×
login
അമേരിക്ക ഇന്ത്യ ബന്ധത്തിന്റെ അളവുകോല്‍

ഒരു തവണ ന്യൂയോര്‍ക്കില്‍ ആറുമാസം തങ്ങേണ്ടി വന്നു. ന്യൂയോര്‍ക്ക് നഗരം ചുറ്റി നടന്നു കാണുക എന്നതായിരുന്നു പ്രധാന പണി. അവിടെത്തെ എന്റെ ആതിഥേയനായിരുന്ന വെങ്കിട് ശര്‍മ്മ ജോലിക്ക് പോകുമ്പോള്‍ നഗരത്തില്‍ കൊണ്ടു വിടും. കാണേണ്ട സ്ഥലങ്ങള്‍ തലേ ദിവസമേ നിശ്ചയിച്ചിരിക്കും.

കേരള ഹിന്ദു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ 2005 ല്‍ ചിക്കോഗോയില്‍  എത്തി. വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ കൗണ്ടറിലെത്തിയപ്പോള്‍  അവിടെയിരിക്കുന്ന മദാമ്മയ്ക്ക് വിസ പ്രിന്റ് ചെയത് പാസ്‌പോര്‍ട്ടും പരിപാടിയിലേക്കുള്ള ക്ഷണക്കത്തും മാത്രം പോര. മാധ്യമ പ്രവര്‍ത്തകനാണെന്ന് തെളിവുകൂടി നല്‍കണം. വിദേശ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഐ വിസയാണ് പാസ്‌പോര്‍ട്ടില്‍ അടിച്ചിരിക്കുന്നത്. പിന്നെ എന്തിന് വേറെ തെളിവ്. മുന്‍ വര്‍ഷങ്ങളില്‍ പോയപ്പോള്‍ അത്തരമൊരു തിരിച്ചറിയല്‍ രേഖ ചോദിച്ചിരുന്നുമില്ല. പേഴ്‌സില്‍ നോക്കിയപ്പോള്‍ കേരള സര്‍ക്കാറിന്റെ മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡുണ്ട്. അതു കൊടുത്തു. അതില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യം എവിടെ എന്നായിരുന്നു മദാമ്മയുടെ അടുത്ത ചോദ്യം.  ഇന്ത്യയില്‍ ദക്ഷിണ ഭാഗത്തുള്ള സംസ്ഥാനം എന്നു പറഞ്ഞപ്പോള്‍ ഇന്ത്യ എവിടെ എന്നറിയില്ലാത്ത തരത്തിലായിരുന്നു പ്രതികരണം.  കമ്പ്യൂട്ടറില്‍ എന്തോ തെരഞ്ഞശേഷം 'ശ്രീലങ്കയക്ക് അടുത്തുള്ള രാജ്യം, ഒ കെ'  എന്നു പറഞ്ഞ് പാസ്‌പോര്‍ട്ടില്‍ സ്‌റ്റേ പാസ് സ്റ്റാമ്പ് ചെയ്തു. സര്‍ക്കാറിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചതിനാല്‍ ഗവണ്‍മെന്റ് ഒഫിഷ്യല്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയെക്കുറിച്ച് കേട്ടിട്ടുപോലൂമില്ലാത്ത രീതിയില്‍ പല ഉദ്യോഗസ്ഥരും പെരുമാറുന്നത് അതിനുശേഷവും കണ്ടു.

