×
login
ദുരൂഹതയുടെ തടാക തീരത്തെ ഓട്ടോമൊബൈല്‍ നഗരം

നാട്ടുകാരിയും ബന്ധുവുമായ രത്നമ്മ ടീച്ചറുടെ മക്കളായ ബിന്ദുവും ബിനിയും അവിടെ ഉണ്ടെന്നറിയാമായിരുന്നു. നര്‍ത്തകരും ഗായകരും ആയിരുന്ന അവര്‍ സഹോദരങ്ങളെ വിവാഹം ചെയ്ത് അമേരിക്കയിലെത്തി. ബിന്ദു പണിക്കര്‍ എന്ന പേരില്‍ പ്രവാസി ചെറുകഥാകൃത്ത് എന്ന നിലയില്‍ പേരെടുത്തു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ 2002 ല്‍ ആദ്യമായി എത്തിയപ്പോള്‍ ഡിട്രോയിറ്റില്‍ വന്നിട്ടു പോയാല്‍ മതിയെന്ന് നിര്‍ബന്ധിച്ച രണ്ടു പേരാണ് ശ്രീ.  രാധാകൃഷ്ണനും ഡോ. സതീ നായരും. രണ്ടു പേരും തിരുവന്തപുരത്തുകാര്‍. ലോക പ്രശസ്ത മോട്ടോര്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്സിന്റെ വൈസ് പ്രസിന്റ് പദവിയില്‍ ഇരുന്ന ആളാണ് രാധാകൃഷ്ണന്‍. ഡോ സതീ നായര്‍ മിഷിഗണിലെ എണ്ണം പറഞ്ഞ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്. അതിനുശേഷം ഒന്നിടവിട്ടവര്‍ഷങ്ങളില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴൊക്കെ ഇരുവരും ഡിട്രോയിറ്റിലേക്കുള്ള ക്ഷണം ആവര്‍ത്തിക്കും. വിവിധ കാരണങ്ങള്‍ കൊണ്ട് നടന്നില്ല. തിരുവന്തപുരംകാരനായ സുരേന്ദ്രന്‍ നായര്‍ സംഘടനയുടെ അധ്യക്ഷനായിരിക്കെ 2017 ല്‍ ഡിട്രോയിറ്റില്‍ കണ്‍വന്‍ഷന്‍ നടന്നപ്പോളാണ് അവിടെ പോകാന്‍ സാധിച്ചത്. ദു:ഖത്തോടെയാണ് ജുണ്‍ അവസാനം ഡിട്രോയിറ്റിലെത്തിയത്.  ഏതാനും ദിവസം മുന്‍പ് സതീനായര്‍ ലോകത്തോടു വിടപറഞ്ഞു എന്നതായിരുന്നു ദു:ഖത്തിനു കാരണം.


