത രംഗത്തെ ആധുനിക കണ്ടുപിടിത്തങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു വേണ്ടി  സര്‍വകലാശാലയുടെ  റോഡ് ഗതാഗത വിഭാഗം തലവന്‍ പ്രൊഫ.ആര്‍.ജയകൃഷ്ണന്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. ലോകത്തു വിവിധ രാജ്യങ്ങളില്‍ നടത്തുന്ന ഗതാഗത പരിഷ്‌കാരങ്ങളെക്കുറിച്ച് സൂക്ഷമായും സമഗ്രമായും അതോടൊപ്പം ലളിതമായും ഉള്ള വിശദീകരണം. അത്യാധുനിക ഗതാഗത സാങ്കേതികവിദ്യകള്‍, ഗതാഗത ക്രമീകരണം, നഗര ട്രാഫിക് നെറ്റ്വര്‍ക്കുകളുടെ വിശകലനം വളരെ സരളമായി വിശദീകരിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി  ഇര്‍വിനിലെ അധ്യാപകനായ ഈ ഹരിപ്പാടുകാരന്റെ ഉപദേശം അമേരിക്കയക്കു പുറമെ ചൈനയും ജര്‍മ്മനിയും ആസ്ട്രേലിയയും ഉള്‍പ്പെടുയുള്ള രാജ്യങ്ങളിലെ മഹാനഗരങ്ങളുടെ ട്രാഫിക് പരിഷ്‌ക്കരണത്തിന് സ്വീകരിക്കപ്പെടുന്നു. എന്തുകൊണ്ട് ഇത്തരക്കാരുടെ ഉപദേശവും വഴികാട്ടലും ഉന്ത്യയക്കും കേരളത്തിനും കിട്ടുന്നില്ല എന്ന ചോദ്യമായിരുന്നു എന്നില്‍ ഉണ്ടായത്. അമേരിക്കയുടെ വളര്‍ച്ചയ്ക്ക്  പല ഘടകങ്ങള്‍ ഉണ്ടെങ്കിലും  അതില്‍ ഗവേഷണവും ഗതാഗതവും മുഖ്യമാണ് എന്നകാര്യം എനിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. റോഡ് നിര്‍മ്മാണം, ഉറപ്പ്, വൃത്തി, സുരക്ഷ, റോഡ് നിയമങ്ങളും അത് പരിപാലിക്കലും, ട്രാഫിക് സിഗ്‌നലുകള്‍, കാല്‍ നടക്കാര്‍ക്കുള്ള അവകാശങ്ങള്‍, ഓടകള്‍, നടപ്പാതകള്‍ എന്നിവയെല്ലാം മാതൃകാ പരമാണ്. 70 ഓളം അന്തര്‍ സംസ്ഥാന വീഥികളും ചിലന്തിവലപോലെ സംസ്ഥാന റോഡുകളും. സിയാറ്റിലില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള ദേശീയ പാതയുടെ നീളം 4965 കിലോമീറ്ററാണ്. റോഡുകളധികവും എട്ടുവരി. ഇരുവശത്തേയക്കും ഗതാഗതം ഉണ്ടെങ്കിലും നടുവില്‍ നല്ല പൊക്കത്തില്‍ നടുവില്‍ മീഡിയന്‍. വളവും തിരിവും ഇല്ലാതെ നോക്കെത്താ ദൂരം റോഡ് കാണാം. നഗരങ്ങളിലൊഴികെ കാല്‍ നടക്കാരെ കാണാനേ കിട്ടില്ല.  നഗരങ്ങളിലും കാല്‍ നട യാത്രക്കാര്‍ക്ക് നടക്കാന്‍ പ്രത്യേക സൗകര്യം. എങ്കിലും കാല്‍ നടക്കാരനാണ് റോഡിലെ രാജാവ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിഗ്‌നല്‍ ഇല്ലാത്ത സ്ഥലത്ത്  റോഡ് മുറിച്ചുകടക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് കണ്ടാല്‍ എത്ര വലിയ വാഹനമായാലും നിര്‍ത്തിയിരിക്കും.വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്ന നമ്മുക്ക് അത് പുതുമയായി തോന്നും. സിഗ്‌നല്‍ ഉള്ള സ്ഥലങ്ങളില്‍ അത്യാവശ്യമുണ്ടെങ്കില്‍ കാല്‍ നടക്കാര്‍ക്ക്  സിഗ്‌നല്‍ ഓഫാക്കി റോഡ് മറികടക്കാനാകും. ആരും ഈ അവകാശം ദുരുപയോഗപ്പെടുത്തില്ല എന്നുമാത്രം.

റോഡിലെ ഒരോ ട്രാക്കിനും പ്രത്യേകമായി ട്രാഫിക് സിഗ്‌നലുകള്‍. സിഗ്‌നല്‍ ലൈറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പാതിരാത്രിയില്‍ റോഡ് വിജനമാണെങ്കിലും വാഹനം വന്നാല്‍ സിഗ്‌നല്‍ നിയമം പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂ. ട്രാഫിക് സിഗ്‌നലുകളിലെല്ലാം ക്യമറകള്‍. നിയമം തെറ്റിച്ചാല്‍ പോലീസിന്റെ ടിക്കറ്റ് വീട്ടിലെത്തും. അടയ്ക്കുക മാത്രം രക്ഷ. സിഗ്‌നല്‍ ഇല്ലാത്തിടത്ത് റോഡ് വശങ്ങളില്‍ പോലീസ് വാഹനത്തില്‍ പതുങ്ങിയിരിക്കും. നിയമ ലംഘനം ഉണ്ടായാല്‍ പിന്നാലെ എത്തി പിടിച്ചിരിക്കും. പോലീസ് വണ്ടി പുറകിലെത്തി ഹോണ്‍ അടിച്ചാല്‍ മുന്നിലെ വാഹനം നിര്‍ത്തണം എന്നതാണ് നിയമം. ഡ്രൈവര്‍ ഉള്‍പ്പെടെ ആരും വാഹനത്തില്‍ നിന്നിറങ്ങരുത്. പോലീസ് അടുത്തേക്ക് വരും. കാര്യങ്ങള്‍ പറയും പരിശോധിക്കും. പിഴ ഇടേണ്ടതാണെങ്കില്‍ നല്‍കും. ശുപാര്‍ശയോ കൈക്കൂലിയോ ഫലിക്കില്ല.