ഒരു തവണ ന്യൂയോര്‍ക്കില്‍ ആറുമാസം തങ്ങേണ്ടി വന്നു. ന്യൂയോര്‍ക്ക് നഗരം ചുറ്റി നടന്നു കാണുക എന്നതായിരുന്നു പ്രധാന പണി. അവിടെത്തെ എന്റെ ആതിഥേയനായിരുന്ന വെങ്കിട് ശര്‍മ്മ ജോലിക്ക് പോകുമ്പോള്‍ നഗരത്തില്‍ കൊണ്ടു വിടും. കാണേണ്ട സ്ഥലങ്ങള്‍ തലേ ദിവസമേ നിശ്ചയിച്ചിരിക്കും. നടന്നും മെട്രോയിലുമായിട്ടാണ് എന്റെ യാത്ര.  വഴി തെറ്റിയാല്‍ അടുത്തുള്ള മെട്രോ  സ്‌റ്റേഷന്‍ കണ്ടെത്തി ട്രയിന്‍ പിടിച്ച് മന്‍ഹാട്ടനിലെ  ടൈംസ് സ്‌ക്വയറില്‍ ഇറങ്ങും. ഏതാണ്ട് എല്ലാ ട്രയിനുകളും നിര്‍ത്തുന്ന സ്‌റ്റേഷനാണത്. അന്ന് രണ്ട് ഡോളര്‍ കൊടുത്തു സ്‌റ്റേഷനില്‍ കയറിയാല്‍ എത്ര ദൂരം വേണമെങ്കിലും പോകാം. ട്രയിനുകള്‍ മാറി മാറി യാത്ര ചെയ്യാം. സ്‌റ്റേഷനു പുറത്തിറങ്ങരുതെന്നു മാത്രം.  പകല്‍ മുഴുവന്‍ ട്രയിന്‍ കയറിയിറങ്ങി ചെലവിട്ട നിരവധി ദിവസങ്ങളും ഉണ്ട്. എല്ലാ സ്‌റ്റേഷനിലും പ്രധാന സ്ഥാപനങ്ങളുടെ പേര് രേഖപ്പെടുത്തിയ വലിയ മാപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  എന്റെ യാത്രകള്‍ക്ക ആ മാപ്പ് പ്രധാന അവലംബം ആയി. ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങള്‍ക്കും ന്യൂയോര്‍ക്കില്‍ യുഎന്‍ മിഷന്‍ ഓഫീസുണ്ട്. ഇന്ത്യയുടെ ഓഫീസ് 43ാം സ്ട്രീറ്റില്‍. മാപ്പുകളില്‍ പാക്കിസ്ഥാന്റേയും ശ്രീലങ്കയുടേയും ഒക്കെ യുഎന്‍ മിഷന്‍ ഓഫീസ് രേഖപ്പെടുത്തിയിരുക്കുന്നു. ഇന്ത്യയുടേതില്ല എന്നെ ആശ്ചര്യപ്പെടുത്തി. അമേരിക്കയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഇന്ത്യയെ ബോധപൂര്‍വം പരിഗണിക്കുന്നില്ല എന്ന തോന്നല്‍ ശക്തമാകാന്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായി.

രണ്ടു മഹത്തായ ജനാധിപത്യ രാജ്യങ്ങള്‍ ആണെങ്കിലും ഇന്ത്യയ്ക്ക് ഒരിക്കലും അര്‍ഹിക്കുന്ന പദവിയോ അംഗീകാരമോ അമേരിക്ക നല്‍കിയിരുന്നില്ല. സര്‍പ്പത്തേയും മരങ്ങളേയും പൂജിക്കുന്ന അപരിഷ്‌കൃതരുടെ രാജ്യമായി  അവതരിപ്പിക്കാനാണ് ബോധപൂര്‍വം ശ്രമിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വന്‍ശക്തികള്‍  വികസ്വര രാജ്യങ്ങളെ ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യ ചേരിചേരാ നയം എടുത്തതാണ് ഇഷ്ടക്കേടിനു കാരണം. പിന്നീട് കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യയോട് അടുത്തതോടെ ഇഷ്ടക്കേട് വൈരാഗ്യമായി മാറി. അത് നയതന്ത്ര ബന്ധത്തിലും പ്രതിഫലിച്ചു