നാട്ടുകാരിയും ബന്ധുവുമായ രത്നമ്മ ടീച്ചറുടെ മക്കളായ ബിന്ദുവും ബിനിയും അവിടെ ഉണ്ടെന്നറിയാമായിരുന്നു. നര്‍ത്തകരും ഗായകരും ആയിരുന്ന അവര്‍ സഹോദരങ്ങളെ വിവാഹം ചെയ്ത് അമേരിക്കയിലെത്തി. ബിന്ദു പണിക്കര്‍ എന്ന പേരില്‍ പ്രവാസി ചെറുകഥാകൃത്ത് എന്ന നിലയില്‍ പേരെടുത്തു. കഥാ സമാഹാരവും പുറത്തിറക്കി. ബിന്ദുവും കുടുംബവുമായിരുന്നു അവിടെ എന്റെ അതിഥേയര്‍. അവിടെ കാണണമെന്ന്  നേരത്തെ ആഗ്രഹിച്ചിരുന്ന ഫോര്‍ഡ് മ്യൂസിയത്തിലേക്ക് ബിന്ദു കൂട്ടിക്കൊണ്ടുപോയി. റൈറ്റ് സഹോദരന്മാരുടെ സൈക്കില്‍ ഷോപ്പ് മുതല്‍ വിമാനം വരെ കണ്ടു മടങ്ങാവുന്ന പ്രദര്‍ശനശാല. ജോണ്‍ എഫ്. കെന്നഡി വെടിയേറ്റ് മരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ലിമോസിന്‍ കാര്‍, ഫോര്‍ഡ് തിയേറ്ററില്‍  അബ്രഹാം ലിങ്കന്‍ വെടിയേറ്റ് മരിക്കുമ്പോള്‍ ഇരുന്നിരുന്ന കറങ്ങുന്ന കസേര, തോമസ് അല്‍വ എഡിസന്റെ പരീക്ഷണ ശാല, ജോര്‍ജ് വാഷിംഗ്ടണിന്റെ ക്യാമ്പ്  ബെഡ് തുടങ്ങി ചരിത്രപരമായ നിരവധി കാര്യങ്ങള്‍ അമേരിക്കയിലെ  ഏറ്റവും വലിയ  മ്യൂസിയമായ   ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ലോക ഓട്ടോമൊബൈല്‍ രംഗത്തിന്റെ ഓരോ ഘട്ടങ്ങളും കണ്ടറിയാവുന്ന ഇവിടെ പ്രതിവര്‍ഷം 17 ലക്ഷം പേരാണ് സന്ദര്‍ശകരായി എത്തുന്നത്. ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിലാണ്  ഫോര്‍ഡ് മ്യൂസിയം ഉള്‍പ്പെടുന്ന ഗ്രീന്‍ഫീല്‍ഡ് വില്ലേജ് .
 


ഫോര്‍ഡ് മോട്ടോര്‍ കമ്പനി മുറ്റത്ത് നിന്നപ്പോള്‍ ഓര്‍മ്മവന്നത് സ്ഥാപകന്‍ ഹെന്റി ഫോര്‍ഡ്  ഹോട്ടല്‍ റിസപ്ഷണിറ്റിനോട് പറഞ്ഞതായി വായിച്ച കാര്യമാണ്. ഹോട്ടലില്‍ സാധാരണ സിംഗിള്‍ റൂം ബുക്ക് ചെയ്ത ഫോര്‍ഡിനോട ്  'കോടീശ്വരനായ വ്യവസായി ആയ താങ്ങള്‍ എന്താണ് സാധാരണ മുറിയില്‍ താമസിക്കുന്നത്. കഴിഞ്ഞ ആഴ്ച താങ്കളുടെ മകന്‍ അവിടെ എക്‌സിക്യൂട്ടിവ് സ്യൂട്ടിലാണ് താമസിച്ചത്' എന്നായിരുന്നു റിസപ്ഷണിറ്റ് പറഞ്ഞത്. ' ഞാല്‍ സാധാരണ കര്‍ഷകന്റെ മകന്‍,  അവന്‍ കോടീശ്വരനായ വ്യവസായിയുടെ മകന്‍'  എന്നതായിരുന്നു ഫോര്‍ഡിന്റെ മറുപടി. കര്‍ഷകനായി ജീവിതമാരംഭിച്ച് കാര്‍ നിര്‍മ്മാണത്തിനെ തുടര്‍ന്ന് ട്രാക്ടറുകളുടെയും ടാങ്കുകളുടെയും വിമാനങ്ങളുടെയും നിര്‍മ്മാണം ആരംഭിച്ചയാണ് ഫോര്‍ഡ്. ആദ്യത്തെ മോട്ടോര്‍ കാര്‍ നിര്‍മ്മിക്കുകയും സ്വന്തമായി വികസിപ്പിച്ചെടുത്ത എഞ്ചിനീയറിംഗ് നിര്‍മ്മാണ രീതികള്‍ ഉപയോഗിച്ച് വലിയ തോതിലുള്ള കാറുകളുടെ നിര്‍മ്മാണം നടത്തുകയും ചെയ്ത ഫോര്‍ഡിന് ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ ഗുരുവായിട്ടാണ് കണക്കാക്കുന്നത്.
ഏറെ പ്രത്യേകതയുള്ള മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഡിട്രോയിറ്റിലെ മറ്റൊരു കാഴ്ച അംബാസിഡര്‍ പാലമാണ്. രണ്ടു രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാലുവരി പാലം. 1850 അടി നീളമുള്ള പാലം കടന്നാല്‍ കാനഡയായി. അമേരിക്ക- കാനഡ ചരക്കു നീക്കത്തിന്റെ കാല്‍ ഭാഗവും ഈ പാലത്തിലുടെയാണ്.  പാലം കടക്കണമെങ്കില്‍ കാനഡയുടെ വിസ വേണം. അതില്ലാതിരുന്നതില്‍ ഡിട്രോയിറ്റ് നദിക്കരയില്‍ നിന്ന് പാലം കണ്ടു.