കാറുകളും ട്രക്കുകളുമാണ് റോഡിലധികവും. നൂറുകണക്കിന് വ്യത്യസ്ഥമായ കാറുകള്‍ പറന്നൊഴുകുന്നത് കാണാന്‍ ബഹുരസം. രണ്ട് ട്രയില്‍ ബോഗിയുടെ നീളമുള്ള ട്രക്കുകള്‍ പാഞ്ഞു പോകുന്നതും കാണുമ്പോള്‍ ആശ്ചര്യവും.

2002ല്‍ ഞാന്‍ ആദ്യം അമേരിക്കയില്‍ ചെന്നപ്പോള്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകന്‍ നാട്ടിലെ സുഹൃത്തുക്കളും സഹോദരങ്ങളുമായ റോയിയും റജിയും റോബിനുമാണ് വന്നത്. അവരും അമേരിക്കയില്‍ എത്തിയിട്ട്. അധികനാള്‍ ആയിരുന്നില്ല. ന്യൂജഴ്സിയിലെ അവരുടെ വീട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. കാറില്‍ കയറിയ ഉടന്‍ കമ്പ്യൂട്ടര്‍ പ്രിന്റ് എടുത്തു. അതില്‍ പറയുന്നതനുസരിച്ചായിരുന്നു യാത്ര. അതില്‍ പോകേണ്ട റൂട്ടെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.  പോകേണ്ടതും എത്തേണ്ടതുമായ സ്ഥലങ്ങള്‍ കൊടുത്താല്‍ റൂട്ട് മാപ്പ് ലഭിക്കുന്ന വെബ് സൈറ്റുകളുണ്ടെന്ന് അവര്‍ പറഞ്ഞു. ന്യൂജഴ്സിയില്‍ താമസിക്കുമ്പോള്‍ അടുത്ത സംസ്ഥാനമായ ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന ഡോ ബാബു സുശീലന്‍ കാണാന്‍ വന്നു. താമസിക്കുന്ന വീടിന്റെ വിലാസം ചോദിച്ചു, കൊടുത്തു. 10 മണിയോടെ അദ്ദേഹം വിളിച്ചു. പുറപ്പെടുകയാണ് 12.15 ആകുമ്പോള്‍ അവിടെ എത്തും എന്ന്. കൃത്യം 12.15 ന് അദ്ദേഹത്തിന്റെ കാര്‍ വീടിനു മുന്നില്‍.  എനിക്ക് അത്ഭുതം തോന്നി. മറ്റൊരു സംസ്ഥാനത്തുനിന്ന് 2 മണിക്കൂറിലേറെ യാത്രചെയ്ത് കൃകൃത്യം സമയത്ത് എങ്ങനെ എത്താന്‍ സാധിക്കുന്നു. 'പുതിയ വണ്ടിയാണ് ജിപിഎസ് ഉണ്ട്' എന്നായിരുന്നു മറുപടി. ഉപഗ്രഹങ്ങളുടെ സഹായത്തോടെ  ഏതു സമയത്തും ഏതു കാലാവസ്ഥയിലും ഭൂമിയിലെ സമയവും സ്ഥാനവും സമയവും നിര്‍ണ്ണയിച്ചു തരുന്ന ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം എന്ന സംവിധാനം. പതിറ്റാണ്ട് കഴിഞ്ഞാണ് ഇന്ത്യയില്‍ ഭാഗികമായെങ്കിലും ജിപിഎസ് കേട്ടു തുടങ്ങിയത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ്   സബ് വേ. നമ്മുടെ മെട്രോ ട്രയിന്‍തന്നെ. 2004 ല്‍ സബ് വേ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഞാന്‍ ന്യൂയോര്‍ക്കിലുണ്ട്. അതിനു കേവലം രണ്ടു വര്‍ഷം മുന്‍പ് മാത്രമാണ് നമ്മുടെ ആദ്യ മെട്രോ ദല്‍ഹിയില്‍ ഇ ശ്രീധരന്‍ നിര്‍മ്മിച്ചത് എന്നിടത്താണ് ഗതാഗത രംഗത്ത് നൂറ്റാണ്ട് മുന്നിലാണ് അമേരിക്ക എന്ന അറിവുണ്ടാകുന്നത്

 

 

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്


03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

13- ആഭ്യന്തരയുദ്ധവും അടിമത്തവും

14- കറുപ്പിനേഴഴക്

15-അമെരിന്ത്യന്‍സ്

16-മാഞ്ഞുപോയ ന്യൂസിയം

17-ആപ്പിളും ഗൂഗിളും  സാന്റാ ക്ലാരായുടെ 'സന്തോഷകരമായ ദാരിദ്ര്യവും'

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.