അമേരിക്കയുടെ ഇന്ത്യന്‍ നയതന്ത്രം ഊഷ്മളമായിരുന്നില്ല. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ് അമേരിക്ക സന്ദര്‍ശിച്ച ആദ്യ ഭാരതപ്രധാനമന്ത്രി. സ്വാതന്ത്ര്യം കിട്ടി അടുത്തവര്‍ഷം 1949ല്‍ നെഹ്‌റു കന്നി അമേരിക്കന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹാരി എസ്. ട്രൂമാന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ്. വിമാനത്താവളത്തിലെത്തി സ്വീകരിച്ചെങ്കിലും അസ്വസ്ഥതപ്പെടുത്താന്‍ വന്ന ആള്‍ എന്ന മനസ്സുമായിട്ടാണ് അന്ന് ട്രൂമാന്‍ നെഹ്‌റുവിനെ കണ്ടത്. ഗംഗയില്‍ കുളിക്കുന്നവരും കരിയില്‍ കിടക്കുന്നവരുമായ ജനങ്ങളുടെ രാജ്യമായ ഇന്ത്യയ്ക്ക് പ്രാധാന്യമൊന്നുമില്ലെന്ന് ട്രൂമാന്‍ പരാമര്‍ശിക്കുകയും ചെയ്തു. വൈറ്റ് ഹൗസില്‍ നെഹ്‌റുവിനൊപ്പം നിന്ന് ഒരു പടം എടുക്കാന്‍പോലും ട്രൂമാന്‍ തയ്യാറായില്ല. വിമാനത്താവളത്തില്‍ വെച്ചെടുത്ത ചിത്രങ്ങളൊക്കെ മതിയെന്ന ട്രൂമാന്‍ പറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു. വാഷിംഗ്ടണും പെന്‍സല്‍വേനിയയും കണ്ട് നെഹ്‌റു മടങ്ങി. 1956ല്‍ വീണ്ടും നെഹ്‌റുപോയെങ്കിലും കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. മൊറാര്‍ജി ദേശായി 1978ല്‍ അമേരിക്ക സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍ ഔദ്യോഗിക വിരുന്നൊന്നും ഇല്ലായിരുന്നെങ്കിലും ജിമ്മികാര്‍ട്ടറുമായി ദക്ഷിണേന്ത്യന്‍ മേഖലകളിലേയും ആഫ്രിക്കയിലേയും സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തു. ചേരിചേരാ പ്രസ്ഥാനം അന്താരാഷ്ട്ര ബന്ധം പുലര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. ഇന്ദിരാഗാന്ധി 1966, 1971, 1982 വര്‍ഷങ്ങളില്‍ അമേരിക്കയിലെത്തി. വനിതാ നേതാവ് എന്ന നിലയില്‍ പരിഗണന കിട്ടിയെങ്കിലും അമേരിക്ക പറയുന്നത് കേട്ടുമടങ്ങുന്ന പ്രതീതിയായിരുന്നു. പാക്കിസ്ഥാനെതിരെ ഒരിക്കലും പട്ടാള നടപടി ഉണ്ടാവില്ലെന്ന ഉറപ്പാണ് 1982ല്‍ ഇന്ദിര അമേരിക്കയ്ക്ക് നല്‍കിയത്.

1985ലും 1987ലും രാജീവ്ഗാന്ധി അമേരിക്ക സന്ദര്‍ശിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, വാനനിരീക്ഷണ ഗവേഷണങ്ങളില്‍ സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ കരാര്‍ വെയ്ക്കാന്‍ കഴിഞ്ഞു. സാമ്പത്തിക ദൗത്യവുമായി അമേരിക്കയിലെത്തിയ ആദ്യ ഭാരത പ്രധാനമന്ത്രി പി.വി. നരസിംഹറാവുവാണ്. ഇന്ത്യന്‍ സാമ്പത്തിക മേഖല തുറന്നിട്ടിരിക്കുന്നതായി തെളിയിക്കാനാണ് തന്റെ രണ്ട് സന്ദര്‍ശനങ്ങളിലും റാവു ശ്രദ്ധിച്ചത്. 1992ല്‍ യുഎന്‍ രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ റാവു അവിടെവെച്ച് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ കാണുകയായിരുന്നു. 1994ല്‍ പ്രസിഡന്റ് ക്ലിന്റനുമായി കൂടികാഴ്ച നടത്തുകയും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുകയായിരുന്നു യാത്രയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രിയായിരിക്കെ ഐ.കെ. ഗുജറാള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രസിഡന്റ് ക്ലിന്റനെ കണ്ടു.