ഏറെ പ്രത്യേകതയുള്ള മിഷിഗണ്‍ സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഡെട്രോയിറ്റ്. രണ്ട് ഉപദ്വീപുകളായി സ്ഥിതി ചെയ്യുന്ന ഒരേയൊരു അമേരിക്കന്‍ സംസ്ഥാനമാണ് മിഷിഗണ്‍. ലോകത്തില്‍ ഏറ്റവും നീളമേറിയ ശുദ്ധജലാതിര്‍ത്തി. നാല് മഹാ തടാകങ്ങള്‍ മിഷിഗണുമായി അതിര്‍ത്തി പങ്കിടുന്നു.


 അതില്‍ മിഷിഗണ്‍ തടാകത്തില്‍ നിന്നാണ് സംസ്ഥാനത്തിന്  പേര് ലഭിച്ചത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതുമാണ് മിഷിഗണ്‍ തടാകം. തടാകപ്രദേശത്തെ്  ത്രികോണാകൃതിയിലുള്ള മിഷിഗണ്‍ ട്രയാംഗിള്‍ ആണ് ദുരൂഹതയുടെ കേന്ദ്രം. കാറും കോളും നിറഞ്ഞ അന്തരീക്ഷം ഉള്ള ഇവിടെ നിരവധി  കപ്പലപകടങ്ങളും വിമാനാപകടങ്ങളും നടന്നെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടു കിട്ടിയിട്ടില്ല എന്നതാണ് ദൂരൂഹതയ്ക്ക് കാരണം.


ഇവിടത്തെ ദുരൂഹമായ അപകടങ്ങളില്‍ ഒന്ന്, കപ്പലിലെ തന്റെ പൂട്ടിയിട്ട മുറിക്കുള്ളില്‍ നിന്നും ക്യാപ്റ്റന്‍ അപ്രത്യക്ഷനായതാണ്. ചരക്ക് കപ്പല്‍ തടാകം കുറുകെ കടക്കുമ്പോയാണ്  കപ്പിത്താനെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്. മഞ്ഞുകട്ടകള്‍ ഒഴുകി നടക്കുന്ന മേഖലകളില്‍ കപ്പല്‍ത്തട്ടില്‍ നിന്നും കൊണ്ട് അവയെ വീക്ഷിച്ച് ,അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും നിര്‍ദ്ദേശങ്ങള്‍  നല്‍കുകയും ചെയ്ത് ക്ഷീണിച്ച ക്യാപ്റ്റന്‍ ശാന്തമായ ജലമുള്ള ഭാഗം വന്നപ്പോള്‍ അപകട മേഖലകള്‍ തരണം ചെയ്ത ആശ്വാസത്തില്‍ ഉറങ്ങാനായി ക്യാബിനിലേക്ക് പോയി. തീരമടുത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും മുറി തുറന്നില്ല. വാതില്‍ പൊളിച്ചു കയറിയപ്പോള്‍ കപ്പിത്താന്‍  അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം എന്നേക്കുമായി അപ്രത്യക്ഷനായി.