പ്രധാനമന്ത്രി എന്ന നിലയില്‍ എ.ബി. വാജ്‌പേയി നാലുതവണയാണ് അമേരിക്ക സന്ദര്‍ശിച്ചത്. 2001ല്‍ രണ്ടുതവണയും 2002ലും 2003ലും ഓരോ പ്രാവശ്യവും. ഭാരതത്തിന് പുതിയൊരു സാങ്കേതിക മുഖം നല്‍കാമെന്ന് 2001ലെ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ബുഷ്, വാജ്‌പേയിക്ക് ഉറപ്പുനല്‍കി. വാജ്‌പേയിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഉയര്‍ന്ന സാങ്കേതികവിദ്യ ഭാരതത്തിനു കൈമാറുന്നതില്‍ അമേരിക്ക ഉദാരമനസ്‌കത കാട്ടിയിരുന്നു. മന്‍മോഹന്‍സിംഗ് എട്ട് പ്രാവശ്യം അമേരിക്കയില്‍ എത്തിയെങ്കിലും ആണവ കരാര്‍ ഉള്‍പ്പെടെ വിവാദങ്ങളില്‍ ചെന്നുപെട്ടതല്ലാതെ കാര്യമായൊന്നും ചെയ്യാനായില്ല.

അമേരിക്കയില്‍ ജേതാവായി കടന്നുവന്ന ആദ്യ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി എന്നതില്‍ തര്‍ക്കമില്ല. അകറ്റിനിര്‍ത്താന്‍ ശ്രമിച്ച നേതാവിനെ അമേരിക്കയക്ക് സ്വീകരിച്ചാനയിക്കേണ്ടിവന്നു എന്നതാണ് സത്യം. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2005 മാര്‍ച്ചില്‍ യുഎസ് പര്യടനത്തിനുള്ള നയതന്ത്ര വിസയ്ക്കുള്ള മോദിയുടെ അപേക്ഷ അമേരിക്ക തള്ളിയെന്നു മാത്രമല്ല,  നേരത്തേ നല്‍കിയിരുന്ന ടൂറിസ്റ്റ് വിസ റദ്ദാക്കുകയും ചെയ്തു. പ്രവേശനാനുമതി നിഷേധിക്കപ്പെട്ടെങ്കിലും യുഎസിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ഹാളില്‍ ഉപഗ്രഹ സംപ്രേഷണം വഴി മോദിയുടെ പ്രസംഗം തത്സമയം പ്രദര്‍ശിപ്പിച്ച് സംഘാടകര്‍ അഭിമാനം കാത്തു. ന്യൂജഴ്‌സിയില്‍ നടക്കുന്ന ലോക ഗുജറാത്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു പുറപ്പെടാനിരിക്കെ 2008ലും മോദിക്കു വിസ നിഷേധിച്ചു. മോദിക്ക് വിസ നല്‍കരുതെന്ന് ആവശ്യപ്പെടുന്ന യുഎസ് കോണ്‍ഗ്രസ് പ്രമേയത്തിന് 26 റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 25 ഡമോക്രാറ്റിക് പാര്‍ട്ടിക്കാരും ഉള്‍പ്പെടെ 51 അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തു. ഗുജറാത്തില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടന്നെന്നു പറഞ്ഞായിരുന്നു അതെല്ലാം.

എന്നാല്‍ 2014ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍, അതും പ്രധാനമന്ത്രിപദം ഏല്‍ക്കും മുന്‍പേ  പ്രസിഡന്റ് ബാരക് ഒബാമയുടെ സന്ദര്‍ശനക്ഷണം വന്നു. പണ്ടു ചെയ്തതൊന്നും മനസ്സില്‍ വയ്ക്കാതെ ക്ഷണം സ്വീകരിച്ച് സെപ്റ്റമ്പര്‍ 26ന് അമേരിക്കയില്‍ ചെന്നിറങ്ങിയ നാള്‍മുതല്‍ 30ന് തിരിച്ചുപോരുംവരെ താരപരിവേഷത്തോടെയുള്ള സമീപനം.

പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച, മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണുമായുള്ള കൂടിക്കാഴ്ച, യുവാക്കളുടെ സമ്മേളനത്തിലെ പ്രസംഗം, സപ്തംബര്‍ ഭീകരാക്രമണത്തിന്റെ വേദനയും യാതനയും നിറഞ്ഞ സ്മരണകള്‍ ഇരമ്പുന്ന ഗ്രൗണ്ട് സീറോയിലെ ആദരാഞ്ജലി, വര്‍ണ്ണവെറികളോട് സുധീരം പോരാടി അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ നേടി നല്‍കിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനംഎല്ലാമെല്ലാം അവിസ്മരണീയമായിരുന്നു. പ്രോട്ടോകോള്‍ പോലും മാറ്റിവച്ചാണ് ഒബാമ മോദിക്കൊപ്പം സഞ്ചരിച്ചത്. ലോകജനത ഉറ്റുനോക്കിയ സന്ദര്‍ശനം ഭാരതഅമേരിക്കന്‍ ബന്ധത്തിലെ അപൂര്‍വ്വമായൊരു മുഹൂര്‍ത്തമായി. ഒബാമയും മോദിയും ചേര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മുഖപ്രസംഗം എഴുതിയതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.

മുന്‍പ് അടല്‍ ബിഹാരി വാജ്‌പേയ് ചെയ്തതുപോലെ മോദിയും യുഎന്നില്‍ ഹിന്ദിയിലാണ് പ്രസംഗിച്ചത്. അസാധാരണമായ വൈദഗ്ധ്യത്തോടെ മോദി പുരാതന വേദ സംസ്‌കാരം ഉള്‍ക്കൊണ്ട് നടത്തിയ പ്രസംഗം ഉജ്ജ്വലമായിരുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ ഉള്‍ക്കൊണ്ട മോദിയുടെ പ്രസംഗം അമേരിക്കന്‍ ജനതക്ക് പുതിയൊരു അനുഭവമായിരുന്നു. ലോകം കാതോര്‍ത്ത ആ പ്രസംഗത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ഭീകരപ്രവര്‍ത്തനം തുടരുമ്പോള്‍ അസമാധാനത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച അസാധ്യമാണെന്നും തുറന്നു പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ എല്ലാ രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ യോഗാ വര്‍ഷം ആചരിക്കണമെന്ന അഭ്യര്‍ത്ഥനയും മുന്നോട്ടുവച്ചു. ജൂണ്‍ 21 അന്താരാഷ്ട്രയോഗാ ദിനമായി പ്രഖ്യാപിക്കുന്നത് തുര്‍ന്നാണ്.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ പൊതുസമ്മേളനം അമേരിക്കയ്ക്കുതന്നെ പുതിയ അനുഭവമായി. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശ രാഷ്ട്രത്തലവന്റെ പ്രസംഗം കേള്‍ക്കാനും അദ്ദേഹത്തെ കാണാനും  ഇത്രയേറെ ആളുകള്‍ കൂടിയിട്ടില്ല. ഇരുപതിനായിരത്തിലധികം പേരാണ് മാഡിസണ്‍ സ്‌ക്വയറില്‍ നേരിട്ടെത്തിയത്. ലോകത്തെമ്പാടുമുള്ള വിദേശ ഭാരതീയര്‍ക്ക് അവരുടെ അഭിമാനം കൊടുമുടിയില്‍ എത്തിയ ദിവസമായിരുന്നു അത്.