അന്‍പത്തിയെട്ടു യാത്രക്കാരുമായി തടാകത്തിനു മുകളിലൂടെ പറന്ന വിമാനം അപ്രത്യക്ഷമായതാണ് മറ്റൊരു സംഭവം. മിഷിഗണ്‍ ട്രയാംഗിളിനു മുകളിലൂടെ പറക്കുമ്പോള്‍ ഇടിവെട്ടും കൊടുംകാറ്റും ഉണ്ടായിരുന്നതായി പൈലറ്റിന്റെ അറിയിപ്പുകളില്‍ നിന്നും രേഖയുണ്ട്.  തകര്‍ന്നുവീണു എന്ന് വിശ്വസിക്കപ്പെടുന്ന വിമാനം ഇതേവരെ കണ്ടെത്താനായിട്ടില്ല. സീറ്റുകളും ചില മനുഷ്യാവശിഷ്ടങ്ങളും തടാകത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയെങ്കിലും. വിമാനം തകര്‍ന്നതെങ്ങനെ എന്നു പോലും ഇതേവരെ അറിവില്ല.

തടാകത്തിനടിയില്‍ ചരിത്രാതീതകാലത്തെ ഏതോ ജനതയുടെ സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കരിങ്കല്‍ കൊത്തു പണികളില്‍ ആനയുടേതിനു സമാനമായ കൊത്തുപണിയും കിട്ടി. അത്തരം ജീവികള്‍ക്ക് ഈ പ്രദേശത്ത് വംശനാശം വന്നിട്ട് 10,000 വര്‍ഷം എങ്കിലും ആയി. ആനകളെ ശില്പങ്ങളില്‍ കൊത്തിവയ്ക്കാന്‍ പറ്റുന്നവര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ അത്രയും കാലം മുന്‍പേ അവിടെ വസിച്ചിരുന്ന  ഏതു ജനതയാണ്, എന്തായിരുന്നു അവരുടെ സംസ്‌കാരം എന്നുള്ള കാര്യങ്ങളും  അവ്യക്തമാണ്. തടാകത്തിനടിയിലെ സാംസ്‌കാരികാവശിഷ്ടങ്ങളും പറക്കും തളികകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടതായുള്ള  ഔദ്യോഗിക രേഖകളും നിഗൂഢത  വര്‍ധിപ്പിക്കുന്നു.  എന്തും ഏതും കണ്ടും കൊണ്ടു മാത്രം അംഗീകരിക്കുന്ന അമേരിക്കക്കാര്‍ക്ക് ഉത്തരം കണ്ടെത്താനാകാത്ത നിഗൂഡതയായി അത് നില്‍ക്കുന്നു.
 ചിത്ര രചനയില്‍ അത്ഭുതം കാട്ടുന്ന ഗിരീഷ് നായര്‍, വാദ്യകലയില്‍ അഗ്രഗണ്യനായ രാജേഷ് നായര്‍, സംഘാടക മികവ് പുലര്‍ത്തുന്ന രാജേഷ് കുട്ടി,  എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്ന ബൈജു പണിക്കര്‍- ബിനുപണിക്കര്‍ സഹോദരങ്ങള്‍.... തുടങ്ങി, യാത്രിക ജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്‌ക്കാരം പകരാന്‍ അത്യധ്വാനം ചെയ്യുന്ന പ്രൊഫഷണലുകളുമായ ഒരു പറ്റം യുവാക്കള്‍ സൗഹൃദ പട്ടികയില്‍ വന്നു എന്നതും ഡിട്രോയിറ്റ് യാത്രയുടെ ബാക്കിയാണ്.

 

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം


05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

13- ആഭ്യന്തരയുദ്ധവും അടിമത്തവും

14- കറുപ്പിനേഴഴക്

15-അമെരിന്ത്യന്‍സ്

16-മാഞ്ഞുപോയ ന്യൂസിയം

17-ആപ്പിളും ഗൂഗിളും  സാന്റാ ക്ലാരായുടെ 'സന്തോഷകരമായ ദാരിദ്ര്യവും'

18-'ഇല്യൂമിന'യിലെ  ഗവേഷണവും 'ഇര്‍വൈനി'ലെ ഗതാഗതവും
 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.