2015 സെപ്റ്റമ്പറില്‍ വീണ്ടും മോദി അമേരിക്കയിലെത്തി. ഐക്യരാഷ്ട്ര പൊതുസഭയിലെ പ്രസംഗത്തിനു പുറമെ സിലിക്കണ്‍ വാലിയില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കിയ പൊതുപരിപാടിയിലും പങ്കെടുത്തു. സാന്‍ ഹോസെയില്‍ അന്ന് 20,000 പേരാണ് ഒത്തുകൂടിയത്. 2016 മാര്‍ച്ചില്‍  നടന്ന ന്യൂക്‌ളിയര്‍ സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മോദി അതേ വര്‍ഷം അമേരിക്കന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനും എത്തി. ഡോണാണ്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം മോദിയുടെ ആദ്യസന്ദര്‍ശനം 2017ല്‍ ജൂണിലായിരുന്നു. ഭീകരവാദം, വിസ പ്രശ്‌നം എന്നിവയില്‍ ഉഭയകക്ഷി ചര്‍ച്ചയാക്കിയിട്ടാണ് തിരിച്ചെത്തിയത്. അമേരിക്കന്‍ പ്രസിഡന്റിന്റെ കൈപിടിച്ച് പൊതുസമ്മേളന വേദിയിലേക്ക് എത്തിയ മോദിയുടെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആറാം അമേരിക്കന്‍ സന്ദര്‍ശനം ചരിതത്തിന്റെ ഭാഗവുമായി. അരലക്ഷത്തിലധികം ആളുകളെ സാക്ഷിയാക്കി ഡോണാള്‍ഡ് ട്രംപിനെ മുന്നിലിരുത്തി ഇന്ത്യ എന്താണെന്ന് മോദി ലോകത്തെ കാട്ടിക്കൊടുത്തപ്പോള്‍ അത് ഒരു രാഷ്ട്രത്തലവനും അമേരിക്കയില്‍ കിട്ടിയിട്ടില്ലാത്ത അംഗീകാരമായി. നെഹ്‌റുവിനൊപ്പം ഫോട്ടോ എടുക്കാന്‍ ഹാരി എസ്. ട്രൂമാന്‍ മടികാട്ടിയെങ്കില്‍ മോദിക്കൊപ്പം സെല്‍ഫിക്കായി ചാഞ്ഞും ചെരിഞ്ഞും നിന്ന ട്രംപിലേക്കുള്ള ദൂരം തന്നയാണ് അമേരിക്ക ഇന്ത്യ ബന്ധത്തിന്റെ അളവുകോല്‍

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ


06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

13- ആഭ്യന്തരയുദ്ധവും അടിമത്തവും

14- കറുപ്പിനേഴഴക്

15-അമെരിന്ത്യന്‍സ്

16-മാഞ്ഞുപോയ ന്യൂസിയം

17-ആപ്പിളും ഗൂഗിളും  സാന്റാ ക്ലാരായുടെ 'സന്തോഷകരമായ ദാരിദ്ര്യവും'

18-'ഇല്യൂമിന'യിലെ  ഗവേഷണവും 'ഇര്‍വൈനി'ലെ ഗതാഗതവും

19-ദുരൂഹതയുടെ തടാക തീരത്തെ ഓട്ടോമൊബൈല്‍ നഗരം

20-ഓക്ക് മരത്തണലില്‍ കല്‍പന ചൗള

21-സ്വര്‍ണ്ണ വാതില്‍ പാലം കടന്ന്

 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.